സജാതീയതകളെ അടയാളപ്പെടുത്താനും പാരസ്പര്യപ്പെടു
ത്താനും ഏറെ എളുപ്പമാണ്. പക്ഷേ വിജായീതകളെ അത്തര
ത്തിൽ സാദ്ധ്യമാക്കുക ആയാസകരമാണ്. സജാതീയതകളെ
ആഘോഷിക്കുകയും ആദർശവത്കരിക്കുകയും ചെയ്യുന്ന ഒരു
സ്വഭാവത്തിൽ നിന്ന് നാം കൃത്യമായും വഴി മാറി നടക്കാൻ തുട
ങ്ങിയിരിക്കുന്നു എന്നത് വെളിപ്പെടുത്തുന്ന നോവലാണ് വി.എം.
ദേവദാസിന്റെ ‘ചെപ്പും പന്തും’. സാഹിത്യസിദ്ധാന്തങ്ങളോ പ്രത്യ
യശാസ്ര്തങ്ങളോ കൊണ്ട് അളക്കാവുന്ന ഒന്നല്ല നോവലിലെ
ജീവിതം എന്ന ധാരണയെ ഊട്ടിയുറപ്പിക്കുന്ന രചനാവൈഭവം
നമുക്കിവിടെ ദർശിക്കാം.
സൗന്ദര്യബോധത്തിൽ സംഭവിക്കുന്ന വ്യതിയാനം വായന
ക്കാരന്റെ അഭിപ്രായം കൊണ്ടു മാത്രം അവസാന വാക്കു പറയാവുന്ന
ഒന്നല്ല. അത് തികച്ചും ജൈവമായ ഒരു ചരിത്ര സാഹചര്യ
ത്തിനകത്തേക്ക് പ്രവേശിക്കലാണ്. നിലനിൽക്കുന്ന പ്രശ്നങ്ങളുമായുള്ള
സവിശേഷവും മൂർത്തവുമായ ബന്ധമാണ്. സൗന്ദര്യപരമായ
നിരൂപണത്തിന്റെ പരിധിയെ അതിവർത്തിക്കലാണ്. ഇതുവരെ
ഇല്ലാത്ത ഒരു പുതിയ ഭാഷാരൂപത്തിലേക്ക് കടക്കലാണ്.
ഒരു സമൂഹം നേരിടുന്ന സ്വത്വപ്രതിസന്ധി ആ സമൂഹത്തിലെ
എല്ലാ വിജ്ഞാനശാഖകളും ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്.
നോവൽ, സാമൂഹിക ജീവിതമാണ്. ആധുനികകാലത്ത് ഒരു
സമൂഹം നിർവചിക്കപ്പെടുന്നത് വംശത്തിന്റെയോ ജാതിയുടെയോ
മതത്തിന്റെയോ പേരിലല്ല. അത്തരത്തിലുള്ള നിർവച
നങ്ങളൊന്നും ആധുനിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതും
അല്ല. അതുകൊണ്ടുതന്നെ സമൂഹം നേരിടുന്ന പ്രതിസന്ധി, സമൂഹത്തെ
ആവിഷ്കരിക്കുന്ന നോവലിൽ കടന്നുവരിക ഭാഷാപ്രതിസന്ധിയായിട്ടാണ്.
ഭാഷാപ്രതിസന്ധിയെ അതിജീവിക്കലാവട്ടെ
അതിനെ സമൂഹമായി നിർവചിക്കുന്നതിനോടൊപ്പമുള്ള
പല യാഥാസ്ഥിതികതകളെയും അതിജീവിക്കലാണ്. ഈ വെല്ലുവിളി
ഏറ്റെടുക്കാൻ എല്ലാ വിജ്ഞാനശാഖകൾക്കും ഒരുപോലെ
ബാദ്ധ്യതയുണ്ട്.
രണ്ടു കാലഘട്ടങ്ങളിലെ മദിരാശി പട്ടണമാണ് നോവലിന്റെ
കാൻവാസായി വികസിച്ചുവരുന്നത്. ഉബൈദിന്റെ വാടകതാമസ
ക്കാലമെന്ന (1979-1984) കാലഘട്ടവും മുകുന്ദന്റെ വാടകതാമസ
ക്കാലമെന്ന (2008-2015) കാലഘട്ടവും നോവലിൽ വെവ്വേറെ
ഭാഗങ്ങളായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. വെവ്വേറെ എന്നു പറയുന്നതിന്
അതിന്റേതായ കാരണങ്ങൾ ഉണ്ട്. നോവലിന്റെ ആമുഖത്തിൽ
നോവലിസ്റ്റുതന്നെ അതുറപ്പിക്കുന്നുണ്ട്. ”അചേതനവും
പരസ്പരബന്ധമില്ലാത്തതുമായ രണ്ടു വസ്തുക്കളാണ്
ചെപ്പും പന്തും. എന്നാൽ അവ കൂടിച്ചേരുമ്പോൾ, ചരിത്രത്തിലെതന്നെ
ഏറ്റവും പഴയതും എന്നാൽ ഇപ്പോഴും ഏവരെയും ആകർ
ഷിക്കുന്നതുമായ ജാലവിദ്യ സംഭവിക്കുന്നു. നിരത്തിവച്ചിരിക്കുന്ന
ചെപ്പുകൾക്കുള്ളിൽ നിറമുള്ള പന്തുകൾ തെളിഞ്ഞും മറഞ്ഞും
കാണികൾക്കായി വിസ്മയമൊരുക്കുന്നു. 1980കളിൽ മദ്രാസിൽ
താമസിച്ചിരുന്ന ഉബൈദിന്റെയും 2010കളിൽ ചെന്നൈയിൽ താമസിക്കുന്ന
മുകുന്ദന്റെയും ജീവിതമാണ് ‘ചെപ്പും പന്തും’ എന്ന
നോവലെന്ന് ചുരുക്കിപ്പറയാം. നോവലിലൂടെ കടന്നുപോകുമ്പോഴും
നമുക്കൊരു കാര്യം ബോദ്ധ്യപ്പെടും. രണ്ടു കാലഘട്ടങ്ങ
ളിലായി ഒരു വാടകക്കെട്ടിടത്തിൽ താമസിച്ചിരുന്നു എന്നതൊഴി
ച്ചാൽ അന്യോന്യം മറ്റു ബന്ധങ്ങളൊന്നുമില്ലാത്ത, ഒരിക്കൽ
പോലും നേരിട്ടു കാണുകയോ, സംസാരിക്കുകയോ, അന്വേഷി
ക്കുകയോ ചെയ്യാത്ത രണ്ടു മനുഷ്യരുടെ ജീവിതങ്ങൾക്കുമേൽ
അദൃശ്യമായ ചില പാരസ്പര്യങ്ങൾ മാന്ത്രികമായി പ്രവർത്തിക്കു
ന്നു. ഈ പാരസ്പര്യങ്ങളെ അന്വേഷിക്കൽ നോവൽവായനയുടെ
ഭാഗമാണ്.
