പ്രണയോന്മാദത്തിലാണ്ട് പെണ്ണെഴുതിയ കവിതകളുടെ
വ്യത്യസ്തത സാഫോയുടെ കവിതകൾ മുതൽ കേട്ടുതുടങ്ങിയതാണ്.
ഇന്ത്യൻ സാഹിത്യത്തിലത് ഗുപ്തമാക്കപ്പെട്ട
ഈശ്വരപ്രണയത്തിന്റെ സ്വരത്തിലാണ് മീരാഭായിയുടെയും
അക്കമഹാദേവിയുടെയും രചനകളിൽ കടന്നുവന്നത്.
സുഗതകുമാരി കൃഷ്ണപ്രേമത്തെ ഗൂഢാനുരാഗമെന്ന
നിലയിൽ ശരീരത്തെ മാറ്റിനിർത്തിക്കൊണ്ടെഴുതിയപ്പോഴും
കൃഷ്ണനെ കാണുവാൻ മാത്രം മോഹിക്കുന്ന ഗോപികാചിന്ത
കൾ നിറയുന്ന കവിതയ്ക്ക് ‘അഭിസാരിക’ എന്ന് പേരു
നൽകിയിട്ടുണ്ട്. പെണ്ണിന്റെ അനുരാഗാവിഷ്കാരങ്ങളെ മലയാളി
വായനക്കാർ ഭയാരാധനകളോടെ തിരിച്ചറിഞ്ഞിട്ടുള്ളത്
കമലാദാസിന്റെ കവിതകളിലാണ്. ”കൃഷ്ണാ നിന്റെ ശരീരം
എന്റെ തടവറയാണ്” എന്നെഴുതിക്കൊണ്ട് കമലാദാസ്
പ്രണയോന്മാദം നിറയുന്ന വരികളാൽ മലയാളിയുടെ സദാചാര
മൗഢ്യങ്ങളെ അഭിരതിയുടെ കാറ്റിലുലച്ചു. പ്രണയത്തെ
ഉടലിലെ പച്ചയുടെ വർണങ്ങളിൽ ആഴത്തിൽ കോറിയിട്ട
വി.എം. ഗിരിജയുടെ ‘പ്രണയം ഒരു ആൽബവും’ പ്രണയമദ
ത്തിൽ ത്രസിക്കുകയും വിതുമ്പുകയും ഉന്മത്തമാവുകയും
ചെയ്യുന്ന പെണ്ണനുഭവങ്ങളെ വരയ്ക്കുന്ന മ്യൂസ്മേരിയുടെ
‘രഹസ്യേന്ദ്രി’യങ്ങളും പ്രണയത്തിന്റെ പെണ്ണടയാളങ്ങളെ
വീണ്ടും ഓർമിപ്പിക്കുന്ന സാന്ദ്രീകരിക്കപ്പെട്ട കാവ്യപാഠങ്ങളായി
രുന്നു. ”കാടോർമയെ തിരിച്ചുകിട്ടുമ്പോൾ ആയിരം ജന്മം
തിരിച്ചുനൽകുക”യെന്ന് സഹീറാ തങ്ങൾ ‘ആആശ്രമകന്യക’
യിലെഴുതുമ്പോൾ പ്രണയത്തിന്റെ കേൾക്കാതെ പോയതും
നൽകാതെ പോയതുമായ പെണ്ണനുഭവത്തിന്റെ കണ്ണീരുപ്പു
കലരുന്നുണ്ട്. വ്യവസ്ഥാപിതത്വത്തിന്റെ ദീർഘമൗനങ്ങളെ
കീറിമുറിച്ചുകൊണ്ടു കടന്നുവരുന്ന ഈ പ്രണയപാഠങ്ങൾക്ക്
മുഖ്യധാരയിൽനിന്നു ഭിന്നമായ ചിലതു സംവദിക്കുവാനുണ്ട്.
