ഇപ്പോഴും സുഹൃത്തായ
ഒരു സുഹൃത്തുണ്ടായിരുന്നു
പാർട്ടി സ്നേഹം മൂത്ത്
വീട്ടിൽ കയറാത്ത കാലത്തിൽ.
അന്നൊക്കെ ഇരുപാർട്ടികൾ തമ്മിൽ
മിക്കവാറും സംഘർഷത്തിലാവും.
ദേശീയതയെ ചൊല്ലിയോ
അന്താരാഷ്ട്രീയ കാര്യങ്ങളിൽ
തർക്കിച്ചോ ആയിരുന്നില്ല.
ഇ.എം.എസ്സോ മറ്റോ ആയിരുന്നില്ലെങ്കിലും
എന്നെ രക്ഷിക്കാൻ
അവനെ പാർട്ടി ചുമതലയേൽപ്പിച്ചു.
അവൻ വന്നു കത്തിയുമായി.
വീട്ടിൽ ചിലരുടെ മുഖം കറുക്കുന്നത് നോക്കാതെ,
വെളുത്തവരുടെ ശരീരത്തിൽ ഞങ്ങൾക്കും
ചില അവകാശങ്ങളൊക്കെ
ഉണ്ടെന്ന് പറഞ്ഞ് കിളച്ചു നടന്നിരുന്ന,
അവന്റെ അച്ഛന്റെ വിയർപ്പു മണികൾ
നെല്ലുകളായി കിടന്നിരുന്ന
പത്തായത്തിന്മേലിരുന്ന്
ഞങ്ങൾ ആഹാരം കഴിച്ചു, ഉറങ്ങി.
പതിവുപോലെ രാവിലെ എണീറ്റു.
കാലാന്തരത്തിൽ അവനൊരുദേശത്തും
ഞാൻ മറ്റൊരുദേശത്തും
അവരവരുടെ ഒറ്റയോ ഇരട്ടയോ ആയ ജീവിതം
നിശ്ശബ്ദമായിജീവിക്കുന്നു.
ചില രാത്രികളിൽ
പ്രത്യേകിച്ചൊരു ജാതിയോ നിറമോ ഇല്ലാത്ത
ആ കൂട്ടുകാരന്റെ ഹൃദയം
എന്റെ കട്ടിലിനരികെയിരുന്നു മിടിക്കുന്നു.
ഞാനുറങ്ങുന്നു ഒറ്റക്കൊരുമുറിയിൽ.
Mobile: 99614 70429