ജനയുഗത്തില്‍ നോവല്‍ വന്നതിനുശേഷം പല പ്രസിദ്ധീകരണങ്ങളും നോവലോ കഥയോ ആവശ്യപ്പെട്ടുകൊണ്ട് എന്നെ വിസ്മയിപ്പിച്ചു. എനിക്ക് ഒരു മേല്‍വിലാസമുണ്ടാക്കി തന്നതിന് ഞാന്‍ കാമ്പിശ്ശേരിയോട് മനസാ നന്ദി പറഞ്ഞു.
മുമ്പ് പേരുപോലും കേട്ടിട്ടില്ലാത്ത ഒരാളുടെ കന്നി നോവല്‍ ജനയുഗം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചപ്പോള്‍ വാലും തലയുമില്ലാത്ത ബാലകൃഷ്ണന്‍ ആരാണെന്ന് ചില ബോംെബ നിവാസികളെങ്കിലും അന്വേഷിച്ചു.
അന്ന് ചെമ്പൂര്‍ ഗസ്റ്റ് ഹൗസിലെ, റോഡിനെ അഭിമുഖീകരിക്കുന്ന മുറിയില്‍, നാലു വാടക ക്കട്ടിലുകളില്‍ ഒന്നിന്റെ ദീര്‍ഘ ചതുരത്തില്‍ സസുഖം കഴിഞ്ഞു കൂടുകയായിരുന്നു , ഞാന്‍. പ്ലൂട്ടോണിയം പ്ലാന്റില്‍ ഷിഫ്ട് ജോലി. രാത്രികള്‍ എനിക്ക് സ്വന്തം. സഹമുറിയന്മാരായി വേറെ മൂന്നു പേര്‍. ഷേണായി, ഗംഗാധരന്‍, വര്‍മ. അവരൊക്കെ പകല്‍ജോലിക്കാര്‍. അങ്ങനെ രാവും പകലും വല്ലതുമൊക്കെ വായിക്കാം. കുത്തിക്കുറിക്കാം. അതുമല്ലെങ്കില്‍ വെങ്കെടേശ്വരയിലെ ശാപ്പാടടിച്ച് കിടന്നുറങ്ങാം. വൈകുന്നേരം ആറുമണിയായാല്‍ പിെന്ന രക്ഷയില്ല. ചെമ്പൂര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങി ലോഡ്ജ്‌വാസികള്‍ ഓരോരുത്തരായി വന്നു കൊണ്ടിരിക്കും. പിന്നെ ഒച്ചയും ബഹളവും ചിരിയും അട്ടഹാസവും കൂക്കി വിളികളും.
ഈ ശബ്ദസാഗരം തുഴഞ്ഞാണ്, ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് എനിക്ക് ഒരതിഥിയെത്തിയത്. നാടകകൃത്തായ ശ്രീ കുര്യാക്കോസ്.
മോടിയില്‍ വസ്ത്രധാരണം ചെയ്ത, സ്വര്‍ണ്ണഫ്രെയ്മുള്ള കണ്ണട ധരിച്ച യോഗ്യന്‍.
”ഞാന്‍ കുര്യാക്കോസ്. കാമ്പിശ്ശേരിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ നിങ്ങളുടെ മുമ്പിലിരിക്കുന്നത്. നോവല്‍ നന്നാവുന്നുണ്ട്. അഭിനന്ദനങ്ങള്‍”.
കുര്യാക്കോസ് ജനയുഗത്തില്‍ കുടുംബദോഷികള്‍, കുമ്പസാരം മുതലായ നാടകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കൂട്ടിച്ചേര്‍ത്തു.
