ഒരു പ്രത്യയശാസ്ര്തമെന്ന നിലയിൽ മാവോയിസത്തിന് വലിയ
പ്രസക്തിയൊന്നുമില്ല. സായുധ സമരത്തിന്റെ പാത പരീക്ഷിച്ചു
പരാജയപ്പെട്ടതാണ്. മരിച്ചുകഴിഞ്ഞ ഒന്നിന്റെ ചലിക്കുന്ന നിഴൽ
മാത്രമാണത്. മരിച്ചുകഴിഞ്ഞ രൂപങ്ങളെ വെറുതെ അനക്കിയാലും
നിഴല ചലിച്ചെന്നിരിക്കും. പക്ഷെ ആ ചലനം ജീവന്റെ അടയാളമല്ല.
സായുധിയുടെ ഏതു പ്രത്യയശാസ്ര്തവും ഒരിക്കൽ സമഗ്രാധി
കാരത്തിലേക്കും ഫാഷിസത്തിലേക്കും വേർപിരിയും. അസഹിഷ്ണുത
അതിനെ ഗ്രസിക്കും. വിപ്ലവാനന്തരം വിപ്ലവത്തോട് സന്ദേ
ഹികളാവുന്ന വരെ അത് വച്ചുപൊറുപ്പിക്കില്ല. ചൈനയിലും
ക്യൂബയിലുമൊന്നും കമ്മ്യൂണിസ്റ്റ് അധികാരത്തോട് സന്ദേഹികളായി
പ്രവർത്തിക്കുക സാദ്ധ്യമല്ല.
സായുധവിപ്ലവം തുടക്കത്തിൽ സ്വേച്ഛാധിപതികളുടെയോ
ഭൂപ്രഭുക്കളുടെയോ നുകപ്പാടിൽ അടിപ്പെട്ടുപോയ മനുഷ്യരുടെ
വിമോചനത്തിനൊക്കെ സഹായകരമായി തോന്നുമെങ്കിലും വിപ്ല
വാനന്തര സായുധിയുടെ പ്രത്യയശാസ്ര്തം എല്ലാതരത്തിലുമുള്ള
ജനാധിപത്യസംവാദങ്ങൾക്കും എതിരാവും. കൈകാര്യം ചെയ്യുന്ന
വ്യക്തികളുടെ കുഴപ്പമാണ് എന്നൊക്കെ ന്യായീകരണം കണ്ടെത്തുമെങ്കിലും
കുഴപ്പം പ്രത്യയശാസ്ര്തത്തിന്റെതന്നെയാണ്.
ജനാധിപത്യവ്യവസ്ഥയിൽ ഇടപഴകിയിട്ടുപോലും കമ്മ്യൂണിസ്റ്റ്
പാർട്ടികളുടെ ഹിംസാവാസന കുറയുന്നില്ല എന്നതിന്റെ
തെളിവാണ് സി.പി.എം. നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങൾ.
ഫാഷിസത്തിന്റെ അടിസ്ഥാനം പേടിയാണ്. തന്നെ ആക്രമി
ക്കാൻ വരുന്നുവെന്ന് ധരിച്ചോ തെറ്റിദ്ധരിച്ചോ ആണ് നായ കുര
യ്ക്കുകയും കടിക്കുകയും ഒക്കെ ചെയ്യുന്നത്. പേടിയുള്ള നായ്ക്കൾ
വെറും വഴിപോക്കനെപോലും പേടിയോടെ സമീപിച്ച് ഹിംസാത്മ
കമായി പ്രതികരിക്കും. ഫാഷിസ്റ്റുകൾക്ക് അവരുടെ അധികാരവും
സുഖാനുഭവങ്ങളും നഷ്ടപ്പെടുമെന്ന പേടികൊണ്ടാണ് അവർ
ജനാധിപത്യ നീക്കങ്ങളെ ഭയപ്പെടുന്നത്. ചോദ്യം ചെയ്യുന്നവരെ
കൊന്നുതള്ളുന്നത്. കേഡർ സ്വഭാവം എന്നതുതന്നെയും
ഫാഷിസ്റ്റ് രീതിയാണ്. കേഡർ സ്വഭാവമുള്ള പാർട്ടികളിലൊക്കെ
മറഞ്ഞിരിക്കുന്ന ഒരു തേറ്റ(ദംഷ്ട്ര)യുണ്ട്. പേടിയെ മറികടക്കുമ്പോഴാണ്
ജനാധിപത്യത്തിന്റെ വസന്തത്തിലേക്ക് പ്രവേശിക്കുക.
