പശ്ചിമഘട്ടം വിശാലമായ ഭൂവിഭാഗം മാത്രമല്ല, പാരിസ്ഥിതികമായ അവബോധം കൊണ്ടുതീര്‍ത്ത ഒരു സംസ്‌കാരംകൂടിയാണ്. വികസനത്തിന്റെയും കൃഷിയുടെയും പിന്‍ബലത്തില്‍ ഒരു പ്രദേശത്തെ ഇടിച്ചുനിരത്തുമ്പോള്‍ മ്ലേച്ഛമായ സാംസ്‌കാരിക പീഡനം കൂടിയാണ് നടക്കുന്നതെന്ന കാര്യം അധികാരവാഹകര്‍ അറിയുന്നില്ല. വികസനവും പ്രകൃതി സംരക്ഷണവും വിരുദ്ധധ്രുവങ്ങളില്‍ വിഹരിക്കുന്നവയാണെന്ന് വരുത്തിത്തീര്‍ക്കുന്നവരുടെ ലാഭക്കൊതിക്കു മുകളിലാണ് പശ്ചിമഘട്ടം ഭയംകൊണ്ട് വിറകൊള്ളുന്നത്. രാഷ്ട്രീയവും മതവും കൈകോര്‍ത്തു നടത്തുന്ന അവിശുദ്ധ ആക്രമണങ്ങള്‍ക്ക് ദൈവത്തോടു മാത്രമല്ല ചരിത്രത്തോടും മാപ്പുപറയേണ്ടിവരും എന്ന കാര്യത്തില്‍ സംശയമില്ല. മണ്ണും വായുവും ജലവും കുതന്ത്രങ്ങളിലൂടെ അളന്നെടുക്കുന്ന ആര്‍ത്തിപ്രവണതയ്ക്കു മുമ്പില്‍ സാധാരണജീവിതം പരിഭ്രമിച്ചുനില്‍ക്കുകയാണ്. എങ്കിലും ഒറ്റപ്പെട്ട മനുഷ്യരുടെ നീണ്ട നിലവിളികളുടെ മൂര്‍ച്ചയുള്ള പ്രതിധ്വനികളാണ് പ്രകൃതിയുടെ ജീവനെ നേര്‍മയോടെയെങ്കിലും പിടിച്ചുനിര്‍ത്തുന്നത്. പശ്ചിമഘട്ടത്തിന്റെ കാര്യത്തിലും നന്മ ഖനനം ചെയ്‌തെടുത്ത ചില കൂട്ടായ്മകളാണ് മലനിരകള്‍ക്കു മുകളില്‍ സാന്ത്വനമായ് നിറയുന്നത്. അത്തരമൊരു കൂട്ടായ്മയുടെ സമരവീര്യം തിളയ്ക്കുന്ന ലേഖനസമാഹാരമാണ് ‘മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും’.
കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 16000 കിലോമീറ്റര്‍ നീളമുള്ള പശ്ചിമഘട്ട മലനിരകള്‍ ജൈവവൈവിദ്ധ്യങ്ങളുടെ ഏറ്റവും സമ്പന്നമായ കലവറയാണ്. ലോകത്തിലെ അതീവസമൃദ്ധമായ 35 ജൈവവൈവിദ്ധ്യ മേഖലകളിലൊന്നാണ് പശ്ചിമഘട്ടം. ലോക പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ച പശ്ചിമഘട്ട മലനിരകളെ ആശ്രയിച്ചാണ് ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലെ കോടിക്കണക്കിനു ജനങ്ങളുടെ ഭാവി വികസനം നില്‍ക്കുന്നത്. ഇത്തരം പാരിസ്ഥിതിക സംരക്ഷണമൂല്യം ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശം, ആര്‍ത്തിക്കാരുടെ കൈയിലകപ്പെട്ട ആധുനിക ജീവിതം, യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇടിച്ചുനിരത്തുന്നതിനെതിരെ ഉയര്‍ന്നുവന്ന ജൈവപക്ഷ ശബ്ദങ്ങളാണ് 1910-ല്‍ ഒരു കമ്മീഷനെ നിയമിക്കാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിച്ചത്. കേന്ദ്രപരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് അധികാരത്തിലിരിക്കുേമ്പാഴായിരുന്നു പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട പതിനാലംഗ പാനല്‍ കമ്മിറ്റി നിലവില്‍ വന്നത്. പാനലിെന്റ തലവനായി പ്രമുഖ പരിസ്ഥിതി ശാസ്ര്തജ്ഞന്‍ മാധവ് ഗാഡ്ഗിലിനെ ഗവണ്‍മെന്റ് നിയമിച്ചു. 2011-ല്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഒന്‍പതുമാസങ്ങളോളം ഉറങ്ങിക്കിടന്ന റിപ്പോര്‍ട്ട് ഉണര്‍ത്തിയെടുക്കുന്നതിനുവേണ്ടി വിവരാവകാശനിയമത്തിന്റെ പിന്‍ബലം ആവശ്യമായിവന്നു.