ബൃന്ദ ‘ലിപ് ലോക്ക്’ എന്ന കാവ്യത്തിൽ പ്രണയത്തിന്റെ
പൊതുധാരയിൽ നിന്നു വഴിമാറി സഞ്ചരിച്ച പെണ്ണിന്റെ
പ്രണയാകാശനടത്തങ്ങളെ ആഖ്യാനം ചെയ്യുന്നു. ആയിരത്തൊന്നു
വരികളുള്ള ഈ കാവ്യത്തിൽ പ്രണയത്തിന്റെ
ആനന്ദം അടിമുടി അറിയുന്ന പെൺമനസ്സാണുള്ളത്. പ്രണയ
സ്വീകർത്താവിന്റെ സ്ഥിരം ഭാഗധേയത്തെ പൂർണമായും
അഴിച്ചുകളഞ്ഞ് പ്രണയത്തിന്റെ അനുഭവസാമ്രാജ്യത്തെ സ്വയം
നേടിയെടുക്കുന്ന പെൺചിത്തമാണിവിടെയുള്ളത്.
‘ഞാൻ നിന്നെ പ്രേമിക്കുന്നു’ എന്ന വാക്യത്തെ ലൂസി
ഇറിഗാറെ തന്റെ ‘I love to you’ എന്ന ഗ്രന്ഥത്തിൽ പുനർവായിക്കുന്നുണ്ട്.
പ്രണയത്തിലെ നീയും ഞാനും തുല്യപങ്കാളിത്ത
മുള്ളവരായിരിക്കണമെന്ന തിരിച്ചറിവാണ് ഈ പുനർവായനയി
ലുള്ളത്. ”ഞാൻ അത്രമേൽ നിന്നിൽ അനുരാഗവിവശയാണെ
ന്ന്” എഴുതിക്കൊണ്ട് ഞാൻ, നീ എന്നീ വ്യവസ്ഥാപിത
നിലകളെ ബൃന്ദ ‘ലിപ് ലോക്കി’ന്റെ പ്രാരംഭ ഭാഗത്തുതന്നെ
തകിടം മറിക്കുന്നു. ”ഇനി ഞാൻ നിനക്കു പ്രണയത്തെക്കുറിച്ച്
പറഞ്ഞുതരാം” എന്നു മൊഴിയുന്ന പെണ്ണനുഭവ കർതൃത്വ
ത്തിന്റെ സ്വരഭേദങ്ങൾ ‘ലിപ് ലോക്കി’ലുടനീളമുണ്ട്. ”വെയിൽ
നിറയെ പൂക്കുന്ന ഒരു വൃക്ഷമായി ഞാൻ നിന്നെ ഏറ്റവും
മിഴിവാർന്നു ദർശിക്കുന്നു” എന്നെഴുതുമ്പോഴും ‘എന്റെ’
കാഴ്ചയും അനുഭവങ്ങളുമാണ് പ്രത്യക്ഷമാകുന്നത്. ”ഞാൻ
ഇങ്ങനെ ഓർക്കുന്നതുകൊണ്ടാണ് നീ നിലനിൽക്കുന്നതെന്നും
നിനക്ക് അസ്തിത്വമുള്ളതെന്നും” തന്റേതായ കാഴ്ചയിൽ
പ്രണയിയെയും പ്രണയത്തെയും നിർവചിക്കുന്ന പെൺപരി
പ്രേക്ഷ്യം ഈ കവിതയിലുണ്ട്. ”ഞാൻ ഒരു മദിരാലയം
നിർമിക്കുകയാണ്. നീയാണെന്റെ ലഹരി. എനിക്കിഷ്ടമുള്ള
പാത്രങ്ങളിൽ ഞാൻ നിന്നെ നിറയ്ക്കും” എന്ന വരികളിൽ
മദ്യത്തേക്കാൾ ലഹരിദായകമായ പ്രണയത്തിൽ വിശ്വസി
ക്കുന്ന പെൺചിത്തമാണുള്ളത്. പ്രണയകർതൃത്വത്തെ
തിരിച്ചറിയുന്ന നോട്ടങ്ങൾ ഈ പ്രണയകാവ്യത്തിന് ഭിന്നത
പകരുന്നു.
ലൈംഗികരാഷ്ട്രീയത്തിലെ യാഥാസ്ഥിതികത്വത്തെ
അട്ടിമറിക്കുന്ന വരികൾ ഈ കാവ്യത്തിലുണ്ട്. ”അതുകൊ
ണ്ടാണ് ഒരു ലജ്ജയും കൂടാതെ ഞാൻ നിന്നെ ആലിംഗനം
ചെയ്യുന്നത്” എന്നെഴുതുമ്പോഴും ”നിന്റെ കാതുകൾ എന്റെ
ചുംബനങ്ങളെ കേൾക്കുന്നതിനുവേണ്ടി മാത്രമാണെന്ന്”
രേഖപ്പെടുത്തുമ്പോഴും ലൈംഗികത പെണ്ണനുഭവത്തിന്റെ
ഭിന്നവഴികളിലൂടെ വൈചിത്ര്യങ്ങളോടെ അവതരിപ്പിക്കപ്പെടു
ന്നു. പെണ്ണിന്റെ പ്രണയകാവ്യത്തിൽ കടന്നുവരുന്ന ഉടലടയാളങ്ങൾ
മുഖ്യധാരാശരീരചിത്രങ്ങളെ വിനിർമിതി ചെയ്യുന്നതാണ്.
