ഒന്ന്
ജനിച്ചത് മനുഷ്യനായിട്ടായിരുന്നു. പെട്ടെന്നാണ് മുസ്ലിമായത്. പിന്നെ പാലുവായ്ക്കാരൻ, തൃശൂർക്കാരൻ, കേരളീയൻ, ഇന്ത്യൻ,
ഏഷ്യൻ. മുന്നോട്ടുള്ള യാത്രയ്ക്കിടയിൽ ചില മനുഷ്യരെ കണ്ടുമുട്ടി. തലതിരിഞ്ഞ മനുഷ്യർ! അവർ പിന്നിലോട്ടു നടക്കാനാണ്
പഠിപ്പിച്ചത്. മനുഷ്യൻ എന്നു വിളിച്ചുതുടങ്ങിയിടത്തുനിന്നും അമ്മയുടെ ഗർഭപാത്രംവഴി അണ്ഡത്തിലൂടെയും ബീജത്തിലൂടെയും പിന്നിലോട്ട് ഒഴുകിയൊഴുകി ചെന്നുനിന്നത് പേരിട്ടുവിളിക്കാനാവാത്ത, നാമരൂപങ്ങളുടെ നിഴലേൽക്കാത്ത പൊരുളിനു മുന്നിൽ!
നിറഞ്ഞ ഹൃദയത്തോടെ, അലഞ്ഞുപോയ കണ്ണുകളോടെ, വിനീതനായി നിൽക്കുക മാത്രമേ ഇനി ചെയ്യാനുള്ളൂവെന്നു ബോധ്യമായി. സ്വത്വമെന്നത് എന്തല്ല എന്നേ അറിയേണ്ടതുള്ളൂവെന്ന് അങ്ങനെയാണനുഭവിച്ചത്. ഇലയ്ക്കിടയ്ക്ക് വഴുതിപ്പോകുന്ന ആ അനുഭവത്തെ വീണ്ടും വീണ്ടും നിജസ്ഥിതിയിൽ കൊണ്ടുവരാനാണ് അറിവുകളായ അറിവുകളൊക്കെയും എന്നറിയുമ്പോഴാണ് അറിവ് വിനയമായി മാറുക. ആ അറിവിനു മുന്നിലാണ് എല്ലാ നാട്യങ്ങളും അഴിഞ്ഞുവീഴുക. ജീവിതത്തിലേക്കു തുറന്നുവച്ച ആകാശങ്ങളെ വിശാലമായി നാം അനുഭവിക്കുക അവിടെയാണ്.
ഞാൻ എന്നും എന്റേതെന്നും പറഞ്ഞു ചേർത്തുവച്ചതിനൊപ്പം നീയെന്നും നിന്റേതെന്നും പറഞ്ഞു അകറ്റിനിറുത്തിയതെല്ലാം കൂട്ടുകൂടി പുണർന്നുരുകുന്നത് നാമവിടെ അനുഭവിക്കാം. ഹാ ജീവിതം! എന്ന് സ്‌നേഹാർദ്രമായി നാം നമ്മോടുതന്നെ പറയുന്ന കാഴ്ചയാണത്.
രണ്ട്
ഒരു പുരോഹിതന് സത്യം തുറന്നുസംസാരിക്കാനാവില്ല. തനിക്കു ബോദ്ധ്യപ്പെട്ട വസ്തുതപോലും വളച്ചുകെട്ടാതെ പറയാനാവില്ല. അവിടെയും ഇവിടെയും തൊടാതെ ഭക്തരെയെന്നപോലെ സ്വതന്ത്രചിന്തകരെയും അവർ സുഖിപ്പിച്ചു കൊണ്ടിരിക്കും. അപ്പോഴും അവരുടെ കാലുകൾ അജ്ഞാത ചങ്ങലകളാൽ ബന്ധിച്ചതുപോലെയാണ്. സർവതന്ത്രസ്വാതന്ത്ര്യത്തെക്കുറിച്ച് സ്വപ്‌നം കാണുകയും സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന പുരോഹിതർപോലും ഏതോ ചെകുത്താന്റെ പിടിയിലകപ്പെട്ട പോലെയാണ്.
എന്നിട്ടും എന്തിനവർ ആ ചങ്ങലയും വലിച്ച് നടക്കുന്നുവെന്നത് ആശ്ചര്യപ്പെടുത്തുന്നു. അനുഭവിച്ചു ശീലിച്ച ആ സുഖശീതളമായ ദിവ്യത്വം വിടാനുള്ള മടിയോ? അതോ സ്വതന്ത്രചിന്തയെ വിശ്വാസത്തിനുമേലുള്ള അലങ്കാരമായി കരുതുന്നതോ?
തീവ്രമായ തപസ്സും ലളിതജീവിതവുംകൊണ്ട് വിശുദ്ധിയാർജിക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം സാധകരുടെ ആശ്രമമാണ് വാഗമണ്ണിലെ കുരിശുമല ആശ്രമം. വർഷങ്ങൾക്കുമുമ്പ് ഞങ്ങൾ കുറച്ചുപേർ അവിടെ രണ്ടുദിവസം താമസിക്കാനിടയായി.