പ്രതീക്ഷകള്‍ക്കു വിരുദ്ധമായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കുടത്തില്‍ നിന്ന് പുറത്തുചാടിയ ഭൂതത്തിന്റെ അവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. അതോടെ ഗാഡ്ഗിലിനെ ചൊല്ലി കേരളം കൃത്യമായ രണ്ട് പക്ഷങ്ങളിലേക്ക് പിളര്‍ക്കപ്പെടുകയായിരുന്നു. ഒന്നാമത്തെ വിഭാഗം മതത്തെയും രാഷ്ട്രീയത്തെയും കര്‍ഷകരെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഗാഡ്ഗില്‍ കമ്മിറ്റിയെ ക്രൂരവിചാരണയ്ക്ക് വിധേയമാക്കി. ആഭാസകരമായ ആക്രമണ രാഷ്ട്രീയം അഴിച്ചുവിട്ടുകൊണ്ട് അവര്‍ പൊതുജനപിന്തുണ ആര്‍ജിച്ചെടുത്തു. മതത്തിന്റെ പിന്‍ബലത്തില്‍ പുരോഹിതര്‍ പൊതുനിരത്തുകളില്‍ യുദ്ധാഹ്വാനംവരെ നടത്തി! അതേസമയം മറുപക്ഷം നേര്‍ത്ത് ചുരുങ്ങിയതെങ്കിലും കൃത്യമായ നിലപാടിലൂടെ ഇരയുടെ പക്ഷത്തു ചേര്‍ന്നുനിന്നുകൊണ്ട് പരിസ്ഥിതിയുടെ മനുഷ്യപക്ഷരാഷ്ട്രീയം അവതരിപ്പിച്ചു. തുറന്ന ചര്‍ച്ചയ്ക്കും സംവാദങ്ങള്‍ക്കുമുള്ള വേദിയായി ഇരയുടെ പക്ഷം നന്മയുള്ളവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. അത്തരം ചര്‍ച്ചകള്‍ക്കു വേണ്ടി ഉയര്‍ന്നുവന്ന ലേഖനങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരമാണ് ‘മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും’ എന്ന കൃതി. അക്ഷരങ്ങള്‍ നടത്തുന്ന ധീരമായ ആശയസമരത്തിന്റെ പ്രോജ്വലമായ കുതിപ്പുകളെയാണ് ഈ കൃതി പ്രതിനിധാനം ചെയ്യുന്നത്.
