മലയാള സംഗീതരംഗത്ത് ഹൃദ്യമായ ഒരുപിടി ഗാനങ്ങൾ
കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞനായ, സംഗീതംതന്നെ
ജീവിതമാക്കിയ, വൈവിധ്യമാർന്ന ഈണങ്ങളിൽ ചന്ദനം
മണക്കുന്ന പൂന്തോട്ടമുണ്ടാക്കിയ, സ്വപ്നങ്ങളും സ്വപ്നഭാരങ്ങളും
പങ്കിടാമെന്ന ഈണം പകർന്ന് നമുക്കൊപ്പം നിന്നൊരാൾ. ആറാ
ട്ടുപുഴയുടെ ഈണങ്ങളുമായി സംഗീതാസ്വാദകരുടെ മനസിലിടം
നേടിയ സംഗീതശില്പിയായ വിദ്യാധരൻ മാസ്റ്റർ. ഒരുകാലത്ത് മലയാളികൾ
മനസിൽ മൂളി നടന്ന പല പ്രിയഗാനങ്ങളുടെയും സംഗീ
തസംവിധായകൻ അദ്ദേഹമാണെന്ന് ഏതൊരു സംഗീതപ്രേമിക്കുമറിയാം.
വിദ്യാധരൻ മാസ്റ്ററുടെ ആദ്യഗുരുവും സ്വന്തം മുത്തച്ഛനുമായ
കൊച്ചാക്കനാശാന്റെ പേരിലുള്ള പഞ്ചായത്ത് റോഡിലൂടെ
നടന്ന് ‘സരോവരം’ വീട്ടിലെത്തിയപ്പോൾ ചന്ദനക്കുറി വരച്ച്
പ്രസാദാത്മകമായ മുഖത്തോടെ അദ്ദേഹം എതിരേറ്റു. സംഗീതംതന്നെ
ജീവിതം എന്നു കാണിച്ചുതന്ന മാസ്റ്ററുടെ ബാല്യകാല
വാഴ്വിന്റെ അതിജീവനത്തെക്കുറിച്ചു ചോദിക്കുമ്പോൾ അത്രയൊന്നും
ശോഭനമല്ലാത്ത പട്ടിണിയും പരിവട്ടവും നിറഞ്ഞ നാൾ
വഴികളെക്കുറിച്ച് ഒരു വേദനയോടെ നമുക്കറിയാൻ കഴിയും. പുള്ളുവൻപാട്ടിന്റെയും
നന്തുണിപ്പാട്ടിന്റെയും ശീലുകളും ക്ഷേത്രവാദ്യകലകളുംകൊണ്ട്
സമ്പന്നമായ ദേവമേള നടക്കുന്ന ആറാട്ടുപുഴ
എന്ന സ്വന്തം തട്ടകത്തെക്കുറിച്ചു ചോദിക്കുമ്പോൾ വിദ്യാധരൻ
മാസ്റ്റർ വാചാലനാവുന്നു. വിദ്യാധരൻ മാസ്റ്ററുടെ ഓർമകളിൽ നാട
ൻശീലുകളുടെ സംഗീതം തുടികൊട്ടുന്നു. ആ കൂടിക്കാഴ്ച
അങ്ങനെ നീണ്ടു.
മാസ്റ്ററുടെ ബാല്യകാലം?
എന്റെ മുത്തച്ഛൻ കൊച്ചാക്കനാശാനാണ് പ്രഥമ ഗുരു. യേശുദാസിന്റെ
മുത്തച്ഛനായ സെബാസ്റ്റീസ് കുഞ്ഞുകുഞ്ഞു ഭാഗവതർ,
ജോസഫ് ഭാഗവതർ ഉളുവകാടൻ, വറുതുട്ടി ഭാഗവതർ എന്നിവരോടൊക്കെയൊപ്പം
നാടകസംഘങ്ങളിൽ പാട്ടു പാടുകയും ചവിട്ടു
ഹാർമോണിയും വായിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ സംഗീത
താൽപര്യത്തെ മനസിലാക്കിയ മുത്തച്ഛൻ എന്നെ നിരന്തരം
പ്രോത്സാഹിപ്പിച്ചു. ഒരു മഹാഭാഗ്യം തന്നെയായിരുന്നു അത്.