നോവലിന് ഈ പറഞ്ഞതിനേക്കാൾ ഒക്കെ മറ്റൊരു സവിശേഷതയുണ്ട്.
ചരിത്രം പുറന്തള്ളിയ ഒരു ഗൃഹസ്ഥയെ പശ്ചാത്തലമാക്കിയാണ്
രണ്ടു ഭാഗങ്ങളിലും നോവൽ വികസിക്കുന്നത്.
നമ്മുടെ മുൻഗാമികളുടെ, സഹജാതരുടെ ജീവിതത്തിന് മൂല്യം
കല്പിക്കുന്നതു കൂടിയാണ് തന്റെ ജീവിതവും പ്രവൃത്തിയുമെന്ന
അവബോധം എവിടെയോ കാത്തുസൂക്ഷിച്ച ഒരു സ്ര്തീവ്യക്തിത്വം
ഈ നോവലിലെ അവിഭാജ്യഘടകമായി വർത്തിക്കുന്നു.
ജ്ഞാനോദയ ആധുനികതയും അതുണ്ടാക്കിയ പരിവർത്തന
ങ്ങളും പാരമ്പര്യത്തെ ഉടച്ചുകളയുകയും പുതുനാഗരികതയ്ക്ക്
ആക്കം കൂട്ടുകയും ചെയ്തു. നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും
ഫലമായി അതുവരെ നിലനിന്ന ഗ്രാമവ്യവസ്ഥയുടെ
ജീവിതതാളങ്ങൾ തകർക്കപ്പെടുകയായിരുന്നു.
ഓരോ മനുഷ്യനും ഓരോ വിധത്തിൽ തന്റെ പഴമയെ, പാരമ്പര്യ
ങ്ങളെ കയ്യൊഴിയുകയോ തള്ളിപ്പറയുകയോ ചെയ്തു.
നോവലിന്റെ ആദ്യഭാഗത്തു വരുന്ന കഥാപാത്രങ്ങൾ തികച്ചും
വിജാതീയങ്ങൾ തന്നെയാണ്. നോവലിന്റെ ആരംഭംതന്നെ
വ്യക്തമായും വൈവിധ്യമുള്ള കഥാപാത്ര സൂചന നൽകുന്ന
ഒന്നാണ്.
”ഉബൈദേ… ഉബൈദേ… ഉള്ളാലെ ഉലയ്ക്കുന്നല്ലോടാ നീ…
ഉബൈദിനെ പരിചയപ്പെടുന്ന ഏതൊരാൾക്കും ഒരുപക്ഷേ മന
സ്സിൽ തോന്നിയിരിക്കാവുന്ന അതേ ചിന്തയാണ് ഉബൈദ് താമസിക്കുന്ന
കെട്ടിടത്തിന്റെ ഉടമയായ ലക്ഷ്മിയക്കയ്ക്ക് തോന്നിയത്,
ഉബൈദിന്റെ ഉടയോനായ ശാന്താറാം മാണിക് സേട്ടിന് തോന്നി
യത്, സേട്ടിനെ ഒരു സൂഫിയോളം സാത്വികനാക്കിയ ഫാത്തിമയ്ക്ക്
തോന്നിയത്, ഫാത്തിമയുടെ പിതാവ് ബർമ അഹമ്മദിന് തോന്നി
യത്. എന്തിനേറെ പറയുന്നു, ഉബൈദിന്റെ ശത്രുവായ ഇല്ല്യാസിനും
ഉബൈദിനെ കൊല്ലാൻ കത്തിയുമായി നടക്കുന്ന വെട്രി
വേലിനും തോന്നിയത്. ഉബൈദ് അങ്ങനെയാണ്, നിങ്ങളുടെ
ഉള്ളുതന്നെ ഉലച്ചുകളയും”.
ഉള്ളാകെ ഉലയ്ക്കുന്ന ഉബൈദ് കടന്നുവരുന്നത് നവോത്ഥാനകാലത്തെ
മറ്റൊരു ഉബൈദിന്റെ നന്മകളും പേറിയാണ്. ലക്ഷ്മി
അക്കയും ഉബൈദും തമ്മിലുള്ള നിർവചിക്കാനാവാത്ത ഒരു
ബന്ധത്തിന്റെ പരിസരത്തിൽ നിന്നാണ് നോവൽ ആരംഭിക്കുന്ന
ത്. ശാന്താറും സേട്ടിന്റെ പണിക്കാരൻ പയ്യൻ മാത്രമായ ഉബൈദിന്
നോവലിൽ കൈവരുന്ന പ്രാധാന്യം ആദ്യം വെളിപ്പെടുന്നത്
ലക്ഷ്മിയക്കയിലൂടെയാണ്. ശാന്താറാം സേട്ടിന്റെ പത്രാസല്ല
ഉബൈദിന്റെ മുഖത്തെ നിഷ്കളങ്കത കണ്ടുകൊണ്ടാണ് താൻ
വീടു വാടകയ്ക്കു കൊടുത്തതെന്ന് ലക്ഷ്മിയക്കതന്നെ പറയുന്നുണ്ട്.
അതുപോലെ പുരാണകഥകളും വള്ളത്തോളിന്റെ കവിതയും
അവരുടെ ഇടയിലേക്ക് കടന്നുവരുന്നത് ഇതുവരെ എവിടെയും
കാണാത്ത രീതിയിലാണ്.
മറ്റൊരു കാലത്ത് നവോത്ഥാനത്തിന്റെ വെളിച്ചം കയ്യാളിയ
ഉബൈദ് എഴുതിയ കവിതയിലെ വരികൾ ഉന്മാദത്തോളം വിറയുള്ള
ശബ്ദത്തിൽ ഉറക്കെയുറക്കെ ഉബൈദ് ലക്ഷ്മിയക്കയ്ക്ക്
ചൊല്ലിക്കേൾപ്പിക്കുന്നുണ്ട്.
പള്ളിക്കു തീ പിടിച്ച’ൽല്ലാ’യിച്ചെന്തീ കെടുത്തുവാനാരുമില്ലേ?
പട്ടാപ്പകൽ പള്ളി കത്തുമ്പോളിങ്ങു പാഞ്ഞെത്തുവാനാരുമി
ല്ലേ?