ഇരുപത്തിയേഴ് വര്‍ഷംമുന്‍പ് പശ്ചിമഘട്ടം അഥവാ സഹ്യാദ്രി ദക്ഷിണേന്ത്യയുടെ ജീവനാഡിയാണെന്ന അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിനും സഹ്യപര്‍വത പ്രദേശങ്ങളുടെ നിലനില്പിനു ഭീഷണിയായ പ്രശ്‌നങ്ങളെ സമൂഹമദ്ധ്യത്തില്‍ കൊണ്ടുവരുന്നതിനുമായി നടത്തിയ പശ്ചിമഘട്ട രക്ഷായാത്രയുടെ തീക്ഷ്ണമായ അനുഭവങ്ങളെ അക്ഷരരൂപത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ് ‘കാല്‍ നൂറ്റാണ്ടായ കാലടികള്‍’ എന്ന ആദ്യലേഖനത്തിലൂടെ എ. മോഹന്‍ കുമാര്‍. പാരിസ്ഥിതിക ആശങ്കകളെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നവതരിപ്പിക്കുന്നതിലൂടെ വലിയൊരു ജനപങ്കാളിത്തം യാത്രയ്ക്കു ലഭിച്ചുവെന്ന് യാത്രയുടെ ദക്ഷിണ മേഖലാ കോ-ഓര്‍ഡിനേറ്ററായിരുന്ന ഡോ. എ. മോഹന്‍ കുമാര്‍ സ്വാനുഭവത്തിലൂടെ വിശദമാക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ഡോ. വി.എസ്. വിജയനുമായി കെ. ശ്രീജിത്ത് നടത്തിയ അഭിമുഖം റിപ്പോര്‍ട്ടിനെ അടുത്തറിയാന്‍ സഹായിക്കുന്നതോടൊപ്പം അധികാരവര്‍ഗം ഒളിച്ചുകടത്തുന്ന നേരറിവുകളെ ശുദ്ധി ചെയ്തു പുറത്തെടുക്കാനും ഏറെ സഹായകമാവുന്ന ഒന്നാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്ത് നെല്ലും പതിരും തിരിച്ചറിയാനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. അതുപോലെതന്നെ ‘ഒരു തുള്ളി വെള്ളം, ഒരില, ഒരുതരി മണ്ണ്’ എന്ന വി.എസ്. വിജയന്റെ ലേഖനം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മര്‍മപ്രധാന കാര്യങ്ങളെയാണ് കൃത്യതയോടെ സ്പര്‍ശിക്കുന്നത്. പരിസ്ഥിതിലോലപ്രദേശങ്ങള്‍ (ഋഡമഫമഥധഡടഫ ണേഭലധളധവണ ഘമഭണ) അവയുടെ പ്രാധാന്യമനുസരിച്ചുള്ള വിഭജനവും അവയ്ക്കുമേലുള്ള കരുതല്‍ നിയന്ത്രണവും പ്രസ്തുത ലേഖനം ജാഗ്രതയോടെ വിനിമയം ചെയ്യുന്നു. റിപ്പോര്‍ട്ടുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുപെരുപ്പിച്ചാണ് ‘പ്രകൃതിവിരുദ്ധര്‍’ ജനങ്ങളെ സമരമുഖത്തേക്ക് അഴിച്ചുവിട്ടതെന്ന ഉറച്ചസത്യത്തിലേക്കാണ് ഈ ലേഖനം വിരല്‍ ചൂണ്ടുന്നത്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തെറ്റിവായനയിലേക്ക് വീഴ്ത്തിക്കൊണ്ട് വേട്ടക്കാര്‍ നടത്തിയ താത്കാലിക വിജയമായിരുന്നു കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിെന്റ കടന്നു വരവ്. ഗാഡ്ഗില്‍ കമ്മിറ്റിയെ നിശിത വിമര്‍ശനത്തിനു വിധേയമാക്കി കേന്ദ്രസര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കു കയുമായിരുന്നു കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ചുമതല. ന്യൂനതകള്‍ പരിഹരിക്കുക എന്ന ഉത്തരവാദിത്വത്തെ മറികടന്നുകൊണ്ട് പുതിയൊരു റിപ്പോര്‍ട്ടുണ്ടാക്കി പശ്ചിമഘട്ടത്തിനു മേല്‍ മറ്റൊരു പ്രതിവിപ്ലവം നടത്തുകയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി ചെയ്തത്. തീര്‍ത്തും ജനവിരുദ്ധവും പ്രകൃതിവിരുദ്ധവും അബദ്ധജടിലവുമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള ജനങ്ങളുടെ വെറുപ്പ് വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് സഹായിച്ചത്. കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ അലസ നിഗമനങ്ങള്‍ കര്‍ഷകര്‍ക്കും മാഫിയകള്‍ക്കും അവരുടെ ആയുധമൂര്‍ച്ച കൂട്ടാന്‍ സഹായകമായി എന്നതു മാത്രമാണ് പുതിയ കമ്മിറ്റിയുടെ പ്രതിലോമകരമായഫലം! കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിെന്റ ബദല്‍ അന്വേഷണം എന്ന പൊള്ളത്തരത്തെ സുക്ഷ്മതയോടെ പൊളിച്ചടുക്കുന്ന ഒന്നാണ് ഡോ. എ. ലതയുടെ ‘കസ്തൂരിരംഗന്‍ പശ്ചിമഘട്ടത്തെ നശിപ്പിക്കും’ എന്ന ലേഖനം.
