എറണാകുളം ജില്ലയിലെ പിറവം റോഡിലുള്ള പ്രണയകുലത്തിൽ
ഞങ്ങൾ എത്തുമ്പോൾ സഖാവ് കൂത്താട്ടുകുളം
മേരി നല്ല മയക്കത്തിൽ ആയിരുന്നു. അമ്മ കുട്ടി,
ആരൊക്കെയാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ എന്ന്
സ്‌നേഹപൂർവം മകൾ സുലേഖ വിളിച്ചുണർത്തിയപ്പോൾ അമ്മ
കണ്ണ് തുറന്നു ഞങ്ങളെ നോക്കി… കണ്ണുകളിൽ
അപരിചിതത്വം ഇല്ല, അമ്പരപ്പില്ല, ആ മുഖത്ത് ഒരു പുഞ്ചിരി
മൊട്ടിട്ടു. സുലേഖ ചേച്ചി അമ്മയ്ക്ക് ക്ലൂ കൊടുത്തു: സോളമൻ
ആശാനെ ഓർമയില്ലേ? നിർമല ചേച്ചി? തമ്പിച്ചായൻ?;
അമ്മയുടെ കണ്ണുകളിൽ തിളക്കം… അമ്മയുടെ ഓർമശക്തി
കുറയുകയാണ്, എന്നാലും സ്‌നേഹത്തിനു കുറവില്ല;
ഒരുപക്ഷെ കൃത്യമായി ഞങ്ങളെ ഓർത്തെടുക്കാൻ അമ്മയ്ക്ക്
കഴിഞ്ഞിട്ടുണ്ടാവില്ല, എന്നാലും ആരോ
വേണ്ടപ്പെട്ടവരാണെന്നു അമ്മയ്ക്ക് ഉറപ്പ് ഉണ്ട്. അല്ലെങ്കിൽ
അമ്മ എല്ലാരേം എന്നത്തേയും പോലെ തിരിച്ചറിയുന്നു,
ആരും അമ്മയ്ക്ക് അപരിചിതരല്ല; എല്ലാവരും വേണ്ടപ്പെട്ടവ
ർ… സുലേഖ ചേച്ചിയുടെയും ബാബുവേട്ടന്റെയും പ്രണയ
കുലത്തിലെ സ്‌നേഹത്തിന്റെ നിലവിലക്കാണീ അമ്മ.
ഈ അമ്മയെ കുറിച്ച് എഴുതാനിരുന്നപ്പോൾ എനിക്ക്
എന്റെ അമ്മയെയാണ് ഓർമ വരുന്നത്. അമ്മ മരിച്ചിട്ട് മൂന്നു
വർഷമാകുന്നു. അമ്മ പണ്ട് പറഞ്ഞ കഥകളിലെ ഒരു വീര
നായികയാണ് സഖാവ് മേരി. അന്നൊക്കെ മാക്‌സിം ഗോ
ർക്കിയുടെ അമ്മ എന്ന നോവൽ വായിച്ചു രോമാഞ്ചം കൊണ്ട്
നടന്ന നാളുകളാണ്, സാഷയെയും നടാഷയെയും
പോലെയുള്ള കമ്യുണിസ്റ്റ് ഒളിപ്പോരാളികളെ ആരാധിച്ചു
നടന്ന കാലം. അമ്മയുടെ സമരകഥകൾ കേട്ട്, എത്രയോ
തവണ ഞാൻ ഒരു വിപ്ലവം വരാനായി കാത്തിരുന്നിട്ടുണ്ട്.
