ഉജാലയിൽ മുക്കി
കാക്കയെ വെളുപ്പിക്കാൻ പ്രയത്നിക്കുന്ന
മുംബൈ കാക്ക മലയാളികൾക്ക്.
മനുഷ്യരെ ചിരഞ്ജീവികളാക്കാൻ
കാക്കയെ സൃഷ്ടിച്ച
ആസ്തികനായ ദൈവത്തിന്
വി.കെ. ശ്രീരാമൻ
1953 മകരത്തിൽ ജനിച്ചു.
ഭീരുവായതിനാൽ
പലവട്ടം മരിച്ചുപോയെങ്കിലും
കാക്കകളുടെ സഹായത്തോടെ
ജീവിച്ചിരിക്കുന്നു.
ഒരു നക്ഷത്രം കൊണ്ട്
ക്രിസ്തുമസ്
അടയാളപ്പെടുന്നതുപോലെ
കൊമ്പൻ മീശയും കുടവയറുമുള്ള
മാവേലി
ഓണത്തിന്റെ ചിഹ്നമാവുന്നതുപോലെ,
ചതയക്കാരന്റെ മൃഗം കുതിരയും
മരം കടമ്പും ആവുന്നതുപോലെ
പുതുവർഷപ്പിറവിക്കു
ഒരു അടയാളം വേണം എന്നു വന്നതിനാൽ
അവിടെ
കാക്കയെ ഇരുത്തുന്നു ഞാൻ.
എന്തുകൊണ്ടെന്നാൽ
പെറ്റുവീണ കുഞ്ഞുങ്ങളെയും
ചത്തുവീണ ശവങ്ങളെയും
ഒരുപോലെ സ്വീകരിക്കുന്നതുകൊണ്ട്
കാക്ക ഒരു അദ്വൈതവാദിയാണ്.
ആകാശത്തിന്റെ അനന്തതയിൽ
ഗരുഡനെപ്പോലെ വിശ്വാസമില്ലാത്തതിനാലും
വിഗ്രഹങ്ങളുടെ തലയിൽ നിസ്സംഗം കാഷ്ഠിക്കുകയാലും
കാക്ക റിച്ചാർഡ് ഡോക്കിൻസിനെപ്പോലെ
നാസ്തികനാണ്.
കുയിലിന് മുട്ടയിടാൻ ഇല്ലമൊരുക്കുകയാൽ
ഫെമിനിസ്റ്റാണ്.
കൂവുകയോ കുറുകുകയോ പാടുകയോ ചിലയ്ക്കുകയോ
ചെയ്യാതെ,
കരഞ്ഞുകൊണ്ട് ഉദയത്തെ വിളംബരം ചെയ്കയാൽ
കാക്ക അസ്തിത്വവാദിയുമാണ്.
ആണ്ടറുതിക്കും ആതിയ്ക്കും
ബലിച്ചോറു കൊത്താൻ കാക്കകൾ വരുന്നു.
കാക്ക ജന്മാന്തരങ്ങൾ അറിഞ്ഞവനാണ്.
പിറവിയുടെയും മറവിയുടെയും അധിദേവനാണ്.
കടപ്പാട്
വൈലോപ്പിള്ളി
കെ.ജി. ശങ്കരപ്പിള്ള
കാക്കനാടൻ
കാക്കാ കലേല്കർ
നസീർ കടിക്കാട്
ആർ.കെ. ലക്ഷ്മൺ
പിന്നെ
മനുഷ്യരേ സ്നേഹത്തോടെ കാക്കാ എന്നു വിളിക്കുന്ന
മലബാറിലെ ദാർശനികരോട്
നന്ദി
തവള, കൊതുക്, ചാള
എന്നിവയെക്കുറിച്ചൊക്കെ
കവിത എഴുതിയിട്ടും
കാക്കയെക്കുറിച്ച്
എഴുതാഞ്ഞതിന്
പി.എൻ. ഗോപീകൃഷ്ണന്
പിന്നെ
കാക്കേ, കാക്കേ കൂടെവിടെ
എന്ന സൈദ്ധാന്തിക ചോദ്യം ഉന്നയിച്ച പണ്ഡിതകവിക്കക്