കുടിയേറ്റത്തിന്റെയും കൈയേറ്റത്തിന്റെയും രാഷ്ട്രീയഭൂപടമായി മാറുന്ന വായനാടിന്റെ വര്‍ത്തമാനകാലചരിത്രമാണ് എസ്. സതീഷ്ചന്ദ്രന്‍ ‘ആ അതിര്‍ത്തി കാടു വരച്ചതല്ല’ എന്ന കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. കാടിന്റെ അതിര്‍ത്തികള്‍ മാറ്റി വരച്ച് ഇല്ലാതാക്കുന്ന മാന്ത്രികരസികത്വം ആവാഹിച്ചെടുത്ത കുടിയേറ്റ ക്വാറിമാഫിയ ജീവിതം സ്വയം വിനാശം വാരിപ്പുതയ്ക്കുന്നതിന്റെ ആധിയുടെ പെരുക്കങ്ങളാണ് എസ്. സതീഷ്ചന്ദ്രന്റെ വിമര്‍ശനത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ‘കാടിനെ ചെന്നു തൊടുമ്പോള്‍’ എന്ന എന്‍.എ. നസീറിന്റെ ലേഖനമാകട്ടെ പച്ചപ്പിന്റെ വന്യതയെ ഹൃദയംകൊണ്ട് തൊടുന്ന മനുഷ്യസ്‌നേഹിയുടെ ആത്മരൂപമാണ് പ്രതിഫലിപ്പിക്കുന്നത്. കാടിനെ ഹൃദയംകൊണ്ട് ക്ലിക്ക് ചെയ്യുന്നതോടൊപ്പം കാടുകള്‍ നോക്കിനില്‍ക്കുേമ്പാള്‍ മാഞ്ഞുപോകുന്നതിന്റെ സങ്കടവും വേവലാതിയും നസീര്‍ ദൃശ്യഭാഷയില്‍ വരച്ചിടുന്നു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പശ്ചിമഘട്ട സംരക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെയാണ് ഊന്നിഉറപ്പിക്കുന്നത്. കൃഷിരീതിയെയും വികസനത്തെയും ശാസ്ര്തബോധത്തെയും സ്പര്‍ശിച്ച് ഒരു പുതിയ ജൈവ സംസ്‌കാരത്തെ നിര്‍മിക്കുവാന്‍ പ്രസ്തുത റിപ്പോര്‍ട്ട് പ്രേരണ നല്‍കുന്നു. ഒപ്പം ശാസ്ര്തത്തിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കുനേരെ ഉഗ്രമായ താക്കീത് നല്‍കുകയും ചെയ്യുന്നു. ഇത്തരമൊരാശയത്തെയാണ് ‘ശാസ്ര്തത്തിന്റെ പ്രായശ്ചിത്തം’ എന്ന ലേഖനത്തിലൂടെ ഇ. ഉണ്ണികൃഷ്ണന്‍ വിശകലനം ചെയ്യുന്നത്. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പരിമിതികളെ തൊട്ടറിഞ്ഞ്, കമ്മിറ്റി നിര്‍േദശിക്കുന്ന നിഗമനങ്ങളും ശിപാര്‍ശകളും പരിശോധിച്ച് വിപ്ലവകരമായ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ് ‘സഹ്യന്റെ പരിമിതികള്‍’ എന്ന ലേഖനത്തിലൂടെ ഡോ. സി.ടി.എസ്. നായര്‍. ഗൗരവമായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടാവുന്ന ചെറിയ ന്യൂനതകളുടെ പേരില്‍ റിപ്പോര്‍ട്ടിനെ ഭസ്മീകരിക്കുവാന്‍ നടക്കുന്നവരുടെ തികഞ്ഞ വിവരക്കേടിലേക്കാണ് ഡോ. സി.ടി.എസ്. നായരുടെ കത്തുന്ന ചോദ്യങ്ങള്‍ തീപാറിക്കുന്നത്.
പശ്ചിമഘട്ടസംരക്ഷണവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ആദിവാസിജീവിതത്തെ ഏതുവിധത്തിലാണ് അഭിസംബോധന ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനമാണ് കെ.പി. നിധീഷ് കുമാര്‍ എഴുതിയ ‘ഏങ്കാക്കു ചത്തുപോയ കുയിച്ചിട്ടുവാ തലവുകാണി….!’
