മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ജയ്ദീപ് ഡെയുടെകൊലപാതകം പുറത്തുവരാനിരിക്കുന്ന വാർത്തകളെ പേടിക്കുന്ന ആരൊക്കെയോ ഈ സമൂഹത്തിൽ ഉണ്ടെന്ന വസ്തുതയാണ് നമ്മുടെ മുന്നിൽ വീണ്ടും വെളിപ്പെടുത്തുന്നത്. പവായിൽ
അംബരചുംബികൾ മാത്രമുള്ള ഹിരാനന്ദാനി സെൻട്രൽ അവന്യൂവിൽ പകൽ വെളിച്ചത്തിൽ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു കൊലപാതകം എന്നതും ശ്രദ്ധേയമാണ്. റോഡുകൾപോലും ക്യാമറയുടെ നിരീക്ഷണവലയത്തിലുള്ള മുംബയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണത്. തങ്ങൾ വിചാരിച്ചാൽ എവിടെയും തങ്ങൾക്ക് കടന്നുചെല്ലാനാവുമെന്ന ധാരണ പരത്താനും, എത്ര തെളിവുണ്ടായാലും
തങ്ങളെ രക്ഷപ്പെടുത്താൻ കെല്പുള്ളവർ തങ്ങളോടൊപ്പമുണ്ടെന്ന ധാർഷ്ട്യവും കൊലപാതകത്തിനായി ഈ സ്ഥലം തെരഞ്ഞെടുത്തതിലൂടെ അവർ വ്യക്തമാക്കുകയായിരുന്നു. അധോലോകത്തിനപ്പുറം, ഉന്നതമായ, സ്വാധീനശക്തിയുള്ള പലർക്കും ഈ കൊലപാതകത്തിൽ കയ്യുണ്ടെന്ന് മനസ്സിലാക്കാൻ ഏതു പോലീസുകാരനും സാധിക്കുന്നതേയുള്ളൂ.
എന്നാൽ, ഈ കൊലപാതകം അധോലോകത്തിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ഒരു ശ്രമമായിരുന്നു ആദ്യംമുതൽക്കേ മുംബയ് പോലീസ് കൈക്കൊണ്ടത്. ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും രാജ്യം വിട്ടതോടെ ആസൂത്രിതമായ അധോലോക പ്രവ
ർത്തനങ്ങൾ അവസാനിച്ചെന്നു വീമ്പിളക്കിയ പോലീസിന് അധോലോകം ഇപ്പോഴും ശക്തമായി നഗരത്തിലുണ്ട് എന്ന് സമ്മതിക്കേണ്ടിവന്ന വൈചിത്ര്യവും ഈ വിഷയത്തിലുണ്ട്. ജെ. ഡെയുടെ കൊലപാതകം ഉയർത്തുന്ന പ്രധാന പ്രശ്‌നം ‘എന്തിനായിരുന്നു ഈ മാധ്യമപ്രവർത്തകൻ വധിക്കപ്പെട്ടത്’ എന്നതാണ്. അധോലോകസംഘങ്ങൾ മാധ്യമങ്ങൾക്കെതിരായി പ്രവർത്തിച്ച ഒരു ചരിത്രം മുംബയിലില്ല. ഏകദേശം 25 വർഷങ്ങൾക്കു മുമ്പ് ബ്ലിറ്റ്‌സിന്റെ ലേഖകനായ നാരായണൻ ഉല്ലാസ്‌നഗറിൽ വച്ച് കൊല്ലപ്പെട്ടതുപോലും ചില പ്രാദേശിക ഗുണ്ടായിസത്തിന്റെ അനന്തരഫലമായിരുന്നു. മാത്രമല്ല, ഇപ്പോൾ അറസ്റ്റു ചെയ്യപ്പെട്ട
സതീഷ് കാലിയയും മറ്റും വെറും വാടകക്കൊലയാളികൾ മാത്രമാണ്. ഇവരെ വാടകയ്‌ക്കെടുത്തതാരാണ് എന്ന ചോദ്യമാണ് പോലീസിനു മുന്നിലുള്ളത്. ഛോട്ടാ രാജൻ ഫോണിൽ വിളിച്ച് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്നും മറ്റും ചില മാധ്യമങ്ങൾ അവകാശപ്പെടുന്നത് യഥാർത്ഥ കുറ്റവാളികളെ ഒളിപ്പിക്കാനുള്ള ഒരു ശ്രമമാണ്. ഛോട്ടാ രാജന്റെ ശബ്ദം ശരിയായി പോലീസ് രേഖപ്പെടുത്തിയിട്ടില്ല.
അതുപോലെ, ലണ്ടനിൽ ചേക്കേറിയ ഇഖ്ബാൽ മിർച്ചിയും ഛോട്ടാ രാജനും തമ്മിലുള്ള കുടിപ്പകയിലും ജെ. ഡെയെ കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങൾ പലരും നടത്തുന്നുണ്ട്. ഇതും തെളിവുകളുടെ പിൻബലമില്ലാത്ത, മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള തൽപരകക്ഷികളുടെ ശ്രമമാണെന്നത് ശ്രദ്ധേയമാണ്. അഴിമതിയും കുറ്റവാസനയും മാത്രം കൈമുതലായുള്ള അവിശുദ്ധ രാഷ്ട്രീയ-ബിസിനസ് ബന്ധങ്ങൾ ജെ. ഡെയുടെ കൊലപാതകത്തിൽ അന്വേഷണവിധേയമാക്കേണ്ടതുണ്ട്. മുംബയിൽ പത്രപ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചും, പ്രസ് ക്ലബിനു മുന്നിലെ റിലേ സത്യഗ്രഹവുമാണ് അന്വേഷണം ഇത്രയെങ്കിലും ഊർജിതമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. അതുവരെ ഈ കൊലപാതകം തെളിയിക്കാനാവില്ലായെന്ന ഒരു നിലപാടായി രുന്നു പല ഉന്നതസ്ഥാനീയരും കൈക്കൊണ്ടിരുന്നത്.
ജെ. ഡെ വെളിപ്പെടുത്തിയ രേഖകളേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രേഖകളെയാണ് വാടകക്കൊലയാളികളെ ഏർപ്പാടാക്കിയവർ ഭയപ്പെട്ടിരുന്നത് എന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ സതീഷ് കാലിയയെപ്പോലെ ഒരു വാടകക്കൊലയാളിയുടെ കുറ്റമേറ്റുപറച്ചിലിൽ കേസ് ഫയൽ അടയ്ക്കാതെ,
അയാളെ ഏർപ്പാടാക്കിയവരെ കണ്ടുപിടിച്ച്, അവരുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് മനസ്സിലാക്കിയാൽ മാത്രമേ പൊതുജനത്തിന് ഭരണസംവിധാനങ്ങളിലും പോലീസിലും ന്യായപീഠത്തിലുമുള്ള വിശ്വാസം നിലനിൽക്കുകയുള്ളൂ.