ബോളിവുഡ്ഡിന് എന്തും പഥ്യമാണ്. ലൈംഗികതയും
ഭീകരതയും യുദ്ധവും പ്രണയവും അങ്ങിനെ ഞരമ്പുകളെ
ത്രസിപ്പിക്കാൻ എന്തൊക്കെയുണ്ടോ അതെല്ലാം ബോളിവുഡ്ഡിന്
പഥ്യമാണ്. അതിനിടയിലാണ് മാവോയിസ്റ്റ് രാഷ്ട്രീയവും
ബോളിവുഡ്ഡ് പുനർവായിക്കുന്നത്. പ്രകാശ് ഝായുടെ പുതിയ
ചിത്രം ചക്രവ്യൂഹ് അത്തരമൊരു ശ്രമത്തിന്റെ യഥാർത്ഥമെന്നു
തോന്നിക്കുന്ന, അയഥാർത്ഥമായ പൂർത്തീകരണമാണ്.
മാവോയിസത്തിന്റെ ഹൃദയഭുമിയായ ഛത്തിസ്ഗഡിലെ
ദന്തെവാഡയിൽ പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്
നടത്തിയ യാത്രയും അതിനെ തുടർന്ന് അവർ എഴുതിയ
കുറിപ്പും, മാവോയിസ്റ്റ് പ്രസ്ഥാനത്തെ അനുകുലിച്ചും
എതിർത്തും വന്ന എത്രയോ പുസ്തകങ്ങളും
നിലനിൽക്കുമ്പോഴാണ് ബോളിവുഡ്ഡിന് പാകത്തിൽ
മാവോയിസ്റ്റ് പ്രസ്ഥാനത്തെ പ്രകാശ് ഝാ വെട്ടിമാറ്റി,
പരുവപ്പെടുത്തി നമുക്ക് നൽകിയിട്ടുള്ളത്. ഐറ്റം ഡാൻസ്
ഉൾപ്പെടെ എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്.
ദന്തെവാഡയിലെ മാവോയിസ്റ്റ് മുന്നേറ്റങ്ങളും,
മാവോയിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാൻ ഭരണകൂടം
നടത്തുന്ന കാര്യങ്ങളും, ആ മേഖലയിൽ നടക്കുന്ന ആദിവാസി
ചൂഷണവും മുൻനിർത്തിയുള്ള ഒരു കാര്യത്തെ ബോളിവുഡ്ഡ്
സിനിമയുടെ ചട്ടക്കൂടിലേക്ക് പറിച്ചു നട്ട പ്രകാശ് ഝായുടെ
പുതിയ ചിത്രമാണ് ചക്രവ്യൂഹ്.
ചക്രവ്യൂഹ് എന്ന പേര് സുചിപ്പിക്കുന്നതുപോലെ
ചക്രവ്യൂഹത്തിൽ അകപ്പെട്ട മാവോയിസ്റ്റുകളും അവരെ
തോൽപ്പിക്കാനെത്തുന്ന ഭരണകൂടവും അവരെ ചുഷണം ചെയ്യു
ന്ന ബഹുരാഷ്ട്ര കമ്പനികളും അകെപ്പട്ട ചക്രവ്യൂഹത്തിന്റെ
കഥയാണ് ഈ ചിത്രം പറയുന്നത്.
ഒപ്പംതന്നെ വ്യത്യസ്ത വിഭാഗത്തിൽപെട്ട,ആശയപരമായി
വിയോജിപ്പുള്ള, രണ്ട് സാഹചര്യത്തിലുള്ള സുഹൃത്തുക്കളുടെ
കഥയിലുടെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെയും
അതിനെതിരെയുള്ള പോലീസ് മുറ്റേത്തിന്റെയും കഥകൂടി ഈ
ചിത്രം പറയുന്നു. അധികം ആരും കാണാത്ത മാവോയിസ്റ്റ്
രാഷ്ട്രീയ ഭൂമികയിലെ സഞ്ചാരം കുടിയാണ് ഈ ചിത്രം.