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന തനത് സംസ്‌കാരമാണ് ആദിവാസികള്‍ ആവിഷ്‌കരിക്കുന്നത്. കൃഷിരീതി, ഭക്ഷണക്രമം, വീടുനിര്‍മാണം, വൈദ്യം തുടങ്ങിയ മേഖലകളിലൊക്കെ ഗോത്രജീവിതത്തിന് ഗാഡ്ഗില്‍ കമ്മിറ്റി നല്‍കുന്ന സുരക്ഷിതത്വത്തെ നിധീഷ് കുമാര്‍ ഉദാഹരണസഹിതം വിശദമാക്കുന്നു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള സംശയങ്ങളെ കൃത്യതയോടെ അഴിച്ചുനീക്കുന്ന ഒന്നാണ് ഡോ.എ. അച്യുതന്റെ ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട് : വിമര്‍ശനങ്ങള്‍ക്ക് മറുപടിയുണ്ട് ‘ എന്ന ലേഖനം. കൃത്രിമമായി മാഫിയ സമൂഹം ഉല്പാദിപ്പിച്ചെടുത്ത ആശങ്കകളെയാണ് പ്രസ്തുത ലേഖനം അറിഞ്ഞുവീഴ്ത്തുന്നത്. മാധവ് ഗാഡ്ഗിലുമായി ഐ. ഷണ്മുഖദാസ് നടത്തുന്ന അഭിമുഖത്തിലാകട്ടെ മൂടിമറയ്ക്കപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെ സത്യത്തിന്റെ ഉള്‍ക്കരുത്തുകൊണ്ട് ഉത്ഖനനം ചെയ്‌തെടുക്കുന്നതിന്റെ തീവ്രതയാണ് പ്രതിഫലിക്കുന്നത്. പ്രകൃതി സംരക്ഷണം ആധുനിക കാലത്തിന്റെ തീര്‍ച്ചയായ അനിവാര്യതയാണെന്ന് അഭിമുഖസംവാദങ്ങളിലൂടെ മാധവ് ഗാഡ്ഗിലിെന്റ ജീവിതം നമുക്കുമുന്നില്‍ തുറന്നുതരുന്നു. പരിസ്ഥിതി സംരക്ഷണവും സാമൂഹിക വികസന ത്തിലധിഷ്ഠിതമായ മാനവപുരോഗതിയും ഇഴചേര്‍ന്നുപോകുന്നതിനുള്ള സാധ്യതകളുടെ അരായാലായിരുന്നു മാധവ് ഗാഡ്ഗില് തന്റെ റിപ്പോര്‍ട്ടിലൂടെ നവലോകത്തിന് വെളിപ്പെടുത്തിയത്. അതാകട്ടെ വികസനത്തെ നന്മയുടെ പക്ഷത്തേക്ക് നീക്കിനിര്‍ത്തുന്ന ഏറ്റവും ശക്തവും ധീരവുമായ ശ്രമവുമായിരുന്നു. ഈ കൃതിയെ അതിന്റെ സമഗ്രത യോടെ തൊട്ടറിയുന്ന തരത്തില്‍ എഡിറ്റര്‍ മനില സി. മോഹന്‍ തയ്യാറാക്കിയ ആമുഖവും കൃതിയുടെ കൃത്യമായ പക്ഷത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്.