ലക്ഷ്മിയക്കയോടല്ലാത്ത സമയങ്ങളിൽ ഉബൈദ് ശാന്താറാം
മാണിക് സേട്ടിനു വേണ്ടിയായിരിക്കും സമയം ചിലവാക്കുന്നത്.
വീടും പാരമ്പര്യത്തൊഴിലായ പലിശപ്പണമിടപാടും ഉപേ
ക്ഷിച്ച് കച്ചവടത്തിനായി നാടു വിട്ടു എന്നു പറയുന്ന ശാന്താറാം
മാണിക് സേട്ടിന്റെ ജീവിതം പലരുടെയും മനസ്സിൽ പലപല സംശയങ്ങളാണുണ്ടാക്കുന്നത്.
ലക്ഷ്മിയക്കയുടെ വീട്ടിൽ വാടകതാമസക്കാരനായ
ശാന്താറാമിന് ബ്രാഹ്മണസ്ര്തീയായ ലക്ഷ്മിയക്ക
എങ്ങനെയാണ് ആചാരമര്യാദാനിഷ്കർഷകൾ ഒന്നും തന്നെ
അടിച്ചേല്പിക്കാതെ വീട് വാടകയ്ക്ക് നൽകിയതെന്ന ചോദ്യം
പലരും ചോദിച്ചിട്ടുണ്ട്. ചില നിമിഷങ്ങളിൽ സേട്ട് ഫാത്തിമയുടെ
ലോകത്തേക്ക് കൂപ്പുകുത്തും. അപ്പോൾ ഉബൈദ് സേട്ടിനു വേണ്ടി
അവന്റെ ഫാത്തിമാബീഗത്തിനിഷ്ടപ്പെട്ട പാട്ടിലേക്ക് ചുരുൾ
നീക്കം നടത്തും. ഉബൈദ് ടേപ്റിക്കോർഡറിലെ നാടച്ചുരുളുകളിലൂടെ
പുറകോട്ടുപോകുമ്പോൾ സേട്ട് അഞ്ചാറു കൊല്ലം ചെറു
പ്പമാകും. അപ്പോൾ ഉബൈദാകട്ടെ തന്റെ കൗമാരത്തിന്റെ തുടക്ക
ത്തിലേക്ക് കൂടു മാറും. ഒരുപാട് മോഹങ്ങൾ സേട്ടിനകത്തെന്ന
പോലെ ഉബൈദിന്റെ മനസ്സിലും അലയടിക്കും. സഹോദരന്റെ
കൂട്ടാളിയുടെ കുത്തേറ്റ് ചോര വാർന്നു മരിച്ചുപോയ ഫാത്തിമയ്ക്ക്
സേട്ടിനരികിൽ ജീവനോടെ തിരിച്ചെത്തണം. കബറിടത്തിൽ
നിന്നെഴുന്നേറ്റു വന്ന് ഫാത്തിമയുടെ വാപ്പയായ അഹമ്മദിന്
ബർമാ ബസാറിൽ കച്ചവടം ചെയ്യണം. അപ്പോൾ ഉബൈദിന്റെ
തകരപ്പെട്ടിയിൽ ഇപ്പോഴുള്ളത്ര കവിതാകുറിപ്പുകൾ ഉണ്ടാവുകയുമില്ല.
തീവ്രമായ പ്രണയത്തിനൊടുവിൽ വളരെ കുറച്ചുകാലം
മാത്രമേ ശാന്താറാമിനും ഫാത്തിമയ്ക്കും ഒന്നിച്ചു ജീവിക്കാൻ കഴി
ഞ്ഞുള്ളൂ. അവർക്കിടയിലുള്ള ബന്ധത്തിന് ഇണക്കവും പിണ
ക്കവും ഉണ്ടായിരുന്നു. അതിനെല്ലാം ഉബൈദ് സാക്ഷിയായിരു
ന്നു.
മുതുമുത്തച്ഛനായ ഭാനുപ്രസാദ് ഹരിറാം സേട്ടിൽ നിന്ന് മകനായ
മാണിക് രൂപ്റാം സേട്ടിലൂടെ, അക്കാലത്ത് തുടങ്ങിയ പലി
ശപ്പണമിടപാട് എന്ന പാരമ്പര്യത്തിൽനിന്നും വഴിമാറി ഇന്ത്യയൊ
ട്ടാകെയുള്ള യാത്രയും സഹോദരീഭർത്താവിനെ സാമ്പത്തികമായി
സഹായിക്കലും മതം മാറിയുള്ള പ്രണയവും എല്ലാം ശാന്താറാമിനെ
തികച്ചും വ്യത്യസ്തനായ മനുഷ്യനാക്കിയിരുന്നു.
ആധുനികതയുടെ കാലത്ത് ഓരോ മനുഷ്യനും ഓരോ വിധ
ത്തിൽ തന്റെ പഴമയെ, പാരമ്പര്യങ്ങളെ കയ്യൊഴിയുകയോ തള്ളി
പ്പറയുകയോ ചെയ്തിരുന്നപ്പോൾ ശാന്താറും മാണിക് സേട്ട് എന്ന
ഉബൈദിന്റെ ഉടയോൻ തികച്ചും വിഭിന്നമായ സമീപനമാണ്
കാഴ്ചവച്ചിരുന്നത്. തന്റെ പ്രണയിനിയായ ഫാത്തിമയുടെ മരണശേഷം
ഫാത്തിമയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഉബൈദിന്റെ
ചോദ്യത്തിന് ശാന്താറാം മാണിക് സേട്ടിന് വ്യക്തമായ ഉത്തരമു
ണ്ടായിരുന്നു.
ഫാത്തിമയിലെ ആധുനിക ജീവിതാവബോധമാണത്. സേട്ടി
നോട് എത്രകണ്ട് പ്രണയമുണ്ടായിരുന്നെങ്കിലും ഫാത്തിമ അതിരു
കടന്ന വിധേയത്വം പ്രകടിപ്പിച്ചിരുന്നില്ല. പിതാവായ അഹമ്മദി
നെ, ഇല്ല്യാസിനെ, ലക്ഷ്മിയക്കയെ, ശാന്താറാമിനെ, ഉബൈദിനെ
എല്ലാം അവൾ അവൾക്കു സമാനമായ രീതിയിലാണ് പരി
ഗണിച്ചിരുന്നത്. ആധുനികതയുടെ തുടക്കത്തിലുള്ള മാറിവന്ന
സ്ര്തീസമീപനമായി നമുക്കതിനെ കാണാം.