മാവോയിസ്റ്റ് പാർട്ടികൾ ഗ്രാമങ്ങളിൽ, ജനങ്ങൾക്കിടയിൽ
എങ്ങിനെ വേരോടുന്നു, അവരുടെ പ്രവർത്തനങ്ങൾ
എങ്ങിനെയാണ്, ഗ്രാമീണമേഖലയിൽ അവർ നടത്തുന്ന
പ്രവർത്തനത്തെയും വിവരങ്ങളെയും പോലീസിൽ
എത്തിക്കുന്നവരെ അവർ എങ്ങിനെ കൈകാര്യം ചെയ്യു
ന്നുവെന്നൊക്കെ ഈ ചിത്രത്തിലുണ്ട്.
ഇതിലെ കഥാപാത്രങ്ങൾക്ക്, സംഭവങ്ങൾക്ക്, കഥ
നടക്കുന്ന ഇടത്തിന്, ചൂഷണം ചെയ്യാനെത്തുന്ന ബഹുരാഷ്ട്ര
കമ്പനിക്ക് എല്ലാവർക്കും സമകാലീന ലോകത്തിൽ സാദൃശ്യം
തോന്നാം. അത് സ്വാഭാവികമാണ്. ഇതിലെ കഥാപാത്രങ്ങൾക്ക്
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്ന്
ചിത്രത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ടെങ്കിലും എല്ലാ
കഥാപാത്രങ്ങളും നമുക്ക് അത്രമാത്രം പരിചിതമായ മുഖങ്ങൾ
തന്നെയാണ്. എല്ലാം പരിചിതമായ മുഖങ്ങൾ.
കേന്ദ്ര ധനകാര്യമന്ത്രിക്ക് അടുത്ത ബന്ധമുള്ള വേദാന്ത
കമ്പനിയാണ് ഛത്തിസ്ഗഡ് മേഖലയിലെ എല്ലാവിധ
ആദിവാസി ചുഷണത്തിനും നേതുത്വം നൽകുന്നത്. അതേ
കമ്പനിയുടെ സാദൃശ്യമുള്ള പേരുതന്നെയാണ് ചക്രവ്യൂഹിൽ
ഉപയോഗിക്കുന്നത്. മഹന്ത എന്നാണ് ചിത്രത്തിൽ ആ
കമ്പനിയുടെ പേര്. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ
കാണുമ്പോൾ അതു താനല്ലയോ ഇത് എന്ന സാദൃശ്യം
തോന്നാം. അങ്ങിനെ തോണമെന്ന് പ്രകാശ് ഝാ
നിശ്ചയിച്ചതുപോലെ തന്നെയാണ് ഈ ചിത്രത്തിലെ ഓരോ
കഥാപാത്രത്തെയും രുപപ്പെടുത്തിയിട്ടുള്ളത്.
മാവോയിസ്റ്റ് രാഷ്ട്രീയത്തിൽ അവർക്കൊപ്പം
പ്രവർത്തിക്കുന്നവരുടെ ഇടയിലേക്ക് ചാരന്മാർ എങ്ങിനെ
നുഴഞ്ഞുകയറി പ്രസ്ഥാനത്തെ നശിപ്പിക്കുന്നുവെന്ന കാര്യവും
ഈ ചിത്രത്തിൽ വിശദമാക്കുന്നുണ്ട്. എന്നാൽ ചാരനായി
പ്രസ്ഥാനത്തിലെത്തി, ആ പ്രസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളും
പോലീസിൽ എത്തിക്കുന്നവർതന്നെ പിന്നീട് വേർ
പിരിയാനാവാത്തവിധം മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ
ആകൃഷ്ടരാവുന്നതും അതിനുവേണ്ടി പോരാടുകയും ചെയ്യുന്നിട
ത്താണ് ചിത്രം അവസാനിക്കുന്നത്. ആദിവാസി മേഖലയിൽ
ഭരണകൂടം നടത്തുന്ന ചൂഷണം ഏത് സാധാരണക്കാരനെയും
മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭാവിയാക്കിത്തീർക്കും
എന്ന കാര്യവും ഈ ചിത്രത്തിലെ അന്തർധാരയാണ്.
മാവോയിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള
സ്ഥലത്തേക്ക് മാറ്റം കിട്ടുന്ന സത്യസന്ധനായ പോലീസ്
ഓഫീസർ ആദിൽ ഖാൻ (അർജുൻ രാംപാൽ) നക്‌സൽ
പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയാൻ നടത്തുന്ന
ശ്രമങ്ങളാണ് ഈ ചിത്രം. അയാൾക്ക് തുണയായി പോലീസ്
ഓഫീസറായ ഭാര്യയുമുണ്ട്. റിയ എന്ന കഥാപാത്രത്തെ
അവതരിപ്പിക്കുന്നത് ഈഷ ഗുപ്തയാണ്. ആദിൽഖാന്റെ
സുഹൃത്തും പോലീസ് അക്കാദമിയിലെ
സതീർത്ഥ്യനുമായിരുന്ന അഭയ് ഡിയോൾ അവതരിപ്പിക്കുന്ന
കബീർ, ഇവരുടെ നീക്കങ്ങൾക്ക് തുണയാവുന്നു. പോലീസ്
അക്കാദമിയിലെ പഠനം പൂർത്തിയാക്കാനാവാതെ പുറത്തായ
കബീർ മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കയറിപ്പറ്റുകയാണ്.
ആദ്യസമയത്ത് ആദിൽഖാൻ എന്ന പോലീസ് ഓഫീസറുടെ
ചാരനായി മാവോയിസ്റ്റുകളുടെ നീക്കം കൃത്യമായി
മനസ്സിലാക്കി അറിയിക്കുന്നതിലൂടെ പോലീസ് ഓഫീസറായ
ആദിൽഖാന് ശക്തമായ മുന്നേറ്റങ്ങൾ നടത്താനാവുന്നു.
പിന്നീട് പോലീസ് നടത്തുന്ന ക്രൂരതയും ആദിവാസികളോടുളള
മനോഭാവവും മഹന്ത എന്ന കമ്പനിക്കുവേണ്ടി ആദിവാസിഭൂമി
കുടിയൊഴിപ്പിക്കുന്നതും മറ്റും കബീറിനെ പിന്നീട്
പ്രസ്ഥാനത്തിന്റെ കറ കളഞ്ഞ സഹപ്രവർത്തകനാക്കുന്നു.
പോലീസ് ഏറ്റുമുട്ടലിൽ മരണം ഏറ്റുവാങ്ങുകയും ചെയ്യുന്നു.
സിനിമ ആരംഭിക്കുന്നത് മാവോയിസ്റ്റ് നേതാവായ
ഓംപുരിയുടെ ഗോവിന്ദ് സുര്യവംശി ബസ്സിൽ വന്നിറങ്ങുന്ന,
ചെറു നഗരത്തിൽ വച്ചു നടക്കുന്ന അറസ്‌റ്റോടെയാണ്.
കൊബാഡ് ഗണ്ടിയോട് അടുത്ത സാദൃശ്യം ഈ ഓംപുരി
കഥാപാത്രത്തിനുണ്ട്. മാവോയിസ്സ്റ്റ് പ്രസ്ഥാനത്തിന്റെ
ബുദ്ധികേന്ദ്രമായ ഇയാൾ അറസ്റ്റിലാവുന്നതോടെ ഈ
മേഖലയിലെ പോലീസ് പ്രവർത്തനങ്ങൾക്ക് ഊർജം
കൈവരികയാണ്. പിന്നീട് ആദിവാസിമേഖലയിൽ ശക്തമായ
വേരോട്ടമുള്ള മനോജ് വാജ്‌പേയ് അവതരിപ്പിക്കുന്ന രാജൻ എ
ന്ന നേതാവിനെ പിടികുടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആ
ശ്രമത്തിന് ആദിൽഖാന് തുണയായാണ് കബീർ എത്തുന്നത്.
കബീർ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതും
ആ പ്രസ്ഥാനത്തിലേക്ക് ചാരനായി കയറിപ്പറ്റുന്നതുമെല്ലാം
വിശ്വാസയോഗ്യമാക്കി ചിത്രീകരിക്കാൻ പ്രകാശ്
ഝായ്ക്കായിട്ടുണ്ട്. രാജന്റെ തുണയായി, മാവോയിസ്റ്റ്
സംഘടനയുടെ നെടുംതൂണായ ശക്തമായ സ്ത്രീ
കഥാപാത്രമായി അഞ്ജലി പാട്ടീൽ അവതരിപ്പിക്കുന്ന ജുഹി
എന്ന കഥാപാത്രം മാറുന്നുണ്ട്. ഈ സിനിമയിലെ ശക്തമായ
ഓർക്കുന്ന സ്ത്രീകഥാപാത്രംതന്നെയാണ് അഞ്ജലി പാട്ടീലിന്റെ
ജുഹി എന്ന കഥാപാത്രം.
ബോളിവുഡ്ഡ് സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ഈ
ചിത്രത്തിലുണ്ട്. പ്രണയം, സംഘട്ടനം, ബെല്ലി ഡാൻസ്
അങ്ങിനെ എല്ലാ ചേരുവകളും ഒത്തിണങ്ങിയ ചിത്രമാണിത്.
നമ്മുടെ രാജ്യത്തിന്റെ മുഴുവൻ സമ്പത്തും കൈകാര്യം
ചെയ്യുന്നത് 25 കുടുംബങ്ങളാണ്. എന്നാൽ
സാധാരണക്കാരനായ ഇന്ത്യക്കാരൻ ഒരു ദിവസം കഴിയുന്നത് 70
രൂപ കൊണ്ടാണെന്ന രാഷ്ട്രീയമൊക്കെ ഈ ചിത്രം വിളിച്ചു
പറയുന്നുണ്ട്. മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ എല്ലാ വശങ്ങളും
– കലാപ്രവർത്തനം ഉൾപ്പെടെ – ഈ ചിത്രത്തിലുണ്ട്.
പ്രകാശ് ഝായുടെ സിനിമകൾ എക്കാലത്തും
രാഷ്ട്രീയത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് തുറന്നു
കാട്ടിയിട്ടുള്ളത്. ജാതിരാഷ്ട്രീയത്തിന്റെ മുഖം കാട്ടിതന്ന ദമൂൽ,
സംവരണത്തിന്റെ രാഷ്ട്രീയം തുറന്നു കാണിച്ച അരക്ഷ(2011)
എന്നിവയ്ക്കുശേഷമാണ് മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ കഥ
പറഞ്ഞ ചക്രവ്യൂഹുമായി പ്രകാശ് ഝാ എത്തിയത്.
1973-ൽ പുറത്തിറങ്ങിയ ഋഷികേശ് മുഖർജിയുടെ നമക്
ഹരാം എന്ന ചിത്രത്തിൽ സുഹൃത്തിനെ സഹായിക്കാൻ വേണ്ടി
കച്ചകെട്ടിയിറങ്ങുന്ന കഥാപാത്രങ്ങൾ മുമ്പും ബോളിവുഡ്ഡ് സിനി
യിൽ ഉണ്ടായിട്ടുണ്ട്. വ്യവസായിയായ അമിതാഭ് ബച്ചൻ
കഥാപാത്രത്തെ സഹായിക്കാൻ രാജേഷ് ഖന്നയുടെ
കഥാപാത്രം തൊഴിലാളിയൂണിയന്റെ ഭാഗമാകുന്നതും നാം
കണ്ടിട്ടുണ്ട്. 2004-ൽ പുറത്തിറങ്ങിയ ഗോവിന്ദ് നിഹലാനി
ചിത്രം ദേവും ഇത്തരം കാര്യംതന്നെയാണ് പറയുന്നത്. ഐറിഷ്
ആഭ്യന്തര കലാപത്തെ മുൻനിർത്തി നിർമിച്ച ദ വിൻഡ് ദാറ്റ്
ഷെയ്ക്ക് ദ ബാർലി എന്ന ചിത്രവും സമരമുഖത്ത് രണ്ടു
ഭാഗത്തായ സഹോദരങ്ങളുടെ കഥ പറയുന്നുണ്ട്. 2012-ൽ
പ്രകാശ് ഝാ ചക്രവ്യൂഹിൽ എത്തുമ്പോൾ അക്കാര്യം
മാവോയിസ്റ്റ് മേഖലയിലേക്ക് പറിച്ചുനടുന്നുവെന്ന വ്യത്യാസം
മാത്രമേയുള്ളൂ.