വിശ്വാസവും അതോടനുബന്ധിച്ച മതം, ആത്മീയത തുടങ്ങിയ വിഷയങ്ങളും തമ്മിൽ തമ്മിൽ ബന്ധപ്പെട്ടിട്ടുള്ളതാണ്. ഈശ്വരൻ ഏകനാണെന്ന് പറയുമ്പോഴും ഈശ്വരന്റെ പേരിൽ തന്നെ മതങ്ങൾ പലതാണ്. ഇങ്ങനെയുള്ള എല്ലാ മതക്കാർക്കും പ്രത്യേകം പ്രത്യേകം ഈശ്വര സങ്കല്പമാണുള്ളത്. എല്ലാ മതക്കാരും ആത്മീയരാണ്, എന്നാൽ എല്ലാ ആത്മീയരും മതവിശ്വാസികളായിരിക്കണമോ എന്നതാണ് ഇവിടെ ചിന്താവിഷയമാകുന്നത്.
‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന് ശ്രീനാരായണഗുരു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഒരു ആത്മീയ ഗുരുവിൽ നിന്ന് തന്നെ വന്നതിന് ഏറെ പ്രസക്തിയുണ്ട്.
മതാതീത ആത്മീയതയുടെ തെളിവാർന്ന ഒരു മാനിഫെസ്റ്റോ തന്നെയാണിത്. ആത്മീയതയെ മതത്തിന്റെ നിയന്ത്രണങ്ങളിൽ നിന്നും, ചിട്ടവട്ടങ്ങളിൽ നിന്നും, അടർത്തിയെടുത്ത് അതിനൊരു പ്രത്യേക സ്വത്വരൂപം നൽകുകയാണിവിടെ. ”ഒരുവൻ അവന്റെ ഭക്ഷണത്തെപ്പറ്റി വ്യാകുലപ്പെടുന്നിടത്ത് അവൻ ഒരു ഭൗതിക മനുഷ്യനാണ്. അവൻ തന്റെ സഹോദരന്റെ ഭക്ഷണത്തിനെപ്പറ്റി വ്യാകുലപ്പെടുന്നേടത്ത് ഒരു ആത്മീയ മനുഷ്യനാകുന്നു”.
നിക്കലോബ് ബർദേവ്, എന്ന ദൈവശാസ്ത്രജ്ഞന്റെ വാക്കുകളാണിത്. സകലതും ദൈവത്തിലാണെന്ന ആത്മബോധമാണ് ആത്മീയത. ദൈവം സത്യമാണ്, സ്‌നേഹമാണ്, നന്മയാണ്. അതുകൊണ്ട് ഈ ആത്മീയഘടകങ്ങളായിരിക്കണം എല്ലാ
മതങ്ങളുടെയും അടിസ്ഥാനഘടകങ്ങൾ. ഇങ്ങനെയേ മതങ്ങൾ ആയിരിക്കുവാൻ പാടുള്ളൂ. എങ്കിൽ ദൈവത്തിലാണെന്ന ആത്മബോധമുണ്ടാകേണ്ടതിന് പ്രത്യേകം പ്രത്യേകം മതങ്ങൾ എന്തിന് എന്നതും ഇവിടെ ചിന്താവിഷയമാക്കേണ്ടതാണ്.