സഖാവ് മേരിയുടെയും, സ്വാതന്ത്ര്യ സമരത്തിന്റെയും,
കമ്മ്യുണിസ്റ്റ് ഒളിപോരാട്ടങ്ങളുടെയും കഥകൾ എത്ര
പറഞ്ഞാലും അമ്മ മടുത്തിരുന്നില്ല, എത്ര കേട്ടാലും ഞാനും
മടുത്തില്ല. എന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും വീണ്ടും
വീണ്ടും അമ്മയെ കൊണ്ട് ആ കഥകൾ
പറയിപ്പിക്കാറുണ്ടായിരുന്നു. ആ കഥകളിൽ കൂടിയാണ്,
തീവ്രമായ സമര ചരിതങ്ങളും, സമര ഗീതങ്ങളും, സമര
സൗഹൃദങ്ങളും അമ്മ ഞങ്ങൾക്കായി തുറന്നു കാട്ടിയത്.
അങ്ങനെ എനിക്ക് എന്റെ അമ്മ പറഞ്ഞ കഥകളിലൂടെ
ഞാനറിഞ്ഞ സഖാവ് കൂത്താട്ടുകുളം മേരിയുടെ ആ
കനലെരിയുന്ന കാലം ഇന്ന് ഒരു പുസ്തകരൂപത്തിൽ
വായിച്ചപ്പോൾ, എനിക്കാദ്യം നന്ദി തോന്നിയത് അത്
തയ്യാറാക്കിയ വിനീത ഗോപിയോടാണ്. ആ ധീര വനിതയുടെ
ചിന്നിച്ചിതറിയ ചിന്താശകലങ്ങൾ ഡയറിയിൽ നിന്ന്
തപ്പിപ്പിടിച്ച്, ഒരു താളത്തിൽ സംയോജിപ്പിച്ച് ഒരു
പുസ്തകമായി പ്രസിദ്ധീകരിക്കാൻ തോന്നിയതുതന്നെ, നല്ല
കാര്യമാണ്. കാരണം, ചരിത്ര രേഖകളിൽ, സ്വന്തം ജീവിതം
ബലി അർപ്പിച്ച്, കണ്ണീരും വിയർപ്പും രക്തവും ഒഴുക്കി
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സഖാവ്
മേരിയെപ്പോലുള്ള സ്ര്തീകളെപ്പറ്റിയുള്ള പുസ്തകങ്ങൾ
വിരളമാണ്. അവരുടെ ആത്മകഥകൾ അടുത്ത
തലമുറകളിലെ സ്ര്തീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ
പ്രചോദനം ആവേണ്ടതാണ്. ഇതൊരു കാലഘട്ടത്തിന്റെ
കഥയാണ്, ചരിത്ര രേഖയാണ്. ആ കനലിന്റെ ചൂടും വെട്ടവും
കെടാതെ നോക്കേണ്ടത്, നമ്മൾ പിൻഗാമികൾ ആണ്.
സഖാവ് മേരിയുടെ ജീവിതത്തിൽ വിശ്രമത്തിന് സ്ഥാനം
ഉണ്ടായിരുന്നില്ല. എന്നും ആ മനസ്സിൽ ഊർജം പകരാനായി
മാത്രം സൂര്യൻ കിഴക്ക് ഉദിച്ചകൊണ്ടേയിരുന്നു. ആ
കർമനിരതയായ സഖാവ് തന്റെ ജീവിതത്തിന്റെ പ്രധാന
ഏടുകൾ ഒരു ആത്മകഥാകുറിപ്പുകളുടെ രൂപത്തിൽ സ്വന്തം
ഡയറിയിൽ കോറിയിട്ടിരുന്നു. തന്റെ ഓർമക്കുറിപ്പുകളിൽ ഓർ
മപ്പിശകുകൾ വന്നേക്കും എന്നുള്ളതിനാൽ പറയാൻ
വിട്ടുപോയ സഹപ്രവർത്തകരുടെ പേരുകൾക്ക് മുൻകൂട്ടി
ക്ഷമ യാചിച്ചിട്ടുണ്ട്. കുറിപ്പുകളിൽ ഉടനീളം വിപ്ലവത്തിെന്റ
മാന്ത്രികശക്തി ഒളിഞ്ഞിരിക്കുന്നു.