ലക്ഷ്മിയക്കയുടെ മരിച്ചുപോയ ഭർത്താവായ ശ്രീനിവാസ
യ്യരെ ഇവിടെ സൂചിപ്പിക്കാതെ വയ്യ. ശ്രീനിവാസയ്യരുടെ അച്ഛൻ
മഹാദേവ അയ്യർ പൂജാദികർമങ്ങൾക്ക് പ്രസിദ്ധനായിരുന്നു.
ദക്ഷിണയുടെ കാര്യത്തിലാകട്ടെ മറ്റുള്ളവരുടെയത്ര ആർത്തിയി
ല്ലാത്ത ആളും. അച്ഛന്റെ കൂടെയാണെങ്കിൽ ദക്ഷിണ കുറയുമെന്ന്
കണ്ടറിഞ്ഞ ശ്രീനിവാസയ്യർ നല്ലവണ്ണം ദക്ഷിണ വാങ്ങുന്നവരുടെ
കൂടെയാണ് സഹായിയായി നടന്നത്. ലയോള കോളേജിൽ
നിന്നും ബിരുദപഠനം പൂർത്തിയാക്കി പൂജയില്ലാത്ത സമയത്തെല്ലാം
കുത്തിയിരുന്ന് പഠിച്ച് ശ്രീനിവാസയ്യർ റെയിൽവെയിൽ
ജോലി വാങ്ങി. ജോലി കിട്ടിയ ശേഷം പൂവ് കൈകൊണ്ടെടുക്കുകയോ
പൂജാമന്ത്രം ചൊല്ലുകയോ ചെയ്തിട്ടില്ല. കല്യാണം കഴിഞ്ഞ്
മദ്രാസിലെത്തിയ മരുമകളായ ലക്ഷ്മിയോട് അമ്മ ജാനകിയമ്മ
മകനെ ചീത്തയാക്കിയതിലുള്ള പങ്ക് രാമസ്വാമി നായിക്കർക്കാണെന്ന്
പറഞ്ഞ് പഴിക്കുകയും ചെയ്തു. ബ്രാഹ്മണിസത്തിനെതിരെ
പെരിയോർ തമിഴ്നാട്ടിൽ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയബോധത്തെക്കുറിച്ച്
ഡോ. വി.എം. ഗിരീഷ് തന്റെ പഠനത്തിൽ പറയു
ന്നുണ്ട്. ശ്രീനിവാസയ്യരുടെ ലോകബോധവും ജീവിതവീക്ഷ
ണവും നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തി
ന്റെയും സവിശേഷ സ്വഭാവം വഹിക്കുന്നതായിരുന്നു.
ഫാത്തിമയുടെ വീടും കച്ചവടസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട
സ്വത്തുതർക്കങ്ങളും അതിനെ ചൊല്ലിയുള്ള വഴക്കുകളും സംഘ
ട്ടനങ്ങളും ഫാത്തിമയുടെ മരണത്തിലാണ് കലാശിച്ചത്. അവിടെയെല്ലാം
സാക്ഷി മാത്രമല്ല, നന്മ മാത്രം ലക്ഷ്യമാക്കി എല്ലാറ്റിലും
ഇടപെട്ട് ഉബൈദ് കാണിച്ച സഹജാതസ്നേഹം മാതൃകാപരമായി
രുന്നു. പിൽക്കാലത്ത് ഉബൈദിനെ ജീവിതത്തിൽ നിന്നു
നിഷ്കാസനം ചെയ്യുന്ന അവസ്ഥയിലേക്കെത്തിച്ച സംഭവങ്ങളുടെയെല്ലാം
പുറകിൽ ഉബൈദ് കാണിച്ച വറ്റാത്ത സ്നേഹംതന്നെ
യായിരുന്നു.
എല്ലാംകൊണ്ടും ജീവിതം വഴിമുട്ടിയ ഉബൈദിന് അഭയമായത്
താണ്ടവരായന്റെ ഹോട്ടലായിരുന്നു. അന്നത്തെ സംഘട്ടനത്തിൽ
ഉബൈദിന്റെ കുത്തേറ്റ ഒറ്റക്കണ്ണനായ വെട്രിവേൽ അടുത്തുതന്നെ
പരോളിൽ പുറത്തിറങ്ങുമെന്നും ഏതുസമയത്തും ഉബൈദിന്റെ
മരണം സംഭവിക്കാമെന്നും ഇല്ല്യാസ് മുന്നറിയിപ്പ് നൽകി.
ഇത്തരം ജീവിതപ്രതിസന്ധികളിലും മനുഷ്യർ ഉബൈദിന്റെ
ഉള്ളിൽ കയറിനിന്നിരുന്നത് ഇങ്ങനെയായിരുന്നു.
ശാന്താറാം സേട്ട് നിറവായിരുന്നു.
ലക്ഷ്മിയക്ക സ്നേഹമായിരുന്നു.
ലക്ഷ്മിയക്കയുടെ മന്ദബുദ്ധിയായ മകൻ പാർത്ഥസാരഥി
സങ്കടമായിരുന്നു.
ഫാത്തിമ വെള്ളക്കടലാസായിരുന്നു.
ബർമാ അഹമ്മദ് പരപ്പായിരുന്നു.
ഇല്ല്യാസ് എവിടെനിന്നോ വന്ന് മദിരാശിയിലെത്തി. ഇത്തരം ഒരു ജീവി
തനിയോഗത്തിൽ വന്നുപെടുമ്പോഴും താൻ ചെയ്യുന്നതൊന്നും
വലിയ കാര്യമായി ഉബൈദ് കണ്ടില്ല. തന്നിൽ സഹജമായ സഹ
ജീവിസ്നേഹത്തെ വിപ്ലവമായി വ്യാഖ്യാനിക്കാൻ മാത്രം അവന്റെ
കുഞ്ഞുമനസ്സ് വളർന്നിരുന്നില്ല.
ഇതിനിടയിലും തന്റെ വീടിന്റെ അസ്വസ്ഥതകൾ ഉബൈദ്
പേറി നടന്നിരുന്നു. കുറച്ചു കാശുണ്ടാക്കി പേർഷ്യയിൽ പോകണമെന്നും
മടങ്ങിവന്ന് സഹോദരി റുക്കിയയെ കെട്ടിച്ചയയ്ക്കണമെന്നുമൊക്കെയുള്ള
അവന്റെ സ്വപ്നങ്ങളിൽ ചിലതൊക്കെ തിരിച്ചറിയാൻ
ലക്ഷ്മിയക്കയ്ക്കായിരുന്നു. പക്ഷേ ഇല്ല്യാസിന്റെയോ വെട്രിവേലി
ന്റെയോ കൈകൊണ്ടുള്ള മരണത്തിലേക്കാണോ താൻ അടുക്കു
ന്നതെന്ന തോന്നലും ശക്തമായി ഉബൈദിൽ നിറഞ്ഞുനിന്നിരു
ന്നു.
