തികച്ചും ആസ്വാദ്യകരമായ ട്രെയിൻ യാത്രകളിൽ ജുഗുപ്‌സാവഹവും ബീഭത്സവും ഒപ്പം അനുകമ്പാവഹവുമായ അനുഭവമാണ് ഹിജഡകളുടെ ആഗമനം ഉള്ളിൽ ഉളവാക്കാറുള്ളത്. പുരുഷന്മാർ ഭയചകിതരായി ഇത്തരക്കാരെ വീക്ഷിക്കുന്നതും അടുത്തെത്തുന്നതിനു മുൻപേ തങ്ങളുടെ പോക്കറ്റുകളിൽനിന്ന് പണമെടുത്തു
നീട്ടുന്നതും അത്ഭുതത്തോടെയാണ് കണ്ടുനിൽക്കുക പതിവ്. ഏതെങ്കിലും ധൈര്യശാലി പണം കൊടുക്കാതെ കയ്യുംകെട്ടിയിരുന്നാൽ അദ്ദേഹത്തിന്റെ മുഖത്തും ദേഹത്തും, ‘ഭയ്യാ ഭയ്യാ’ എന്ന് പാറപ്പുറത്ത് ചിരട്ടയുരയ്ക്കുന്ന സ്വരത്തിൽ ഉരുവിട്ട്, തലോടുന്നതും, പൊടുന്നനെ ഉടുത്തിരിക്കുന്ന സാരി പൊക്കിക്കാണിക്കുന്നതും കണ്ട് അവജ്ഞയും ജിജ്ഞാസയും തോന്നിയിട്ടുണ്ട്. പ്രത്യേക ശൈലിയിലുള്ള കൈകൊട്ടും പാട്ടും ദൂരെനിന്ന് കേൾക്കുമ്പോൾതന്നെ ശ്മശാനമൂകത ബോഗികളിൽ സൃഷ്ടിക്കപ്പെട്ടിരിക്കും. കേരളത്തിനു പുറത്തുമാത്രം കണ്ടുവരാറുള്ള ഈ പ്രത്യേക
ജനുസ്,
ദീർഘദൂരയാത്രകളിൽ മനസിനെ മഥിക്കുന്ന വിഷയമാകുമെങ്കിലും താമസംവിനാ അവരുടെ അസ്തിത്വംപോലും വിസ്മരിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് സംജാതമാകാറുള്ളത്. വിമലാകോളേജിൽ അദ്ധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്ന
കാലത്ത്, കോമേഴ്‌സ് ഡിപ്പാർട്‌മെന്റിൽ എന്നോടൊപ്പം പുതിയതായി
നിയമനം ലഭിച്ച അദ്ധ്യാപകൻ, മർക്കോസ് സാർ സംഭാഷണത്തിനിടയിൽ
ലോഹിതദാസിന്റെ ‘സൂത്രധാരൻ’ പരാമർശവിഷയമാക്കി. അതിൽ പുതുമുഖമായി കടന്നുവന്ന മീരാജാസ്മിൻ തന്റെ സ്വത:സിദ്ധമായ അഭിനയശൈലിയിൽ കാണികളെ ആകർഷിച്ചുവെങ്കിലും സാർ ചൂണ്ടിക്കാണിച്ചത് അതുല്യപാടവത്താൽ
മസ്തിഷ്‌കത്തെയും ഹൃദയത്തെയും കുലുക്കിയ ബിന്ദുപണിക്കരുടെ കഥാപാത്രത്തെയായിരുന്നു. പിന്നീട് സിനിമയുടെ സീഡി ലഭിച്ചപ്പോൾ അതിൽ സലിംകുമാർ വേഷപ്രച്ഛന്നനായി അവതരിപ്പിച്ച ഹിജഡയുടെ രൂപവും ആ
വർഗക്കാരുടെ കൂട്ടജീവിതവും ചിന്താധാരയിൽ വീണ്ടും ഇടം നേടി. ‘അദ്ദേഹം രണ്ടു കുട്ടികളുടെ അച്ഛനാണ്’ എന്ന് ദിലീപിന്റെ കഥാപാത്രം വിളിച്ചുപറയുന്നതു കേട്ടപ്പോൾ സലിംകുമാറിന്റെ കൂടെയുള്ളവർ ശാരീരികമായി ‘ആണും പെണ്ണും കെട്ടവരാ’ണ് എന്ന ധാരണയാണ് ലഭ്യമായത്.
