കവിതയുടെ ദേശങ്ങള്‍ക്ക് അതിര്‍ത്തികളില്ല. കവിത അതിന്റെ സവിശേഷമായ ഭാഷയില്‍ ഭൂമിയിലെ ജീവിതങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടിരിക്കുന്നു. കടല്‍ത്തീരത്തിന്റെ ഭാഷ കുന്നിന്‍ചെരിവിലെ ജീവിതങ്ങളിലേക്കു കയറിവരും. വയലോരങ്ങളില്‍നിന്നും പുഴവക്കത്തുനിന്നുമുള്ള വാക്കുകള്‍ തീരദേശത്തേക്ക് സഞ്ചാരത്തിനിറങ്ങും. രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിര്‍ത്തികള്‍ ഭേദിച്ച് കവിത തന്റെ പുറപ്പാട് പുസ്തകം രചിക്കും. കവിതയുടെ അടയാളം കവിതതന്നെയാണ്. അഥവാ എല്ലാ അടയാളങ്ങളും അതിന്റ ഉള്ളടങ്ങിയിരിക്കുന്നു.
സച്ചിദാനന്ദന്റെ കവിതകളെ നോക്കൂ… അവയുടെ അടയാളങ്ങളെ ശ്രദ്ധിക്കൂ… അതിലെ ദേശങ്ങളെ കാണൂ… ഇന്ത്യയിലെ സമകാലിക സംഘര്‍ഷങ്ങളും അതിന്റെ അടയാളങ്ങളും വേര്‍തിരിക്കാനാവാത്ത വിധം സച്ചിദാനന്ദന്‍കവിതയില്‍ രക്തബന്ധിതമായി നിലകൊള്ളുന്നു. കവിതയിന്റ നിന്ന് ‘അര്‍ത്ഥത്തെ’ ഊരിയെടുക്കുന്ന പ്രബുദ്ധതാനാട്യത്തിനപ്പുറത്താണ് അവയുടെ സ്ഥാനം. സ്വന്തം ദേശീയതയും അതിനോടുള്ള വൈകാരികമായ കൂറും ഭരണകൂടത്തിനുമുമ്പില്‍ തെളിയിക്കപ്പെടേണ്ടിവരുന്ന അടിസ്ഥാനമനുഷ്യരുടെ സംഘര്‍ഷപരിസരത്ത് സച്ചിദാനന്ദന്റെ കവിതകളെ കണ്ടെത്താനാവും. അപരമനുഷ്യരോടുള്ള സഹതാപത്തിന്റെയോ സഹിഷ്ണുതയുടെയോ വരേണ്യയുക്തിയില്‍ നിന്നല്ല ഈ കവിതകള്‍ പിറക്കുന്നത്. ഇവിടെ കവിതതന്നെ സ്വയം ഒരു കീഴാളമനുഷ്യനായി നില്‍ക്കുകയാണ്. അവരുടെ സംഘര്‍ഷങ്ങളും പിടച്ചിലുകളും വേര്‍പെടുത്താനാവാത്തവിധം കവിതയുടെ ജൈവശരീരമായി മാറുന്നു.
”ഓടയില്‍ പിറന്നവന്
ഓട ഏതു നാട്ടിലായാലെന്തു സാര്‍,
തെണ്ടുന്നവന് തെണ്ടുന്ന തെരുവും?
സെന്‍സസിലും വോട്ടര്‍ പട്ടികയിലും
പേരില്ലാത്തവന് എന്ത് ഊര് സാര്‍?”