സഖാവ് മേരിയിലെ വിപ്ലവ ബീജം പാരമ്പര്യമായി
കിട്ടിയത് തന്നെ ആണ്. സ്വതന്ത്ര ചിന്തകൾക്കും
വിദ്യാഭാസത്തിനും പ്രാമുഖ്യം കൊടുത്ത ഒരു കുടുംബത്തിൽ,
ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്ന് സെപ്തംബർ
ഇരുപത്തി നാലിന് പള്ളിപ്പാട്ട് പത്രോസ് മാത്യുവിന്റെയും
എലിശ്‌ബെയുടെയും മകളായി ജനനം. അമ്മാവനായ ശ്രീ
സി ജെ ജോസഫ്, സർ സിപിക്കെതിരായി മെമ്മോറാണ്ടം
നൽകിയതിനു ക്രൂരമായി പോലീസ് മർദനം
ഏൽക്കേണ്ടിവന്ന വ്യക്തിയാണ്. മറ്റൊരു അമ്മാവൻ പ്രശസ്ത
നാടകകൃത്ത് ശ്രീ സി ജെ തോമസ്. മാതൃസഹോദരിയായ
മേരി ജോൺ കൂത്താട്ടുകുളം മലയാളത്തിലെ അറിയപ്പെടുന്ന
ആദ്യകാല കവയിത്രി. അക്കാലത്തൊക്കെ പ്രാബല്യത്തിൽ
ഉണ്ടായിരുന്ന ശൈശവ വിവാഹത്തിെന്റ ഒരു ഇര ആയിരുന്നു
മേരി ജോൺ. അമ്മായിയമ്മയുടെ പീഡനം സഹിക്കവയ്യാതെ
ഭർതൃഭവനം ഉപേക്ഷിച്ചു രാത്രിയിൽ ഒറ്റയ്ക്ക് പുഴ നീന്തിക്കടന്ന്
ഓടി രക്ഷപ്പെട്ട ശേഷം ഡോക്ടർ പല്പുവിെന്റ ഭവനത്തി
അഭയം പ്രാപിച്ചു എന്നാണ് പറയുന്നത്. സ്വന്തം കാലിൽ നി
ൽക്കാൻ പഠിച്ചതും സാഹിത്യത്തിൽ കടന്നുവന്നതും അതിനു
ശേഷം. 1996-ൽ കേരള സാഹിത്യ അക്കാദമി അവരുടെ
സമഗ്ര സാഹിത്യ സംഭാവനകൾ കണക്കിലെടുത്ത്
ആദരിച്ചിട്ടുണ്ട്. അങ്ങനെ കൊച്ചു മേരിയെ ഒരു വിപ്ലവകാരി
ആക്കി മാറ്റാൻ തക്കവണ്ണമുള്ള ഊർജം ആ
കുടുംബത്തിനകത്ത് തന്നെ ഉണ്ടായിരുന്നു.
സർ സിപിക്കെതിരായുള്ള പ്രക്ഷോഭങ്ങളിൽ സ്‌കൂളിൽ
പഠിക്കുമ്പോൾ മുതൽ പങ്കെടുക്കുകയും, സ്വാതന്ത്ര്യത്തെ
പ്രണയിച്ചതിനു സസ്‌പെൻഷനിൽ പോകേണ്ടി വരികയും
ചെയ്തിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങളും,
ബഹിഷ്‌കരണങ്ങളും ജാഥകളും സമരങ്ങളും കൊണ്ട് സംഭവ
ബഹുലമായിരുന്നു ആ സ്‌കൂൾ ജീവിതം.
