രാഷ്ട്രീയത്തിലെ കെണികൾ സാധാരണക്കാരന് എന്നും മനസിലാക്കാവാത്തതാണ്. യുക്തിക്കുമപ്പുറമാവും പല കാര്യങ്ങളും സംഭവിക്കുക. അത് നടത്തിയെടുക്കുന്നവർക്കാവട്ടെ വളരെ ബൃഹത്തായ ഒരു നയപരിപാടി അതിനു പുറകിൽ ഉണ്ടായിരിക്കും. അവരത് വെളിപ്പെടുത്തുകയുമില്ല. എന്താണ് ചെയ്യാൻ പോകുന്നതെന്ന് പുറത്താരെയുമറിയിക്കാതെ രഹസ്യമായി സൂക്ഷിച്ച് പ്രാവർത്തികമാക്കുക എന്ന് വിഷ്ണുശർമൻ അർത്ഥശാസ്ര്തത്തിൽ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്ന ഒരു രാഷ്ട്രീയനേതൃത്വമാണ് നമുക്കിപ്പോഴുള്ളത്. നമ്മൾ ഏതു ഭക്ഷണം കഴിക്കണം, ഏതു വസ്ര്തം ധരിക്കണം, ഏതു സംഗീതം കേൾക്കണം, ഏതു പുസ്തകങ്ങൾ വായിക്കണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു അധികാരിവർഗം ജനാധിപത്യത്തിന്റെ എല്ലാ തത്വസംഹിതകളും മറികടക്കുന്ന ഒന്നാണെന്നതിന് സംശയമില്ല.
ഇതൊക്കെ, രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഒറ്റയ്ക്കും തെറ്റയ്ക്കും നടക്കുമ്പോൾ ഭരണകൂടം മൗനം ദീക്ഷിക്കുന്നതാണ് സാധാരണക്കാരന്റെ ഉറക്കം കെടുത്തുന്നത്. അസഹിഷ്ണുത കൊലപാതകത്തിൽ അവസാനിക്കുമ്പോൾ ഇല്ലാതാവുന്നത് സ്വാതന്ത്ര്യമാണ്. ഇത്തരം ദുഷ്പ്രവൃത്തികളെ അപലപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാസങ്ങളെടുക്കുമ്പോഴാണ് അദ്ദേഹം കൗടില്യന്റെ വാക്കുകൾ അനുസരിക്കുകയല്ലേയെന്ന് ജനം സംശയിക്കുന്നത്. പ്രത്യേകിച്ചും ഒരേ കൊടിക്കീഴിലുള്ളവർ ഈ പ്രവൃത്തി ചെയ്യുമ്പോൾ സംശയം ബലപ്പെടുന്നു. ജനാധിപത്യമൂല്യങ്ങളെ കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്ന ഒരു ഭരണകൂടത്തിനെതിരെ സാഹിത്യകാരന്മാർ അണിനിരക്കുമ്പോൾ അതിന് പിൻബലമേകേണ്ടത് സാംസ്‌കാരിക പ്രവർത്തകരുടെ ചുമതലയാണ്. അല്ലെങ്കിൽ നാസി ഭീകരതയുടെ കാലത്ത് പാതിരിയായ ഫ്രെഡറിക് നയ്മുള്ളർ പാടിയതുപോലെ ‘ഒടുവിൽ നിങ്ങളെ തേടി അവർ എത്തുമ്പോൾ ആരുമുണ്ടാവില്ല’.
***
മലയാളി ജീവിതമാർഗത്തിനായി സഹ്യനുമപ്പുറത്തേക്ക് കുടിയേറാൻ തുടങ്ങിയിട്ട് ആറേഴു ദശവർഷങ്ങളെങ്കിലും കഴിഞ്ഞിരിക്കുന്നു. വ്യവസായവത്കരണത്തിൽ അക്കാലത്ത് മുന്നിട്ടുനിന്ന ഇന്ത്യൻ നഗരങ്ങളിലെല്ലാം മലയാളിയുമെത്തി. പിന്നീട് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമായി ആ കുടിയേറ്റം. കടലുകൾ താണ്ടി അന്നവും ധനവും തേടിയുള്ള ആ യാത്രകളിൽ അവർ നേരിട്ട യാതനകളുടെ കഥകൾ നാം അനവധി കേട്ടുകഴിഞ്ഞു. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ചെന്നു ചേക്കേറി അടുത്ത തലമുറയിലേക്കെത്തിയ അവർ ഇപ്പോഴും കേരളം ‘മലരണിക്കാടുകൾ തിങ്ങിവിങ്ങിയ’ ഒരു ഓർമയായി മനസിൽ കൊണ്ടുനടക്കുന്നു. മറുനാടുകളിൽ സ്ഥിരതാമസമാക്കിയ മലയാളികളിൽ ചിലർ തങ്ങൾ എത്തിച്ചേർന്ന നഗരത്തിലെ ജീവിതത്തെക്കുറിച്ചാണ് ഈ ലക്കം ‘കാക്ക’യിൽ എഴുതുന്നത്. ജനീവയിലും കാനഡയിലും അമേരിക്കയിലും ഗൾഫിലും മുംബൈയിലുമൊക്കെ അവിടുത്തെ ജീവിതത്തിൽ മലയാളി എങ്ങനെയാവുന്നു എന്നതിലേക്ക് ഒരു എത്തിനോട്ടം.