എങ്കിലും മരിച്ചാലും ചിലതെല്ലാം ബാക്കിയാകുമെന്ന് ഉബൈദിന്
ഉറപ്പായിരുന്നു. കാസർഗോട്ടെ ഒരു സമ്മേളനത്തിൽ പങ്കെടു
ത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ച ഉബൈദ്ച്ചയുടെ കവി
താശകലം ഉപ്പ പാടുമായിരുന്നത് പകർത്തുപാട്ടായി അവൻ മൂളി
യിരുന്നു. എങ്കിലും എല്ലാ ഓർമകൾക്കും എല്ലാ പ്രാർത്ഥനക
ൾക്കും അപ്പുറം അടക്കാനാവാത്തവിധം ചകിതമായൊരു മനസ്സോടെയാണ്
അവൻ മറീന കടപ്പുറത്തേക്ക് നടന്നുനീങ്ങിയത്. മറീനാ
കടപ്പുറത്ത് കടലും നിലാവും നോക്കിയിരുന്ന ഉബൈദിനെ പിന്നീ
ടാരും കണ്ടതേയില്ല എന്നു പറയുന്നു. മാന്ത്രികമായ ഇടപെടൽ
മൂലം ഒരു ജാലവിദ്യക്കാരന്റെ ഉള്ളംകയ്യിലിരിക്കുന്ന വസ്തു കാണാതാകുന്നയത്ര
ലാഘവത്തോടെ ഉബൈദ് മറഞ്ഞുപോയി.
നിറങ്ങളുടെയും വെളിച്ചങ്ങളുടെയും ബഹുനിലകെട്ടിടങ്ങളുടെയും
കെട്ടുകാഴ്ചകളുള്ള ഉത്തരാധുനിക നഗരകാലത്തിൽ സ്വപ്ന
ത്തിലേതുപോലെ വന്നുപെട്ട മുകുന്ദനിൽ നിന്നാണ് രണ്ടാംഭാഗം
ആരംഭിക്കുന്നത്. വ്യവസായചിന്തയും ആധുനികലോകബോധവും
ഉണ്ടായിരുന്ന ശ്രീനിവാസയ്യർ ഉറക്കമുണരാതിരുന്ന
പ്രഭാതം മുതൽക്ക് ലക്ഷ്മിയക്ക ആരംഭിച്ച ജീവിതപ്രയാണം
ചെന്നൈയിൽ രണ്ടാംഭാഗത്തിലും തുടരുന്നു. ആറരക്കൊല്ലം
മുമ്പ് To Let എന്ന ബോർഡ് നോക്കി ആ വീട്ടിൽ പ്രവേശിച്ച മുകു
ന്ദൻ തിരുവള്ളുവർ തെരുവിലൂടെ നടന്ന് മൂന്നു നില കെട്ടിടത്തി
നടുത്തെത്തുന്ന നേരം കൊണ്ട് ബ്രോക്കർ വീട്ടുടമസ്ഥയുടെ
ചരിത്രം വിളമ്പി. മാന്യമായ പെരുമാറ്റമുള്ള ഹൗസ് ഓണർമാരാണ്
ശങ്കരനാരായണനും രാജലക്ഷ്മിയും. അവർക്ക് പ്രായമേറി
ജനിച്ച കുഞ്ഞാണ് പ്ലസ് ടുവിന് പഠിക്കുന്ന തിലകവതി. പിന്നെ
തെരുവിൽ ചില പറച്ചിലുകളുണ്ട്. അക്കയുടെ രണ്ടാംവിവാഹത്തി
ലെ ഭർത്താവാണ് ഇപ്പോഴുള്ളതെന്നും പൂണൂലൊക്കെ ഇടുമെ
ങ്കിലും അയാൾ ബ്രാഹ്മണനല്ലെന്നുമൊക്കെയാണ്.
ഇനി മുകുന്ദന്റെ ബന്ധങ്ങളാകട്ടെ, ലക്ഷ്മിയക്കയോടാണെ
ങ്കിൽ മാസവാടക കൊടുക്കുന്ന നേരത്തുള്ള ചില സംഭാഷണങ്ങ
ളിലും വല്ലപ്പോഴും കാണുമ്പോൾ കൈവീശിയുള്ള അഭിവാദ്യ
ത്തിലും തീർത്തു. പിന്നെയുള്ളത് മുകളിലുള്ള തിബത്തൻ വിദ്യാ
ർത്ഥികളുമായുള്ള അയഞ്ഞും മുറുകിയും ഉള്ള സൗഹൃദമാണ്.
ടിബത്തൻ വിദ്യാർത്ഥികൾ വളരെ ഉച്ചത്തിൽ ടെലിവിഷൻ വയ്ക്കുമ്പോഴോ
സംഗീതോപകരണങ്ങൾ വായിക്കുമ്പോഴോ നില
ത്താഞ്ഞു ചവിട്ടി നൃത്തം വയ്ക്കുമ്പോഴോ അവരുമായി ചെറിയ
വഴക്കും അല്ലാത്ത ചില സമയങ്ങളിൽ അവരുടെ ഗിറ്റാർ വായന
കേട്ട് തിബത്തൻ രാഷ്ട്രീയത്തെക്കുറിച്ചും ദലൈലാമയുടെ
പ്രബോധനങ്ങളെക്കുറിച്ചും ചൈനാവിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ചും
രസകരമായി ഏറെ നേരം സംസാരിച്ചിരിക്കും.
ആധുനികകാലത്തെ ഉബൈദിന്റെ സാമൂഹിക സാഹചര്യ
ങ്ങളോ ഉബൈദിന്റെ ബന്ധങ്ങളോ ഒന്നുമല്ല ആധുനികാനന്തര
കാലത്ത് മുകുന്ദനെ ഭരിച്ചിരുന്നത് എന്ന് വ്യക്തമാകുന്നു. ഇനി
ഒടുവിലത്തെ ഭാഗത്തേക്ക് കടക്കാം. തന്റെ ജീവിതപ്രതിസന്ധി
കളെയെല്ലാം ക്ഷമയോടെയും ധൈര്യത്തോടെയും അതിജീവിച്ച്
രണ്ടാംഘട്ടത്തിൽ എത്തിനിൽക്കുന്ന ലക്ഷ്മിയക്കയിലൂടെതന്നെ
യാണ് ഒരർത്ഥത്തിൽ നോവൽ വികസിക്കുന്നത് എന്നു പറയാം.