എന്റെ പരിമിതമായ ജീവിതസാഹചര്യങ്ങളിൽ എനിക്ക് അക്കാദമി
പഠനമൊന്നും സാധിച്ചില്ല. തയ്യൽക്കാരനായിരുന്നു അച്ഛൻ.
അച്ഛനും നല്ല സംഗീതജ്ഞനായിരുന്നു. സംഗീതം പഠിച്ചിരുന്നില്ലെ
ങ്കിലും അദ്ദേഹം നന്നായി പാടുമായിരുന്നു. കാലത്ത് മൂന്നുമണിക്ക്
എഴുന്നേറ്റ് അഞ്ചു മണിവരെ ശ്ലോകങ്ങൾ ഓരോ രാഗത്തിലും
പാടി കേൾപ്പിക്കും. അത് കേട്ടാണ് എന്റെ വളർച്ച. മുത്തച്ഛന് പാട്ടു
പഠിപ്പിക്കാൻ ഒഴിവില്ലാത്ത സമയത്ത് മറ്റു കുട്ടികളെ പഠിപ്പിക്കാൻ
എന്നെ പറഞ്ഞുവിടും. മുത്തച്ഛൻ പറഞ്ഞുതന്നതെല്ലാം ആ കുട്ടി
കൾക്ക് പറഞ്ഞുകൊടുക്കാൻ നിർദേശിച്ചിട്ടാണ് പോക്ക്.
ആൺ-പെൺ കുട്ടികളടക്കമുള്ള ആ ശിഷ്യർക്കു മുന്നിൽ ഞാൻ
അദ്ധ്യാപകനാവും.
പിന്നീട് മുത്തച്ഛന്റെ നിർബന്ധപ്രകാരം ഇരിഞ്ഞാലക്കുട
ഗോവിന്ദകുട്ടി പണിക്കർ, തൃശൂരിലെ ആർ. വൈദ്യനാഥ ഭാഗവതർ
എന്നിവരുടെ കീഴിലും സംഗീതപാഠങ്ങൾ പഠിച്ചു. അതിനിടയിലായിരുന്നു
പല്ലിശ്ശേരി എൽ.പി. സ്കൂളിലെ പഠനം. പിന്നീട്
കണ്ടേശ്വരം സ്കൂളിൽ പഠനകാലത്ത് കലാപരിപാടികളിലും ചില
സ്റ്റേജ് പ്രോഗ്രാമുകളിലും പാടിത്തുടങ്ങിയിരുന്നു. ചേർപ്പ്
സി.എൻ.എൻ. സ്കൂളിൽ പഠിക്കുന്ന കാലത്താണ് അമേച്വർ നാടകട്രൂപ്പുകളിലും
ഡാൻസ് പ്രോഗ്രാമുകളിലും പിന്നണി പാടാൻ തുട
ങ്ങിയത്. പിന്നീട് സ്കൂൾപഠനത്തിൽ ശ്രദ്ധ കുറഞ്ഞു. ഒരുപാട്
പ്രോഗ്രാമുകളിൽ പങ്കെടുത്തു. ഏഴിലും എട്ടിലും പഠിക്കുമ്പോൾ
പരീക്ഷപോലും എഴുതാതെ മറുനാടുകളിൽ പോയിട്ടുണ്ട്. കലാമ
ണ്ഡലം ക്ഷേമാവതിയുടെ കൾച്ചറൽ ട്രൂപ്പിൽ പുള്ളുവൻപാട്ടിന്റെ
അമരക്കാരനായിരുന്നു. അതുകൂടാതെ ഭരതനാട്യത്തിനും ഹാർ
മോണിയം വായിക്കണം. കലാമണ്ഡലം ഹൈദരാലിയും ഞങ്ങ
ളുടെ കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ എട്ടാംതരത്തിൽ വച്ച്
പഠനം മുറിഞ്ഞു.
മദിരാശി യാത്രയും സിനിമാരംഗത്തേക്കുള്ള പ്രവേശനവുമായുള്ള
ഓർമകൾ?