(തോബാ തേക്‌സിങ് 2016, മാധ്യമം ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 21) എന്ന് സച്ചിദാനന്ദന്‍ എഴുതുമ്പോള്‍ കവിത സ്വയം ഒരു കീഴാള മനുഷ്യനായി മാറുന്നു. ഇവിടെ കവിതയില്‍ നിന്ന് വേര്‍പെടുത്താനാവാത്ത വിധം ഈ അനുഭവങ്ങള്‍ ഒരു അടയാളമായി മാറുകയാണ്. അങ്ങനെ കവിതയുടെ അടയാളങ്ങള്‍ കവിതയ്ക്കു വെളിയില്‍ അന്വേഷിക്കാനാവാത്തവിധം അതിനുള്ളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അഥവാ കവിത തന്നെ സമൂഹത്തിന്റെ അടയാളമായി മാറുന്നു. ‘ഞാന്‍ എന്റെ ഗ്ലാസിനോട് സംസാരിക്കുന്നു’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 20) എന്ന സച്ചിദാനന്ദന്‍ കവിതയും ഈവിധം സ്വയം സംസാരിക്കുന്നവയാണ്.
ഭൂമിയിലെ ഏറ്റവും ദുര്‍ബലരായ ജീവികളാണോ മഴപ്പാറ്റകള്‍? റഫീക്ക് അഹമ്മദ് ‘മഴപ്പാറ്റകള്‍’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 3) എന്ന കവിതയിലൂടെ ഈ കുഞ്ഞുജീവികളുടെ വംശത്തെ അന്വേഷിക്കുന്നു:
”മഴപ്പാറ്റകള്‍ ഏതു വംശത്തില്‍ പിറന്നവര്‍
ശലഭങ്ങള്‍ തന്‍ പുഷ്പവംശത്തില്‍, കിളികള്‍ തന്‍
സ്വപ്ന വംശത്തില്‍ മത്സ്യജലാംശത്തില്‍, വെറും
പുഴുവിന്‍ മണ്‍വംശത്തില്‍?”
കവിതയിലൂടെ കുറെക്കൂടി സഞ്ചരിക്കുമ്പോള്‍ മഴപ്പാറ്റകള്‍ മനുഷ്യരായി മാറുന്നതുകാണാം. ദുര്‍ബലരും അധ:സ്ഥിതരുമായ മനുഷ്യര്‍. ‘കുഞ്ഞുറുമ്പക്ഷരക്കൂട്ടം പെട്ടെന്നെത്തിയ മഴതൊട്ട് കവിതയാകുമ്പോലെയാണ്’ മഴപ്പാറ്റകള്‍ മണ്ണില്‍നിന്നും ചിറകുവിടര്‍ത്തുന്നത്. എന്നാല്‍ അല്പായുസ്സിനാല്‍ അടര്‍ന്നുപോകുന്ന അവരുടെ പറക്കലും പ്രതീക്ഷയും കവിതയില്‍ മഴപ്പാറ്റകളുടെ വംശം മണ്ണിന്റെ വംശമാണെന്ന് അടയാളപ്പെടുത്തുകയാണ്.
മോഹനകൃഷ്ണന്‍ കാലടി തന്റെ കവിതകളെ സ്‌കൂള്‍ജീവിതത്തിനപ്പുറത്തുള്ള ഒരനുഭവത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞകാലങ്ങളില്‍ നിറഞ്ഞ് നിന്ന പുഴകളും കുന്നുകളും പാടങ്ങളും ഇല്ലാതായിപ്പോയതിന്റെ ഭീതികള്‍ അദ്ദേഹത്തിന്റെ കവിതയില്‍ നിലനില്‍ക്കുന്നു. ഇത്തരം ഉണ്ണിഭയങ്ങളാണ് ‘പഴയ സ്‌കൂളിന് പുറകില്‍’ (മാധ്യമം ആഴ്ചപ്പതിപ്പ്, ജനുവരി 11) എന്ന കവിതയിലുമുള്ളത്.
”ഞങ്ങളുടെ പഴയ സ്‌കൂളിന് പുറകില്‍
വറ്റിപ്പോയൊരു പുഴയാണ്.