ഒരു സാധാരണ ഇലക്ട്രീഷ്യനായി ജീവിതം തുടങ്ങി സ്വപ്രയത്‌നത്താല്‍ ഉയരങ്ങളിലെത്തി ജീവിതത്തിലെ സമസ്തസുഖങ്ങളും കാല്‍ക്കീഴിലാക്കിയ വ്യക്തിയായിരുന്നു, കുര്യാക്കോസ്. കുപ്പിച്ചില്ലുകള്‍ എന്ന അദ്ദേഹത്തിന്റെ ഏകാങ്കനാടകങ്ങള്‍ക്ക് കേരളസാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കുര്യാക്കോസ് ഒരു വ്യവസായിയും സിനിമാ നിര്‍മാതാവും ആവുകയും ബോംബെ നാടകവേദി എന്നൊരു സംഘടനയുടെ സാരഥ്യം വഹിക്കുകയും ഒക്കെ ചെയ്യുന്നത് ഞങ്ങള്‍ പരിചയപ്പെട്ടതിനുശേഷം. ആരേയും സംഭാഷണചാതുര്യത്താല്‍ കയ്യിലെടുക്കാന്‍ കുര്യാക്കോസിന് പ്രത്യേക വൈഭവമുണ്ടായിരുന്നു.
ചെമ്പൂര്‍ ഗസ്റ്റ് ഹൗസിലെ ഒരു സായാഹ്നത്തില്‍ തുടങ്ങിയ ഞങ്ങളുടെ സ്‌നേഹബന്ധം എറണാകുളത്തെ ലേക് ഷോര്‍ ആസ്പത്രിയില്‍ ആ ജിവിതം അവസാനിക്കുന്നതുവരെ അഭംഗുരമായി നിലനിന്നു. അവസാനം ആരോഗ്യം ക്ഷയിച്ചു തുടങ്ങിയപ്പോള്‍ ഇടപ്പള്ളിയില്‍ ഒരു വീടു വാങ്ങി അദ്ദേഹം ഏകാന്തജീവിതത്തിലേക്ക് ഒതുങ്ങി.
പക്ഷേ അപ്പോഴും ഏറ്റവും വിലകൂടിയ മദ്യവും 555 സിഗരറ്റും അദ്ദേഹം ഉപേക്ഷിച്ചില്ല.
ഭാര്യ മക്കളോടൊപ്പം വിദേശത്തായിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞാനും എം.കെ. മാധവന്‍നായരും കൂടി കുര്യാക്കോസിനെ സന്ദര്‍ശിക്കുകയും വളരെ നേരം ബോംബെയില്‍ കഴിച്ച കാലത്തെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
പി.വി. കുര്യാക്കോസിനെക്കുറിച്ച് കൂടുതലറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ‘യാത്രയ്ക്കിടയില്‍ നിന്നൊരു മടക്കയാത്ര’ എന്ന അനുഭവക്കുറിപ്പുകള്‍ വായിക്കാവുന്നതാണ്.
കുര്യാക്കോസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ചങ്ങമ്പുഴയുടെ രണ്ടുവരി കവിതയാണ് ഓര്‍മവരിക.
”ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും
ജീവിച്ച് ജീവിതത്തോട് നീ വാങ്ങുക”
എല്ലാം പിടിച്ചുവാങ്ങിയ കുര്യാക്കോസ് അതിന്റെയെല്ലാം നിരര്‍ത്ഥകതയാവും അന്ത്യദിനങ്ങളില്‍ ഓര്‍ത്തിട്ടുണ്ടാവുകയെന്നാണ്, എന്റെ നിഗമനം.