ദേവരാജൻ മാഷെ കണ്ട് അനുഗ്രഹം വാങ്ങണമെന്ന വിചാരം
മാത്രമായിരുന്നു ഇളയമ്മയുടെ മകൻ തൃശൂർ വേണുഗോപാലുമായി
മദിരാശിയിലേക്ക് വണ്ടി കയറുമ്പോൾ മനസിലുണ്ടായിരു
ന്നത്. അന്ന് ദേവരാജൻ മാഷ് താമസിക്കുന്ന ലോഡ്ജിൽ ചെന്ന്
മാഷെ പരിചയപ്പെട്ടു. എഗ്മോറിലുള്ള കേരള സമാജത്തിന്റെ
ഓണാഘോഷ സംഗീത പരിപാടിയുടെ സംവിധായകൻ ദേവരാ
ജൻ മാഷായിരുന്നു. ‘മാനവധർമം വിളംബരം ചെയ്യുന്ന മാവേലി
നാടിൻ മധുരശബ്ദങ്ങളേ’ എന്ന ഗാനമാണ് ആദ്യം പാടിയത്. ആ
ഗാനത്തിൽ ഒരു വിരുത്തം വരന്നുണ്ട്. ആ ഭാഗം പാടാൻ മാഷ്
തെരഞ്ഞെടുത്തത് എന്നെയാണ്. അങ്ങനെ ഒരു ബന്ധമാണ് ദേവരാജൻ
മാഷുമായി ഉണ്ടായത്. പിന്നീട് ഒരിക്കൽ ദേവരാജൻ മാഷ്
ഞാൻ താമസിക്കുന്ന സ്ഥലത്ത് ഒരാളെ വിട്ട് വിളിപ്പിച്ചു.
(സാക്ഷാൽ മെഹബൂബ് സാബ് ആണ് അന്ന് വിളിക്കാൻ വന്നത്
എന്ന് പിന്നീടാണ് മനസിലായത്). അവിടെ ചെന്നപ്പോൾ പത്തുനാല്പതു
പേർ ഇരിക്കുന്നു. വയലാറുമുണ്ടായിരുന്നു. അങ്ങനെ ‘ഓടയിൽനിന്ന്’
എന്ന സിനിമയിൽ ദേവരാജൻ മാസ്റ്റർ സംഗീതസംവിധാനം
നിർവഹിച്ച ‘ഓ റിക്ഷാവാല… കൊല്ലം വണ്ടിക്ക് കുഞ്ഞാലിക്കൊരു
കോളു കിട്ടി’ എന്നു തുടങ്ങുന്ന ഗാനം മെഹബൂബിന്റെ
കൂടെ കോറസ് പാടാൻ അവസരം കിട്ടി. 25 രൂപ പ്രതിഫലം തന്നു.
നാട്ടിൽ പോയി സംഗീതം പഠിക്കാൻ ദേവരാജൻ മാഷ് അന്ന് ഉപദേശം
നൽകുകയും ചെയ്തു. അങ്ങനെ നാട്ടിലെത്തി ഇപ്പോഴും
ജീവിച്ചിരിക്കുന്ന വൈദ്യനാഥ ഭാഗവതരുടെ കീഴിൽ പഠനം തുടർ
ന്നു. എന്റെ സംഗീതവഴികളിൽ വെളിച്ചമേകിയ ദേവരാജൻ മാഷെ
ഇന്നും മനസാ നമിച്ചുകൊണ്ടിരിക്കുന്നു.
അക്കാലത്ത് ഒരുപാട് നാടകഗാനങ്ങൾക്ക് സംഗീതം നൽ
കിയിരുന്നുവല്ലോ… നാടകസംഗീത നാളുകൾ?
ആദ്യമായി സംഗീതം ചെയ്ത നാടകം ‘ബലിയാടുകൾ’ ആണ്.