ആ മുറിവിലൊരുനാളിറങ്ങി നടന്നു”
ആ പുഴയുടെ അക്കരെ, മാന്തിത്തീര്‍ന്ന കുന്നും, കുന്നിന്റെയപ്പുറം കത്തിത്തീര്‍ന്നൊരു കാടുമാണുള്ളത്. വറ്റിത്തീര്‍ന്ന പുഴയിലൂടെ ഈ സ്ഥലങ്ങളിലേക്ക് അവര്‍ യാത്രയാകുന്നു. കാടിന്റെ കനലുകളില്‍ ചവിട്ടാതെ നില്‍ക്കുമ്പോള്‍ വിചിത്രമായൊരു ഭീകര സത്വം അവരെ വാലാല്‍ വരിഞ്ഞ് അതിന്റെ ഗുഹയില്‍ കൊണ്ടിട്ടു. ഒഴുകിപ്പോയ അവരുടെ പെന്‍സില്‍, എഴുതിക്കഴിഞ്ഞ നോട്ടുപുസ്തകം, പൊന്തയില്‍ വീണു മറഞ്ഞ നാണ്യങ്ങള്‍ എന്നിവ അവര്‍ ആ ഗുഹയില്‍ കാണുന്നു. നഷ്ടപ്പെട്ടതോ കാലത്തിനപ്പുറത്തേക്ക് മറഞ്ഞുപോയതോ ആയ വസ്തുക്കള്‍ ഈ ഭീകര സത്വത്തിന്റെ ഗുഹയില്‍ അവര്‍ കണ്ടെത്തുകയാണ്. ഇത്തരത്തിലുള്ള ഭീതികളെ നിര്‍മിച്ചുകൊണ്ടാണ് കവി പോയകാലത്തിന്റെ ചില നന്മകളെ ഓര്‍മ്മപ്പെടുത്തുന്നത്. വറ്റിപ്പോയ പുഴയുടെ മുറിവുകള്‍, കത്തിയ കാട്, മാന്തിത്തീര്‍ത്ത കുന്നുകള്‍ എന്നിവയെല്ലാം ഭീതിയുടെയും ഭീകരതയുടെയും അടയാളങ്ങളായി കവിതയില്‍ നില്‍ക്കുന്നു. പുലി, ചെന്നായ, പോത്ത്, പാമ്പ്, കുതിര, കരടി തുടങ്ങിയ ജീവികളുടെ സവിശേഷമായ സമ്മേളനമാണ് കവിതയിലെ ഭീകര സത്വം. മേല്പറഞ്ഞ ജീവികളെ പ്രകൃതിയില്‍ നിന്നും തന്നില്‍ നിന്നും അന്യവത്കരിച്ച് കാണുന്ന മനുഷ്യകേന്ദ്രിതമായ ഒരു ഭയപ്പാടിന്റെ തുടര്‍ച്ചതന്നെയാണ് കവിതയിലും സംഭവിക്കുന്നത്. ഇത്തരം അപരത്വങ്ങളില്‍നിന്നും ഭീതിയില്‍നിന്നും പാരിസ്ഥിതികമായ ഒരു ബോദ്ധ്യത്തെ ആവിഷ്‌കരിച്ചെടുക്കാനാവുമോ എന്ന സന്ദേഹം അവശേഷിക്കുകയാണ്.