പത്താം ക്ലാസ് പാസ് ആയ ഉടനെ തമിഴ്‌നാട്ടിലെ
കാരക്കുടിയിൽ ട്രെയിനിംഗ് കോളേജിലെ ഫിസിക്കൽ
ട്രെയിനിംഗ് ഇൻസ്ട്രക്ടർ ആയി ആദ്യ ജോലി കിട്ടി. പക്ഷെ
അധികം നാൾ അവിടെ തുടർന്നില്ല. തിരുവനന്തപുരത്തും,
പിന്നീട് പി എസ് സി പരീക്ഷ എഴുതി ടെലികോം
വിഭാഗത്തിലും ജോലി കിട്ടിയിട്ടും അത് സ്വീകരിക്കാതെ,
കോട്ടയത്തുള്ള മഹിളാ സദനത്തിൽ സന്നദ്ധ
സേവനത്തിനായി ചേർന്നു. അതൊരു
വഴിത്തിരിവായിരുന്നു. ക്രമേണ ഗാന്ധിസം വെടിഞ്ഞു,
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകഷിക്കപ്പെടാൻ
നിമിത്തമായത്, മഹിളാസദനത്തിലെ സാമൂഹ്യ പ്രവർത്തനം
ആയിരുന്നു. അതോടെ സദനവുമായി അകന്നു. വീണ്ടും
തമിഴ്‌നാട്ടിലെ തിരുനെൽവേലിക്കടുത്ത് പാളയംകോട്ടിൽ
വനിതാ ക്ഷേമ വകുപ്പിൽ വെഫേ ഓഫീസർ ആകുകയും
ചെയ്തു. വീണ്ടും സഖാവ് മേരിയെ കൂത്താട്ടുകുളത്ത്
എത്തിച്ചത്, ഉമ്മ എന്ന പോലീസ് കോൺസ്റ്റബിളിന്റെ
കൊലപാതകത്തെ തുടർന്ന് സഖാക്കൾ ഒളിവിൽ പോയ
കാലയളവിലാണ്. ഒളിവിൽ പോയ സഖാക്കൾക്ക്
എഴുത്തുകളും സന്ദേശങ്ങളും രഹസ്യമായി എത്തിക്കുന്ന
ടെക് ആയി പാർട്ടി പ്രവർത്തനം ഊർജിതമായതോടെ,
വീടുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. അതുവരെയും,
ജീവിതത്തിൽ സ്വാധീനിച്ച സി ജെ എന്ന ചാച്ചനുമായി
പോലും അകന്നു എന്നതാണ് സത്യം. കമ്മ്യുണിസം
സ്വീകരിക്കാനാവാത്ത മാനസിക സ്ഥിതിയാവും ഈ
അകൽച്ചയ്ക്ക് കാരണം. പിന്നെ, ഒരു പ്രയാണം തന്നെ
ആയിരുന്നു, ഒറ്റയ്ക്ക്. കൈലിയും ഷർട്ടും ഇട്ടു, അതിദൂരം
യാത്രകൾ ചെയ്തു, എവിടെ ഒക്കെയോ അന്തിയുറങ്ങി,
കാട്ടിലും മേട്ടിലും നടന്നു, ഷെൽട്ടറുകളിൽ ഒളിവിലിരിക്കുന്ന
സഖാക്കൾക്ക് സന്ദേശം എത്തിക്കുന്ന ഒരു യഥാർത്ഥ ടെ
ക്കിന്റെ സംഭാബഹുലമായ ജീവിതം. എനിക്കേറ്റവും
വിസ്മയകരമായി തോന്നിയ ഒരു വസ്തുത, ഒരു സ്ര്തീ
ആണെന്നുള്ള പരിമിതി ഒരിക്കലും ആ യാത്രകൾക്കിടയിൽ
സഖാവ് മേരിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നുള്ളതാണ്.