ശങ്കരനാരായണ ഭാഗവതരുടെ കീഴിൽ സംഗീതം പഠിക്കുന്ന
കാലം. ഒരു മുഴുവൻസമയ നാടകപ്രവർത്തനം തുടങ്ങുന്ന അക്കാലത്താണ്
എം.കെ. അർജുനൻ മാഷെ പരിചയപ്പെടാൻ സാധി
ച്ചത്. അദ്ദേഹം എന്നിലെ സംഗീത സംവിധായകന് ഒരു ദിശാബോധം
നൽകി. ഏകദേശം മുന്നൂറോളം നാടകഗാനങ്ങൾക്ക്
സംവിധാനം നിർവഹിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. നാടകരംഗത്തു
വച്ചാണ് ശ്രീമൂലനഗരം വിജയനെ പരിചയപ്പെടുന്നത്. കാലടി
ഗോപിയുടെ പെരുമ്പാവൂർ നാടകശാലയുടെ നാടകസംവിധായകനായാണ്
അദ്ദേഹം എത്തുന്നത്. അങ്ങനെ ആ നാടകത്തിന്റെ
സംഗീതസംവിധാനം ചെയ്തു.
ആ കാലത്ത് കുറെ സിനിമകൾക്കു വേണ്ടി സംഗീതസംവിധാനം
ചെയ്തില്ലേ?
2013 നഴഫസ ബടളളണറ 7 5
ശ്രീമൂലനഗരം വിജയനുമായുള്ള ആത്മബന്ധം കാരണം അദ്ദേ
ഹംതന്നെ രചനയും സംവിധാനവും നിർവഹിച്ച ‘എന്റെ ഗ്രാമം’
എന്ന സിനിമയുടെ സംഗീതസംവിധായകനായി. ആ സിനിമയിൽ
നാലു പാട്ടുകളാണ് ചെയ്തത്. ഇന്നും പുതുമ നഷ്ടപ്പെടാതെ എക്കാലത്തെയും
പ്രണയഗാനമായി വാഴ്ത്തപ്പെടുന്ന ‘കല്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ…’ എന്ന ഗാനം യേശുദാസ്
പാടുന്നത് ഈ സിനിമയിലാണ്. ആ ഒരു ഗാനത്തിന്റെ സംഗീതം
എന്നെ മലയാളികൾക്ക് പരിചിതനാക്കി എന്നു പറയാതെ വയ്യ.
അതേ സിനിമയിൽ ‘മണിനാഗത്താന്മാരെ…’ എന്നാരംഭിക്കുന്ന
മനോഹരമായ ഒരു പുള്ളുവൻപാട്ടും ഉണ്ട്. ‘കല്പാന്തകാലത്തോളം’
ഏറെ ചർച്ചചെയ്യപ്പെട്ടു. തുടർന്ന് ജേസി സംവിധാനം ചെയ്ത ‘ആഗമനം’
എന്ന സിനിമയ്ക്കുവേണ്ടി ‘നന്ത്യാർവട്ടത്തിന്റെ പൂവുകൊണ്ടോ’
(യേശുദാസ്), ‘കൃഷ്ണവർണമേനിയാർന്ന മേഘമേ’
(എസ്. ജാനകി), ‘തപ്പുകൊട്ടി തകിലുകൊട്ടി’ (പി. ജയചന്ദ്രൻ, ഉഷ
രവി) എന്നീ ഗാനങ്ങൾക്ക് സംഗീതം നൽകുകയുണ്ടായി. ‘എന്റെ
ഗ്രാമം’ പുറത്തിറങ്ങും മുമ്പ് ‘ആഗമനം’ റിലീസായി. മുൻകാല
സുഹൃത്തും കലാസംവിധായകനുമായ അമ്പിളി ആദ്യമായി
സംവിധാനം ചെയ്ത ‘വീണ പൂവ്’ എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ
തമ്പി രചിച്ച ‘നഷ്ടസ്വർഗങ്ങളെ നിങ്ങളെനിക്കൊരു’ എന്ന
ഗാനത്തിനാണ് പിന്നീട് സംഗീതം നൽകിയത്. തൃശൂരിൽനിന്ന്
തിരുവനന്തപുരത്തേക്കുള്ള ഒരു തീവണ്ടിയാത്രയിലായിരുന്നു ആ
വിരഹഗാനം ചിട്ടപ്പെടുത്തിയത്. അതേ സിനിമയിൽ എന്റെ അയ
ൽഗ്രാമക്കാരനും കവിയുമായ അന്തരിച്ച മുല്ലനേഴിയുടെ ‘സ്വപ്നംകൊണ്ടൊരു
തുലാഭാരം നേർന്നപ്പോൾ സ്വർഗം സമ്മാനിച്ച
മുത്തേ’ എന്ന ഗാനത്തിനും സംഗീതം കൊടുത്തു. യേശുദാസ്
ശബ്ദം മോഡുലേറ്റ് ചെയ്ത് തനി പുള്ളുവ സ്ലാങ്ങിലാണ് കൂടെ പാടി
യത്.