വർഷങ്ങൾക്കുശേഷം സെന്റ് മേരീസ് കോളേജിൽ അദ്ധ്യാപികയായിരുന്ന കാലഘട്ടത്തിൽ ഡി സോൺ കലോത്സവത്തിൽ ഹിന്ദിനാടകം അവതരിപ്പിക്കുന്ന വിദ്യാർത്ഥിനികളുടെ ചാർജുള്ള ടീച്ചർ സഹായമഭ്യർത്ഥിച്ചതിനെ തുടർന്ന് ഒരിക്കൽ അവരോടൊപ്പം അർദ്ധരാത്രിയിൽ അരങ്ങേറുന്ന ഹിന്ദി നാടക മത്സരവേദിയിലെത്തിപ്പെടാനിടയായി. അവിടെ വിമലാകോളേജിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഹിന്ദി നാടകത്തിന്റെ പ്രമേയം ട്രാൻസ്‌ജെൻഡർ ആയിരുന്നു. അവിടത്തെ ബിരുദധാരിയായ ഒരു കുട്ടി എഴുതിയതായിരുന്നു സ്‌ക്രിപ്റ്റ്. കുടുംബത്തിൽ രണ്ടാമതായി ജനിച്ച കുട്ടി ഹിജഡയായതിനാൽ വീടുപേക്ഷിച്ചുപോകേണ്ടിവന്നതും പിന്നീട് ഇലക്ഷനിൽ ജയിച്ച് മന്ത്രിയാകുമ്പോൾ വീട്ടുകാർ സ്വീകരിക്കുന്നതും മറ്റുമായിരുന്നു പ്രതിപാദ്യ വിഷയം. ടീനേജിലെ ഒരു പെൺകുട്ടി ഇത്തരം ഒരു സബ്ജക്റ്റ് കൈകാര്യം ചെയ്തത് എന്നെ വിസ്മയിപ്പിക്കാതിരുന്നില്ല.
ഈയിടെ എം. ജി. ശ്രീകുമാറിന്റെ നിർമാണത്തിൽ അവതരിപ്പിക്കപ്പെട്ട ‘അർദ്ധനാരി’ എന്ന മലയാള സിനിമ മനസിൽ ചില വസ്തുതകൾ കോറിയിട്ട് വിങ്ങലേല്പിച്ചു എന്ന് പറയാതെ വയ്യ. മനോജ് കെ. ജയൻ നായകനായി (അതോ നായികയോ) അതിൽ
വിജയിച്ചുവോ എന്നത് തീർത്തുപറയാവുന്നതല്ല. പുരുഷത്വത്തിന്റെ പ്രഭാവമുള്ള അതുല്യ നടനെ പെൺവേഷത്തിൽ കണ്ടപ്പോൾ പെണ്ണത്വം ഒട്ടും സംതൃപ്തി നൽകിയില്ലെന്ന് പറയേണ്ടിവരും. തിലകനും മണിയൻപിള്ള രാജുവും അർദ്ധനാരികളായി തിളങ്ങി ഉജ്ജ്വല പ്രകടനം കാഴ്ചവച്ചെങ്കിലും ഷേക്‌സ്പിയർ
സൂക്ഷ്മതയോടെ അവതരിപ്പിക്കാറുള്ള ട്രാജിക് റിലീഫ് (തീവ്രദു:ഖത്തിന് തെല്ലിട ആശ്വാസം) എന്ന ആവിഷ്‌കാര തന്ത്രത്തിന്റെ അഭാവം ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ട്രാൻസ് ജെൻഡർ എന്ന വിഭാഗം നേരിടുന്ന ജീവന്മരണ പ്രശ്‌നങ്ങൾ, ഒരു സ്റ്റഡിക്ലാസിലെന്നവിധം, അപൂർവ മുഹൂർത്തങ്ങൾ സൃഷ്ടിച്ച്,
കാണികളുടെ ബോധമണ്ഡലത്തിലേക്ക് പകർന്നത് അഭിനന്ദനം അർഹിക്കുന്ന ഘടകമാണ്.