സഖാവിനെ സ്വീകരിക്കാനും, അന്തി ഉറങ്ങാൻ
സുരക്ഷിതമായ സ്ഥലം ഒരുക്കിക്കൊടുക്കാനും, മീൻ ചുട്ട
ചമ്മന്തിയും കഞ്ഞിയും കൊടുത്തു വയറു നിറയ്ക്കാനും
അന്നൊക്കെ കർഷക കുടുംബങ്ങൾ അവരുടെ പട്ടിണിയിലും
പരിവട്ടത്തിലും പോലും തയ്യാറായിരുന്നു. കാരണം,
അവർക്കറിയാമായിരുന്നു, സഖാക്കൾ കുടുംബം ത്യജിച്ചു
കഷ്ടം അനുഭവിക്കുന്നത് അവർക്ക് വേണ്ടിയാണെന്ന്. പക്ഷെ
ഇന്ന് ആ സ്ഥിതിവിശേഷമല്ല. ഒരു സ്ര്തീക്ക് സുരക്ഷിതാവസ്ഥ
ഇല്ല. ഒരു കുഞ്ഞിനു പോലും സുരക്ഷിതത്വം കൊടുക്കാൻ
നമ്മുടെ രാജ്യത്തിനാവുന്നില്ല. ഒരുതരം രാഷ്ട്രീയ
അരാജകത്വം ആണിന്ന്.
ശൈശവ വിവാഹത്തിൽ നിന്നുള്ള വിദഗ്ദ്ധമായ ഒഴിഞ്ഞു
മാറൽ, ഒടുവിൽ, ഒളിവു കാലത്തൊരു പ്രണയ
ബന്ധത്തിലും പിന്നീട് അത് വിവാഹബന്ധത്തിലും എത്തി
ച്ചർന്നു. സഖാവ് സി എസ് ജോർജ് ആയിരുന്നു ആ ജീവിത
സഖാവ്. പാർട്ടി പ്രവർത്തനവും കുടുംബ ജീവിതവും
ഒരുമിച്ചു നടത്താൻ പെട്ട പാട് സഖാവ് മേരിയുടെ കുറിപ്പിൽ
വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം കാരണം
കിട്ടിയ ജോലി ഉപേക്ഷിക്കാനാവാത്ത സ്ഥിതി, ഒരിക്കലും
ഉപേഷിക്കാനാവാത്ത പാർട്ടി പ്രവർത്തനം, കുട്ടികളുടെ വള
ർച്ച, വിദ്യാഭ്യാസം, ഒപ്പം സാമൂഹ്യ പ്രവർത്തനങ്ങൾ – ഒന്നും
തന്നെ ഒഴിച്ച് മാറ്റിവയ്ക്കാൻ സഖാവ് മേരി തയ്യാറായില്ല.
ഇവിടെയാണ് മേരി എന്ന സഖാവിെന്റ, അദ്ധ്യാപികയുടെ,
അമ്മയുടെ, ഭാര്യയുടെ വിജയം.
കൗമാര പ്രായം മുതൽ മേരി കണ്ട സ്വപ്നങ്ങളിൽ
കുതിരപ്പുറത്തു വന്ന്, തന്നെ വിവാഹം കഴിക്കാനെത്തുന്ന
രാജകുമാരന്മാരില്ലായിരുന്നു; ആഡംബര ജീവിതം
ഉണ്ടായിരുന്നില്ല, പകരം, സ്ര്തീക്കും പുരുഷനും സമത്വമുള്ള,
സാമൂഹിക നീതിയുള്ള ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി
ആയിരുന്നു ഒരേ ഒരു സ്വപ്നം. ആ ഒരു സ്വപ്നം ഇന്നും ഒരു
സ്വപ്നമായി മാത്രം അവശേഷിക്കുകയാണ് എന്നുള്ളതാണ്