പി പി രാമചന്ദ്രന്റെ ‘ആവൂ’ (ഭാഷാപോഷിണി, ഫെബ്രുവരി) എന്ന കവിതയിലും ഇത്തരം അപരവത്കരണത്തിന്റെ ആവിഷ്‌കാരം കണ്ടെത്താനാവും. ഒരു മലയാളി പുരുഷ സ്വത്വം തീവണ്ടിയാത്രയിലൂടെ കാണുന്ന അപര ദേശങ്ങളും അപര മനുഷ്യരുമാണ് കവിതയില്‍:
”മനുഷ്യന്‍ വേഷം മാറുന്നു
മുണ്ട് മറ്റേതോ രീതിയില്‍ ഉടുക്കുന്നു
തലപ്പാവ് കെട്ടുന്നു
മൂക്കു തുളയ്ക്കുന്നു
മീശ വടിച്ച് മിനുങ്ങുകയോ
ചീകിക്കെട്ടുകയോ
മൈലാഞ്ചിയിട്ടു പരത്തുകയോ ചെയ്യുന്നു
ഭാഷമാറ്റുന്നു”
ദേശീയതയുടെ ബഹുസ്വരതകളെയും അതിന്റെ സ്വത്വപരമായ സവിശേഷതകളെയും അന്യവത്കരിക്കുന്ന ഒരു മലയാളി വരേണ്യ പുരുഷന്റെ കാഴ്ചകള്‍ ഈ വരികളില്‍ സ്പഷ്ടമായി തെളിയുന്നുണ്ട്. അപരമനുഷ്യരെയും അപര ഭൂപ്രദേശങ്ങളെയും അപര ഭാഷകളെയും കൊണ്ടുവരുന്ന തീവണ്ടിയില്‍ ഒരു മലയാളശബ്ദം കയറിപ്പറ്റി. അതാണ് ”ആവൂ”. ആവൂ എന്നത് അപരത്വത്തെ കൂടുതല്‍ ഉറപ്പിക്കുന്ന ഒരു ശബ്ദമോ ഭാഷയോ ആയി ഇവിടെ മാറുന്നു.
അന്യവത്കരണവും അസഹിഷ്ണുതയും വെറുപ്പിന്റെ പ്രത്യയശാസ്ത്രവും സമകാലിക ഇന്ത്യനവസ്ഥയില്‍ ശക്തി പ്രാപിക്കുന്ന സന്ദര്‍ഭത്തില്‍ കവിതയിലൂടെ സ്‌നേഹത്തിന്റെ മാനിഫെസ്റ്റോ രചിക്കുകയാണ് പി.കെ. പാറക്കടവ് (ഹൃദയം കൊണ്ടൊരുമ്മ (സെബുവിന്), ഭാഷാപോഷിണി, മാര്‍ച്ച്). കഥയ്ക്കും കവിതയ്ക്കുമിടിയിലെ അതിര്‍ത്തികളെ പൊളിച്ചുകളഞ്ഞ പാറക്കടവിന്റെ എഴുത്ത് കവിത സൂചിപ്പിക്കുന്നതുപോലെ ഹൃദയം കൊണ്ട് രചിക്കപ്പെട്ടവയാണ്.
”ചുണ്ടുകൊണ്ടല്ലെന്‍
ഹൃദയംകൊണ്ട് നിന്നെയൊന്നുമ്മ വയ്ക്കട്ടെ
ദേഹം കൊണ്ടല്ലെന്‍
ആത്മാവ്‌കൊണ്ടു നിന്നെ
ഞാനൊന്നു പുണരട്ടെ,
ഗാഢമായൊന്നു പുണരട്ടെ”
കവിതയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ഈ സ്‌നേഹത്തിന്റെ വിശുദ്ധി ശരീരത്തെ തിരസ്‌കരിക്കുന്നില്ല. രണ്ട് ശരീരവും ഒന്നായിത്തീരുന്ന ഒരു നാളിനുവേണ്ടിയുള്ള പ്രതീക്ഷകളാണ് കവിതയില്‍നിറഞ്ഞുനില്‍ക്കുന്നത്. ചുംബിക്കുവാന്‍ ഒരു ചുണ്ടും പുണരാന്‍ ഒരു ദേഹവും ഒരു ആത്മാവും മാത്രമുള്ള ഒരു കാലത്തെ കവിത സ്വപ്നം കാണുന്നു. നമ്മുടെ ഭാവുകത്വത്തെ, വായനയുടെ അനുഭൂതികളെ വിശുദ്ധീകരിക്കുന്ന ‘എന്തോ ഒന്ന്’ ഈ കവിതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്ത്രീകള്‍ കവിതയില്‍ ഇടപെടുമ്പോള്‍ അത് പുരുഷകേന്ദ്രിതമായ മൂല്യബോധത്തെ വിചാരണചെയ്യുന്നതായി മാറും. പെണ്‍ലോകങ്ങളുടെ സവിശേഷമായ കാവ്യാവിഷ്‌കാരം പോലും ലിംഗപരമായ മേല്‍ക്കോയ്മകള്‍ക്കെതിരെയുള്ള പ്രതിരോധമാവും. സന്ധ്യ എന്‍.പി. യുടെ ‘ചരിത്രം’ എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 24) ഇത്തരത്തിലുള്ള പെണ്‍ലോകങ്ങളുടെ ആവിഷ്‌കാരമാണ്:
”അടിക്കുപ്പായങ്ങളുടെ ചരിത്രം
സ്ത്രീകളുടെ ചരിത്രമാണ്.