‘നിന്റെ നറുമണമുള്ള കൊഴുത്ത ഉമിനീർ, സുഗന്ധവസ്തുക്കൾ
പുരളാത്ത ഹൃദ്യഗന്ധമുള്ള മേനി, അലസമായലയാൻ വേണ്ടി
നെഞ്ചിൽ തീർത്ത രോമക്കാടുകൾ’ എന്നിങ്ങനെ നീളുന്ന
പ്രണയിയുടെ ശരീരം സ്ഥിരം സ്വഭാവോക്തി ചിത്രണങ്ങളെ
ഒഴിവാക്കുന്ന വ്യത്യസ്തമായ കാഴ്ചയെയാണ് ഉൾക്കൊള്ളുന്നത്.
‘ലിപ് ലോക്ക്’ ചുംബനത്തിന് കവി കണ്ടെത്തുന്ന പുതുപദമാണ്.
”അധരങ്ങളുടെ വിശ്രാന്തിയാണു ചുംബനമെന്നും”
”ഉള്ളിനെ സ്വതന്ത്രമാക്കിക്കൊണ്ടുള്ള ഉടലിന്റെ ധ്യാനമാണു
രതിയെന്നും” ആമുഖത്തിൽ ബൃന്ദ വ്യക്തമാക്കുന്നുണ്ട്. ”എല്ലായേ്പാഴും
നീ എന്റെ വന്യചുംബനങ്ങൾ ആഗ്രഹിക്കുന്നു” എന്ന
വരിയിൽ പെണ്ണിന്റെ ചുംബനങ്ങൾ വന്യമാണെന്ന തിരിച്ച
റിവുണ്ട്. ”എന്റെ അധരങ്ങൾ അടഞ്ഞുപോയിരിക്കുന്നു. അവ
സ്വതന്ത്രമല്ല. അവ വിശ്രമിക്കുകയാണ്. ആനന്ദിക്കുകയാണ്.
ധ്യാനിക്കുകയാണ്” എന്ന് ചുംബനത്തെക്കുറിച്ചെഴുതുമ്പോൾ
ഉടലനുഭവങ്ങളുടെ പെൺഭാഷണമാണ് കടന്നുവരുന്നത്. ഈ
രതിയും ചുംബനവും ഉടൽ അനുഭവത്തിന്റെ ചർമക്കുപ്പായത്തി
നുമപ്പുറം ആഴമുള്ളതാണ്. ”മൺപോളകളിൽ ഞാനുറങ്ങുമ്പോഴും
നിന്റെ ഉമ്മകളുടെ അടയാളം അവിടെയുണ്ടായിരിക്കട്ടെ”
എന്നെഴുതുമ്പോൾ മണ്ണായി മാറുന്ന ഉടലും മണ്ണിലും ജീവിക്കാവുന്ന
പ്രണയവും അറിവിന്റെ പാഠങ്ങളായി കടന്നുവരുന്നുണ്ട്.
”ഞാൻ പ്രണയമാണ് നീ വിഷമെന്ന് പറഞ്ഞ് എത്ര അകന്നു
നിന്നാലും നിന്നെ കഴിച്ച് മരിക്കാൻ ഞാനാഗ്രഹിക്കുന്നു” എന്ന
വരികളിൽ പ്രണയനിനവുകൾ മരണ ചിന്തകളുമായി ഇണങ്ങി
ച്ചേരുന്നു. പ്രണയത്തിന്റെ ആത്മീയത ഈ സ്നേഹപാഠങ്ങളിൽ
മിടിക്കുന്നുണ്ട്.
