ചോലയിൽ നിന്ന് ചോരയിലേക്കുള്ള ദൂരമെത്രയാണ് എന്ന ചോദ്യമാണ് സനൽകുമാർ ശശിധരൻ എന്ന സംവിധായകൻ തന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ ചോലയിലൂടെ ഉന്നയിക്കുന്നത്. ചോല ഒരു ആശ്വാസമാണ്, എന്നാലവിടെ ചോര വീഴുമ്പോൾ ആശ്വാസത്തിനു പകരം ആശങ്കയാണ് ഉണ്ടാകുന്നത്. തന്റെ സിനിമയെക്കുറിച്ച് മുൻപു സംസാരിച്ചപ്പോൾ സനൽകുമാർ പറഞ്ഞതു പോലെ മാറിവരുന്ന നമ്മുടെ പക്വതയുള്ള പ്രേക്ഷകനെയാണ് ഈ സിനിമ തന്റെ കാഴ്ചക്കാരനായി ആവശ്യപ്പെടുന്നത്. സ്ക്രീനിലേക്ക് വെറുതെ നോക്കിയിരിക്കേണ്ടവനല്ലെന്നും തലകുലുക്കുകയും കൈയടിക്കുകയും ചെയ്യുന്നതിനപ്പുറം തന്റെ പ്രജ്ഞയെക്കൂടി സിനിമയുടെ കാഴ്ചയിലേക്ക് ഇറക്കി
കൊണ്ടുവരുവാൻ പ്രേരിപ്പിക്കുന്ന പരീക്ഷണ സിനിമയാണിത്.
ഇങ്ങനെ നമ്മുടെ തലച്ചോറിലേക്കും മനസ്സിലേക്കുമെല്ലാം കയറിയിറങ്ങുന്ന ചോല തിയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകന്റെ കൂടെ ഇറങ്ങിപ്പോരുകയാണ്.
സനലിന്റെ അവസാനം റിലീസ് ചെയ്ത സെക്സ് ദുർഗ അഥവാ എസ് ദുർഗയെപ്പോലെ തന്നെ സ്ത്രീകേന്ദ്രീകൃതമായ പ്രമേയമാണ് ഈ സിനിമയും കൈകാര്യം ചെയ്യുന്നത്. ഒരു വശത്ത് ദുർഗയോളം ഉയർത്തി ദൈവമാക്കി ആരാധിക്കുന്ന ഒരു സമൂഹംതന്നെ എത്രത്തോളം ക്രൂരമായാണ് ഒരു പുരുഷന്റെ കൂടെ രാത്രിയിൽ ഒളിച്ചോടുന്ന സ്ത്രീയെ സദാചാര പോലീസിംഗിന്റെ ഭാഗമായി ഇല്ലാതാക്കുന്നു എന്ന വൈരുദ്ധ്യത്തെയാണ് എസ് ദുർഗ അവതരിപ്പിച്ചതെങ്കിൽ ചോലയിലെത്തുമ്പോൾ ഈ സ്ത്രീപക്ഷ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്, കാമവൈറി എത്രത്തോളം മനുഷ്യനെ മൃഗത്തിന് തുല്യനാക്കി മാറ്റാം എന്നുള്ളതിന്റെ സൂചനകളാണ്.
വർത്തമാനകാല കൗമാര പ്രണയങ്ങളുടെ ആഴമില്ലായ്മയെയും ഇത്തരം പ്രണയത്തിനപ്പുറം ഒളിഞ്ഞിരിക്കുന്ന എപ്പോഴും കടന്നുവരാവുന്ന ശാരീരികമായ ആകർഷണവും ലൈംഗിക സംതൃപ്തി തേടലുമെന്ന യാഥാർത്ഥ്യത്തെയും അടിവരയിടുന്നതുതന്നെയാണ് ചോലയുടെയും പ്രമേയം.
ഹൈറേഞ്ചിലെ ഒരു കുഗ്രാമത്തിൽ നിന്ന് തന്റെ കാമുകനോടൊപ്പം എറണാകുളം നഗരം കാണുവാനായി കാമുകന്റെ ജ്യേഷ്ഠനെപ്പോലുള്ള ഒരാളുടെ കൂടെ ജീപ്പിൽ പുറപ്പെടുന്നതിലാണ് ഈ
സിനിമയുടെ കഥ തുടങ്ങുന്നത്. പ്രണയനിബദ്ധരായ ഇരുവരുടെയും സീക്വൻസുകളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. എന്നാൽ ചില അവിചാരിത കാരണങ്ങളാൽ അന്നവർക്ക് അവിടെ നിന്ന് മടങ്ങുവാൻ സാധിക്കുന്നില്ല. ഇവർ മൂന്നുപേരും ഒരു ഹോട്ടലിൽ തങ്ങേണ്ടിവരുന്നു. ഇതിനിടയ്ക്ക് ഭക്ഷണം വാങ്ങുവാനായി പുറത്തുപോകുന്ന കാമുകൻ തിരിച്ചുവരുമ്പോൾ കാണുന്ന കാഴ്ചയെന്തെന്നാൽ ബാത്റൂമിൽ അർധനഗ്നയായി ഇരുന്ന് തേങ്ങുന്ന കാമുകിയെയാണ്.
സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള പ്രമേയ സിനിമകളിൽ നിന്നും ഈ സിനിമ വ്യത്യസ്തമാകുന്നത്, ഇതിലെ സൂചകങ്ങളിലൂടെയാണ്. ഇമേജറികൾ നിറഞ്ഞ സീനുകളിലൂടെയും പ്രകൃതിദൃശ്യങ്ങളിലൂടെയും കഥ പറയുവാനുള്ള സനൽകുമാറിന്റെ പ്രത്യേകമായ മിടുക്കിന് ഒരിക്കൽകൂടി അടിവരയിടുന്നുണ്ട് ഈ ചലച്ചിത്രം.
ഇതിന് ഏറ്റവും ക്ലാസിക്കലായ ഉദാഹരണമാണ് പെൺകുട്ടിയെ കാമുകന്റെ ആശാൻ (ജോജു) കീഴടക്കുന്ന രംഗം. ദൃശ്യങ്ങൾ ഇല്ലാതെ ആ പെൺകുട്ടിയുടെ നിസ്സഹായമായ തേങ്ങലിലൂടെയാണ് ഈ രംഗം ചിത്രീകരിക്കുന്നത്. ഒരു ദൃശ്യരംഗത്തിന്റെ എല്ലാ ഭീകരതയും ഫീൽ ചെയ്യിപ്പിക്കുന്നുണ്ട് ഈ സമയത്ത്.
ഇതിനോടനുബന്ധമായി കാണിക്കുന്നത് എറണാകുളത്തെ ഒരു വാണിജ്യ തെരുവാണ്. സ്ത്രീയെ വെറുമൊരു ഉപഭോഗവസ്തു മാത്രമായി കാണുന്ന വർത്തമാനത്തിന്റെ ചിന്താഗതിയെയാണ് ഇവിടെ വരച്ചുകാണിക്കുന്നത്.
പ്ലസ് വൺ വിദ്യാർത്ഥിനിയായ ജാനു (നിമിഷ സജയൻ) തന്റെ കാമുകന്റെ വലയിൽ കുടുങ്ങുന്ന ഒരു നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയാണെങ്കിലും, പല സാഹചര്യങ്ങളിലും അബലയായി പോകുന്ന കഥാപാത്രമാണെങ്കിലും, സിനിമയുടെ ടോട്ടാലിറ്റിയിലുള്ള കാഴ്ച എടുക്കുമ്പോൾ ഏറ്റവും ശക്തയും പ്രേക്ഷകന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആളുമായി മാറുകയാണ്. തന്റെ ദൈന്യതയിലും നിസ്സഹായതയിലും എല്ലാത്തിനും കീഴടങ്ങുന്ന കഥാപാത്രത്തെ അവസാനത്തെ കുറച്ചു സീനുകളിൽ
ഒഴികെ ഒരു പ്ലസ് വൺകാരിയായ കൗമാരക്കാരിയെ അതിന്റെ എല്ലാവിധ നൈതികതയും പുലർത്തി സ്ക്രീനിനു മുന്നിലെത്തിക്കുവാൻ ഈ കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്. കഥയിൽ വില്ലനാണെങ്കിലും വില്ലത്തരത്തിന്റെ അപാരമായ നടനത്തിലൂടെ മുഖ്യകഥാപാത്രമായി മാറിയ അഭിനയ മുഹൂർത്തങ്ങളാണ് ജോജുവിന്റെ ആശാനെന്ന് വിളിക്കുന്ന ഇതിലെ കഥാപാത്രം കാഴ്ചവയ്ക്കുന്നത്. ചിരിച്ചുകൊണ്ട് പീഡനത്തിൽ രസം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ് മനോഭാവത്തെ, അല്ലെങ്കിൽ അത്തരം ഒരു രസം
പിടിച്ച കഥാപാത്രത്തെ മനോഹരമാക്കുന്നുണ്ട് ഈ അഭിനേതാവ്. കാമുകന്റെ ക്യാരക്റ്ററിനെ പുതുമുഖ നടനും മനോഹരമാക്കിയിട്ടുണ്ട്. ഈ മൂന്നു കഥാപാത്രങ്ങളും കൂടി മുപ്പതു കഥാപാത്രങ്ങളുടെ എഫക്റ്റാണ് സിനിമയിലുണ്ടാക്കുന്നത്.
തിരക്കഥയും സംവിധാനവും മാത്രമല്ല, എഡിറ്റിംഗും ശബ്ദമിശ്രണവും തനിക്ക് വേണ്ടപോലെ ചേരുമെന്നും സനൽകുമാർ ശശിധരൻ തെളിയിക്കുന്ന ചിത്രം കൂടിയാണ് ചോല. സിനിമയുടെ
ആദ്യസീനായ ഹൈറേഞ്ചിലെ കോടമഞ്ഞിൽ മുങ്ങിക്കിടക്കുന്ന കാഴ്ചകൾക്ക് ക്യാമറയുടെ സൗന്ദര്യം മാത്രമല്ല, കോടയുടെ മൈന്യൂട്ടായ ശബ്ദം പോലും സിങ്ക് സൗണ്ടിന്റെ സാധ്യത ഉപയോഗപ്പെടുത്തി മനോഹരമാക്കുവാൻ സാധിച്ചുവെന്നതാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. ചോലയിലേതടക്കം കാട് ചിത്രീകരിക്കുമ്പോഴും കാടിന്റെ ഒരു കുളിർമയും തെന്നലും നമുക്കിതിലൂടെ അനുഭവിച്ചറിയാമെന്നതാണ് ഈ സിനിമ നൽകുന്ന ഒരു വേറിട്ടനുഭൂതി.