ചിത്രകാര്‍ത്തികയ്ക്ക് വേണ്ടി നോവല്‍ ആവശ്യപ്പെട്ടത് വൈക്കം ചന്ദ്രശേഖരന്‍ നായര്‍. എനിക്കത് അവിശ്വസനീയമായി തോന്നി. സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഒരു തുടക്കക്കാരനെ ഓര്‍ത്തു എന്നുള്ളത് എെന്ന ആശ്ചര്യപ്പെടുത്തി. ഒരുപക്ഷേ കാമ്പിശ്ശേരിയാവാം അതിന് കാരണം എന്ന് ഞാനൂഹിച്ചു. അത്രയും പ്രസിദ്ധനായ ഒരാള്‍ അങ്ങനെ ആവശ്യപ്പെട്ടപ്പോള്‍ ഞാനും ഒരെഴുത്തുകാരനായതു പോലെ തോന്നി. അപഭംഗം എന്ന നോവല്‍ ചിത്രകാര്‍ത്തികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോഴോ അതിന് ശേഷമോ എന്ന് ഓര്‍മയില്ല, ഞാന്‍ നാട്ടില്‍ പോയിരുന്നു. മട്ടാഞ്ചേരിയില്‍ പോയി വൈക്കത്തിനെ കാണാന്‍ ആ അവസരം ഉപയോഗപ്പെടുത്തിയതുകൊണ്ട്, പ്രതിഭാധനനും വളരെ പ്രശസ്തനുമായ അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണാനുള്ള അവസരമുണ്ടായി. ആയിടയ്ക്കുതെന്ന ഭാഷാപോഷിണി പത്രാധിപരായിരുന്ന വി.കെ.ബി. നായരും മാധ്യമത്തില്‍ നിന്ന് കെ.എ. കൊടുങ്ങല്ലൂരും രചനകള്‍ ആവശ്യപ്പെടുകയുണ്ടായി. ഭാഷാപോഷിണിയില്‍ മൂന്നു നോവലെറ്റുകളും മാധ്യമത്തില്‍ കഥകളും വാര്‍ഷികപ്പതിപ്പില്‍ ഒരു ലഘുനോവലും പ്രസിദ്ധീകരിച്ചു. മദ്രാസില്‍ നിന്ന് ടി.വി. കുഞ്ഞിക്കൃഷ്ണന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന അന്വേഷണം കെട്ടിലും മട്ടിലും നിലവാരത്തിലും വ്യത്യസ്തത പുലര്‍ത്തിയ നല്ല പ്രസിദ്ധീകരണമായിരുന്നു. അന്വേഷണത്തിലും ചില കഥകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ എന്റെ ആത്മവിശ്വാസം ഇരട്ടിച്ചു.
അതിനുശേഷമാണ് എന്നു തോന്നുന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഒരു കഥ അയയ്ക്കുന്നത്. അതിഥി എന്ന ആ കഥ പ്രസിദ്ധീകരിക്കുന്നു എന്ന രണ്ടു വരി കത്തയച്ചത് ശ്രീ എം.ടി. വാസുദേവന്‍ നായരാണ്. ഞാന്‍ അന്ന് ഭൂമിയില്‍ നിന്ന് വളരെ ഉയര്‍ന്നു പൊങ്ങി എന്നു പറയുന്നത് അതിശയോക്തിയാണെങ്കിലും അങ്ങനെ ഒരു തോന്നലുണ്ടായി എന്നത് സത്യമാണ്. പിന്നീട് മാതൃഭൂമിയില്‍ പല കഥകളും പ്രസിദ്ധീകരിച്ചുവെങ്കിലും ഒരു നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്ന ഖേദം ബാക്കി നില്‍ക്കുന്നു. ഇനി അത് നടക്കുമെന്നും തോന്നുന്നില്ല.
എന്നാല്‍ മാതൃഭൂമി മുംബൈ എഡിഷന്‍ തുടങ്ങിയപ്പോള്‍ ഭാഗ്യാന്വേഷികള്‍ എന്ന എന്റെ നോവല്‍ അതില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന് മുന്‍കയ്യെടുത്തത് പത്രാധിപരായ ശ്രീ കൃഷ്ണദാസും ശ്രീ എന്‍. ശ്രീജിത്തുമാണ്. അവരോടുള്ള കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു.
