സ്ത്രീപീഡനം രാജ്യമെങ്ങും വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നാം കണ്ടുവരുന്നത്. ഉൾനാടൻ ഗ്രാമങ്ങളും പരിഷ്‌കൃത നഗരങ്ങളും തമ്മിൽ ഇക്കാര്യത്തിൽ വലിയ വ്യത്യാസമൊന്നുമില്ല. ഗാർഹിക പീഡനങ്ങളും കൂട്ടബലാത്സംഗങ്ങളും
തട്ടിക്കൊണ്ടുപോകലുമൊക്കെ നിത്യസംഭവങ്ങളായി മാറുമ്പോഴും ഇതിന്റെയൊക്കെ കാരണം വസ്ര്തധാരണരീതിയും അമിതമായ സ്ര്തീസ്വാതന്ത്ര്യവുമാണെന്ന ബാലിശമായ ന്യായവാദങ്ങളാണ് ചർച്ചകളിൽ പ്രധാനമായും മുഴങ്ങിക്കേൾക്കുന്നത്. ഗ്രാമങ്ങളിൽ പുതച്ചുമൂടി നടക്കുന്ന സ്ര്തീകളും പ്രായപൂർത്തിയാകാത്ത ബാലികമാരും വരെ ഈ പീഡനങ്ങളിൽ പെടുന്ന എന്ന കാര്യം ഇക്കൂട്ടർ സൗകര്യപൂർവം മറക്കുന്നു.
പുരുഷാധിപത്യമുള്ള ഒരു സമൂഹത്തിൽ ശാരീരികമായി അബലയായ സ്ര്തീ ആക്രമിക്കപ്പെടുന്നു എന്നതാണ് വാസ്തവം. ഇത് ലോകത്തെവിടെയായാലും അങ്ങനെതന്നെ. സ്ഥലകാലബോധമോ സമയകാലങ്ങളോ പ്രശ്‌നമല്ലാതെ എന്തും എവിടെവച്ചുമാവാം എന്ന മൃഗീയസ്വഭാവം ഉള്ളിൽ ഉടലെടുക്കുമ്പോൾ തന്റെ ഇഷ്ടത്തിനു മാത്രം പ്രാധാന്യം നൽകി അത് നേടിയെടുക്കാനുള്ള ഒരു വാഞ്ഛ മൃഗങ്ങളിൽനിന്നു വ്യത്യസ്തനാണെന്നവകാശപ്പെടുന്ന മനുഷ്യനും വച്ചുപുലർത്തുന്നു.
മനുഷ്യനിലെ ഈ ക്രിമിനൽ സ്വഭാവം അഥവാ ആക്രമണോത്സുകത കണ്ടുപിടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
നിയമനിർമാണത്തിലെ അപാകതകൾ കണ്ടുപിടിച്ച് ശക്തമായ ശിക്ഷ ഉറപ്പുവരുത്തുന്നതാണ് കുറ്റകൃത്യങ്ങൾ തടയാനുള്ള ഒരു പ്രധാന മാർഗം. പണവും സ്വാധീനവും ഇല്ലാത്ത സാധാരണ കുറ്റവാളികൾപോലും ഒരു പോറലുമേൽക്കാതെ
അവരുടെ ദിനചര്യ തുടർന്നുപോകുന്നത് നമുക്കു കാണാം. പരാതികൾ സ്വീകരിക്കുന്നവർ അത് ലാഘവമായി കണക്കാക്കുന്നതിലൂടെ അപമാനിക്കപ്പെട്ട സ്ര്തീ കൂടുതൽ പ്രത്യാഘാതങ്ങൾക്ക് ഇരയാവുന്നതും നമ്മൾ കണ്ടുവരുന്നു. നിയമ
ത്തിലെ പഴുതുകൾ ഉപയോഗിച്ച് പുറത്തുവരുന്ന കുറ്റവാളിയെനിരീക്ഷണവലയത്തിൽ തുടർന്നും കൊണ്ടുപോകുവാനുള്ള സംവിധാനങ്ങളും നമുക്കില്ല.
കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ചും സ്ര്തീകൾക്കെതിരെയുള്ളവ കൂടിവരുന്നതിന്റെ മറ്റൊരു പ്രധാന കാരണം കേസിന്റെ സമയദൈർഘ്യമാണ്. പോലീസ്‌സ്റ്റേഷനിലും കോടതിവരാന്തകളിലുമായി മാസങ്ങളും വർഷങ്ങളുംതന്നെ കയറിയിറങ്ങാനുള്ള
സമയക്കുറവും അപമാനവും കാരണം കുറ്റകൃത്യങ്ങളിൽ ഒട്ടുമുക്കാലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നു. സൂര്യനെല്ലിയും സൗമ്യയും മറ്റുമായി നമ്മുടെ മുന്നിൽ എത്രയെത്ര ഉദാഹരണങ്ങൾ! ഫാസ്റ്റ് ട്രാക്ക് കോടതി എന്നതൊക്കെ പത്രക്കടലാസിലും വിജ്ഞാപനങ്ങളിലും മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് നമ്മുടെ നാട്ടിലുള്ളത്.
സമൂഹം കുറ്റകൃത്യങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതും അത് വർദ്ധിക്കാനുള്ള ഒരു പ്രധാന കാരണംതന്നെ. പൊതുസ്ഥലങ്ങളിലും ബസിലും മറ്റും സ്ര്തീകൾക്കു നേരെയുണ്ടാകുന്ന കയ്യേറ്റങ്ങളിൽ വെറും കാണികൾ മാത്രമായി ജനക്കൂട്ടം മാറുന്നത്
ഒരു പുതുമയല്ല. മുംബയിൽ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിലാണ് യാത്രക്കാരെ ഭീഷണിപ്പെടുത്തി അനാഥയായ ഒരു ബാലികയെ ഒരാൾ അപമാനിച്ചത്. നിസംഗരായി അതു നോക്കിനിന്ന 14-ലധികം ആൾക്കാരുടെ മനസ് ആ ആക്രമണകാരിയുടെ
മനസിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. ഡൽഹിയിൽ ഈയിടെ മരണമടഞ്ഞ പെൺകുട്ടി റോഡരികിൽ അഞ്ചു മണിക്കൂറോളം വെറും കാഴ്ചവസ്തുവായി കിടന്നുവെന്ന വാർത്തയും നമ്മുടെ മൃഗീയ മന:സാക്ഷിക്ക് സാക്ഷ്യം വഹിക്കുന്നു.
മാനുഷികമായ അംശങ്ങൾ മനുഷ്യന്റെ മനസിൽനിന്ന് മാഞ്ഞുപോകുന്നതിന്റെ ദൃഷ്ടാന്തങ്ങൾ അനവധിയാണ്. ഡൽഹി സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സ്ത്രീപീഡനത്തിനെതിരെ ശക്തവും ത്വരിതവുമായ നിയമനിർമാണങ്ങൾ നടപ്പിലാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.