പിന്നെ തരംഗിണിക്കു വേണ്ടി മുല്ലനേഴി എഴുതിയ ‘പാണ്ട്യാല
കടവും വിട്ട് പാട്ടും കൂത്തും താളവുമിട്ടു’, ‘പുഞ്ചവയൽ ചിറയൊരുക്കണ
തോറ്റംപാട്ട്’, ‘തെക്കുന്ന് വന്നാലും വടക്കുന്നു വന്നാലും
തെയ്യത്തിനു ചെമ്മാനപ്പന്തൽ’, യൂസഫലി കേച്ചേരി രചിച്ച ‘അമാവാസി
നാളിൽ ഞാനൊരു പൂർണചന്ദ്രനെ കണ്ടു’, ‘മോഹക്കുരുവിക്ക്
കൂടുകൂട്ടാനൊരു’ തുടങ്ങിയ ഗാനങ്ങൾ ചിട്ടപ്പെടുത്തി. ഈ
ഗാനങ്ങളൊക്കെ ഇന്നും വിപണിയിൽ വിറ്റുപോകുന്നു.
ഒരുപാട് ഭക്തിഗാനങ്ങൾക്കുവേണ്ടിയും മാഷ് സംഗീതം
നൽകിയിട്ടുണ്ടല്ലോ?
ശരിയാണ്. ഇത്തരം ആൽബങ്ങളിൽ (തരംഗിണി – വാള്യം 7.
അധികവും അയ്യപ്പഭക്തിഗാനങ്ങൾ) എല്ലാം സ്വാമിക്കായ് പാടിയി
രിക്കുന്നത് യേശുദാസാണ്. ഇതിലെ എല്ലാ ഗാനങ്ങളും അദ്ദേഹ
ത്തിന്റെ ആവശ്യപ്രകാരമാണ് ചെയ്തത്. സുജാതയും ചേർന്നാലപിച്ച
‘ഉത്സവഗാനങ്ങൾ’, എസ്.പിയും എസ്. ജാനകിയും കൂടിയാലപിച്ച
‘ശിവപാർവതിഗാനങ്ങൾ’…… കൂടാതെ ജയചന്ദ്രൻ,
എം.ജി. ശ്രീകുമാർ, ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ തുടങ്ങി മലയാളം-തമിഴ്
പിന്നണിഗായകരുടെ ശബ്ദമാധുര്യം ഉപയോഗിച്ച് മൂവായിരത്തിലധികം
ഗാനങ്ങൾ ചെയ്യാൻ ഭാഗ്യം കിട്ടി.
പി. ഭാസ്കരൻ മാഷുടെ ഗാനങ്ങൾ?
വളരെ ലാളിത്യമാർന്ന, ശ്രവണസുഖം പകരുന്ന, അപൂർവ
ഗണത്തിൽ പെട്ട ഗാനങ്ങളായിരുന്നു ഭാസ്കരൻ മാഷുടേത്. അഷ്ട
പദി എന്ന സിനിമയ്ക്കുവേണ്ടി ‘വിണ്ണിന്റെ വിരിമാറിൽ മഴവില്ലിൻ
മണിമാല’, ‘മാനവഹൃദയത്തിൻ അണിയറയിൽ’ എന്നീ ഗാന
ങ്ങൾ യേശുദാസും ‘പണ്ടുപണ്ടൊരു കാലത്ത്’ സുജാതയും എന്റെ
സംഗീതത്തിൽ പാടിയിട്ടുണ്ട്.