ഗുരു നിത്യയുടെ ശിഷ്യൻ, എഴുത്തുകാരൻ എന്നൊക്കെയുള്ള പരിഗണയാലും എന്റെ പുസ്തകങ്ങൾ വായിച്ചതിന്റെ സന്തോഷത്താലും വൈകീട്ട് എന്നോട് എന്തെങ്കിലും സംസാരിക്കാൻ അവിടുത്തെ അച്ചന്മാർ ആവശ്യപ്പെട്ടു. സാധനയെ കുറിച്ച് എന്തൊക്കെയോ ഞാൻ പറഞ്ഞു.
പിറ്റേന്ന് രാവിലെ അവരുടെ കുർബാനയിൽ (പ്രാർത്ഥനയിൽ) ഞാനും പങ്കെടുത്തു. അവസാനം പ്രസാദം വാങ്ങാനുള്ള ക്യൂവിൽ ഞാനും നിന്നു. എന്റെ ഊഴമെത്തിയപ്പോൾ അപ്പം കൊടുത്തിരുന്ന പുരോഹിതനും സഹപുരോഹിതരും വല്ലാതെ വിഷമിക്കുന്നതുപോലെ തോന്നി. എല്ലാവതടെയും മുഖം വിവർണമായി. എനിക്ക് കാര്യം പിടികിട്ടിയില്ല. മുഖ്യ പുരോഹിതൻ ചെവിയിൽ മെല്ലെ ചോദിച്ചു: ക്രിസ്ത്യാനിയാണോ?
ഞാൻ ഉറക്കെ പറഞ്ഞു: അല്ല. മനുഷ്യനാണ്.
വിളർത്ത മുഖത്തോടെ ആ പുരോഹിതൻ പറഞ്ഞു: കുർബാന കൈക്കൊണ്ടവർക്കേ ഇത് കൊടുക്കൂ.
എങ്കിൽ എനിക്കതു വേണ്ട; ഞാൻ പറഞ്ഞു.
എല്ലാവരും വല്ലാതെ വിഷമിച്ചു. ഞാൻ പുറത്തിറങ്ങി മലഞ്ചെരുവിലെ ഒരു കല്ലിൽ പോയിരുന്നു. രണ്ടു പുരോഹിതർ എന്റെ അടുത്തുവന്ന് കുറെനേരം മൗനമായിരുന്നു. അവരുടെ സങ്കടം പങ്കുവച്ചു. നിസ്സഹായതയിൽ പരിതപിച്ചു.
സാരമില്ല, അതൊരു സിസ്റ്റത്തിന്റെ ഭാഗമല്ലേ എന്നൊന്നും പറയാൻ എനിക്കു തോന്നിയില്ല. മനസ്സ് മുഴുവൻ ഇത്തരം സിസ്റ്റത്തിന്റെ നിരർത്ഥകതയെ കുറിച്ചുള്ള ചിന്തയായിരുന്നു.
എല്ലാം ഉപേക്ഷിച്ച്, മിതമായ ആഹാരം കഴിച്ച്, ദിവസത്തിലെ കൂടുതൽ സമയവും പ്രാർത്ഥനയ്ക്കായി ചെലവഴിച്ച് ലളിതവും ത്യാഗപൂർണവുമായ ജീവിതം നയിക്കുന്നവർ. ഏറ്റവും ചുരുങ്ങി യത് മനുഷ്യരെയെങ്കിലും ഒന്നായി കാണാനാവാത്ത ഇത്തരം സമ്പ്രദായങ്ങൾ ഏത് ദൈവത്തെയാണ് സാക്ഷാത്കരിക്കാൻ പോകുന്നത്? എനിക്ക് മനസ്സിലാകുന്നേയില്ല. ഈ തപസ്സ് നിർജീവവും നിരർത്ഥകവുമാണെന്ന് പറയാതിരിക്കാൻ മനസ്സാക്ഷിക്കാവുന്നുമില്ല.
ഏതു മതത്തിന്റെയും സ്ഥിതി ഇതുതന്നെ. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങൾ, ശഹാദത്ത് കലിമ ചൊല്ലാത്ത, നമസ്‌കരിക്കാത്തവരെല്ലാം നരകത്തിൽ പോകുമെന്ന് വിശ്വസിക്കുന്ന ഇസ്ലാം, ഒരേയൊരു വഴി ക്രിസ്തുവെന്നുറപ്പിക്കുകയും അത് വിശ്വസിക്കാത്തവർ പാപികളും നരകത്തിന്നവകാശികളും എന്നുറപ്പുള്ള ക്രിസ്തുമതം! അങ്ങനെ കാക്കത്തൊള്ളായിരം വിശ്വാസങ്ങൾ! പരമ്പരകൾ, പ്രസ്ഥാനങ്ങൾ!