സ്ത്രീകളുടെ ചരിത്രം
അടിക്കുപ്പായങ്ങളുടേതും.
അത് സ്ത്രീകളില്‍ നിന്നും
സ്ത്രീകളിലേക്ക് മാത്രം നീളുന്നു”
ഈ കവിതയില്‍ സ്ത്രീകളുടേതു മാത്രമായ ഒരനുഭവ ലോകമുണ്ട്. അമ്മയില്‍ നിന്ന് മകളിലേക്കും മകളില്‍ നിന്ന് അടുത്ത പെണ്‍തലമുറയിലേക്കും മാത്രം കൈമാറപ്പെടുന്ന സവിശേഷമായ ഒരു ലോകമാണത്. ഇത് കവിതയില്‍ കടന്നുവരുമ്പോള്‍ അതിന് മൗലികതയുടെ സൗന്ദര്യം ഉണ്ടാകുന്നു.
ടി.എന്‍. സീമയുടെ ‘വേനല്‍മഴ’ (കലാകൗമുദി, മാര്‍ച്ച് 13) പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രാണസൗഹൃദത്തിന്റെ വേരുകള്‍ തേടിപ്പോകുന്നു. വേനലില്‍ പെയ്യുന്ന മഴ ഒരു തണലാണെന്നും ആ തണലിലിരുന്നാല്‍ പ്രകൃതിയിലെ നിരവധി രഹസ്യങ്ങള്‍ കേള്‍ക്കാമെന്നും കവിത പറയുന്നു:
”മഴചൂടിയൊരു മരം
കാറ്റിനൊപ്പം പറക്കാന്‍ ചിറകുകള്‍ തേടിയെന്നും
ഉള്ളുനോവുന്നൊരു ചിരിയാല്‍ പുഴ
മിന്നലെ മാറോടണച്ചുവെന്നും”
ഈ വിധമുള്ള രഹസ്യങ്ങള്‍ പകുതിയില്‍ പറഞ്ഞുനിര്‍ത്തി മഴ പിരിഞ്ഞുപോകുന്നു. കൂടെ നടന്നവര്‍ വഴിപിരിയുമ്പോഴുണ്ടാകുന്ന നിശ്ശബ്ദ സങ്കടങ്ങള്‍ കവിതയിലുണ്ട്. ഒപ്പം പരിസ്ഥിതിയോടുള്ള സൂക്ഷ്മസംവേദനത്തെയും ഇത് അടയാളപ്പെടുത്തുന്നു.
ജെനി ആന്‍ഡ്രൂസിന്റെ ‘അയല്‍വാസം’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 24), ‘ഒരുതുണ്ട് ഭൂമി’ (സമകാലിക മലയാളം, ഫെബ്രുവരി 12) എന്നീ കവിതകളും മികച്ച വായാനാനുഭവം നല്‍കി. ഉള്ളില്‍ മിടിച്ചുനില്ക്കുന്ന ഭൂമിയെയും മണ്ണിനെയും രുചിപ്പിക്കുന്ന കവിതയാണ് ‘ഒരുതുണ്ട് ഭൂമി’. കടും ചായ മധുരത്തില്‍ നുണയുമ്പോള്‍ ഒരു കരിമ്പിന്‍ തണ്ടിനെയും ചോറുമണി നാവിലെത്തുമ്പോള്‍ നെല്‍വയലുകളെയും നാം അറിയുന്നത് ഇത്തരത്തില്‍ ഉള്ളിലൊരു ഭൂമിയും മണ്ണും നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടാണെന്ന് കവിത സൂചിപ്പിക്കുന്നു.