മണ്ണും ഉടലും ഇടകലരുന്ന അനുഭവസഞ്ചയമാണീ പ്രണയ
പുസ്തകത്തിലുള്ളത് ”രാത്രിയിൽ ആരും കാണാതെ മഞ്ഞുതുള
ള്ളികൾ പതിക്കുന്നതു പോലെ ഉടൽ രഹസ്യങ്ങളെ അന്വേഷി
ക്കും” എന്നും ”എപ്പോഴാണോ ശരീരത്തിലൂടെ പുഴ ഒഴുകാൻ
തുടങ്ങുന്നത് അപ്പോൾ മുതൽ നീ പ്രണയത്തിലായിക്കഴിഞ്ഞു”
എന്നും പ്രണയത്തെ രേഖപ്പെടുത്തുമ്പോൾ ഉടലും പ്രകൃതിയും
ഇടകലരുന്ന പ്രണയരൂപകങ്ങൾ കടന്നു വരുന്നു. ഇവിടെ
പെണ്ണിന്റെ പ്രണയാവിഷ്കരണത്തിൻ പ്രകൃതി, പശ്ചാത്തല
ഭംഗിയോ കാഴ്ചയ്ക്കാനന്ദം പകരുന്ന ഭൂപ്രദേശമോ അല്ല. ഉടൽ
ഞരമ്പുകളിൽ ഒഴുകുന്ന പച്ചരസത്തിന്റെ ജീവൻ ഈ
പ്രണയാവിഷ്കരണങ്ങൾക്ക് ഹരിതമിഴികൾ നൽകുന്നു. ”എന്റെ
കാലുകൾ ഭൂമിക്കടിയിൽ അമർന്നിരിക്കുന്നു. കൈകൾ വളർന്ന്
ആകാശത്തിനെ വഹിക്കുന്നു. നക്ഷത്രങ്ങളെ മാലയാക്കി
ഞാൻ കഴുത്തിലണിഞ്ഞിരിക്കുന്നു. സൂര്യചന്ദ്രൻമാരോടു
വർത്തമാനം പറയുന്നു…… പ്രകൃതിനിറയെ ഇപ്പോൾ പൂവുകളാണ്”.
ഇവിടെ പെണ്ണുടൽ പ്രകൃതിയാകുന്ന രാസപരിണാമം
സംഭവിക്കുന്നു. ഉർവരതയുടെ അടയാളങ്ങളെ ശരീരത്തിൽ
വഹിച്ചു കൊണ്ടാണ് പെണ്ണ് പ്രണയോന്മാദത്തിൽ ഉൾച്ചേരുന്ന
ത്. മഞ്ഞുനാട്ടിൽ നിന്നുവരുന്ന ദേശാടനക്കിളികളെപ്പോലെ
വഴിതെറ്റാതെ ദുർഗമമായ പാതകൾ താണ്ടി പ്രണയിനി പ്രണയ
വിദൂരതകളിലെത്തുന്നതായി ഈ കാവ്യത്തിൽ വിവരിക്കുന്നു.
പ്രണയത്തിലാകുന്ന പെണ്ണ് ആർദ്രത നിറഞ്ഞ പ്രപ
ഞ്ചത്തെ സ്വപ്നം കാണുന്നുണ്ട്. കരുണ രസം കരകവിയുന്ന
കൺകോണുകളാണവൾക്കുള്ളത്. അവളുടെ സ്വപ്നത്തിൽ
നന്മമരങ്ങൾ പൂക്കുന്നു. പ്രണയസ്വാർത്ഥതയുടെ മറുപുറമെന്ന
വണ്ണം നീതി വിളയുന്ന ഇടങ്ങളെ പെണ്ണ് വരച്ചു ചേർക്കുന്നു.