ലോഹിതദാസിന്റെ ആദ്യതിരക്കഥയായ ‘കാണാൻ കൊതിച്ച്’
എന്ന സിനിമയ്ക്കുവേണ്ടി തൃശൂരിലെ ബിനി ടൂറിസ്റ്റ് ഹോമിലിരുന്ന്
ഈണം പകർന്ന, ഭാസ്കരൻ മാഷ് എഴുതിയ ഗാനമാണ് ‘സ്വപ്ന
ങ്ങളൊക്കെയും പങ്കുവയ്ക്കാം, ഇനി ദു:ഖഭാരങ്ങളും പങ്കുവയ്ക്കാം’. ആ
ഗാനം ഇപ്പോഴും മരണമില്ലാതെ നിലനിൽക്കുന്നു. പക്ഷേ ലോഹി
യുടെ ‘കാണാൻ കൊതിച്ച്’ എന്ന ആദ്യതിരക്കഥ വെളിച്ചം കണ്ടി
ല്ല.
പാദമുദ്രയിൽ ചെയ്ത പാട്ട് അവാർഡിന് പരിഗണിച്ചിരുന്നുവല്ലോ?
മോഹൻലാൽ അവിസ്മരണീയമായ അഭിനയം കാഴ്ചവച്ച,
ആർ. സുകുമാരൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത
‘പാദമുദ്ര’യിൽ കുടപ്പനക്കുന്ന് ഹരി രചിച്ച ‘അമ്പലമില്ലാതെ ആൽ
ത്തറയിൽ വാഴും’ എന്ന ഭജന ഓച്ചിറ പരബ്രഹ്മമൂർത്തിയെ കുറി
ച്ചാണ്. ആ പാട്ടിന്റെ സ്വത്വം ഉൾക്കൊണ്ട് സംഗീതമാവിഷ്കരിച്ച്
സംഗീതലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയെങ്കിലും, അവസാന
വട്ടം വരെ അവാർഡ് കമ്മിറ്റി പരിഗണിച്ച ആ ഗാനത്തിൽ
അശ്ലീലച്ചുവയുണ്ടെന്നു പറഞ്ഞ് അവാർഡ് നിഷേധിച്ചു.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘അച്ചുവേട്ടന്റെ വീട്’
എന്ന കുടുംബചിത്രത്തിനായി ചിട്ടപ്പെടുത്തിയ ‘ചന്ദനം മണ
ക്കുന്ന പൂന്തോട്ടം ചന്ദ്രിക മെഴുകിയ മണിമുറ്റം’ എന്ന പാട്ട് ഏറെ
ശ്രദ്ധിക്കപ്പെട്ടു. എസ്. രമേശൻ നായരാണ് വരികളെഴുതിയത്.
മാഷുടെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവം?
ഒരിക്കൽ സംഗീത പ്രോഗ്രാമുമായി മസ്കറ്റിൽ പോയപ്പോൾ
ഒരാൾ വന്നു പരിചയപ്പെട്ടു. അയാൾ എന്റെ കാൽ തൊട്ടു വന്ദിച്ചു.
ഹോട്ടലിൽ ഗായകനായി ജോലി ചെയ്യുന്ന അയാളുടെ കണ്ണുകൾ
നിറഞ്ഞിരുന്നു. കുറച്ച് പണം ദക്ഷിണയായി തന്നിട്ട് പറഞ്ഞു: ”നാ
ട്ടിലെ എന്റെ കുടുംബം ജീവിച്ചുപോകുന്നത് ഈ ഹോട്ടലിൽ പാടി
കിട്ടുന്ന വരുമാനംകൊണ്ടാണ്. ഗൃഹാതുരത മനസിലേറ്റി ഒരു
ആസ്വാദകൻ എന്നും എന്റെ പാട്ടു കേൾക്കാൻ വരും. അയാളുടെ
ഭാര്യ നാട്ടിലാണ്. അയാൾക്ക് മാസ്റ്റർ സംഗീതം നൽകിയ
‘വാനിലെ നന്ദിനി മേലെ പൂനിലാ പാൽ ചുരത്തണ എൻ മണി
ക്കുട്ടനെ മാറോടു ചേർത്തിയമർത്തിയിരിക്കണ ഒരു നേരം വരും’,
‘ചന്ദനം മണക്കുന്ന പൂന്തോട്ടം’, ‘നഷ്ടസ്വർഗങ്ങളെ’ തുടങ്ങിയ
പാട്ടുകൾ പാടി കേൾപ്പിക്കണം. ഒരുപാട് പണം ആ പാട്ടുകൾ പാടി
ഞാൻ സമ്പാദിച്ചു”. പിന്നെ അയാൾ കരഞ്ഞു. അതാണ് പെട്ടെന്ന്
ഓർമയിൽ വരുന്നത്.