എന്നെ വളരെ അധികം പ്രോത്സാഹിപ്പിച്ച ഒരു പത്രാധിപരാണ് ശ്രീ എസ്. ജയച്ചന്ദ്രന്‍ നായര്‍. മിതഭാഷിയും സ്‌നേഹധനനും പരിണിതപ്രജ്ഞനുമായ അദ്ദേഹത്തിനോട് എനിക്കുള്ള ആദരവിനും സ്‌നേഹത്തിനും സീമയില്ല. ജയച്ചന്ദ്രന്‍ നായര്‍ കലാകൗമുദിയിലായിരുന്നപ്പോള്‍ ഞാന്‍ പല കഥകളും അതില്‍ പ്രസിദ്ധീകരിച്ചു.
ഇതിനു മൂന്ന് കാരണങ്ങള്‍ പറയാം. ഒന്ന്, കഥ ജയച്ചന്ദ്രന്‍നായര്‍ക്കിഷ്ടമായാല്‍ അത് തരക്കേടില്ലാത്തതാണെന്ന് കരുതാം. രണ്ട്, കഥയുടെ ചിത്രീകരണം നമ്പൂതിരിയാവും ചെയ്യുക. മൂന്ന്, എം. കൃഷ്ണന്‍ നായരുടെ വാരഫലത്തില്‍ അതിനെക്കുറിച്ചുള്ള അഭിപ്രായം ചൂടോടെ വായിക്കാം. ശ്രീ ജയച്ചന്ദ്രന്‍ നായര്‍ സമകാലികമലയാളത്തിന്റെ പത്രാധിപരായതിനുശേഷം ഞാന്‍ മലയാളം വാരികയിലും എഴുതാറുണ്ട്.
ഇവിടെ പെട്ടെന്ന് എന്റെ ഓര്‍മകളില്‍ ശ്രീ എം.പി. നാരായണപിള്ളയുടെ മുഖം തെളിയുന്നു. നാരായണപിള്ള മലയാളം വാരികയില്‍ ഉശിരന്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഞങ്ങള്‍ തമ്മില്‍ ഗാഢമായ സ്‌നേഹബന്ധത്തിനോ സമ്പര്‍ക്കത്തിനോ സൗകര്യമില്ലാത്ത വിധം അദ്ദേഹം ബോറിവില്ലിയിലും ഞാന്‍ ചെമ്പൂരുമായിരുന്നു , താമസം. ആധുനിക ചെറുകഥയുടെ രാജശില്പിയായിരുന്നു അദ്ദേഹം. മുരുകന്‍ എന്ന പാമ്പാട്ടിയും ഞങ്ങള്‍ അസുരന്മാരുമൊക്കെ നാണപ്പന് മാത്രം എഴുതാന്‍ കഴിയുന്ന കഥകളാണ്. ഞാനും എം.പിയും തമ്മില്‍ നിരന്തര സമ്പര്‍ക്കങ്ങളുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സഹോദരി ശാന്തയും ഭര്‍ത്താവ് കെ.വി. നായരും ഞങ്ങളുടെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. കെ.വി. നായര്‍ക്ക് ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ തയൊയിരുന്നു, ഉദ്യോഗം. പക്ഷേ ഞങ്ങള്‍ പരിചയപ്പെടുന്നത് രാജസ്ഥാനിലെ കോട്ടയില്‍ വച്ചാണ്. ഞാന്‍ ഒരിക്കല്‍ ജോലിസംബന്ധമായി കോട്ടയില്‍ പോയപ്പോള്‍ എന്റെ രക്ഷിതാക്കള്‍ അവരായിരുന്നു. അവര്‍ പിന്നീട് ബോംെബയില്‍ വന്ന് അണുശക്തിനഗറില്‍ തെന്ന താമസമാക്കി. നാണപ്പന്‍ ഒരിക്കല്‍ അവരെ സന്ദര്‍ശിച്ചപ്പോള്‍, എന്റെ വീട്ടിലും വന്നിട്ടുള്ളതായി ഓര്‍ക്കുന്നു. അദ്ദേഹത്തിന് പരിണാമം എന്ന നോവലിന് സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ പലയിടത്തും സ്വീകരണങ്ങളുണ്ടായി. അണുശക്തിനഗറില്‍ സ്വീകരണം നല്‍കിയപ്പോള്‍ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ”ഇതോടെ ഈ പരിപാടി ഞാന്‍ അവസാനിപ്പിക്കുന്നു. എനിക്ക് വേണ്ടി ഓടിപ്പാഞ്ഞ് നടന്ന് സ്വീകരണം ഒരുക്കിയവര്‍ക്കും പുതപ്പിക്കാന്‍ തോര്‍ത്തുമുണ്ട് (പൊന്നാട) വാങ്ങിയവര്‍ക്കും നന്ദി”. ഇങ്ങനെ പറയാന്‍ നാണപ്പന് മാത്രമേ കഴിയൂ.അദ്ദേഹത്തിന്റെ അകാലവിയോഗം മലയാളസാഹിത്യത്തിന് വരുത്തിയ നഷ്ടം പരിഹരിക്കാനാവാത്തതാണ്.
അധികം പഴകാത്ത, എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു സാഹിത്യ പരിചയത്തെക്കുറിച്ചു കൂടി ഇവിടെ സൂചിപ്പിക്കുന്നത് അസ്ഥാനത്താവില്ലെന്ന് കരുതുന്നു. ഏകദേശം ആറേഴുകൊല്ലം മുമ്പാണ്. ഞാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് പ്രശസ്ത എഴുത്തുകാരനും സൗത്തിന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനുമായ സേതുവിനെ ആദ്യമായി കാണുന്നു. സേതുവിനെ ചിത്രങ്ങളില്‍ കണ്ട പരിചയമേ ഉള്ളു. സേതുവിന്റെ കഥകളും പാണ്ഡവപുരവും മറ്റും ഞാന്‍ വായിച്ചിരുന്നു. ഞാനും ഭാര്യയും ബോര്‍ഡ് ചെയ്യാന്‍ ഇരിക്കുന്നതിന്റെ അല്പം അകലെ, സേതു. സേതുവല്ലേ എന്ന് നേരേ കയറി ചോദിച്ചു. അന്ന് തുടങ്ങിയ പരിചയത്തിന് ഇന്ന് വര്‍ഷങ്ങളുടെ പഴക്കമായിരിക്കുന്നു.
സേതു മദ്രാസിലേക്കാണ് പോയിരുന്നത്. ഞങ്ങള്‍ മുംബൈയിലേക്കും. അതിനു ശേഷം മുംബൈയില്‍ സൗത്തിന്ത്യന്‍ ബാങ്കിന്റെ ഒരു ശാഖ ഉദ്ഘാടനം ചെയ്യാന്‍ വരുന്നുണ്ടെന്ന് സേതു അറിയിച്ചപ്പോള്‍ ഞാന്‍ ആ ചടങ്ങില്‍ പങ്കെടുത്തു.
പിന്നീട് ഞങ്ങള്‍ പലപ്പോഴായി കണ്ടുമുട്ടുകയും വിവരങ്ങള്‍ കൈമാറുകയും പതിവായി.
പല കാര്യങ്ങളും സംസാരിക്കാറുള്ള കൂട്ടത്തില്‍ ഞാന്‍ നമ്മുടെ രാജ്യം 1974-ല്‍ പോക്രാനില്‍ നടത്തിയ ആണവപരീക്ഷണത്തില്‍ പങ്കെടുത്തിരുന്നു എന്ന് പറഞ്ഞപ്പോള്‍ ആ അനുഭവം രേഖപ്പെടുത്തി വയ്ക്കണമെന്ന് സേതു നിര്‍ബന്ധമായും പറഞ്ഞു.പിന്നീട് പലപ്പോഴായി ഓര്‍മപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അത് എഴുതുവാനുള്ള പല ഉദ്യമങ്ങള്‍ക്കൊടുവില്‍ നോവലി ന്റെ രൂപത്തിലാണ് പിറന്നത്. ആയിരം സൂര്യന്മാര്‍.