ശ്രീ നാരായണഗുരുവിന്റെ ആത്മീയ സന്ദേശം എല്ലാ മതങ്ങൾക്കും തന്നെ സ്വീകാര്യമാണ്. എന്നാൽ മതാധികാരികളും, പുരോഹിതന്മാരും ഇതൊന്നും ഉറക്കെപ്പറയുന്നില്ലെന്നുമാത്രം. കാരണം ഇവർക്കാക്കെ പ്രത്യേക മതങ്ങൾ നിലനിൽക്കേണ്ടത് ആവശ്യമാണ്. യേശു പറയുന്നു ”സത്യമായും ദൈവത്തിന് പക്ഷപാതം ഇല്ലെന്നും, അവിടത്തെ ഭയപ്പെടുകയും, നീതി പ്രവർത്തിക്കുകയും
ചെയ്യുന്ന ആരും ഏതു ജാതിയിൽപ്പെട്ടവനായാലും അവിടത്തേക്ക് സ്വീകര്യനാണെന്നും ഞാൻ സത്യമായി അറിയിക്കുന്നു” (അപ്പ: പ്രവ: 10:35). വിണ്ടും അരുളിച്ചെയ്യുന്നു. ”എന്റെ കർത്താവേ, എന്റെ കർത്താവേ എന്ന വിളിക്കുന്നവരെല്ലാം സ്വർഗത്തിൽ പ്രവേശിക്കുകയില്ല. എന്റെ പിതാവിന്റെ ഹിതം നിറവേറ്റുന്നവനേ
അവിടെ പ്രവേശിക്കുകയുള്ളു” (മത്തായി). യേശു തന്റെ വചനങ്ങളിൽനിന്നും മതവിശ്വാസമെന്നത് ദൈവത്തിന്റെ നാമരൂപത്തിലുള്ള വിശ്വാസമോ, കേവലം അതിന്റെ വിളിച്ചു പറച്ചിലോ അല്ലായെന്നു വ്യക്തമാക്കുന്നു. യേശു ബലിയല്ല
കരുണയാണ് ആവശ്യപ്പെട്ടത്. ഇവിടെ ബലി എന്നത് മതാനുഷ്ഠാനവും, കരുണ മനുഷ്യസ്‌നേഹാധിഷ്ഠിതവുമാണെന്നോർക്കുക. യേശുവിന്റെ സന്ദേശങ്ങളെ പിൻച്ചെന്ന് 23-ാം ജോൺ മാർപാപ്പ രണ്ടാം വത്തിക്കാൻ കൗൺസിലിൽ (1962-65) ഇങ്ങനെ
പ്രഖ്യാപിച്ചു. ”സ്വന്തം മനസ്സാക്ഷിയെ പിൻചെന്ന് നല്ല ജീവിതം നയിക്കുന്നവരെല്ലാം, അവർ യേശുവിനെ അറിഞ്ഞില്ലെങ്കിൽ പോലും രക്ഷപ്പെടും”.
സ്വർഗം ലഭിക്കുവാൻ സദ്ഗുണങ്ങൾ മാത്രം ചെയ്താൽ പോരാ, മുസ്ലിം ആക തന്നെ വേണമെന്ന് സാമ്പ്രദായിക ഇസ്ലാം മതക്കാർ വിശ്വസിച്ചേക്കാം. എന്നാൽ ഖുറാനിലെ രണ്ടാമധ്യായത്തിലെ 62-ാം സൂക്തത്തിൽ പറയുകയാണ്. ”ദൈവത്തിലും,
അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ ജൂതരോ, ക്രൈസ്തവരോ,സാബിയന്മാരോ ആരാകട്ടെ ദൈവം അവർക്ക് പ്രതിഫലം കൊടുക്കും”.