ഉത്തരാധുനിക നഗരകാലം അതിനുമുമ്പുണ്ടായിരുന്ന കാലത്തെ
ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും തീവ്രതയോടെ വേഗ
ത്തിൽ എങ്ങിനെ മാറ്റിമറിച്ചു എന്നിവിടെ അനാവരണം ചെയ്യപ്പെ
ടുന്നു.
രണ്ടാംഭാഗത്തിലെ മുകുന്ദനും മുകുന്ദൻ കടന്നുപോകുന്ന വഴി
കളും ഏതോ രീതിയിൽ മാർക്കേസിന്റെ അവതരണരീതിയെ ഓർ
മിപ്പിക്കുന്നുണ്ടോ? മാജിക് നോവലിനകത്തെ അനിവാര്യതയായി
കടന്നുവരുന്നു. അതിന് മാജിക്കൽ റിയലിസത്തിന്റെ ഛായയുണ്ടോ?
മുകുന്ദൻ ബാറിൽ കണ്ടുമുട്ടുന്ന ഹഹഹഹ എന്ന പേരിലുള്ള
നാലു ചെറുപ്പക്കാരുടെ സംഘത്തെ കുറിച്ചാണ് പറയാനുള്ളത്.
ഹഹഹഹ എന്നതിലെ പൊട്ടിച്ചിരിയെണ്ണത്തിന് തുല്യമായ അംഗസംഖ്യയുള്ള
കൂട്ടം. അതിലുള്ളവരുടെ വിശേഷണം പറയാം – ”
പളപളാ മിന്നുന്ന പട്ടുവസ്ര്തങ്ങൾക്കും കറുമുറാ ചവയ്ക്കുന്ന തീറ്റിപ
ണ്ഡങ്ങൾക്കും ഗുമുഗുമാ മസാലമണം പരക്കുന്ന റെസ്റ്റോറന്റുക
ൾക്കും കലപില ബഹളം കൂട്ടുന്ന കച്ചവടക്കെട്ടിടങ്ങൾക്കെല്ലാം
വേണ്ടി നഗരത്തിലെ എഫ്.എം. റേഡിയോകൾ സംപ്രേഷണം
ചെയ്യുന്ന മിക്ക പരസ്യങ്ങളും എഴുതിയത് അതിലൊരുവനാണ്.
മറ്റൊരുവനാകട്ടെ ചുമലിലും നെഞ്ചിലും കഴുത്തിലുമെല്ലാം
വ്യാളിയും സർപ്പവും താന്ത്രിക് മുദ്രകളും പച്ച കുത്തുന്ന റ്റാറ്റൂ ആർ
ടിസ്റ്റാണ്. മൂന്നാമൻ നഗരത്തിലെ ജിമ്മിലെ പരിശീലകനും നാലാമനാകട്ടെ
കോഫി ഷോപ്പിലെ ജീവനക്കാരനും പുതിയ കാല
ത്തിനു വേണ്ടി സൃഷ്ടിപരമായ പുതിയ ആശയങ്ങൾ കണ്ടെത്തി
പ്രാവർത്തികമാക്കുന്നവരുമായിരുന്നു. ഇവർ നാലുപേരുടെയും
സാന്നിദ്ധ്യവും വർത്തമാനവും ബാറിൽ മുകുന്ദൻ അനുഭവിക്കാറുണ്ട്.
ഇതിനിടയിൽ ബാറിൽ വച്ച് മുകുന്ദനെ ഒരു മജീഷ്യൻ കാണുകയും
പലതവണയായി പ്രലോഭിപ്പിച്ച് മാജിക്കിലേക്ക് അടുപ്പിക്കുകയും
ചെയ്യുന്നു. ഈ മജീഷ്യന് നിർദേശങ്ങൾ നൽകുകയും
അയാളുടെ മാജിക് ഷോകൾ നഗരത്തിൽ സംവിധാനം ചെയ്യുകയും
ചെയ്യുന്ന അതിഭാവുകത്വമോ അതിയാഥാർത്ഥ്യമോ ഏതെ
ന്നറിയാത്ത രീതിയിൽ കടന്നുവരുന്ന ഇന്ദ്ര എന്ന പെൺകുട്ടിയു
ണ്ട്. അവളാണ് മാജിക് ഷോ ഇവന്റ് മാനേജ്മെന്റ് ആയി ഏറ്റെടു
ത്തിരിക്കുന്നത്.
ചിതറിത്തെറിച്ച സംഭവങ്ങളോ ഇനങ്ങളോ അല്ല ഈ മജീ
ഷ്യന്റെ മാജിക്കിൽ അവതരിപ്പിക്കപ്പെടുന്നത്, മറിച്ച് കഥാഭാഗങ്ങ
ളാണ്. ഇതിലെല്ലാം മുകുന്ദൻ ഒരേസമയം കാഴ്ചക്കാരനും പങ്കാളിയും
ആകുന്നുണ്ട്. ‘ഇന്ദ്രയും വിശുദ്ധ കനിയും’ എന്ന ആദ്യത്തെ
മാജിക് ചെന്നെത്തുന്നത് കയേലും ഹാബേലും എന്ന രണ്ടു
സഹോദരന്മാരുടെ അനുഭവങ്ങളിലേക്കാണ്. കാണികൾക്ക്
മുമ്പിൽ കയേലും ഹാബേലുമായി മാറുന്നത് മജീഷ്യനും മുകുന്ദ
നുമാണ്. ”സ്വാർത്ഥനും താൻപോരിമക്കാരനുമായ ദൈവം കയേലിന്റെ
പാരിതോഷികങ്ങളെ തള്ളുകയും ഹാബേലിന്റെ ബലി
യിൽ പ്രസാദിക്കുകയും ചെയ്തു. നിരാശനായ ഹാബേൽ പ്രതികാരദാഹിയായി
മാറി. അവൻ കയേലിനെ തന്റെ കൃഷിയിടത്തി
ലേക്കു ക്ഷണിച്ചു. അവിടെ വച്ച് അവനെ കൊലപ്പെടുത്തി.
സഹോദരന്റെ ചോരയാൽ തന്റെ വയൽ നനഞ്ഞതു കണ്ട
നിമിഷം അവനിൽ പശ്ചാത്താപം ഉണർന്നു”.
ഹാബേലിനെ വധിക്കുന്ന ഭാഗം മാജിക്കായി അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ
ഇത്രയും അപകടം നിറഞ്ഞ ഒരു പ്രവൃത്തിയുടെ
ഭാഗമാകാൻ മജീഷ്യൻ തന്നെ തിരഞ്ഞെടുത്തതെന്തിനെന്ന് മുകു
ന്ദൻ ആലോചിച്ച് വശംകെടുന്നുണ്ട്. തികച്ചും ചരിത്രപരവും
പൗരാണികവുമായ ആ ചോദ്യം മജീഷ്യൻ ഉച്ചത്തിൽ ആവർത്തി
ക്കുകയും ചെയ്തു. ”ഞാനാണോ എന്റെ സഹോദരന് കാവൽക്കാരൻ”.