മഴയുടെ ചിത്രം വരയ്ക്കാനേല്പിച്ച കുട്ടി അമ്മ വഴക്കു
പറഞ്ഞതുകൊണ്ട് കണ്ണീരൊഴുക്കിയപ്പോൾ മുഖമാകെ
മഴയാണെന്നു മൊഴിയുമ്പോഴും വെയിൽ വരയ്ക്കാനേല്പിച്ച വൃദ്ധ
വെടിച്ചുകീറിയ പരുപരുത്ത കാൽവെള്ള കാട്ടി ഇതിലേറെ
വെയിലിനെ ഒരു സൂര്യനും വരയ്ക്കാൻ കഴിയില്ലെന്ന്
പറയുമ്പോഴും ഉടലിൽ മുദ്രിതമാകുന്ന പ്രകൃത്യനുഭവങ്ങളാണ്
കടന്നുവരുന്നത്. ഇവിടെ കുട്ടിയുടെ ദു:ഖവും വൃദ്ധയുടെ വരണ്ട
ജീവിതവും പ്രണയാന്വേഷണത്തിനിടയിൽ കവിയുടെ കണ്ണി
ലുടക്കുന്ന ജീവിത ദൃശ്യങ്ങളാണ്. ഒപ്പം കുളിച്ചവരോട് യാത്ര
പറയാതെ പുഴച്ചുഴിയിലേക്ക് നടന്നുപോയവരുടെ വീടിനെ
വരച്ചുചേർക്കുവാൻ ബൃന്ദയുടെ പ്രണയകാവ്യത്തിനു സാധി
ക്കുന്നുണ്ട്. രാത്രിയിൽ തനിച്ചായിപ്പോയ പെൺകുട്ടിയെ
അപരിചിതനായൊരാൾ സുരക്ഷിതമായി വീട്ടിലെത്തിക്കുന്ന
തായി സ്വപ്നം കാണുന്ന നന്മവഴികളും ഈ പ്രണയപ്പുസ്തക
ത്തിൽ പതിഞ്ഞുകിടപ്പുണ്ട്. പ്രണയത്തിന്റെ സ്വാച്ഛന്ദ്യത്തെ
പ്രകൃതിയുടെ പച്ചയിലും ആകാശത്തിന്റെ തുറവിയിലും
ചേർത്തുവയ്ക്കുന്ന ഈ കാവ്യം നീതിബോധത്തിന്റെ സാരള്യ
ഭംഗികളെ ബിംബകല്പനകളിലും ഒറ്റ ദൃശ്യങ്ങളിലും സൂക്ഷ്മ
മായി ഇണക്കിച്ചേർത്തിരിക്കുന്നു. ഉറുമ്പുകളെപ്പോലും
നോവിക്കാത്ത പുൽനാമ്പുകൾക്ക് മൃദുവായ തലോടലാകുന്ന
പെണ്ണിന്റെ പ്രണയനടത്ത ഈ ആയിരത്തൊന്നുവരികളിൽ
തെളിയുന്നു.
പ്രണയകർതൃത്വം സ്ഫുരിക്കുന്ന പെണ്ണനുഭവങ്ങൾ തുറന്ന
ശബ്ദത്തിലാണ് ഈ കവിതയിൽ പ്രത്യക്ഷമാകുന്നത്.
ആദർശവത്കരിക്കപ്പെട്ടതും ഗുപ്തമാക്കപ്പെട്ടതും പതിഞ്ഞ
ശബ്ദത്തിലുള്ളതും പ്രതീകാത്മകത സ്ഫുരിക്കുന്നതുമായ
പെണ്ണിന്റെ പ്രണയാനുഭവ ഭാഷണത്തിൽ നിന്ന് ഭിന്നമായ
ശബ്ദം ഈ വരികളിൽ പ്രതിധ്വനിക്കുന്നുണ്ട്. ഉപഭോഗസംസ്കാരത്തിന്റെ
ആസക്തി നിറഞ്ഞ നോട്ടങ്ങളിൽനിന്ന് വഴിമാറി
നടക്കുന്ന, പെണ്ണിന്റെ പ്രണയത്തെ ഈ വരികൾ പ്രത്യക്ഷമാ
ക്കുന്നു. ഉടലുകൾ കൈമാറുന്ന രതിരഹസ്യങ്ങളെ എഴുതുമ്പോഴും
ആത്മാവും ഹൃദയവും മേഞ്ഞുനടക്കുന്ന പ്രണയ
ത്തിന്റെ താഴ്വരകളെ സങ്കല്പനം ചെയ്യുവാൻ ഈ കാവ്യത്തിനു
സാധിക്കുന്നു. പ്രണയത്തിന്റെ തുറന്ന ഭാഷണം നടത്തുന്ന
പെണ്ണിന് ലോകം വിമർശനത്തിന്റെ മുൾക്കിരീടങ്ങൾ
സമ്മാനിച്ചിട്ടുണ്ട്. മുൾക്കിരീടത്തിന്റെ രക്താങ്കനങ്ങളിൽ നിന്ന്
പനിനീർപ്പൂക്കളെ വിരിയിച്ച് ലോകത്തിന് നേരെ കൊഞ്ഞനം
കുത്തുവാൻ ബൃന്ദയുടെ പ്രണയഭാഷണങ്ങൾ കരുത്ത് നേടട്ടെ.