മറ്റു മതങ്ങളെപോലെ ഹിന്ദുമതം ഒരു ആവിഷ്‌കാരമതമല്ല; അതുപോലെ തന്നെ ഒരു ഒറ്റയടിപ്പാതയിലൂടെ മാത്രമുള്ള ഒരു ദർശനവുമല്ല. ബുദ്ധം, ജൈനം, ചാർവാകം, മീമാംസ, സാഖ്യം, വേദാന്തം, ന്യായവൈശേഷികം തുടങ്ങിയ ഭാരതീയ ദർശനങ്ങ
ളിൽ വേദാന്തവും, ന്യായവൈശേഷികവും മാത്രമാണ് ഈശ്വരവാദം അംഗീകരിക്കുന്നതുതന്നെ. അതുകൊണ്ട് മതങ്ങളുടെയൊ ന്നും ചട്ടക്കൂടുകളിൽ ഒതുങ്ങുന്നതല്ല ഭാരതീയ ദർശനങ്ങളിൽ പലതും. ഭാരതീയ മഹർഷിമാർ ധ്യാനിച്ചും, ചിന്തിച്ചും, അന്വേഷിച്ചും, മനനം ചെയ്തും കണ്ടെത്തിയ ഒരു ഇശ്വരദർശനമാണ് ഭാരതത്തിന്റേത്. അദ്വൈതമാണ് കാതൽ. തൂണിലും, തുരുമ്പിലും ഈശ്വരാംശം കാണുന്ന മഹത്തായ ഒരു മതസംസ്‌കാരത്തിൽ നിന്നും ഒരിക്കലും ഒരു തീവ്രവാദം ഉണ്ടാകുവാൻ പാടുള്ളതല്ല. ഒരു മതമാകട്ടെ, ഒരു പ്രത്യയശാസ്ത്രമാകട്ടെ ഇതൊക്കെ
ചരിത്രത്തിൽ, സമൂ ഹത്തിന് എന്തു നന്മ-തിന്മകൾ ചെയതിട്ടുണ്ട് എന്നു വിലയിരുത്തിയാണ് ചിന്തിക്കുന്ന മനുഷ്യൻ അതിനെ തള്ളുകയോ, കൊള്ളുകയോ ചെയ്യുന്നത്. മതങ്ങളെപറ്റി വിലയിരുത്തുവാൻ സഹസ്രാബ്ദങ്ങളുടെ കാലയളവുകളാണുള്ളത്.
മതങ്ങളുടെ ഭൂതകാലം
എങ്കിൽ ലോകം കണ്ടിട്ടുള്ളതിലേക്കും വച്ച് ഏറ്റവും ഭീകരവും, ക്രൂരവും, പൈശാചികവുമായ ഒരു ഭൂതകാലചരിത്രമാണ് മതങ്ങൾക്കു പറയുവാനുള്ളത്. ചരിത്രത്തിലെ രണ്ടു മൂന്ന് ഏടുകൾ മാത്രം ഇവിടെ എഴുതുകയാണ്. എ.ഡി. 1000നും 1250നും ഇടയ്ക്കു നടന്ന കുരിശുയുദ്ധം ഏറെ കുപ്രസിദ്ധി നേടിയതാണ്. കുരിശിന്റെയും, ചന്ദ്രകലയുടെയും ബാനറിൽ 250 കൊല്ലക്കാലം, ക്രിസ്ത്യാനികളും, മുസ്ലിമുകളും കൊന്നും കൊലവിളിച്ചും, ചത്തും പോരടിച്ചും നടന്നു. അന്നു നടന്ന രക്തച്ചൊരിച്ചിലിൽ പാലസ്ത്യൻ നാടുകളിലെ മണലാരണ്യങ്ങൾ മനുഷ്യരക്തം കൊണ്ട് നനഞ്ഞു കുതിർന്നിരുന്നെന്ന് പറയപ്പെടുന്നു. പിന്നിട് നടന്ന ഇൻക്വസിഷനും,
പ്രൊട്ടസ്റ്റന്റു വിപ്ലവവും, ദുർമന്ത്രവാദിനി വേട്ടയുമൊക്കെ ക്രിസ്ത്യാനികളുടെ നാൾ വഴി പുസ്തകത്തിൽ ചേർക്കേണ്ടതാണ്. ഇവിടെയൊക്കെ മരിച്ചു വീണവരുടെ സംഖ്യ ലക്ഷങ്ങളോ അതിലപ്പുറമോ ആയിരിക്കും. ഏതായാലും സ്‌നേഹത്തിന് അളവും, പരിധിയും വയ്ക്കാതെ ശത്രുക്കളെയും സ്‌നേഹിക്കുക” എന്നുപദേശിച്ച യേശുവിന്റെ അനുയായികളാണിതൊക്കെ ചെയ്തുകൂട്ടിയതെന്നും ഇവിടെ കൂട്ടിവായിക്കണം.