ആകെ പ്രപഞ്ചത്തെ വിട്ടേക്കാം. വെറും മനുഷ്യവംശത്തെപ്പോലും വിഭജിച്ചു കാണുന്ന ഇത്തരം മതവിശ്വാസസംഹിതകൾക്ക് ഏതാകാശത്തെയാണ് തൊട്ടുതരാനാവുക? തങ്ങളുടെ വിശ്വാസികളുടെ മാത്രം കൂട്ടങ്ങളെ ഒരിടത്ത് ഒരുമിപ്പിച്ചും ബാക്കിയുള്ളവരെ അകറ്റിയും ഏത് സ്‌നേഹവും ഏകതയുമാണ് ഇവർ പ്രഘോഷിക്കുന്നത്?
ഇല്ല. എനിക്കത് മനസ്സിലാകുന്നേയില്ല!
മൂന്ന്
അംബേദ്കാറോട് ഞാൻ ചോദിച്ചു: എന്തു തോന്നുന്നു?
അംബേ: എന്നും ഒന്നും ശുഭകരമായിരുന്നില്ല. ഇന്നും അതുതുടരുന്നു. ആഘോഷങ്ങളിൽ മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന യാഥാർത്ഥ്യങ്ങൾ ഒരുനാൾ ഉയിർത്തെഴുന്നേറ്റു വരും.
ഞാൻ: മനസ്സിലായില്ല.
അംബേ: ജാതി തന്നെയാണ് വിഷയം. നാം എത്ര ആധുനികതയിലേക്ക് വളർന്നാലും ജാതീയതയുടെ ആ അഴുക്കിൽനിന്ന് ബോധത്തെ രക്ഷിക്കാത്തിടത്തോളം ഒന്നും ശുഭകരമാവില്ല.
ഞാൻ: ശാസ്ത്രസാങ്കേതികതയുടെ കുതിച്ചുപായലിൽ ജാതിഒലിച്ചുപോകില്ലേ?
അംബേ: അങ്ങനെ പോയിരുന്നെങ്കിൽ ലോകമെമ്പാടും കാണുന്ന വംശീയത എന്നേ അറ്റുപോകണമായിരുന്നു.
ഞാൻ: പിന്നെ എന്താണ് വഴി?
അംബേ: സത്യസന്ധമായി പറഞ്ഞാൽ പ്രയാസമാണ്. തികച്ചും ജൈവികമായ ഒരു വാസനയാണ് പല പേരുകളിൽ ജാതിയായി വികസിച്ചു വന്നത്. വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഒരു ജീവിയായി ഇന്ന് ഞാൻ മനുഷ്യരെ മനസ്സിലാക്കുന്നു. സാമൂഹികമായും വ്യക്തിപരമായും അത്രമാത്രം തീവ്രമായ അവബോധം ഉണർന്നാലേ നാം മനുഷ്യരെ മനുഷ്യരായി കണ്ടുതുടങ്ങുകയുള്ളു. ജനാധിപത്യവ്യവസ്ഥ ഏകാധിപത്യത്തിലേക്ക് വീണുപോകാതിരിക്കാൻ നാം അത്രമാത്രം ശ്രദ്ധിക്കേണ്ടതുണ്ട്.
ഞാൻ: എന്നു വച്ചാൽ?
അംബേ: രാജാവിനോട് മനുഷ്യന് എന്നും പ്രിയമാണ്. ചിന്തയെ മുറിയാതെ കാക്കുന്നവർക്കേ ആ ആധിപത്യത്തിനെതിരെ ജാഗരൂകരാവാൻ സാധിക്കൂ. പൊതുവെ മനുഷ്യർ ഒഴുക്കിനൊപ്പം ഒഴുകുന്ന, ഒരു വ്യക്തിയെയോ ആശയത്തെയോ അന്ധമായി പിന്തുടരുന്ന ജീവിയായതിനാൽ ആ ബലഹീനതയെ കൃത്യമായി ചൂഷണം ചെയ്യാൻ കഴിയുന്നവർ വന്നാൽ ചീട്ടുകൊട്ടാരംപോലെ തകർന്നുവീഴുന്ന ലോലമായ നിലനിൽപേ ജനാധിപത്യത്തിനുള്ളൂ. അതുകൊണ്ടാണ് അത്രമാത്രം ശ്രദ്ധ വേണമെന്ന് പറഞ്ഞത്.
ഞാൻ: അങ്ങിപ്പോഴും പഴയ വിശ്വാസങ്ങളിൽ തന്നെയാണോ?
അംബേ: ഇന്നും ഞാൻ സ്വപ്‌നങ്ങൾ കാണുന്നു. പ്രായോഗികമായി മനുഷ്യരിലെ അകലം കുറയ്ക്കാനുള്ള വഴികൾ ആരായുന്നു. അന്വേഷണങ്ങളെ എവിടെയും ഫുൾസ്റ്റോപ്പിട്ട് ഞാൻ ഉറപ്പിച്ചിട്ടില്ല.
ഞാൻ: ഇന്ന് റിപ്പബ്ലിക് ഡേയാണ്.
അംബേ: എനിക്ക് ഇനിയും ആ ദിവസം സംഭവിച്ചിട്ടില്ല.