വാക്കു മാറ്റരുത്;
തല പോയാലും
വാക്കിന്റെ തലപ്പത്തുനിന്നു ചാടി
ആത്മഹത്യ ചെയ്യാൻ തുനിഞ്ഞവൻ
ഐ.സി.യുവിൽ
വാക്കു മാറരുത്
പിളർന്ന വാക്കുകൾ വിതയ്ക്കുന്ന
സ്ഫോടനം
വാക്കിലൊതുങ്ങില്ല
തെന്നിമാറിയ വാക്കുകൾ
വെട്ടുകിളികളായ്
ആകാശം നിറയുന്നു.
വാക്ക് മാറ്റരുത്,
ഉറക്കത്തിൽപ്പോലും,
എങ്കിലേ സ്വപ്നങ്ങൾക്ക്
അർത്ഥമുണ്ടാകൂ
വാക്കു മാറരുത്;
വാക്കിന്റെ വക്കിലിരുന്ന്
കൊഞ്ഞനം കൊത്തുകയുമരുത്.
പരസ്പരം താലോലിക്കുന്ന,
കടിച്ചുകീറുന്ന, ചതിക്കുന്ന,
വാക്കുകൾ
ദു:സ്വപ്നനിബിഡ രാവുകളെ
ചുട്ടുതിന്നുന്നു.
ദിഗന്തങ്ങൾ പിളർക്കുന്ന
വാക്കിന്റെ കെട്ടുകാഴ്ചകളെ
കാത്തിരിക്കേണ്ടതില്ല.
വാക്കിന്റെ പൊരുൾ
വാക്കുതന്നെ
വാക്കു മാറ്റരുത്.
പോയാലൊരു വാക്ക്..
Related tags :