ശബ്ദമിശ്രണത്തിനും സനലിന് കൈയടി കൊടുക്കുമ്പോൾതന്നെ മലയാള സാഹചര്യം ഏറെ മനസ്സിലാക്കി ഈ സിനിമയുടെ പശ്ചാത്തല സംഗീതമൊരുക്കിയ റഷ്യക്കാരനായ സെർജി ചരമേതിന് രണ്ടും മൂന്നും പ്രാവശ്യം കൈയടി നൽകിയേ തീരൂ. ഇരയായ ഒരു പെൺകുട്ടിയും ഏതുസമയത്തും ഇവളുടെ മേലേയ്ക്ക് ചാടിവീഴുവാൻ തയ്യാറായി കാത്തുനിൽക്കുന്ന രണ്ട് വേട്ടക്കാരുടെയും മാനറിസങ്ങളോട് അടുത്തു നിൽക്കുന്ന പ്രേക്ഷകനെ ആദ്യം മുതൽ വേട്ടയാടലിനെക്കുറിച്ച് ഹോണ്ട് ചെയ്യിപ്പിക്കുന്ന പശ്ചാത്തല സംഗീതമാണ് ചോലയുടേത്.
സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ് നിമിഷ സജയനും സ്വാഭാവിക നടനുള്ള അവാർഡ് ജോജു ജോർജും നേടിയ സിനിമ എന്നതിനപ്പുറം ലോകത്തെ മൂന്നാമത്തെ ചലച്ചിത്രോത്സവങ്ങളിലൊന്നായ വെനീസിലെ റെഡ് കാർപെറ്റിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമ കൂടിയാണ് ചോല എന്നതായിരുന്നു ഈ സിനിമയെ കൂടുതൽ ആകാംക്ഷാഭരിതരായി സിനിമാപ്രേക്ഷകർ കാത്തിരിക്കുവാനുള്ള കാരണങ്ങളിലൊന്ന്. എന്തുകൊണ്ടെന്നാൽ അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കൂത്തിനും മതിലുകൾക്കും ശേഷം ഒരു മലയാള ചലച്ചിത്രം വെനീസിലെ റെഡ് കാർപെറ്റിൽ പ്രദർശിപ്പിക്കപ്പെട്ടത് ചോലയിലൂടെയായിരുന്നു. സിനിമയിൽ നേരിട്ട് ഗാനങ്ങൾ കയറിവരുന്നില്ലെങ്കിലും പ്രമോഷന്റെ ഭാഗമായി ഇറക്കിയ ഗാനങ്ങളും സിനിമയോട് സപ്പോർട്ടീവായിട്ടുള്ളവയായാണ് അനുബന്ധ കാഴ്ചയിലൂടെ നമുക്ക് തോന്നുന്നത്.
ചോലയൂടെ ടെറ്റിൽ ക്രിയേറ്റ് ചെയ്യുമ്പോൾ അതിനുള്ളിൽ ചോര എന്ന് നമുക്ക് അധികം ബുദ്ധിമുട്ടാതെ വായിച്ചെടുക്കാമെന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുരുഷൻ ഇണ എന്ന രീതിയിൽ ചോല എല്ലാവർക്കും തണൽ നൽകുന്നതു പോലെ ഒരാശ്വാസമാണ്.
എന്നാൽ സിനിമയുടെ ടോട്ടാലിറ്റി എടുത്ത് പരിശോധിക്കുമ്പോൾ പുരുഷൻ, സ്ത്രീയുടെ കണ്ണിൽ ഒരു ഭീതിദമായ വസ്തുവായി മാറുന്നുണ്ടോയെന്നുള്ള ചോദ്യം കൂടി ഉയരുന്നതായും കാഴ്ചയിൽ ഈ സിനിമ തോന്നിക്കുന്നുണ്ട്. ഇതോടൊപ്പം ചോലയെക്കുറിച്ച് ഏറെ വിമർശനമുയർന്നിട്ടുള്ള തന്നെ ബലാത്സംഗം ചെയ്ത വില്ലനായആശാനോട് അറിയാതെ കാണിക്കുന്ന അടുപ്പം എന്നത്, വെറുമൊരു വിമർശനമെന്നതിനപ്പുറം അനേകം രാഷ്ട്രീയ മാനങ്ങളുള്ള ബോധപൂർവമായ ഇടപെടലാണെന്ന കണ്ടെത്തലിനെയും നമുക്ക് പൂർണമായി തള്ളിക്കളയുവാൻ സാധിക്കുകയില്ല.