പാട്ടുകാരനാവാൻ വേണ്ടിയാണല്ലോ നാടു വിട്ടത്?
പിന്നീട് വർഷങ്ങൾ കഴിഞ്ഞല്ലേ ഒരു ഗാനം പാടാനായത്?
വാസ്തവം. ‘ഭൂതക്കണ്ണാടി’ എന്ന സിനിമയ്ക്കുവേണ്ടി പാടിയിട്ടുണ്ട്.
എന്നാൽ ടി.വി. ചന്ദ്രന്റെ ‘കഥാവശേഷനി’ൽ ‘കണ്ണു നട്ടു കാത്തി
രുന്നിട്ടും കനവിന്റെ കൊതുമ്പുവള്ളം’ എന്ന പാട്ടാണ് ശ്രദ്ധിക്കപ്പെ
ട്ടത്. അമ്പതു വയസു കഴിഞ്ഞ് പാടിയ ഈ പാട്ടാണ് എന്നിലെ
ഗായകനെ പ്രശസ്തനാക്കിയത്.
ഓർമയിലെ ഒരു ദു:ഖം?
തൃശൂരിലെ പ്രധാന സുഹൃത്തുക്കളായിരുന്നു സംവിധായകരായ
പവിത്രനും ഭരതനും. പാട്ടും സംഗീതവും തമാശയും നിറഞ്ഞ
സന്ധ്യകളിൽ ഞങ്ങൾ ഒത്തുകൂടുമായിരുന്നു. പവിത്രന്റെ ‘ഉത്തരം’
എന്ന സിനിമയ്ക്കായി ഒ.എൻ.വിയുടെ ‘മഞ്ഞിൻ വിലോലമാം
യവനികയ്ക്കുള്ളിലൊരു’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് ഞാനാണ്.
പക്ഷേ ഭരതേട്ടന്റെ സിനിമയിൽ സംഗീതം ചെയ്യാൻ എനിക്കു
2013 നഴഫസ ബടളളണറ 7 6
സാധിച്ചില്ല. ഒരു വർക്കിൽ ഒരുമിക്കണമെന്ന് പറഞ്ഞിരുന്നു.
പക്ഷേ പറയുവാൻ പാതി വച്ച് പവിത്രനും പോയി.
സംഗീതജീവിതത്തിലെ ഡ്രീം പ്രൊജക്ട്?
സംഗീതം സ്നേഹമാണ്. സംഗീതം ഒരു രോഗനിവാരണ ഉപാധി
കൂടിയാണ്. നല്ല സംഗീതം കേൾക്കുമ്പോൾ മനുഷ്യന് ആനന്ദം
ഉണ്ടാകുന്നു. മനുഷ്യസമൂഹത്തിന് സ്ഥിരമായി കേൾക്കാവുന്ന
ശുദ്ധസംഗീതം. അതു മാത്രമാണ് എന്നും എന്റെ സ്വപ്നം.
പഴയ പാട്ടുകൾ റീപ്രൊഡ്യൂസ് ചെയ്യുന്ന പുതിയ പ്രവണതയെക്കുറിച്ച്?
അത് നല്ല പ്രവണതയല്ല. അത് എനിക്ക് സങ്കല്പിക്കാൻ പോലും
കഴിഞ്ഞിട്ടില്ല. നമ്മുടെ ഗുരുക്കന്മാർ ഒരു പാത വെട്ടിത്തുറന്നിട്ടുണ്ട്.
അവർ പോയ വഴി പിന്തുടർന്ന് വേണം നാം സഞ്ചരിക്കേണ്ടത്.
വളരെ വ്യത്യസ്തമായ ജനഹൃദയങ്ങളിൽ പതിയുന്ന ഗാന
ങ്ങൾക്ക് സംഗീതം നിർവഹിക്കുന്ന മാഷെ പോലുള്ള സംഗീ
തകാരന്മാർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന പരാതി
ഉണ്ടോ?