ഒരു ദു:ഖസത്യം. ഒരിക്കൽ പിളർന്നു പോയ കമ്മ്യുണിസ്റ്റ് പാ
ർട്ടി വീണ്ടും ഒരുമിച്ച് ചേരണമെന്ന് ഇന്നും ആ പാവം
ശയ്യാവലംബിയായ സഖാവ് ആഗ്രഹിക്കുന്നുണ്ടാവും
എന്നുള്ളത് തീർച്ചയാണ്. കാരണം, അത്ര കണ്ടു പാർട്ടിയെ
സ്‌നേഹിക്കുകയും, സ്വന്തം ജീവിതം പോലും ബലിയർപ്പിച്ചു
വളർത്തി വലുതാക്കുകയും ചെയ്ത സഖാക്കളിൽ ഒരാളാണ്
കൂത്താട്ടുകുളം മേരി അഥവാ പി ടി മേരി. കുപ്രസിദ്ധമായ
കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ നീല നിറമുള്ള
ഇടിവണ്ടിയുടെ അഴികളിൽ സ്വന്തം മുടിയിഴകളാൽ
ബന്ധിക്കപ്പെട്ട്, പടവുകളിലൂടെ വലിച്ചിഴയ്ക്കപ്പെട്ട്, ഇടി
വീരനായ ഇൻസ്‌പെക്ടർ തോബിയാസിെന്റ നേതൃത്വത്തിൽ
ക്രൂരമായ മർദനമുറകൾക്ക് അടിമപ്പെട്ടു ജയിൽവാസം
നടത്തിയത് എല്ലാം എല്ലാം പാർട്ടിക്ക് വേണ്ടി മാത്രം
ആയിരുന്നു. ജയിലിൽ അനുഭവിച്ച പീഡനകഥകൾക്കിടയിൽ
സഖാവ് മേരി കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ തന്നെ
മർദിച്ച പോലീസുകാരോട് ഒരു നന്ദി പറയാൻ മറന്നിട്ടില്ല.
ഇടിയിലും തൊഴിയിലും ഉരുട്ടലിലും തന്റെ ഗർഭപാത്രത്തിനു
കേടുപാടുകൾ വരുത്തിയില്ലല്ലോ. അതുകൊണ്ടല്ലേ ആ
അമ്മയെ പൊന്നുപോലെ നോക്കുന്ന നാല് പെൺമക്കളെ
പ്രസവിക്കാനായത്.
കമ്മ്യുണിസ്റ്റ് പാർട്ടികളുടെ പിളർപ്പ് സഖാവ് മേരിയുടെ
മനസ്സിനെ വല്ലാതെ ബാധിച്ചു. അതിനു ശേഷമുള്ള സംഭവ
വികാസങ്ങൾ അവരുടെ സാമൂഹിക ജീവിതത്തിനെ
ബാധിച്ചതിൽ അത്ഭുതം ഇല്ല. ഒരിക്കൽ പ്രസ്ഥാനം
ആയിരുന്നു ജീവിതം. അത് ഇല്ലാതായിപ്പോവുന്നതിെന്റ
നൊമ്പരം ആ വാക്കുകളിൽ തുളുമ്പിനിൽക്കുന്നു.
ചെസ്സിലും ചീട്ടുകളിയിലും താൽപര്യമുണ്ടായിരുന്ന ആ
അമ്മ എൺപത്തിയേഴാം വയസ്സിൽ വരകളുടെയും
ചായങ്ങളുടെയും ലോകത്തേക്ക് കടന്നുചെന്ന്
കൂത്താട്ടുകുളം മേരി എന്ന സഖാവിന്റെ കുപ്പായം മാറിയിട്ട്,
അല്പകാലത്തേക്ക് ചിത്രകാരിയുടെ വേഷം അണിഞ്ഞത്
ഒരുപക്ഷെ മനസ്സിന്റെ വിളികേട്ടിട്ടുതന്നെ ആവണം.
