ഒരു മരം
ഒരു ചിത താണ്ടി
മോക്ഷം വരിക്കവേ
മുറ്റം നിറയെ വിതച്ചിട്ട വെയിൽ
വീഴുവാനില്ലിനിയൊരു തളിരിലത്തണുപ്പും
അനാഥരാം കണ്ണിമാങ്ങകൾ ചുളുങ്ങുന്നു
കൈകോർത്തുറങ്ങുന്നു
കടംകൊണ്ട ഓർമകൾ തൻ മടിച്ചൂടിൽ
നോവുകൊണ്ടൊരു വിശപ്പിൽ
കൂജത്തണുപ്പിഴയുമ്പോൾ
മുറിയുന്നു കണ്ണീർ
മൂകമാകുന്നു മുറികൾ
മലർക്കെ തുറക്കുന്നു
ആരുമില്ലെന്ന മൗനം.
എങ്ങും ഇരുട്ടിൽ കടുത്ത വർണം.
ഒരു വേനൽ വിരലുമായെത്തുന്നു
പരുക്കെത്തലോടുന്നു
ഒരു നേർത്ത തേങ്ങലാൽ
തൊങ്ങൽ ചാർത്തുന്നു
നീറിയുണരുന്നു സ്വപ്നം പോലും.
ഇനിയില്ല ഇനിയില്ല
ഉമ്മകൾ പൂക്കുന്ന
കഥയുടെ കാടുകൾ
തഴുകാൻ മറക്കാത്ത
കരൾ തിങ്ങും സ്‌നേഹം.
ഒരു മാത്ര പോലും പിരിയുവാൻ
ആകാതെ കെട്ടിപ്പിടിക്കുന്നു,
ഓർമകൾ പിന്നെയും.
ഉണങ്ങാതെയിപ്പോഴും
മുറിവുണരുമ്പോൾ
ഉണരാതുറങ്ങുന്നു,
അമ്മയെന്നക്ഷരം.
മുറിവ്