കണിമോള്‍ എഴുതിയ ‘സാംസ്‌കാരികം’ (പച്ചക്കുതിര, മാര്‍ച്ച്), നിമ്മ്യ കെ ഭാസിന്റെ ‘ശൂന്യതയിലെ സംരക്ഷണഭിത്തി’ (കൈരളിയുടെ കാക്ക, ജനുവരി-മാര്‍ച്ച്), കുമാരി എം എഴുതിയ ‘ശാന്തമരണം’ (കലാകൗമുദി, മാര്‍ച്ച് 13), സ്വാതികൃഷ്ണ കെ.യുടെ ‘വീണ്ടെടുപ്പ്'(കലാകൗമുദി, മാര്‍ച്ച് 13) എന്നീ കവിതകളും ശ്രദ്ധേയമായി.
വിമീഷ് മണിയൂരിന്റെ ‘നളോങ്കണ്ടിമുക്ക് മുതല്‍ അട്ടക്കുണ്ട് കടവ് വരെ’ (സമകാലിക മലയാളം, ഫെബ്രുവരി 22), ‘2014 ആഗസ്ത് 14 ന് അര്‍ദ്ധരാത്രി കഴിഞ്ഞ് ഞനെന്റെ മുഖത്തടിച്ചു’ (പച്ചക്കുതിര, മാര്‍ച്ച്) എന്നീ കവിതകള്‍ ചരിത്രത്തെ പ്രാദേശികവും വൈയക്തികവുമായ അനുഭവങ്ങളിലേക്ക് അടുപ്പിക്കുകയാണ്. ഭരണകൂട വിമര്‍ശനത്തിന്റെ രാഷ്ട്രീയബോദ്ധ്യങ്ങളും ചരിത്രവഴികളുടെ പാരഡികളും കവിതയെ പുതിയ അനുഭവങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു.
ഒ.പി. സുരേഷ് എഴുതിയ ‘സമാസസന്ധി’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 13) എന്ന കവിത അവനവനെത്തന്നെ തിരയുന്ന ഒരനുഭവത്തെയാണ് ആവിഷ്‌കരിക്കുന്നത്. സൂക്ഷ്മതയുടെയും സൗന്ദര്യത്തിന്റെയും അനുഭവങ്ങളെ ഒരു കവിത എങ്ങനെ നിര്‍മിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണിത്:
”കണ്ടുകിട്ടിയിട്ടില്ലയിതേവരെ
ഇന്ദ്രിയങ്ങളിലൊന്നിനും.
ഉണ്ട് എന്നൊരുറപ്പിനാല്‍ മാത്രം
ഉണ്ടായിരിക്കുകയാണിന്നു ഞാന്‍”
ശരീരത്തെയും മനസ്സിനെയും ( ആത്മാവിനെയും) വേറിട്ടുകാണുന്ന അതിഭൗതികതയില്‍ നിന്നുകൊണ്ടല്ല കവി തന്നിലേക്ക് തിരിയുന്നത്. അവനവനെത്തന്നെ ഓര്‍മ്മിച്ചെടുക്കുക അഥവാ ശരീരത്തില്‍ നിന്ന് വേര്‍പെടാതെ നില്‍ക്കുന്ന മനസ്സിനെ അതിന്റെ വിവിധ വേഷപ്പകര്‍ച്ചകളെ തിരിച്ചറിയുകയാണ് കവിത. ഒരാളില്‍ തന്നെ നിലനില്‍ക്കുന്ന ബഹസ്വത്വങ്ങളെ ഉള്ളിലേക്ക് നോക്കി തിരിച്ചറിയുവാന്‍ പ്രേരിപ്പിക്കുന്ന കവിതയാണിത്.