അമ്മച്ചിയുടെ രണ്ടാം ബാല്യം ചിത്രരചനയിലൂടെ കണ്ട
ബാബുപോൾ (സുലേഖയുടെ ഭത്താവ്) അമ്മയുടെ
ജനിതകമായ വാസനയും, ശിശുസഹജമായ സ്വാതന്ത്ര്യവും
ആ വരകളിലൂടെ കണ്ടെത്തി. നൂറിലേറെ ചിത്രങ്ങൾ മാതൃക
ചിത്രങ്ങളിലൂടെ അമ്മ വരച്ചു കൂട്ടി, എറണാകുളത്ത് ലളിത
കലാ അക്കാദമിയിൽ അവയുടെ എക്‌സിബിഷൻ
നടത്തിയത് ജനശ്രദ്ധ പിടിച്ചു പറ്റി . ആ നിറക്കൂട്ടിൽ ആ
അമ്മ ആശ്വാസം കണ്ടിരുന്നെങ്കിലും ശാരീരിക
അസ്വസ്ഥതകൾ അമ്മയെ വർണങ്ങളുടെ ലോകത്ത് നിന്നും
അകറ്റി. എങ്കിലും അമ്മയെ കാണാനെത്തിയ ഞങ്ങളെ
നോക്കി അമ്മ എല്ലാവരും സുന്ദരികൾ ആയിരിക്കുന്നു എന്ന്
പറഞ്ഞപ്പോൾ ഞാൻ ഓർത്തത് അമ്മയുടെ മനസ്സിന്റെ
സൗന്ദര്യം ഞങ്ങളിൽ പതിഞ്ഞതാവും എന്നാണ്. ഇപ്പോൾ
ആ അമ്മയ്ക്ക് കണ്ണീരും ചിരിയും മാറി മാറി വേഗം വരുന്നു.
ആ കണ്ണീരിനും ചിരിക്കും പുറകിൽ നിതാന്തമായ സ്‌നേഹവും.
അമ്മയുടെ ഓർമക്കുറിപ്പുകളോടൊപ്പം മറ്റു ചിലരും ഈ
പുസ്തകത്തിൽ സ്‌നേഹവും ബഹുമാനവും പങ്കിട്ടിട്ടുണ്ട്.
കൂത്താട്ടുകുളം മേരി: കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീര
നായികയായി വിശേഷിപ്പിച്ച പി ഗോവിന്ദപ്പിള്ള
മരിക്കുന്നതിനു മുമ്പു പറഞ്ഞ ഏതാനും വരികൾ, ഡോക്ടർ
പി കെ പോക്കറുടെ ആമുഖം, വിനീത ഗോപിയുടെ
ഓർമകളുടെ കടൽ, ജോർജ് ഓണക്കൂറിന്റെ അഗ്നിച്ചിറകുള്ള
ചിത്രശലഭം, സി കെ ഓമനയുടെ ഓർമയിലെന്നും മേരി
ചേച്ചി, കെ ആർ മീരയുടെ അമ്മച്ചി, ബിനോയ് വിശ്വത്തിെന്റ
അമ്മച്ചി എന്ന അത്ഭുതം, ബാബു പോളിന്റെ രണ്ടാം
ബാല്യത്തിന്റെ നിറങ്ങൾ, കെ എ ബീനയുടെ അമ്മച്ചിയുടെ
വിസ്മയലോകം, രശ്മി ബിനോയിയുടെ അമ്മച്ചിക്കൊപ്പം
എന്നിവ കൂത്താട്ടുകുളം മേരിയോടുള്ള സ്‌നേഹമാല്യങ്ങൾ
ആണ്. കെ പി എ സി ലളിതയും ഏതാനും വാക്കുകളിലൂടെ
ആ അമ്മയെ സ്മരിക്കുന്നു. അതിൽ അമ്മച്ചിയുടെ
കൊച്ചുമകൾ രശ്മിയുടെ കുറിപ്പ് അപൂർണമായിട്ടാണ്
പുസ്തകത്തിൽ കൊടുത്തിട്ടുള്ളത്. അമ്മച്ചിയുടെയും
കുടുംബത്തിന്റെയും ചില ഫോട്ടോകളോ ടൊപ്പം (അതിൽ
കമല സുരയ്യയുടെ ഓർമയ്ക്കായി ഒരു നീർമാതളത്തൈ
സുഗതകുമാരിക്ക് കൈമാറുന്ന ഫോട്ടോ വളരെ ശ്രദ്ധേയമായി
തോന്നി). അമ്മയുടെ ചില പെയിന്റിംഗ്‌സ് കൂടി ചേർത്തിട്ടുണ്ട്.