ജനാധിപത്യത്തെ അതിനെ്‌റ സർവാത്മകതയിൽ പ്രയോഗി
ക്കാൻ കഴിയുന്ന ഒറ്റ രാഷ്ട്രീയപാർട്ടിയും ഇന്ത്യയിലില്ല. ടി.പി. ചന്ദ്ര
ശേഖരന്റെ കൊലപാതകംതന്നെ നോക്കാം. ചില വ്യക്തികൾക്കു
പറ്റിയ പിഴവാണെന്നൊക്കെ പറഞ്ഞ് പാർട്ടിക്കാർ ന്യായീകരിക്കുമെങ്കിലും
സംഭവം അതൊന്നുമല്ല. ജനാധിപത്യത്തെ ദാർശനികമായി
പ്രയോഗിക്കാൻ കഴിയാതെ പോയതാണ് പിഴവ്. സാധിച്ചി
രുന്നുവെങ്കിൽ ചന്ദ്രശേഖരനെയും ഉൾക്കൊള്ളാൻ കഴിയുമായിരു
ന്നു. മരണാനന്തരവും ടി.പി.യെ കുലംകുത്തിയെന്നു വിളിക്കാൻ
പിണറായിയെ പ്രേരിപ്പിച്ചത് പാർട്ടിയുടെ കേഡർ (അഥവാ ഫാഷി
സ്റ്റ്) ഘടനയാണ്. പാർട്ടിയാണ് വലുത് വ്യക്തിയല്ല എന്നൊക്കെ
അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കും. വ്യക്തിയും പാർട്ടിതന്നെയാണ്.
പാർട്ടിയെ രക്ഷിക്കേണ്ടവനാണ് താൻ എന്നത് ഒരു തെറ്റിദ്ധാരണ
മാത്രമാണ്. ചരിത്രമാണ് പ്രത്യയശാസ്ര്തങ്ങളെയും പാർട്ടിയെയും
സൃഷ്ടിക്കുന്നത്. അതിനാൽ കുറച്ചൊക്കെ ചരിത്രത്തിനു വിട്ടുകൊടുക്കുക.
ഒരു വൃക്ഷമായി പാർട്ടിയെ കണ്ടാൽ മതി. തായ്തടിയി
ൽനിന്ന് ശാഖകൾ ഉണ്ടാവുന്നത് ജൈവികമായ അനിവാര്യതയാണ്.
തായ്തടിയിലെ ശാഖകളെ ആരും കാൻസറായി കാണാറില്ല.
ഇങ്ങനെ ഒരവബോധം ഉണ്ടായിരുന്നുവെങ്കിൽ ചന്ദ്രശേഖരനെ
പാർട്ടി ശരീരത്തിന്റെ ഭാഗമായി സ്വീകരിക്കുമായിരുന്നു. മാവോയി
സവും ഹിംസയെ ആദർശവത്കരിക്കുന്നു. ഇന്ത്യയിൽ എന്തെ
ങ്കിലും മാറ്റമുണ്ടാക്കാൻ അവർക്കു സാധിക്കും എന്നു ഞാൻ കരുതുന്നില്ല.
മാവോയിസം ബാധിച്ച പ്രദേശങ്ങളിൽ ദാരിദ്ര്യവും പാർ
ശ്വവത്കരണവുമാണ് യഥാർത്ഥ പ്രശ്‌നം. ഇതാണ് മാവോയിസ്റ്റുകളുടെയും
ആഹാരം. ദാരിദ്ര്യം കഴിച്ച് ഒരു രാഷ്ട്രീയ ശരീരത്തിൽ നിലനിൽക്കാനാവില്ല.