മതത്തിന്റെ പേരിൽ ഭാരതത്തെ രണ്ടായി വെട്ടിമുറിച്ചു കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സന്തോഷവും ആഹ്ലാദവും ആശ ആവേശങ്ങളുമായിട്ടാണ് എല്ലാ രാജ്യങ്ങളും സ്വാതന്ത്ര്യ ദിനങ്ങളാചരിക്കുന്നത്. എന്നാൽ ഇന്ത്യൻജനനതയ്ക്ക് ആ നാളുകൾ ദു:ഖവെള്ളിയാഴ്ചകളായിരുന്നു; കാളരാത്രികളായിരുന്നു. അന്നു വർഗീയത അതിന്റെ എല്ലാ പൈശാചിക ഭാവത്തോടും
കൂടി താണ്ഡവ നൃത്തമാടി. ലാഹോറിലേയും കൽക്കട്ടയിലേയും തെരുവ് ഓടകളിൽ കുടി ഹിന്ദു മുസ്ലിം രക്തം ഒഴുകിയിരുന്നെന്നും, ചോരയുടെ ആ കുത്തൊഴുക്കിൽ ശവശരീരങ്ങൾ ഒലിച്ചുപോയിരുന്നെന്നും പറയുമ്പോൾ അത് അതിശയോക്തി ആണെങ്കിലും അല്ലെങ്കിലും ദിവസം 3000 ആൾക്കാരെവരെയും കൊലചെയ്തതായിട്ട് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ആ ദുരന്തനാളുകളിൽ കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും കൂട്ടി ഒരു 23 ലക്ഷത്തിന്റെ കണക്കുകൾ വേറെ.
സ്വന്തമായി ഒരു മതരാഷ്ട്രം വാദിച്ചു വാങ്ങിയ പാകിസ്ഥാൻ വിഭാഗീയതയുടെ പേരിൽത്തന്നെ വിഭജിക്കപ്പെട്ടു. ബംഗ്ലാദേശ് വേറൊരു രാഷ്ട്രമാണിന്ന്. ഇന്ന് പാകിസ്ഥാനിൽ ഒരേ മതക്കാരും, അന്യമതക്കാരുമൊക്കെയായി കലഹിച്ചു കഴിയുന്നു.
ഇന്ത്യയ്ക്കും അഭിമാനിക്കുവാൻ വകയില്ല. ഇവിടെ ബാബറി മസ്ജിദ് തകർത്തു. മതേതരത്വത്തിന്റെയും അദ്വൈത വേദാന്തത്തിന്റെയുമൊക്കെ കൂടിയ ഭാരതീയ സനാതന സങ്കല്പം തകർന്നു വീണ ചിത്രഭൂമിയാണ് ഇന്ന് അയോദ്ധ്യ. മുംബയ്, ഡൽഹി, പഞ്ചാബ്, ഗുജറാത്ത്, അസം, കർണാടക, ഇങ്ങ് കേരളത്തിൽ മാറാട് എന്നിങ്ങിനെ വർഗീയ കലാപങ്ങളുടെ കണക്കുകൾ നീളുകയാണ്. എന്തിനേറേപ്പറയുന്നു ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ ശാപം എന്തെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയുവാൻ പറ്റും; വർഗീയത. അടിച്ചമർക്കപ്പെട്ടവരും, യാതനയും, വേദനയും, പട്ടിണിയും അനുഭവിക്കുന്നവരുമായവരുടെ രക്ഷയ്ക്കും, സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കലാപമാണെങ്കിൽ അങ്ങനെയെങ്കിലുമൊരു സമാധാനവും ന്യായീകരണവും ഉണ്ടായേനേ.
