പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധസംഘടനകൾക്കുമുള്ള നിരോധനം വൈകിപ്പോയി എന്നതാണ് നിഷ്പക്ഷമതികളായ ജനങ്ങളുടെ അഭിപ്രായം. ജനാധിപത്യത്തിന്റെ അതിരുകൾ ലംഘിച്ചുകൊണ്ട് ഭീഷണിയും ഗുണ്ടായിസവും മുൻ നിർത്തി ഒരു സമൂഹത്തെ വരുതിയിൽ നിർത്താം എന്ന് കരുതുന്ന ഒരു സംഘടന ജനാധിപത്യത്തെ അപഹസിക്കുകയാണ് ചെയ്യുന്നത്. അത് ശരിയല്ല എന്ന കാര്യം നമ്മളെ പോലെ തന്നെ കേന്ദ്ര സർക്കാരിനും മനസിലായത് കൊണ്ടു തന്നെയാണ് എൻഐഎ യും ഇഡിയും ശക്തമായ ഇടപെടൽ നടത്തിയത്.
പോപ്പുലർ ഫ്രണ്ട് ഒരു രാഷ്ട്രീയ പാർട്ടിയല്ല; ആർ എസ് എസിനെ പോലെ തന്നെ, അല്ലെങ്കിൽ ബജ്‌രംഗ് ദളിനെയും വിശ്വഹിന്ദു പരിഷത്തിനെയും പോലെ തന്നെ സമൂഹത്തിന്റെ പ്രശ്നങ്ങളല്ല അവർക്ക് മുന്നിലുള്ളത്. ഈ പാർട്ടികളെയെല്ലാം നയിക്കുന്നത് മതവികാരമാണ്. പള്ളിയും അമ്പലവുമാണ് ഇവരുടെ പ്രധാന അജൻഡ. മാത്രമല്ല, ഇവർക്കെല്ലാം കണക്കറ്റ സാമ്പത്തിക സ്രോതസ്സുണ്ടെന്നതാണ് ഏറ്റവും ഭയാനകമായ മറ്റൊരു സത്യം.
പ്രൊഫസർ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റാനും ബാബ്റി മസ്ജിദ് പൊളിച്ചു മാറ്റാനുമൊക്കെയാണ് ഇവർ മുൻകൈയ്യെടുക്കുന്നത്.
എന്നാൽ, ഈ സംഘടനകൾ സമൂഹത്തിനു വേണ്ടിയുള്ളവയല്ല എന്ന് തുറന്നുപറയാൻ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ പോലും ആർജവം കാണിക്കുന്നില്ല എന്നതാണ് ഏറ്റവും കഷ്ടം. തെരഞ്ഞെടുപ്പുകളിൽ നേടാനാവുന്ന ചില മുതലെടുപ്പുകൾക്കായ് ഇവരെ താങ്ങി നടക്കുകയാണ് രാഷ്ട്രീയ പാർട്ടികളൊക്കെയും. ഇന്ന് എം.കെ. മുനീർ പറഞ്ഞതു പോലെ ഇങ്ങനെയുള്ള സംഘടനകളെ ഭൂരിപക്ഷം ന്യൂനപക്ഷം എന്നീ കൂട്ടിക്കെട്ടലുകളില്ലാതെ വിമർശിക്കാൻ എല്ലാവരും തയ്യാറാവണം.
മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ‘നിരോധിക്കുകയാണെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസി’നെയാണ് എന്ന അഭിപ്രായപ്രകടനം ചിലതിനോടുള്ള പ്രീണനമാണ്. പോപ്പുലർ ഫ്രണ്ടിനെ ഒതുക്കാൻ ബി ജെ പി കളത്തിലിറങ്ങിക്കളിക്കുമ്പോൾ കോൺഗ്രസും എല്ലാത്തിനും മൂകസാക്ഷിയാവുന്നു.
എന്തായാലും ഇത്തരം വർഗീയശക്തികൾ വളർന്നു വരാനനുവദിക്കരുതെന്ന ദൃഢനിശ്ചയമെടുക്കേണ്ടത് ജനങ്ങളാണ്. ഒരു തരത്തിലുള്ള വർഗീയതയെയും നേരിടാൻ മൃദുസമീപനം കൊണ്ടാവില്ല. എന്നാൽ നിരോധനം കൊണ്ടു മാത്രം ഒന്നും ഇല്ലായ്മ ചെയ്യാനും കഴിയില്ല. ജനാധിപത്യത്തിന്റെ തായ് വേരിനു ശക്തി പകർന്നുകൊണ്ടു മാത്രമെ മതരാഷ്ടീയം നമ്മുടെയിടയിൽ നിന്നും തുടച്ചു നീക്കാനാവു. അതുപോലെ തന്നെ മത രാഷ്ട്രീയത്തിനെതിരെ സന്ധിയില്ലാത്ത സമരമുഖം തുറക്കാനും മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾക്കാകണം.