പവിത്രന്‍ തീക്കുനിയുടെ ‘പ്രണയവെയില്‍ത്തുള്ളികള്‍’, പ്രദീപ് രാമനാട്ടുകരയുടെ ‘കെ രാമായണം’, സുജിത് കുമാറിന്റെ ‘പുല്ലിനെ ചവിട്ടാതെ’, കളത്തറ ഗോപന്റെ ‘റെയില്‍ പാളത്തില്‍ തലവെച്ച് കിടക്കുന്ന ഒരു നട്ടുച്ച’ (സമകാലിക മലയാളം, യഥാക്രമം മാര്‍ച്ച് 14, ഫെബ്രുവരി 29, ജനുവരി 8, ജനുവരി 1 ലക്കങ്ങള്‍), ശ്രീജിത്ത് അരിയല്ലൂരിന്റെ ‘പക’, അബ്ദള്ള പേരാമ്പ്രയുടെ ‘പുഴമുറിച്ചുപോകുന്ന കൊറ്റി’ ( ദേശാഭിമാനി വാരിക യഥാക്രമം മാര്‍ച്ച് 20, മാര്‍ച്ച് 13 ലക്കങ്ങള്‍) എന്നീ കവിതകളും പോയമാസങ്ങളിലെ മികച്ചവായനാനുഭവമായി.
ഡോ. സന്തോഷ് അലക്‌സ് എഴുതിയ ‘വൃദ്ധസദനം’ (കൈരളിയുടെ കാക്ക, ജനുവരി-മാര്‍ച്ച്) എന്ന കവിത അനാഥമാക്കപ്പെടുന്ന മനുഷ്യരുടെ ലോകത്തെ ആവിഷ്‌കരിക്കുന്നു. വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം ചാരിറ്റി ‘ആഘോഷിക്കാ’നെത്തുവന്നവരില്‍ തങ്ങളുടെ മക്കളെ തിരയുകയാണ് വൃദ്ധജനങ്ങള്‍. എന്നാല്‍ വരുന്നവര്‍ അതൊന്നും ശ്രദ്ധിക്കുന്നതേയില്ല. അവര്‍ സെല്‍ഫിയെടുത്തും ഭക്ഷണം കഴിച്ചും പിരിഞ്ഞുപോകുന്നു. ഇപ്പോള്‍ ഹാളിലെ നിശ്ശബ്ദതയെ ചിലരുടെ തേങ്ങലും ചുമയും കീറിമുറിക്കുന്നു. നിശ്ശബ്ദരും നിസ്സഹായരുമായ മനുഷ്യരുടെ തേങ്ങലുകളും ചുമകളും അവരുടെ പ്രാര്‍ത്ഥനകളുമാണ് ഈ കവിതയില്‍ നിന്നുയരുന്നത്.
എല്‍. തോമസ്‌കുട്ടിയുടെ ‘എല്ല’ , ബിജോയ് ചന്ദ്രന്റെ ‘ഓര്‍മയും മുയലും’ (മാധ്യമം ആഴ്ചപ്പതിപ്പ് യഥാക്രമം മാര്‍ച്ച് 21, ഫെബ്രുവരി 1), ഉഴമലയ്ക്കല്‍ മൈതീന്‍ എഴുതിയ ‘കറുത്ത മനുഷ്യന്‍’ (കലാകൗമുദി, മാര്‍ച്ച് 20) എന്നീ കവിതകള്‍ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കേണ്ട കവിതകളാണ്. സമകാലിക കവിതയെ സജീവമാക്കുന്നതില്‍ ഈ കവികളുടെ പങ്ക് പഠിക്കപ്പെടേണ്ടതുമാണ്.