അസഹിഷ്ണുതയുടെ വേരുകൾ ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ഒരു ഉദാഹരണമായിരുന്നു സെപ്റ്റംബർ അഞ്ചാം തീയതി നടന്ന പ്രമുഖ പത്രപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകം. വാക്കുകൾ തീജ്വാലയാക്കി മാറ്റിയ അവരുടെ ശബ്ദം നിലയ്ക്കണമെന്നാഗ്രഹിച്ചത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഹിന്ദു വർഗീയവാദികൾ തുടർന്ന് നടത്തിയ ആഘോഷങ്ങളും അവരുടെ ധാർഷ്ട്യം നിറഞ്ഞ ഓൺലൈൻ പ്രസ്താവനകളും മറ്റൊരിടത്തേക്കല്ല നമ്മെ നയിക്കുന്നത്. 2014-ൽ നരേന്ദ്ര മോദി സർക്കാർ ഭീകര ഭൂരിപക്ഷത്തോടെ അധി കാരത്തിലേറിയ ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വതന്ത്ര ചിന്താധാരകൾക്കെതിരെയുള്ള നിഷ്ഠൂരമായ അടിച്ചമർത്തലുകൾ ദിനംപ്രതി വർധിച്ചുവരികയാണ്.
നരേന്ദ്ര ധാബോൽക്കറും, ഗോവിന്ദ് പൻസാരെയും, എം.എം. കൽബുർഗിയുമെല്ലാം ഓരോ ഓർമ പ്പെടുത്തലുകളായി മാറിയത് ചുരുങ്ങിയ കാലത്തിനുള്ളിലാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകം കഴിഞ്ഞു വെറും രണ്ടാഴ്ച തികയുമ്പോഴാണ്, സെപ്റ്റംബർ 21-ന് ത്രിപുരയിൽ പത്രപ്രവർത്തകനായ ശന്തനു ഭൗമിക്കിനെ ഒരു പ്രതിഷേധ റാലി റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ പട്ടാപ്പകൽ ഗൂണ്ടകൾ കൊലപ്പെടുത്തുന്നത്. തൊട്ടടുത്ത ദിവസമാകട്ടെ ട്രിബ്യുണിൽ നിന്ന് വിരമിച്ച മുതിർന്ന മാധ്യമ പ്രവർത്തകനായ കെ.ജെ. സിങ്ങിനെയും അദ്ദേഹത്തിന്റെ അമ്മയെയും ആരോ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തി. ഇങ്ങനെ സ്വതന്ത്രമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന നൂറുകണക്കിന് മാധ്യമ പ്രവർത്തകരാണ് ദിവസേന ഭീഷണി നേരിടുന്നത്. രാജ്ദീപ് സർദേശായിയും രാവിഷ്കുമാറുമെല്ലാം തങ്ങൾക്കു നേരെ ഉയർന്നിട്ടുള്ള വധഭീഷണികളെക്കുറിച്ചു പലപ്പോഴും പറഞ്ഞിട്ടുണ്ട്.
എന്താണ് നമ്മുടെ നാട്ടിൽ പെട്ടെന്ന് വന്ന ഈ മാറ്റത്തിനു കാരണമെന്നു നമ്മൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തങ്ങൾക്കെതിരെയുള്ള ഒരു ചെറിയ മർമരം പോലും വച്ചുപൊറുപ്പിക്കില്ലെന്നു ദൃഢപ്രതിജ്ഞായെടുത്തിട്ടുള്ള ഹിന്ദു വർഗീയ ശക്തികളാണ് ഈ ആക്രമണങ്ങൾക്കു പിന്നിലെന്ന് അവരുടെ പല പ്രസ്താവനകളും വെളിവാക്കുന്നു. മാത്രമല്ല ഇത്തരം ഹീനമായ കൊലപാതക ങ്ങളെ ഒരിക്കൽ പോലും ബി.ജെ.പി. നേതൃത്വം അപലപിച്ചിട്ടുമില്ല.
അക്രമികൾക്ക് എല്ലാ സംരക്ഷണവും കിട്ടുന്ന രീതിയിലാണ് പോലീസിന്റെയും നിലപാട്. ഒരു മാസം കഴിഞ്ഞിട്ടും കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. എങ്കിൽത്തന്നെയും ഗൗരി ലങ്കേഷ് കൊലപാതകത്തിനെതിരെ രാജ്യമെമ്പാടും നടന്ന പ്രതിഷേധ യോഗങ്ങളും ചർച്ചകളും ഈ അതിക്രമങ്ങളെ നിസ്സാരമായി തള്ളിക്കളയാൻ ജനങ്ങൾ കൂട്ടാക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിൽ നിന്നും നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യം വർഗീയ ഫാസിസ്റ്റു കൂട്ടുകെട്ടിന് അടിയറ വയ്ക്കില്ലെന്ന് ഓരോ പൗരനും പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു.