കേരള രാഷ്ട്രീയത്തെ മുഖ്യമായും ദൃശ്യമാധ്യമങ്ങളിലൂടെ പിന്തുടരുന്ന
ഏതൊരാളും അല്പമൊരു വിസ്മയത്തോടെ തിരിച്ചറിയുന്ന
ഒരു കാര്യമുണ്ട്: രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് വന്നുചേർന്നി
രിക്കുന്ന ഞെട്ടിപ്പിക്കുന്ന ഗതിവേഗമാണത്. നേരം വെളുക്കുന്ന
തോടെതന്നെ പുതിയ പ്രശ്‌നങ്ങളും പുതിയ രാഷ്ട്രീയപ്രതിസന്ധി
കളും ഉടലെടുക്കുകയായി. ദിവസം പുരോഗമിക്കുന്ന മുറയ്ക്ക് അവയുമായി
ബന്ധപ്പെട്ട ഓരോ പ്രശ്‌നങ്ങളും തലനാരിഴകീറി പരിശോധിക്കപ്പെടുന്നു.
ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും വള
ർന്ന് ഒരു പരിസമാപ്തിയുടെ ധ്വനിസാദ്ധ്യതകളോടെ ദിവസമവസാനിക്കുന്നു.
അടുത്ത ദിവസം മറ്റൊരു പ്രശ്‌നം, മറ്റൊരു ചർച്ച, മറ്റൊരു
സമാപ്തി. ഇങ്ങിനെ സാമൂഹിക-രാഷ്ട്രീയ പ്രക്രിയകൾക്ക് ഉള്ള
തെന്ന് കരുതിയിരുന്ന സ്വാഭാവിക ഗതിവേഗത്തെ അട്ടിമറിച്ചുകൊ
ണ്ടാണ് ദൃശ്യമാധ്യമങ്ങൾ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്.
സമയ-സ്ഥലഭേദങ്ങളും ആശയസംഘർഷങ്ങളുമെല്ലാം
സാങ്കേതികവിദ്യയുടെ ബിന്ദുവിലേക്ക് ആവാഹിക്കപ്പെടുകയാണി
വിടെ. ഒപ്പം രാഷ്ട്രീയത്തിനുള്ളിലേക്കുള്ള സാങ്കേതികവിദ്യാഇടപെടലിന്റെ
അത്ഭുതസാദ്ധ്യതകൾ തെളിയുകയും. കാണാമറയത്ത്
സംഭവിക്കുന്ന രഹസ്യാത്മകത നിറഞ്ഞ എന്തോ ഒന്നായി
രുന്നു മുൻപൊരു കാലത്ത് രാഷ്ട്രീയമെങ്കിൽ ഇന്നത് ദൃശ്യതയുടെ
ഉത്സവമായി മാറിയിരിക്കുന്നു. അല്ല, അതിനുമപ്പുറം ദൃശ്യമല്ലാത്ത
തൊന്നും രാഷ്ട്രീയമല്ലെന്നും വന്നിരിക്കുന്നു. രാഷ്ട്രീയത്തിന്റെയും
മാധ്യമങ്ങളുടെയും ഈ സംക്രമണകാലത്ത് അവയുടെ പരസ്പര
പ്രതിപ്രവർത്തനത്തെ തിരിച്ചറിയാനും രാഷ്ട്രീയ മാധ്യമ പ്രവർത്ത
നത്തിന്റെ പുതിയ നിയാമകതത്വങ്ങളെ ഇഴപിരിച്ചെടുക്കാനുമുള്ള
പരിശ്രമങ്ങൾ നടക്കുന്നില്ലെന്നു മാത്രം.
രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്കും, അവിടുത്തെ ചലനങ്ങളെ
വാർത്തകളായും ദൃശ്യങ്ങളായും ജനങ്ങളിലേക്ക് വിനി
മയം ചെയ്യുന്നവർക്കും ആ വാർത്തകളും ദൃശ്യങ്ങളുമെല്ലാം
ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ കേരളീയർക്കും
രാഷ്ട്രീയമെന്നത് ഇന്നൊരു അനുഭവനൈരന്തര്യമാണ്. രാഷ്ട്രീയമേഖലയിൽ
നിശ്ചലത എന്നൊരവസ്ഥയ്ക്ക് ഇന്ന് പഴുതില്ല. പുതിയ
സംഭവങ്ങളും ചോദ്യങ്ങളും അന്വേഷണങ്ങളുമെല്ലാമായി രാഷ്ട്രീ
യപ്രക്രിയ ഒരുതരത്തിൽ ശരാശരി മലയാളിയുടെ ജീവിതപ്രക്രിയ
തന്നെയായി മാറിയിരിക്കുന്നു. സാന്ദ്രമായ രാഷ്ട്രീയാന്തരീക്ഷ
ത്തിൽ വളർന്ന ഒരു ജനതയുടെ പിൻതലമുറ ആ സാന്ദ്രതയെ
സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചുപിടിക്കാൻ നട
ത്തുന്ന ശ്രമം.
മാധ്യമനിബദ്ധമായ രാഷ്ട്രീയമെന്ന് ഇന്നത്തെ രാഷ്ട്രീയത്തെ
അതിനാൽതന്നെ വിളിക്കേണ്ടിവരുന്നു. ഇത് അപൂർവമല്ല, അസാധാരണവുമല്ല.
ദൃശ്യമാധ്യമ വളർച്ചാസാഹചര്യത്തിലൂടെ കടന്നുവന്ന
എല്ലാ ജനസമൂഹങ്ങളും ഇതേവഴിയിലൂടെയാണ് സഞ്ചരി
ച്ചിട്ടുള്ളത്, സഞ്ചരിക്കുന്നത്. രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ര്താടി
ത്തറകളെയും പ്രക്രിയാസ്വഭാവത്തെയുമെല്ലാം അട്ടിമറിച്ചുകൊ
ണ്ടാണ് ഈ രാഷ്ട്രീയ-മാധ്യമസങ്കലനം സംഭവിക്കുന്നത് എന്നയി
ടത്താണ് ഈ പുത്തൻ പ്രതിഭാസം പഠനവും വിശകലനവുമെല്ലാം
ആവശ്യപ്പെടുന്നത്. ‘രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച’ എന്നും മറ്റും
വിളംബരം ചെയ്യപ്പെടുന്ന ഈ കാഴ്‌ചോത്സവത്തിന്റെ പൊരുളെ
ന്ത്? എല്ലാം സുതാര്യമായി കാണപ്പെടുന്ന ഈ ദൃശ്യക്കണ്ണാടിയിൽ
തെളിയുന്നതിൽ എത്ര സത്യം? എത്ര പൊയ്യ്? രാഷ്ട്രീയത്തെ വാരി
പ്പിടിക്കുന്ന മാധ്യമവിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്നതെ
ന്ത്, നീക്കിബാക്കിയെന്ത്?
ചുട്ടുപൊള്ളുന്ന വെയിലിൽ തിളച്ചുമറിഞ്ഞിരുന്ന ഒരു രാഷ്ട്രീ
യത്തെക്കുറിച്ച് ഇന്ന് സംസാരിക്കുന്നത് അപ്രസക്തമാവാം.
എന്നാൽ അങ്ങനെയൊന്നുണ്ടായിരുന്നു. അതിൽ നിഷ്‌കളങ്കമായ
വിപരീതബോധങ്ങളും നിരവധി വ്യസനങ്ങളും നിലയ്ക്കാത്ത
തെന്ന് തോന്നിച്ചിരുന്ന രോഷങ്ങളുമെല്ലാം ഉൾച്ചേർന്നിരുന്നു. കേരളീയജീവിതം
പുത്തൻ അവസ്ഥകളിലേക്ക് ചുവടു മാറിയതോടെ
തെരുവ് രാഷ്ട്രീയപ്രകാശനത്തിന്റെ ഇടമല്ലാതായി മാറി, അങ്ങനെ
പറയുന്നത് ഒരല്പം കടുത്ത പ്രയോഗമായി തോന്നാമെങ്കിലും. ചുരു
ട്ടിയ മുഷ്ടി ഒരു പഴയ പ്രതിമാനമായി മാറിയതുകൊണ്ടാവാം
അവിടെ ഇന്ന് അരങ്ങേറുന്നത് ഉള്ളുനേർച്ചയും ശവപ്പെട്ടിയിൽ
കിടന്നുള്ള സമരവും ചങ്ങലപിടിത്തവുമൊക്കെയാണ്. ഓരോ
കാലവും അതിന്റെ സമരരൂപം തേടുന്നു എന്നത് ശരിതന്നെ.
പക്ഷെ, ഈ പുതിയ സമരരൂപങ്ങളുടെ ലക്ഷ്യം അവയെ തഴുകി
പകർത്താൻ കാത്തുനിൽക്കുന്ന നിരവധി ക്യാമറക്കണ്ണുകളാകുമ്പോൾ
ആവിഷ്‌കാരം പലപ്പോഴും ആശയത്തെ തോല്പിക്കുന്ന
തായി തോന്നുന്നു. തെരുവിലെ ദൃശ്യവത്കരിക്കപ്പെടുന്ന സംഘ
ർഷങ്ങൾ പതിയെ ആരെയും അലോസരപ്പെടുത്താതെ കടന്നുപോകുന്ന
ഘോഷയാത്രയാകുന്നു.
ജനശ്രദ്ധയുടെ മാപിനി അല്പമെങ്കിലുമൊന്ന് ചലിക്കുന്നത്
സംഘർഷങ്ങൾ ഉടലെടുക്കുമ്പോഴാണ്. ‘സൗണ്ട്‌ബൈറ്റു’കളി
ലൂടെ രാഷ്ട്രീയം ‘പറയുന്ന’വരാണവിടെ രാജാക്കന്മാർ. കുറിക്കുകൊള്ളുന്ന
വാചകങ്ങളിലൂടെ അവർ ഓരോ ദിവസത്തെയും
രാഷ്ട്രീയചർച്ചയുടെ ഗതി നിർണയിക്കുന്നു. രാഷ്ട്രീയ അതിരുകൾ
പലപ്പോഴും ഇവിടെ അപ്രസക്തമാകുന്നു. ഇങ്ങനെ ചർച്ചകൾക്ക്
തുടക്കമിടുന്നവർ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും മുന്നണികൾക്കും
പുറത്തുള്ളവരാണെന്നത് മാധ്യമങ്ങൾ മുന്നോട്ടു വയ്ക്കുന്ന
പുതിയ രാഷ്ട്രീയസാദ്ധ്യതകളുടെ തെളിവായും കാണാം. ടി.വി.
സീരിയലുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഘർഷങ്ങ
ളുടെയും സമീകരണങ്ങളുടെയും ആരോഹണാവരോഹണങ്ങളി
ലൂടെയുള്ള സഞ്ചാരമാണിത്. ഇവിടെ ഭൂകമ്പങ്ങളില്ല, ചെറിയ
പൊട്ടിത്തെറികൾ മാത്രം. അവയ്ക്ക് ഇമ്പമണയ്ക്കാൻ ഒരു സ്ര്തീസാ
ന്നിദ്ധ്യം കൂടെ ഒത്തുവന്നാൽ പിന്നെ മറ്റൊന്നും നോക്കുകയും
വേണ്ട.
സോളാർ വിവാദം കേരളത്തിലെ മാധ്യമങ്ങൾക്ക്, പ്രത്യേകിച്ച്
ദൃശ്യമാധ്യമങ്ങൾക്ക്, ഇഷ്ടവിഷയമായത് അതിലെ പെൺസാ
ന്നിദ്ധ്യം കൊണ്ടുകൂടിയാണെന്ന് കാണാൻ വലിയ പ്രയാസമില്ല.
പലപ്പോഴും സ്ര്തീവിരുദ്ധതയുടെ അതിരുകളിൽ ചെന്നു തൊട്ട് മട
ങ്ങിയവയാണ് ഈ വിവാദം സംബന്ധിച്ചുള്ള ഒരുപിടി
ദൃശ്യ-അച്ചടി മാധ്യമവാർത്തകളും വിശകലനങ്ങളും കാർട്ടൂണുകളും.
സർക്കാരിനെ ഈ വിഷയത്തിൽ വെള്ളം കുടിപ്പിച്ച പി.സി.
ജോർജ് പോലും പറയുന്നത് പതിനായിരക്കണക്കിന് കോടി രൂപയുടെ
തട്ടിപ്പിനുള്ള ഗൂഢാലോചന നടന്നെങ്കിലും സോളാർ തട്ടിപ്പ്
16 കോടി രൂപയുടേതാണെന്നാണ്. ഏതാണ്ട് ഇതേകാലത്ത് തിരുവനന്തപുരം,
കോട്ടയം, തൃശൂർ തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ച്
നടന്ന ഏകദേശം ആയിരം കോടിയോളം രൂപയുടെ തട്ടിപ്പുകളെ
ക്കുറിച്ചുള്ള വാർത്തകളും മാധ്യമങ്ങളിൽ ഇടയ്ക്കും തലയ്ക്കും വരുന്നു
ണ്ടായിരുന്നു. അവയൊന്നും വലിയ മാധ്യമശ്രദ്ധ നേടാതെ പോയതിനുള്ള
കാരണങ്ങളിൽ പ്രധാനം അവയിലൊരു സരിതാനായരോ
ശാലുമേനോനോ ഇല്ലാത്തതും ശരീരവും രാഷ്ട്രീയവുമായുള്ള
ഇണചേരലിന്റെ സ്‌നിഗ്ദ്ധ സാദ്ധ്യതകൾ അവയിലൊന്നും
തെളിഞ്ഞുകണ്ടില്ല എന്നതുമല്ലേ?
രാഷ്ട്രീയം ശരീരത്തിലേക്ക് ചുരുങ്ങുന്നതിന്റെ സൂചനകൾ
കേരള രാഷ്ട്രീയത്തിൽ കണ്ടുതുടങ്ങിയിട്ട് വർഷങ്ങൾ പലതായി.
ശരീരവും ശബ്ദവും വാചകഘടനയും അംഗവിക്ഷേവുമെല്ലാം
2013 മഡളമഠണറ ബടളളണറ 12 2
അതിസമീപദൃശ്യങ്ങളായി ദൃശ്യമാധ്യമങ്ങൾ സ്വീകരണമുറികളി
ലേക്കെത്തിച്ചു തുടങ്ങിയതോടെയാണ് ഈ മാറ്റം ആദ്യം ജനകീ
യാനുഭവമായും പിന്നീട് ഹാസ്യനുകരണ കലാകാരന്മാരുടെ വയ
റ്റുപിഴപ്പിനുള്ള മുഖ്യോപാധിയായും മാറിയത്. ക്യാമറയുടെ ഫ്രെയി
മിൽ തെളിയുന്ന വ്യക്തിചരിത്രത്തെ എത്ര അകലത്തിൽ നിന്ന്
കാണണമെന്ന പരമ്പരാഗത സങ്കല്പത്തിനാണ് ആദ്യം മുറിവേറ്റ
ത്. ഏറ്റവും എഴുന്നുനിൽക്കുന്ന മുടിയിഴകൾ മുതൽ നെഞ്ചിനു
കീഴെ വരെ കാണുന്ന ഒരു വലിയ ‘പാസ്‌പോർട്’ ചിത്രസമാനമായ
മനുഷ്യദൃശ്യങ്ങളിൽനിന്ന് മുഖത്തെ വടുക്കളിലേക്കും, നോട്ട
ത്തിന്റെ തീക്ഷ്ണതയിലേക്കും, വായുവിൽ ചിത്രം വരയ്ക്കുകയോ
അസ്വസ്ഥതയുടെ സൂചനയെന്നോണം ചൂളുകയോ നിവരുകയോ
ഒക്കെ ചെയ്യുന്ന കൈവിരലുകളിലേക്കും, അശ്ലീലവ്യാഖ്യാനസാ
ദ്ധ്യതയുള്ള കാൽപാദങ്ങളുടെയും തുടകളുടെയുമൊക്കെ ചലന
ങ്ങളിലേക്കും പതിയെ ക്യാമറ തിരിഞ്ഞത് പലരും ശ്രദ്ധിച്ചില്ല.
