പനിയുടെ നിറമുള്ള
ഒരു പ്രണയകവിത എഴുതണം!
മഴയുമ്മകൾ നിറഞ്ഞ
പാതിരാവിൽ
അവൾ കാതിൽപ്പറഞ്ഞത്.
കടുംകാപ്പിയുടെ മട്ട്
ജനലിലൂടെ ഒഴിച്ച്
മുറി വൃത്തികേടാക്കിയ
നിലാമഴയിൽ,
ചുട്ടുപൊള്ളിയ
നെഞ്ചിലെ ചുടുതാളം
അവൾ കാതേറ്റിയ
കടും രാവിൽ,
മഴയൊച്ച കേട്ടുകേട്ട്
പനി പകരാതെ
കാത്തു കാത്ത്
ഞങ്ങൾ ഒഴുകിപ്പോയ
കടലാസു കപ്പലിന്റെ
മഞ്ഞ നിറത്തിൽ
പനിയിലൂടെ വീണ്ടും വീണ്ടും
മഴയെ തിരികെയെത്തിക്കണം!
ചുമയുടെ താരാട്ടിൽ
വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയിൽ
പനിയുടെ ചൂട്
വെന്തു നീറിക്കിടന്നിരുന്നു!
അനാഥനാക്കപ്പെട്ടവനെ
കെട്ടിപ്പുണർന്ന്
പ്രണയിക്കുവാൻ വന്ന
രാജകുമാരിയാണ് പനി !
അവളുടെ സാമ്രാജ്യത്തിൽ
അകന്നുപോയ ഒച്ചകളെത്തേടി
പറന്നു പോകില്ല
ഒരു രാത്രിയും!
പനിയുടെ മണമുള്ള കവിത
അവളിലേക്കെത്തിക്കുന്നു
ഓരോ നിമിഷവും!
എപ്പോഴാണ് പനിയുടെ
നിറമുള്ള പ്രണയകവിത
അവളിൽ
ആലേഖനം ചെയ്യുവാൻ
കഴിയുക?