‘മാന്ത്രിക ഗുഹാമുഖം’ എന്ന ആലിബാബയുടെയും കാസി
മിന്റെയും കഥയായിരുന്നു അടുത്ത മാജിക് ഇവന്റ്. ആലിബാബയ്ക്ക്
സ്വർണം കിട്ടിയ കാര്യമറിഞ്ഞ കാസിം അതിന്റെ ഉറവിടം
അന്വേഷിക്കുന്നു. കാട്ടിൽ കൊള്ളമുതൽ ശേഖരിച്ചുവച്ച ഗുഹയെ
പ്പറ്റി ആലിബാബയിൽനിന്നറിയുന്നു. ഒടുവിൽ ഗുഹയ്ക്കകത്ത് കയറിയ
കാസിമിന് മാന്ത്രികവാക്യം അറിയാൻ കഴിയാത്തതിനാൽ
ഗുഹയ്ക്കകത്ത് പെടുകയും കൊള്ളക്കാർ അയാളെ വെട്ടിനുറുക്കു
ന്നതുമാണ് കഥ.
മാജിക് ഷോയിൽ ഗുഹയ്ക്കു പകരം പെട്ടിയാകുമ്പോൾ അതിൽ
കയറാനുള്ള ഊഴവും മുകുന്ദന്റേതുതന്നെയായിരുന്നു. പലകപ്പടി
മേൽ തുടർച്ചയായി ചവിട്ടിയാൽ തുറക്കുന്ന രഹസ്യവാതിലും
അതിലൂടെ രക്ഷപ്പെടാനുള്ള സൂത്രവഴിയും കാണികൾക്ക് മുന്നിൽ
പ്രത്യക്ഷപ്പെടുമ്പോഴുള്ള കരഘോഷവും മുകുന്ദനെ അത്ഭുതപ്പെ
ടുത്തുകയും കൊതിപ്പിക്കുകയും ചെയ്തു.
മൂന്നാമത്തെ കഥാഭാഗം രാമായണത്തിൽ നിന്നായിരുന്നു. വനവാസത്തിനു
പുറപ്പെട്ട സഹോദരന്മാരുടെ കഥ തീരുമാനിച്ചുറപ്പി
ച്ചെങ്കിലും മൂന്നാമത്തെ ഷോ നടക്കുകയുണ്ടായില്ല. അപ്പോഴേക്കും
ഇവന്റ് മാനേജ്മെന്റ് പ്രകാരം അവിടെ നടന്നത് ഒരു
മൊബൈൽ കമ്പനിയുടെ പരസ്യ ഷോ ആയിരുന്നു.
ഇന്ദ്രജാലവിദ്യകൾക്ക് രണ്ട് രീതികളാണുള്ളത് – രാജമുറയും
കാക്കാലമുറയും. പണ്ട് പണ്ട് രാജസദസ്സുകളിലോ അതല്ലെങ്കിൽ
ക്ഷണിക്കപ്പെട്ട കാണികളുടെ ഇടയിലോ മാത്രമായി നേരത്തെ
തീരുമാനിച്ച സഥലത്തു വച്ച് നിർവഹിക്കുന്നതാണ് രാജമുറ.
എന്നാൽ തെരുവിൽ ഒരിടത്തുനിന്ന് കൈയടിച്ച് വിളിച്ച് കൂവുമ്പോൾ
കൗതുകത്തോടെ പെട്ടെന്ന് കൂടുന്ന അപരിചിതമായ വഴി
പോക്കരുടെ കൂട്ടത്തിനു മുന്നിൽ നിന്ന് ജാലവിദ്യക്കാരൻ പ്രദർ
ശിപ്പിക്കുന്നതാണ് കാക്കാലമുറ. മുറമാറ്റത്തിനനുസരിച്ച് പ്രകടനത്തിനും
പകിട്ടിലുമൊക്കെ വ്യത്യാസങ്ങളുണ്ടായിരിക്കും.
‘ചെപ്പും പന്തും’ രാജമുറയിലും കാക്കാലമുറയിലും അവതരിപ്പി
ക്കുന്നത് പ്രകടമായ വ്യത്യാസങ്ങളോടെയായിരിക്കും. വർണക
മ്പള വിരിപ്പും പട്ടുതുണിയും ചായം പൂശിയ ചെപ്പുകളും സ്വർണവർണമാർന്ന
പന്തുകളും ചിട്ടപ്പെടുത്തിയ വായ്ത്താരിയുമൊക്കെ
യാണ് രാജമുറയിലുണ്ടാവുക. കാക്കാലമുറയിലത് ചിരട്ടയോ,
നിലത്തുനിന്ന് പെറുക്കിയെടുത്ത കരിങ്കൽകഷണങ്ങളോ, ആർ
പ്പുവിളിയോ ഒക്കെയായി മാറുന്നു.
രാജമുറ ചിട്ടപ്പെടുത്തിയ ഒരു അകംലോകത്തിന്റെയാവുമ്പോൾ
കാക്കാലമുറ ക്രമപ്പെടുത്താത്ത സ്വാഭാവികമായ ഒരു
പുറംലോകത്തിന്റെയാവുന്നു. ജാലവിദ്യയും ജീവിതവും തമ്മി
ലുള്ള ബന്ധത്തെ പല രീതിയിൽ ഈ നോവൽ വിചാരണ ചെയ്യു
ന്നു. ജീവിതത്തിലേക്ക് കടന്നുനിൽക്കുന്ന മാജിക്കും മാജിക്കി
ലേക്ക് കടന്നുനിൽക്കുന്ന ജീവിതവും നോവലിലെ പല സ്വാഭാവിക
അനുഭവങ്ങളും വന്നുപതിക്കുന്നതിന്റെ പിന്നിൽ ഒരു മാജി
ക്കിന്റെ ഛായ കാണാം.
നോവലിലെ മനുഷ്യരും മനുഷ്യബന്ധങ്ങളും പ്രകൃതിയും
പ്രകൃതിദുരന്തങ്ങളും എല്ലാം ബോധപൂർവമല്ലാത്ത രീതിയിൽ
ഇന്ദ്രജാലത്തോട് സാമ്യതപ്പെട്ടു നിൽക്കുന്നു. ഇന്ദ്രജാലം നോവലിൽ
ഒരു പൊതു രാഷ്ട്രീയബോധമായും ഭൗമ രാഷ്ട്രീയമായും വർ
ത്തിക്കുന്നുവെന്ന പി.എം. ഗിരീഷിന്റെ കാഴ്ച സമകാലിക ജീവി
തത്തെയും ചൂഴ്ന്നുനിൽക്കുന്ന ഒന്നാണ്. മാജിക്കുപോലെതന്നെ
ജീവിതം രാജമുറയും കാക്കാലമുറയും ചേർന്നതാണ്.
