കേരളത്തിന്റെ ഭരണ തലത്തിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടോയെന്ന സംശയം ഓരോ ദിവസം കഴിയുംതോറും രൂഢമൂലമായി ക്കൊണ്ടിരിക്കുകയാണ്. എൽ.ഡി.എഫിനെ സഹർഷം സ്വാഗതം ചെയ്ത ജനങ്ങൾക്കിടയിൽതന്നെയാണ് ഈ സംശയം. ഭരണയന്ത്രം കയ്യാളുന്നവരുടെയും അവരെ പിന്തുണയ്ക്കുന്ന പോലീസിന്റെയും ഓരോ പ്രവൃത്തിയും സാമാന്യ ജനത്തിന് എതിരായിട്ടാണ് നീങ്ങുന്നത് എന്നതാണ് ഇതിനു കാരണം. പൊതുസമൂഹത്തിന്റെ ചിന്താധാരകൾക്കു വിപരീതമായിട്ടാണ് കേരളത്തിലെ ഭരണകർത്താക്കൾ ചുവടുറപ്പിച്ചിരിക്കുന്നത്. ഒരിക്കൽ മാത്രമല്ല തുടർച്ചയായി പല വിഷയങ്ങളിലും തങ്ങൾ എല്ലാത്തിന്റെയും അധികാരികളാണെന്ന ധാർഷ്ട്യം ഉള്ളിൽ പേറുന്ന അവരുടെ ഓരോ പ്രവൃത്തിയും ന്യായീകരിക്കാൻ സ്വന്തം അണികൾക്കുപോലും സാധിക്കാനാകാതെ വരുന്ന അവസ്ഥ നമ്മൾ കണ്ടു കഴിഞ്ഞു. ഏറ്റവുമൊടുവിലായി പാമ്പാടി നെഹ്‌റു കോളേജിൽ ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്ന ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ കാര്യത്തിലും സർക്കാർ വെറും നോക്കുകുത്തിയായി നിലകൊള്ളുകയാണ്.
ചില തല്പരകക്ഷികൾക്ക് വേണ്ടി എന്തിനാണ് ഈ ഭരണകൂടം തങ്ങളുടെ അഭിമാനം കളഞ്ഞുകുളിക്കുന്നത്? തന്റെ മകൻ മരിച്ച സാഹചര്യം അന്വേഷിക്കണമെന്നും അതിന് ഉത്തരവാദികളായവരെ പിടികൂടണമെന്നും പൊതുസമൂഹത്തിലെ ഒരു അമ്മ പറയുമ്പോൾ അതിനു മുഖം തിരിഞ്ഞു നിൽക്കുന്നതാണോ ഭരണ സാമർത്ഥ്യം? വാരിക്കുന്തങ്ങളൊന്നും കയ്യിലില്ലാതെ നിരായുധരായി സമരത്തിനെത്തിയ വിരലിലെണ്ണാവുന്ന ആളുകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ജാമ്യം പോലും ഇല്ലാത്ത കേസുകൾ ചുമത്തുന്നതാണോ വിപ്ലവവീര്യമുള്ള ഭരണകർത്താക്കളെന്ന് അഭിമാനിക്കുന്നവർ ചെയ്യേണ്ടത്? പോലീസിനെ അഴിച്ചു വിട്ടാൽ ഏതു ജനമുന്നേറ്റവും തടയാനാവുമെന്ന് എന്നാണ് സഖാക്കൾ മനസ്സിലാക്കിത്തുടങ്ങിയത്?
കുറച്ചുനാൾ മുമ്പ് നടന്ന തിരുവനന്തപുരം ലോകോളേജ് സമരത്തിന്റെ കാര്യത്തിലും ആദ്യം സർക്കാർ കൈക്കൊണ്ടത് സാമാന്യ ബുദ്ധിക്കു മനസ്സിലാക്കാനാവാത്ത പ്രവൃത്തികളായിരുന്നു. ഒരു കുടുംബം കുത്തകയാക്കി വച്ചിരിക്കുന്ന ഒരു കോളേജിൽ പരീക്ഷാക്രമക്കേടുകൾ നടക്കുന്നത് പരിശോധിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പാർട്ടി അംഗങ്ങൾ പാനലിലുള്ളതുകൊണ്ട് അന്വേഷിക്കേണ്ട എന്ന്
തീരുമാനിക്കുന്നതാണോ ഭരണ നിപുണത? ആരെയൊക്കെയാണ് പിണറായി
സർക്കാർ രക്ഷിക്കാൻ ശ്രമിക്കുന്നത്?
അധികാരത്തിലെത്തിക്കഴിയുമ്പോൾ അതുവരെ തങ്ങൾ പറഞ്ഞു പ്രചരിപ്പിച്ച സാമൂഹ്യ പ്രതിബദ്ധതകളൊക്കെ മറന്ന് പൊതുജന വിരുദ്ധ പ്രവൃത്തികളിലേർപ്പെടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്. അതിരപ്പിള്ളിയും പരിസ്ഥിതി പ്രശ്‌നങ്ങളുമൊക്കെ ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്ന് ഒരു സ്വയം വിമർശനം നടത്തുന്നത് സർക്കാരിന് നന്നായിരിക്കും. ഈ ഭരണകൂടത്തിന്റെ ഓരോ പ്രവൃത്തിയും കാണുമ്പോൾ തോന്നും സംസ്ഥാന ഭരണം ജീവിതകാലം മുഴുവനുമായി അവർ ക്കു തീറെഴുതിക്കിട്ടിക്കഴിഞ്ഞുവെന്ന്. ഫാസിസ്റ്റ് പ്രതിലോമ ശക്തികൾ തഴച്ചു വളരുന്നത് ജനാധിപത്യത്തിലും ഭരണകൂടത്തിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴാണെന്നത് ഒരു ചരിത്ര സത്യം മാത്രമാണ്.