സഖാവ് മേരിയുടെ കുറിപ്പുകളിലെ അപൂർണത അവരുടെ
ഓർമയില്ലായ്മ തന്നെ ആവാം. കുറച്ചു നാളായി ആ അമ്മ
മറവി രോഗത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കയാണ്.
ഒരുപക്ഷെ ആ അമ്മ ഊർജസ്വലയായി നടന്ന കാലത്ത്
ഡയറി എഴുതിയിരുന്നെങ്കിൽ ആ കാലഘട്ടത്തെ കുറിച്ച്
കൂടുതൽ അറിവ് വായനക്കാർക്ക് കിട്ടിയിരുന്നേനേ. പക്ഷെ
അന്ന് അവർക്കതിനു സാവകാശം കിട്ടിക്കാണില്ല. കേരള
ചരിത്രത്തിലെ ഒരു സുപ്രധാന കാലമാണ് കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ തുടക്കവും അതിെന്റ വളർച്ചയും.
ക്രിസ്തുമത കുടുംബത്തിൽ ജനിച്ച പി ടി മേരി എന്ന
വ്യക്തിയിൽ മതത്തിന്റെ സ്വാധീനം ഒട്ടുംതന്നെ
ഉണ്ടായിരുന്നില്ലേ എന്ന ചിന്ത വായനക്കാർക്ക്
വരാതിരിക്കില്ല. ഇന്നത്തെ പോലെ മതങ്ങളും രാഷ്ട്രീയവും
കൂട്ടിക്കുഴച്ചുള്ള സ്ഥിതിവിശേഷം അന്നുണ്ടായിരുന്നില്ല.
കമ്മ്യൂണിസ്റ്റുകളെ ക്രിസ്തുമതത്തിന്റെ ബദ്ധശത്രുക്കൾ ആയി
കണ്ടിരുന്ന കാലമാണ് അത്. അങ്ങനെ ഒരു കാലത്ത് ജീവിച്ച
ആ സഖാവിന്റെ ജീവിതത്തിൽ മതം സൃഷ്ടിച്ച
പ്രത്യാഘാതങ്ങൾ അറിയുവാൻ വായനക്കാർക്ക് താൽപര്യം
ഉണ്ടായിരിക്കും.
സ്വാതന്ത്ര്യ സമരങ്ങളുടെ പ്രസ്ഥാനത്തിന്റെ പശ്ചാത്തല
ത്തിൽ കൂത്താട്ടുകുളം എന്ന ഗ്രാമത്തിന്റെ സാമൂഹിക,
സാംസ്‌കാരിക ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം ജോർജ്
ഓണക്കൂർ വളരെ ഹ്രസ്വമായി നൽകിയിട്ടുണ്ടെങ്കിലും
അന്നത്തെ കാർഷിക പ്രസ്ഥാനം വളർത്തിയെടുക്കാൻ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ സംഭാവനകൾ അല്പം
വിവരിക്കാമായിരുന്നു. സഖാവ് മേരിയുടെ കഥ അവരുടെ
വെറും വ്യക്തിപരമായ രേഖകൾ അല്ല, അതിൽ ഒരു
ദേശത്തിന്റെ കഥ തീർച്ചയായും ഉണ്ട്. ഒരു ദേശത്തിന്റെ
ചരിത്രവും വ്യക്തിയുടെ ജീവിതവും തമ്മിലുള്ള
അതിർവരമ്പുകൾ ഇല്ലാതാവുകയാണിവിടെ.