പഠനറിപ്പോര്‍ട്ടുകള്‍ പ്രായോഗികതലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങുേമ്പാഴാണ് അതിനുള്ളില്‍ മറഞ്ഞിരിക്കുന്ന കുറവുകളെ കണ്ടെടുക്കുവാന്‍ കഴിയുക. തുടര്‍പ്രവര്‍ത്തനങ്ങളിലൂടെയും ആരോഗ്യകരമായ ചര്‍ച്ചകളിലൂടെയും തിരുത്തി മുന്നേറിയാണ് അവ വിജയപഥത്തില്‍ പ്രവേശിക്കുന്നത്. പക്ഷേ, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിെന്റ കാര്യത്തില്‍ മതരാഷ്ട്രീയ മാഫിയ കൂട്ടുകെട്ടുകള്‍ അത്തരം സംശുദ്ധ സാദ്ധ്യതകളെ ആദ്യമേതന്നെ അടിയോടെ അട്ടിമറിച്ചുകളഞ്ഞു. അതിന്റെ അനന്തരഫലമായിരുന്നു വരിതെറ്റിച്ചും നുഴഞ്ഞുകയറിയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആധിപത്യംസ്ഥാപിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിെന്റ കാര്യത്തില്‍ ദുര്‍ബലതകള്‍ കണ്ടുപിടിക്കുന്നതിനു പകരം റിപ്പോര്‍ട്ടുതന്നെ കുഴിച്ചുമൂടപ്പെട്ടു! പരിമിതികളുടെ തെറിച്ചസാദ്ധ്യതകള്‍ ഗാഡ്ഗില്‍ കമ്മിറ്റിയെയും പിടികൂടിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പരിസ്ഥിതിലോലമേഖലയെ തരംതിരിച്ച രീതിയില്‍ ഗുരുതരമായ അസമത്വം നിലനില്‍ക്കുന്നുണ്ട്. പ്രകൃതിസംരക്ഷണം പശ്ചിമഘട്ട മേഖലകളില്‍ താമസിക്കുന്നവരുടെ കുത്തുകയാണെന്ന കണ്ടെത്തലും പുന:പരിശോധിക്കേണ്ടതാണ്. അതേസമയം അശാസ്ര്തീയമായ കാര്യങ്ങളെ ഗ്രാമപഞ്ചായത്തുമായി കൂടിയാലോചിച്ച് പരിഹരിക്കാനുള്ള നിര്‍ദേശവും വളരെ വ്യക്തതയോടെ റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതു മനസ്സിലാക്കാതെ ചെറിയ തെറ്റുകൊണ്ട് വലിയ ശരിയെ ബോധപൂര്‍വം മൂടിവയ്ക്കാനുള്ള ഭരണകൂടനയങ്ങളെയാണ് ഇവിടെ പൊതുവിചാരണയ്ക്ക് വിധേയമാക്കേണ്ടത്.
പ്രകൃതിയും മനുഷ്യനും വികസനവും പരസ്പര വിരുദ്ധമായി ശത്രുപക്ഷത്ത് നില്‍ക്കേണ്ടവയല്ല. ഇവയെ വിരുദ്ധപക്ഷത്ത് നിര്‍ത്താന്‍് മത്സരിക്കുന്നവര്‍ വേട്ടക്കാരന്റെ ന്യായീകരണങ്ങളെയാണ് ഉല്പാദിപ്പിക്കുന്നത്. പൊതുചര്‍ച്ച ആവശ്യപ്പെടുന്ന പ്രശ്‌നങ്ങളെ മതത്തിന്റെ ഉള്ളിലേക്ക് തള്ളിനീക്കിയാല്‍ പിന്നീട് ചര്‍ച്ച നിര്‍വീര്യമാക്കപ്പെടുമെന്ന് ഗുണഭോക്താക്കള്‍ക്ക് നന്നായിട്ടറിയാം. ഇത്തരമൊരു സാഹചര്യത്തിലാണ് നന്മയുള്ളവരുടെ കൂട്ടായ്മ അനിവാര്യമാക്കുന്നത്. പ്രകൃതിയുടെ ചൂഷണത്തിനുമേല്‍ ഏറ്റവും ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലുള്ള ജൈവികോര്‍ജം മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും എന്ന കൃതിയില്‍ സംഭരിക്കപ്പെട്ടിട്ടുണ്ട്. അലസമനങ്ങളില്‍ അമര്‍ന്നിരിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ക്കുമേലാണ് കൃതി പ്രകോപനമായി പ്രതികരിക്കുന്നത്. കൃത്യമായപക്ഷം പുലര്‍ത്തുന്ന സമാഹാരം സമരമുഖത്തേക്കുള്ള കരുതലിനെയാണ് ഓര്‍മിപ്പിക്കുന്നത്. അതുതന്നെയാണ് ഈ കൃതിയുടെ സൈദ്ധാന്തിക വിജയവും.
മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും
(പരിസ്ഥിതിപഠനം)
എഡിറ്റര്‍
മനില സി. മോഹന്‍
മാതൃഭൂമി ബുക്‌സ്
വില: 150