സംഗീതത്തിൽ ഞാൻ ആരുമല്ല എന്ന ബോധമുള്ളതുകൊണ്ട്
എനിക്ക് പരിഭവമോ പരാതിയോ ഇല്ല.
പുതിയ സംഗീതകാരന്മാർക്കുള്ള ഉപദേശം?
പുതിയ സംഗീതകാരന്മാർ കഴിവുള്ളവരാണ്. നല്ല മെലഡി
യുള്ള ഗാനങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ. ശരീരം മെലഡി
യാണ്. അതിന് ഇണങ്ങുന്ന വസ്ര്തം ധരിക്കുന്നതാണ് സംഗീതം.
കാണാൻ ഭംഗിയുള്ള ശരീരത്തിൽ നാണം മറയ്ക്കാൻ എന്തു
വസ്ര്തവും ധരിക്കാം. അമ്മ നമ്മുടെ സംസ്കാരമാണ്. മെലഡി
അച്ഛനും. വലിയ ശബ്ദകോലാഹലമില്ലാത്ത സംഗീതം എന്നും
നിലനിൽക്കും.
***
മലയാളഗാന സംഗീതത്തിലെ ഈണങ്ങളുടെ ഉറവ വറ്റാത്ത
വിദ്യാധരൻ മാസ്റ്ററുമായി യാത്ര പറഞ്ഞിറങ്ങുമ്പോൾ മലയാളഗാന
സംഗീതശാഖയുടെ ചരിത്രവഴികളിലൂടെ സഞ്ചരിച്ച പ്രതീ
തിയായിരുന്നു. അറുപതുകളുടെ ആദ്യത്തിൽ തുടങ്ങി ഇപ്പോഴും
സംഗീത സപര്യ തുടരുന്ന വിദ്യാധരസംഗീതത്തിന് ആയുരാരോഗ്യ
സൗഖ്യങ്ങൾ നേർന്നു പടിയിറങ്ങുമ്പോൾ മനസിലൊരു ഈണം
തത്തിക്കളിച്ചു: ‘പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ…’
വിദ്യാധരൻ മാസ്റ്ററുടെ ടോപ് ടെൻ
1. കല്പാന്തകാലത്തോളം (എന്റെ ഗ്രാമം): ശ്രീമൂലനഗരം മോഹൻ
– യേശുദാസ്
2. നഷ്ടസ്വർഗങ്ങളെ (വീണ പൂവ്): ശ്രീകുമാരൻ തമ്പി – യേശുദാസ്
3. ചന്ദനം മണക്കുന്ന പൂന്തോട്ടം (അച്ചുവേട്ടന്റെ വീട്): എസ്. രമേശൻ
നായർ – യേശുദാസ്
4. പാടുവാനായ് വന്നു നിന്റെ (എഴുതാപ്പുറങ്ങൾ): ഒ.എൻ.വി. –
യേശുദാസ്
5. അമ്പലമില്ലാതെ ആൽത്തറയിൽ വാഴും (പാദമുദ്ര): കുടപ്പന
ക്കുന്ന് ഹരി – യേശുദാസ്
6. സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം (കാണാൻ കൊതിച്ച്): പി.
ഭാസ്കരൻ – യേശുദാസ്
7. താലോലം പൈതൽ (എഴുതാപ്പുറങ്ങൾ): ഒ.എൻ.വി. –
കെ.എസ്. ചിത്ര
8. പുഞ്ചവയൽ ചിറയൊരുക്കണ തോറ്റംപാട്ട് (ഗ്രാമീണഗാനങ്ങ
ൾ): മുല്ലനേഴി – യേശുദാസ്
9. നിലാവേ വാ ഈ പമ്പാതീരത്ത് വിരി വച്ചു താ (എല്ലാം സ്വാമി
ക്കായ്): എസ്. രമേശൻ നായർ – യേശുദാസ്
10. അമാവാസി നാളിൽ (രാഗതരംഗിണി): യൂസഫലി കേച്ചേരി –
യേശുദാസ്