മതവും കലാപവും
പലപ്പോഴും മതം കലാപമാണ്. അതിനാൽത്തന്നെ അതു തിന്മയും പാപവുമാകുന്നു. ചരിത്രവും വർത്തമാനകാലവും ഇതൊക്കെ സാക്ഷ്യപ്പെടുത്തുന്നുമുണ്ടല്ലോ? എങ്കിൽ സഹസ്രാബ്ദങ്ങളായി തുടരുന്ന ഈ സാമൂഹ്യ തിന്മ ലോകാവസാനം വരെ നിലനിർത്തണമെന്ന് ആർക്കാണ് നിർബന്ധം? മതപുരോഹിതരുടെ തൊഴിലിനും, നിലനില്പിനും ആധാരമായ മതവും, അതോടനുബന്ധിച്ച അനുഷ്ഠാനകർമങ്ങളും ഇതേപടി തുടരേണ്ടത് അവരുടെ ആവശ്യമാണ്. ഇന്നത്തെ നിലയിൽ മനുഷ്യരക്തത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഒരു മതസംസ്‌കാരത്തെ ശരിയായ
ഈശ്വര വിശ്വാസികളോ, ആത്മീയരോ ഒരിക്കലും അംഗീകരിക്കുകയില്ല.
വളരെ ലളിതമായ ഒരു ചോദ്യത്തോടു കൂടി ഈ വിഷയം ഇവിടെ ഉപസംഹരിക്കാം. സ്വന്തം മതത്തിന്റെ പേരിൽ അന്യമതസ്ഥരെ ദ്രോഹിക്കുന്ന ഒരു മതവിശ്വാസി, നിരുപദ്രവകാരിയായ ഒരു നാസ്തികൻ – ഇവരിൽ ആരായിരിക്കും ദൈവതിരുമുമ്പിൽ അഭിമതരും, അനഭിമതരുമായി വരുന്നത്? ഒരു ശരിയായ ദൈവവിശ്വാസിക്ക് ഇതിന് വേഗം ഉത്തരം കിട്ടും. എന്നൽ പൗരോഹിത്യ തിയോളജിയുടെ വർഗീയ കുഴൽ കണ്ണാടിയിൽ കൂടി നോക്കി ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് വികൃതമാക്കാതിരുന്നാൽ മതി. ഇന്നത്തെ സ്ഥാപനവത്കരിക്കപ്പെട്ട വ്യവസ്ഥാപിത മതങ്ങൾ പലപ്പോഴും മനുഷ്യനും ദൈവത്തിനുമെതിരാണ്. ഈ സാഹചര്യത്തിൽ ഒരു മതാതീത ആത്മീയത രൂപപ്പെടേണ്ടിയിരിക്കുന്നു. ഈശ്വരവിശ്വാസികളെല്ലാവരും ഈ ആശയം ഉൾക്കൊണ്ടുള്ള ഒരു പ്രേക്ഷിതവേലയ്ക്ക് സന്നദ്ധരാകേണ്ടിയിരിക്കുന്നു. കാരണം ഇവിടെ ചേരിതിരിവുകളില്ല, തർക്കമില്ല, വഴക്കും വക്കാണവുമില്ല. പള്ളിപൊളിക്കേണ്ട, അമ്പലം കത്തിക്കേണ്ട, ചാവേറുകൾ വേണ്ട, മനുഷ്യബോംബും വേണ്ട, മതാധികാരികളും പുരോഹിതരും അനുശാസനങ്ങളും അനുഷ്ഠാനകർമങ്ങളും നേർച്ചപ്പെട്ടികളും വേണ്ട. ഇതൊന്നുമില്ലാത്ത ഒരു സുന്ദരമായ സാമൂഹ്യരീതി. മതത്തിന്റെ ദൂഷിതവലയങ്ങളില്ലാതെ, ബുദ്ധിസവും ഗാന്ധിസവുമൊക്കെ നിലനിൽക്കുന്നതുപോലെ ഇന്ന് ഏറെ കലുഷിതമായിരിക്കുന്ന മത-സാമൂഹ്യ
ചുറ്റുപാടിൽ മതാതീതമായ ഒരു ചിന്തയിൽ കൂടി മാത്രമേ ലോകസമാധാനം സാധ്യമാവുകയുള്ള.