അതിന്റെ അവതാരിക എഴുതുവാനുള്ള സന്നദ്ധത സേതു പ്രകടിപ്പിച്ചത് ഞാന്‍ കൃതജ്ഞതാപൂര്‍വം സ്മരിക്കുന്നു. ഞങ്ങള്‍ ഇപ്പോഴും ഇ-മെയില്‍ സന്ദേശങ്ങളിലൂടെ ബന്ധം നിലനിര്‍ത്തുന്നു. ഏറ്റവും ഒടുവില്‍ സേതുവിനെ കണ്ടത് 2015 നവംമ്പര്‍ ഒന്നിന് കേരള പീപ്പിള്‍സ് എഡ്യൂക്കേഷന്‍ സൊസൈറ്റി ഐക്യകേരളപ്പിറവിയുടെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം, ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് നിര്‍വഹിച്ചപ്പോഴാണ്. ഉദ്ഘാടകന്‍ ശ്രീ പ്രകാശ് കാരാട്ടും മുഖ്യാതിഥി സേതുവുമായിരുന്നു. സേതു ചടങ്ങില്‍ പങ്കെടുത്തത് എന്റെ നിര്‍ബന്ധം കൊണ്ടാണ്.
ഇപ്പോള്‍ എന്താണ് എഴുതുന്നത് എന്ന പൂജയുടെ ചോദ്യത്തിനു മുമ്പില്‍ ഞാന്‍ മൗനിയായി.
ഈയിടെയായി എഴുത്തും വായനയും വളരെ കുറഞ്ഞു. ഞാന്‍ കാലഹരണപ്പെടുകയാണോ എന്ന ഒരു ചിന്ത ഇടയ്ക്കിടെ തല പൊക്കുന്നു. ഏതാണ്ട് ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. കലാസാഹിത്യാദികളുടെ പാരമ്പര്യമോ ഉയര്‍ന്ന ബന്ധങ്ങളോ ഒട്ടും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ സ്‌കൂള്‍ മാഷ്‌ടെ മകന് ഇത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തില്‍ ശിഷ്ടജീവിതം കഴിക്കാം
അംഗീകാരം എന്ന മരീചിക
എന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്:
”താങ്കള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ?”
കുഴക്കുന്ന ചോദ്യമാണിത്. അര്‍ഹതയുടെ മാനദണ്ഡം എന്താണെന്ന് എനിക്ക് അറിയില്ല. ആരാണ് അത് നിശ്ചയിക്കുന്നതെന്നും അറിഞ്ഞുകൂടാ. ഉറൂബിനും ഒ.വി. വിജയനും കോവിലനും അതുപോലെ പ്രശസ്തരായ പലര്‍ക്കും അര്‍ഹതയുള്ള അംഗീകാരം ലഭിച്ചില്ല എന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അവരുടെ കാര്യം ഇതാണെങ്കില്‍ എനിക്ക് അംഗീകാരം കിട്ടിയില്ലല്ലോ എന്ന സങ്കടം അശേഷമില്ല. എന്തായാലും അംഗീകാരത്തിനുള്ള ഭിക്ഷാപാത്രവുമായി ഞാന്‍ അക്കാദമികളുടെ മുറ്റത്ത് നിന്നിട്ടില്ല. ഇനി നില്‍ക്കാന്‍ ഉദ്ദേശ്യവുമില്ല. അതേ സമയം എന്നെ സ്‌നേഹത്തിന്റെ പൊന്നാടകള്‍ പുതപ്പിച്ച ചിലരെ ഞാന്‍ നന്ദിപൂര്‍വം സ്മരിക്കട്ടെ.