പിന്നീടത് ഉടലഴകിന്റെ മിഴിവുകൾ തേടിയപ്പോഴേക്ക് അതെല്ലാം
രാഷ്ട്രീയചർച്ചയുടെ ഒഴിവാക്കാനാകാത്ത ചേരുവകളായിക്കഴി
ഞ്ഞിരുന്നുതാനും.
ശരീരത്തിന് രാഷ്ട്രീയമുണ്ട്. എന്നാൽ രാഷ്ട്രീയത്തിന്റെ ചുരുക്കെഴുത്തിടമല്ല
ശരീരം. പക്ഷെ, ചോദ്യകർത്താക്കളായും ‘ഉത്തരവാദി’കളായും
ഇരകളായും വേട്ടക്കാരായുമെല്ലാം രാഷ്ട്രീയപ്രകാശനവേദിയിൽ
പ്രത്യക്ഷപ്പെടുന്നവർ ഇന്ന് പങ്കെടുക്കുന്നത് ഒരു
ശരീര സൗന്ദര്യമത്സരത്തിലാണ്. കൂടുതൽ സുന്ദരന്മാർ (സുന്ദരിമാരും),
മിഴിവോടെ മൊഴിയുന്നവർ, ചിന്തയെ ‘സൗണ്ട്‌ബൈറ്റി’
നൊപ്പം രാകി മുന കൂർപ്പിച്ചെടുത്തവർ, അങ്ങനെ പോകുന്നു അവി
ടുത്തെ താരനിര. ഇതിനിടയിൽ സ്വകാര്യതയുടെ അന്ത്യം സംഭവി
ക്കുന്നുണ്ട്, പൊതുജീവിതത്തിന്റെയും പൊതുപ്രവർത്തനത്തി
ന്റെയും അതിരുകൾ പുന:നിർണയിക്കപ്പെടുകയും. ഒരു യോഗവും
ഒരു ചർച്ചയും ഒരു സന്ദർശനവും സ്വകാര്യമല്ലാതാകുന്നത് അങ്ങ
നെയാണ്. തീർത്തും സ്വകാര്യമെന്ന് പറയാവുന്ന കുടുംബസംഘ
ർഷങ്ങൾ പൊതുജീവിതത്തിന്റെ ഭാഗമായി ചർച്ച ചെയ്യപ്പെടു
ന്നതും അതിനാൽതന്നെ. പൊതുസ്വഭാവമുള്ള ഒരു വേദിയിലും
രഹസ്യങ്ങളില്ലെന്നും പൊതുസ്വീകാര്യതയ്ക്കായി പൊതുവേദിയിൽ
പറയപ്പെടുന്ന കാര്യങ്ങള പൊതുവ്യക്തിയുടെ ശരീരഭാഷയുടെയും
മുഖഭംഗിയുടെയുമൊക്കെ പ്രശ്‌നമാണെന്നുമൊക്കെ വരുന്നതും
അതുകൊണ്ടൊക്കെത്തന്നെ. യഥാക്രമമല്ലെങ്കിലും പി.കെ.
കുഞ്ഞാലിക്കുട്ടിയും കെ.ബി. ഗണേഷ്‌കുമാറും എം.എം. മണിയും
പിണറായി വിജയനുമെല്ലാം പല സന്ദർഭങ്ങളിലായി കടന്നുപോയ
വഴികളാണിതെല്ലാം. സരിതാനായരിലും ശാലുമേനോനി
ലുമെത്തുമ്പോഴേക്ക് എല്ലാവർക്കും വഴങ്ങുന്ന ശരീരനിബദ്ധമായ
ഒരു മാധ്യമഭാഷ (സൃഷ്ടിച്ചും സ്വീകരിച്ചും) നാംതന്നെ യാഥാർത്ഥ്യ
മാക്കിക്കഴിഞ്ഞിരുന്നു എന്നു മാത്രമേ നാമറിയാതെ പോകുന്നുള്ളൂ.