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പല പല വിജ്ഞാനശാഖകളെയും
അതിന്റെ അക്കാദമികവും ഔപചാരികവുമായ കാർ
ക്കശ്യത്തിൽ നിന്നു വിടർത്തി മനുഷ്യഗന്ധിയാക്കി, കഥകളും ഉപകഥകളും
ചേർത്ത് താൻ ആവിഷ്കരിച്ച കല്പനാജീവിതത്തോട്
ചേർത്തുവയ്ക്കാനുള്ള അസാമാന്യപാടവം ദേവദാസ് വി.എം.
കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിൽ പലതും ഈ
കൊച്ചുകുറിപ്പിൽ രേഖപ്പെടുത്താനുള്ള പരിമിതിയും ഉണ്ടെന്ന് പറ
ഞ്ഞുകൊള്ളട്ടെ.
തന്റെ ജീവിതം ഏറ്റവും സുരക്ഷിതവും സുഭദ്രവും ആകണമെന്ന്
നാം ഓരോരുത്തരും കാംക്ഷിച്ചു നടക്കുന്ന ഇക്കാലത്ത്
അത്തരം അവസ്ഥകൾക്കൊന്നും തീരെ പ്രാധാന്യം കൊടുക്കാതെ
അതതുകാലത്തെ ജീവിതത്തിലേക്ക് ക്ഷമയോടെ സൗമ്യരായി
ഒരേസമയം കാഴ്ചക്കാരും പങ്കാളികളുമായി പ്രവേശിച്ചവരാണ്
ഉബൈദും മുകുന്ദനും. ഒരു മനുഷ്യന്റെ ജീവിതമെന്നത് അവന്റെ
അസ്തിത്വത്തിനു മുൻപ് പൂർവനിർണയം ചെയ്യപ്പെടുന്നതല്ല, മറിച്ച്
അവന്റെ കർത്തവ്യപരിപാലനത്തിലൂടെ നിർവഹിക്കപ്പെടേണ്ട
താണ്. ഈ കർത്തവ്യപരിപാലനം അവന്റെ സ്വാതന്ത്ര്യവും ഉത്ത
രവാദിത്തവുമാണ്.
കർത്തവ്യപരിപാലനം എന്നൊക്കെ പറയുമ്പോൾ അതൊ
ന്നും ചിട്ടപ്പടി നിർവഹിക്കേണ്ട ഒന്നല്ല എന്നും നാം മനസ്സിലാക്ക
ണം. ഉബൈദിനോ മുകുന്ദനോ നമ്മൾ ചിട്ടപ്പടി എന്നു വിശ്വസി
ക്കുന്ന കുടുംബവൃത്തമോ പ്രവൃത്തിപഥങ്ങളോ ഒന്നുമല്ല ഉണ്ടായിരുന്നത്.
ഉബൈദിന്റെ കവിതയിലെ ആദ്യവരിപോലെ ‘പ
ള്ളിക്കു തീപിടിച്ച’ൽല്ലാ’യിച്ചെന്തീ കെടുത്തുവാനാരുമില്ലേ?’
എന്നു ചോദിച്ച് രണ്ടു കാലങ്ങളിൽ, രണ്ടു സാമൂഹ്യസന്ദർഭങ്ങളിൽ
ഒരേ പ്രദേശത്ത് കുറച്ചുകാലം ജീവിച്ചവരാണവർ.
ലോകമാകുന്ന പള്ളിക്ക് തീപിടിച്ചതിൽ ആധി പൂണ്ട ഉബൈദ്
എന്ന മലയാളകവിയിൽ നിന്ന് മദ്രാസ് ചുറ്റിക്കറങ്ങണമെന്നും മറീ
നയിൽ വീടു കെട്ടണമെന്നും ലൈറ്റ് ഹൗസിനു മുകളിൽ കയറിനി
ൽക്കണമെന്നും ചീട്ടുകളിയുടെ റാണിയുമാകണമെന്ന് ആഗ്രഹിച്ച്
പാട്ടു പാടുന്ന പെൺകുട്ടിയെക്കുറിച്ച് എഴുതിയ കവി വൈരമുത്തുവിൽ
എത്തിനിൽക്കുനന കാലമാണ് നോവലിലെ ക്രിയാകാലം.
നോവലിന്റെ തുടക്കത്തിനു മുമ്പ് നോവലിസ്റ്റ് എടുത്തുചേർത്ത
ഹാരിഹൗദിനിയുടെ വാക്യത്തിന്റെ പ്രസക്തി നോവലോളം
പോന്നതാണ്.
“The easiest way to attract a crowd is to let it be known
that at a given time and a given place Someone is going to
attempt Something that in the event of failure will mean
Sudden death”.
ജീവിതവും ഇന്ദ്രജാലവും ഏറെ ആകസ്മികവും അപായകരവുമാണ്.
അതിൽ സംഭവിക്കുന്ന ഏതൊരു പിഴവും നമ്മുടെ മരണത്തിൽ
കലാശിക്കാം എന്നതായിരിക്കാം അതിന്റെ സൗന്ദര്യം.
അതുകൊണ്ടായിരിക്കാം അത്തരം ജീവിതങ്ങളോട് ആൾക്കൂട്ട
ത്തിനു തോന്നുന്ന ആകർഷണം.
ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷത്തിലും മനുഷ്യൻ
പല രീതിയിൽ മരണത്തെ മാറ്റിപ്പണിതുകൊണ്ടിരിക്കുകയാണ്
എന്നു പറയുന്നതുപോലെ വിരസതയിൽ നിന്നുള്ള മോചനം
അവൻ എക്കാലത്തും ആഗ്രഹിച്ചിരുന്നു.
Till the end of December I will be waiting for you And I can not longer stay here Amongst your broken promises
മനസ്സിൽ നന്മയും അവസാനിക്കാത്ത സ്നേഹവുമുള്ള ഉബൈദിനും
മുകുന്ദനും അധികകാലമൊന്നും ഇവിടെ കാത്തിരിപ്പ്
സാദ്ധ്യമല്ല. ചെപ്പടിവിദ്യക്കാരന്റെ ഉന്മാദലഹരിയിൽ കാക്കാലമുറയിൽ
അവർ അപ്രത്യക്ഷരാവുന്നു.