കുതിര എന്ന നോവലിന് കുങ്കുമം നോവല്‍ മത്സരത്തില്‍, 1979ല്‍ ലഭിച്ച പ്രത്യേക പുരസ്‌കാരമാണ് എനിക്ക് ലഭിക്കുന്ന ആദ്യത്തെ സമ്മാനം. അവര്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നെങ്കിലും കൊല്ലത്ത് പോയി അത് വാങ്ങാന്‍ സൗകര്യപ്പെട്ടില്ല.അയച്ചു കിട്ടിയ ചെക്ക് കൊണ്ട് മാത്രം ഞാന്‍ തൃപ്തിപ്പെട്ടു.
മുംബൈയിലെ കേരളീയ കേന്ദ്ര സംഘടനയാണ് ഒരു സദസ്സിന്റെ സാന്നിദ്ധ്യത്തില്‍, 1999ലെ ഹരിഹരന്‍ പൂഞ്ഞാറിന്റെ പേരിലുള്ള പുരസ്‌കാരം നല്‍കിയത്. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വിലപ്പെട്ട ഒരു ബഹുമതിയാണ്. കേരളീയ കേന്ദ്രസംഘടനയോടും വിശിഷ്യാ അതിന്റെ പ്രസിഡന്റും, കവിയും, ഗ്രന്ഥകാരനും ആയ ശ്രീമാനോടും (കെ.എസ്. മേനോന്‍) പരേതനായ എന്റെ സുഹൃത്ത് സി.വി. ശശീന്ദ്രനോടും എനിക്ക് കൃതജ്ഞതയുണ്ട്.
ആത്മാര്‍ത്ഥ സുഹൃത്തും പ്രോത്സാഹകനും ആയ വി.ടി. ഗോപാലകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന പുരസ്‌കാരം വാങ്ങാന്‍ എന്തു കൊണ്ടോ മനസ്സ് വിസമ്മതിച്ചിരുന്നു.ഒരു പുരസ്‌കാരത്തിന്റെ പേരിലല്ലാതെ വി.ടി.യെ ഓര്‍ക്കാന്‍ എനിക്ക് ധാരാളം കാരണങ്ങളുണ്ടായിരുന്നു. അവസാനം ഇന്ന് നമ്മോടൊപ്പമില്ലാത്ത എന്റെ നല്ല സുഹൃത്ത് ചേപ്പാട് സോമനാഥന്റെയും വി.ടി.യുടെ സഹോദരന്മാരായ ദാമുവിന്റെയും വാസുദേവന്റെയും പ്രേരണയ്ക്ക് ഞാന്‍ വഴങ്ങി . ആരാദ്ധ്യനായ മഹാരാഷ്ട്രാഗവര്‍ണര്‍ ശ്രീ കെ. ശങ്കരനാരായണനില്‍ നിന്ന് 2010ല്‍ വി.ടി. പുരസ്‌കാരം ഏറ്റുവാങ്ങി. അടുത്തതായി ശ്രീ ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള മലയാളഭൂമി നല്‍കിയ സമഗ്രസാഹിത്യസംഭാവനയ്ക്കുള്ള പുരസ്‌കാരം തിരുവനന്തപുരത്ത് , കനകക്കുന്ന്‌കൊട്ടാരത്തില്‍ വച്ച് 2014 ഫെബ്രുവരി 26ന് ബഹുമാന്യനായ കേരളമുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് സ്വീകരിച്ചു. ഇതെല്ലാം എന്റെ എഴുത്തിന് പ്രചോദനമാവുമോ, എന്നെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നൊന്നും അറിയില്ല. അങ്ങിനെ ചില സംഭവങ്ങളും ഉണ്ടായി എന്ന് രേഖപ്പെടുത്തുന്നു എന്ന് മാത്രം.
(തുടരും)
ക്ല