നീയെന്നിലേക്കും
ഞാൻ നിന്നിലേക്കും
മുറിച്ചുകടന്ന രാത്രി
വഴി വിളക്കുകൾ
തെളിഞ്ഞിരുന്നില്ല.
നക്ഷത്രങ്ങൾ
നമ്മെ നോക്കി വിളറിച്ചിരിച്ചു.
മേഘങ്ങൾ ഇരുട്ടിനോട്
ഇണചേർന്നതും,
നിലാവ് പുഴയെ
ആലിംഗനംചെയ്തതും,
ദൈവം വാക്ക്പാലിച്ചിരിക്കുന്നു എന്ന്
അരുളപ്പാടുണ്ടായതും,
ഇതേ രാത്രിയിൽ.
കടൽ സാന്ത്വനത്തിന്റെ
കാറ്റുകളെ
നമ്മിലേക്കയച്ചതും,
പ്രണയം നമ്മുടെ ഹൃദയങ്ങളെ
ഒരേ ചന്ദ്രരശ്മിയിൽ കോർത്തതും
ഇതേ രാത്രിയിൽ.
വാക്കുകൾ ചുണ്ടുകൾക്കിടയിൽ
അമർന്ന് ചുംബനമായതും
ചുവരിൽ നിഴലുകൾ പിണഞ്ഞു
ഇരുണ്ട ചിത്രമായതും
ഇതേ രാത്രിയിൽ.
പിന്നെ പകലെന്തിനാണ്
‘സ്വപ്‌ന’മെന്നു പേരിട്ടു
നമ്മെ തടങ്കലിലാക്കിയതും
നമുക്കിടയിൽ മരണപ്പെട്ട
വാക്കുകളെ
സ്വർഗത്തിലേക്കയച്ചതും.