മാവോയിസം ഗ്രസിച്ച പ്രദേശങ്ങളിലൊന്നും ജനതയുടെ യഥാ
ർത്ഥ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അവർക്കായില്ല. ജനവി
രുദ്ധ സർക്കാരുകൾ അവിടെ ഭരണം നടത്തുന്നു. തോക്കുപേ
ക്ഷിച്ച് അവർ ജനാധിപത്യത്തിൽ ഇടപെടുകയാണ് ഇനി ചെയ്യേ
ണ്ടത്. സായുധിയുടെ പ്രത്യയശാസ്ര്തം സമ്പൂർണമായി പരാജയപ്പെ
ട്ടു. ഇന്ത്യയിൽ നല്ലൊരു ഇടതുപക്ഷം അനിവാര്യമാണ്. അത്തരമൊരു
ഇടതുപക്ഷത്തിന് നേതൃത്വം നൽകാൻ മാവോയിസ്റ്റുക
ൾക്ക് സാദ്ധ്യമാവണം. അതിസങ്കീർണമായ ഇന്ത്യൻ യാഥാർ
ത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ മാവോയിസ്റ്റുകൾക്ക് കഴിയുന്നില്ല.
നക്‌സൽബാരിയിലെ പഴയ സായുധ കലാപത്തിൽനിന്ന് മാവോയിസത്തിലേക്ക്
ദൂരം ഏറെയുണ്ട്. ദരിദ്ര കർഷകരുടെയും ആദിവാസികളായ
കർഷക തൊഴിലാളികളുടെയും സ്വാഭാവികമായ ചെറു
ത്തുനില്പാണ് അവിടെ നടന്നത്. നക്‌സൽബാരിയിലിപ്പോൾ
മാവോയിസ്റ്റുകൾ ഇല്ല. ജനാധിപത്യത്തെ അംഗീകരിക്കുന്ന
ചെറിയ ചെറിയ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് ഗ്രൂപ്പുകളായി
നക്‌സലൈറ്റുകൾ മാറി. കഴിഞ്ഞ തവണ നക്‌സൽബാരിയിൽ
വച്ച് ശാന്തി മുണ്ടയെ കണ്ടപ്പോൾ (പഴയ വിപ്ലവനായികയാണവ
ർ) അവർ പറഞ്ഞതോർക്കുന്നു. ലാൽഗഡിയിൽ കുറെ പേർ
തോക്കെടുത്തതുകൊണ്ട് പരിഹരിക്കപ്പെടുന്നതല്ല ഇന്ത്യ നേരി
ടുന്ന പ്രശ്‌നമെന്ന്. വളരെ ശരിയാണത്.
മാവോയിസം മറയാക്കിക്കൊണ്ട് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ
ലംഘനവും കാണാതിരുന്നുകൂടാ. ജനകീയ സമരങ്ങ
ളിലേക്ക് മാവോയിസ്റ്റുകൾ നുഴഞ്ഞുകയറുന്നുവെന്ന് ഭരണകൂടം
പ്രചരിപ്പിക്കുന്നത് വേറെ ചില ലക്ഷ്യങ്ങൾ വച്ചുകൊണ്ടാണ്.
അതിനെ വെറുത്തേ പറ്റൂ. നിലവിലെ ഇന്ത്യൻ ഭരണകൂടങ്ങൾ
അടിമുടി ജനവിരുദ്ധമാണ്. ഈ ജനവിരുദ്ധതയെ തോല്പിക്കാൻ
ഗറില്ലകളുടെ ഇടുങ്ങിയ ഇടങ്ങൾ മതിയാവില്ല. ജനസമുദ്രങ്ങളുടെ
തിരയടിക്കൽതന്നെ വേണം. അതിന് മാവോയിസ്റ്റുകളുടെ സന്നാഹങ്ങൾ
പോരാ. നിലവിലുള്ള മാവോയിസ്റ്റ് സംഘടനകളെ ഘടനാപരമായി
ഉടച്ചുവാർക്കണം. രഹസ്യാത്മകവും ഫാഷിസത്തി
ലേക്ക് വഴിപിരിയാൻ സാദ്ധ്യത ഏറെയുള്ളതുമായ കേഡർ രീതി
ഉപേക്ഷിക്കണം. ജനതയെ വിമോചിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടു
ന്നവർക്ക് ജനതയിൽനിന്ന് ഒളിച്ചുവയ്‌ക്കേണ്ട രഹസ്യങ്ങളെന്തിന്?
ജീർണിച്ച മുഖ്യധാരാ ഇടതുപക്ഷത്തിന് ബദലാവാൻ സാധിച്ചി
ല്ലെങ്കിൽ തോക്കിൻകുഴലിൽനിന്ന് ഒരു വസന്തവും പിറക്കാനിടയി
ല്ല.