മഹാനഗരത്തിൽ ഞായറാഴ്ച (19 /7 /2017) അരങ്ങേറിയ നാടക മത്സരത്തിൽ പനവേൽ മലയാളി സമാജം അവതരിപ്പിച്ച ഇഡിയറ്റ്സ് ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ഈ നാടകത്തിൽ തന്നെ അഭിനയിച്ച ശ്രീജിത്ത് മോഹൻ, ശ്രുതി മോഹൻ എന്നിവരാണ് ഏറ്റവും നല്ല നടനും നടിയും.
കേരള സംഗീത നാടക അക്കാഡമിയിൽ നിന്നും എത്തിയ വിധികർത്താക്കളാണ് വിജയികളെ തിരഞ്ഞെടുത്തത്.
എന്തുകൊണ്ടും മുംബൈ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക അനുഭവമായിരുന്നു കേരള സംഗീത നാടക അക്കാഡമി പശ്ചിമ മേഖല കമ്മിറ്റി നവി മുംബയിൽ നെരൂളിൽ സംഘടിപ്പിച്ച ഈ പ്രവാസി നാടകോത്സവം. രാവിലെ തുടങ്ങിയ നാടക മത്സരം അവസാനിച്ചത് രാത്രി 10 മണിയോടെയാണ്. കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവിയർ പുൽപ്പാട്ട് നാടക മത്സരം ഉദ്‌ഘാടനം ചെയ്തു. പശ്ചിമ മേഖല കമ്മിറ്റി ചെയർമാൻ കേളി രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പി. ഡി. ജയപ്രകാശ്, ട്രെഷറർ വി. എൻ. ഹരിഹരൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ഇത്തവണ അഞ്ചു നാടകങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ചൂതാട്ടക്കാരൻ (രചന: സുരേഷ് കണക്കൂർ; സംവിധാനം: കൃഷ്ണനുണ്ണി മായന്നൂർ; ട്രോംബെ മലയാളി സമാജം), ഇഡിയറ്റ് (പനവേൽ മലയാളി സമാജം), ദേവൂട്ടി ടയേഴ്‌സ് (വഡോദര മലയാളി സമാജം), നാം മഴയത്തു നിർത്തിയ ചിലർ (ഖാർഗെർ മലയാളി സമാജം), സ്വപ്നയാത്ര (മാട്ടുങ്ക കേരളീയ സമാജം) എന്നിവയാണ് മത്സരത്തിന് വേദിയിലെത്തിയ നാടകങ്ങൾ. നേരത്തെ കമ്മിറ്റിയിൽ സമർപ്പിച്ച 11 രചനകളിൽ നിന്നാണ് ഈ അഞ്ചു നാടകങ്ങൾ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. നിറഞ്ഞു കവിഞ്ഞ സദസ്സിനു മുന്നിലായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.