ബാല്യത്തിൽതന്നെ മനോജ് കെ. ജയന്റെ കഥാപാത്രം തിരിച്ചറിയുന്ന ഒരു യാഥാർത്ഥ്യമുണ്ട് – പുരുഷന്റെ ശരീരവും സ്ര്തീയുടെ മനസ്സുമുള്ള ഒരു വിഭിന്ന ജനുസിലാണ് താനുൾപ്പെടുക എന്നത്. ശരീരംകൊണ്ട് പുരുഷനായ അവർ മറ്റൊരു പുരുഷനെ പ്രണയിക്കുന്നതോ വിവാഹം ചെയ്യുന്നതോ സമൂഹവും രാഷ്ട്രവും അംഗീകരിക്കുന്നില്ല എന്നതാണ് വേദനാജനകം. അവരുടെ പേരിൽ ഭൂമിയോ കെട്ടിടമോ രജിസ്റ്റർ ചെയ്യാനാകില്ലെന്നത് മറ്റൊരു ദു:ഖകരമായ പരമാർത്ഥമാണ്. അവർ വഞ്ചിക്കപ്പെട്ടാലും വധിക്കപ്പെട്ടാലും ഒരു നിയമവും അവരുടെയോ അവരുടെ ബന്ധപ്പെട്ടവരുടെയോ രക്ഷയ്‌ക്കെത്തില്ല എന്നതും സമൂഹം അവരുടെ നേരെ ചെയ്യുന്ന അക്ഷന്തവ്യമായ അപരാധംതന്നെ. ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ ഉള്ള അവകാശവും നിലവിലുള്ള നിയമ വ്യവസ്ഥപ്രകാരം, അവർക്ക് നിഷിദ്ധമാണ്. ‘അർദ്ധനാരി’ എന്ന ചിത്രം വളരെ ഗൗരവപൂർവം വെളിച്ചം വീശുന്ന നഗ്നയാഥാർത്ഥ്യങ്ങൾ കണ്ടു തിയേറ്ററിലെ കാഴ്ചക്കാർ തരിച്ചിരിക്കാനിടയുണ്ട്. മനുഷ്യനായി കണക്കാക്കപ്പെടാത്ത ഇത്തരക്കാരുടെ മനോവ്യഥ വെളിവാക്കുന്ന ഒരു വാചകം അർത്ഥഗർഭമായി തിലകന്റെ കഥാപാത്രം പ്രഘോഷിക്കുന്നത് ഇപ്രകാരമാണ് – ‘അടുത്ത ജന്മത്തിൽ ഒരു പൂർണ മനുഷ്യനായി ജനിക്കണം’ എന്നത്.
‘ബ്യൂട്ടിഫുൾ 2012’ എന്ന ശീർഷകത്തിൽ ഉൾപ്പെടുന്ന നാല് ചെറിയ ചിത്രങ്ങളിൽ ഒന്നായ മൈ വേയ് (My Voice) എന്ന ചൈനീസ് ചിത്രം (സംവിധാനം: ആൻ ഹൂയ്) ലിംഗമാറ്റ ശസ്ര്തക്രിയയ്ക്ക് വിധേയനാകുന്ന ഒരു പുരുഷന്റെ കഥ പറയുന്നു. എഎഎഒ 2012 സിനിമാസ്വാദകർക്കു മുന്നിൽ വിളമ്പിയ മഹാവിരുന്നിൽ സ്വാദിഷ്ഠമായ ഭോജ്യമായിരുന്നു ഋതുപർണഘോഷിന്റെ ഏറ്റവും പുതിയ ചിത്രം ‘ചിത്രാംഗദ’. ആത്മകഥാപരമായ തന്റെ അനുഭവങ്ങൾ പകർത്താൻ സംവിധായകൻ മുഖ്യകഥാപാത്രമായി വേഷമിടുന്ന ബംഗാളി ചിത്രത്തിൽ ട്രാൻസ്‌ജെൻഡർ പ്രമേയം കലാപരവും വൈകാരികപരവും മന:ശാസ്ര്തപരവുമായ തലങ്ങളിലൂടെ കടന്ന് വൻ തരംഗങ്ങൾ അലയടിക്കുന്ന മഹാസാഗരമായി പരിണമിക്കുന്നു. നൃത്തസംവിധായകൻ രുദ്ര ചാറ്റർജി, ടാഗോറിന്റെ 150-ാം ജന്മദിനത്തിൽ, ഒരു സംഗീത നൃത്ത കലാശില്പാവതരണത്തിന് തന്റെ ട്രൂപ്പിനെ സജ്ജമാക്കുന്നു. ചിത്രാംഗദയിൽ അനുരക്തനാകാൻ അർജുനനെ സഹായിക്കുന്ന മദന്റെ വേഷം സംവിധായകനായ രുദ്ര സ്വയം ഏറ്റെടുക്കുകയാണ്. ഒരുക്കനാളുകളിൽ, മയക്കുമരുന്നിനടിമയെങ്കിലും പെർക്കഷ്യനിസ്റ്റ് (യണറഡമലലധമഭധലള) എന്ന നിലയിൽ ഉസ്താദായ പാർത്ഥ എന്ന യുവാവ്, പ്രതിഭയായതുകൊണ്ടുമാത്രം ട്രൂപ്പിൽ അംഗത്വം നേടുന്നു. ക്രമേണ രുദ്രയിൽ അനുരക്തനാകുന്ന പാർത്ഥയുടെ പ്രണയചേഷ്ടകളെ തടുക്കാനാകാതെ രുദ്ര അവന്
അടിമപ്പെട്ടുപോവുകയാണ്. ഏകമകന്റെ ഇച്ഛയെ അവഗണിക്കാൻ കഴിയാതെ മാതാപിതാക്കളും പാർത്ഥയോടൊത്തുള്ള രുദ്രയുടെ ജീവിതത്തിന് മൗനസമ്മതം മൂളുന്നു. അവിചാരിതമായി അവരുടെ വീട്ടിലേക്ക് കടന്നുവന്ന സുഹൃത്തിന്റെ കൊച്ചുമകനെ ഹൃദ്യമായി ലാളിക്കുന്ന പാർത്ഥയിൽ, ഒരു കുഞ്ഞിന്റെ അച്ഛനാകാനുള്ള തൃഷ്ണ രുദ്ര തിരിച്ചറിയുന്നതോടൊപ്പം, പെൺവേഷം കെട്ടിയെങ്കിലും ഒരു കുഞ്ഞിനെ തനിക്ക് നൽകാനാവില്ലെന്നും, ഒന്നിച്ചുജീവിക്കുന്ന രണ്ടു പുരുഷന്മാർക്ക് ദത്തെടുക്കാൻ നിയമാവകാശം നാട്ടിലില്ലെന്നും ഉള്ള അറിവ് രുദ്രയെ പരിഭ്രാന്തനാക്കാതിരുന്നില്ല. പാർത്ഥയെ തൃപ്തിപ്പെടുത്താൻ കഴിയുമെന്ന വ്യാമോഹത്തോടെ ലിംഗശസ്ര്തക്രിയ വഴി ഒരു പെണ്ണായി രൂപാന്തരപ്പെടാനുള്ള
ദൃഢനിശ്ചയത്തിലേക്കാണ് രുദ്ര ചെന്നെത്തുന്നത്. ബ്രെസ്റ്റ് ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞ് അതീവ ഗുരുതരമായ തുടർശസ്ര്തക്രിയയ്ക്കായി കാത്തുകിടക്കുമ്പോഴാണ് ട്രൂപ്പിലെ യുവനർത്തകിയുമായി രുദ്രയെ സന്ദർശിക്കുന്ന പാർത്ഥ തങ്ങൾ വിവാഹിതരാകാൻ
പോകുന്നു എന്ന തീരുമാനം രുദ്രയെ അറിയിക്കുന്നത്. സ്വത്വപ്രതിസന്ധിയുടെ മാനസിക സംഘർഷം മനോനില തകരുന്ന നിലയിലേക്ക് രുദ്രയെ കൊണ്ടെത്തിക്കുന്നത് നിർവികാരതയോടെ നോക്കിയിരിക്കാൻ പ്രേക്ഷകന് കഴിയുന്നതല്ല. സംഗീതവും നൃത്തവും നാടകവും ജീവിതവും ഇടകലർന്ന വശ്യചാരുത, അഭ്രപാളിയിൽ അവതരിപ്പിക്കുന്നതിൽ ഋതുപർണഘോഷ് മുൻകാലങ്ങളിലെന്നപോലെ ‘ചിത്രാംഗദ’യിലും വിജയം കൈവരിച്ചു എന്നതിലുപരി, മനസുകൊണ്ട് ഹിജഡകളായവരുടെ ചിത്രം കാണികളുടെയുള്ളിൽ ആഴത്തിൽ മുദ്രിതമാക്കി എന്നത് ശ്രദ്ധേയമാണ്.
2009 ജൂൺ 2-ന് ഡൽഹി ഹൈക്കോടതി സ്വവർഗ്ഗസ്നേഹികളുടെ അവകാശങ്ങൾ മാനിച്ചുകൊണ്ട്, ഉഭയസമ്മതപ്രകാരം രഹസ്യസ്വഭാവത്തോടെ പ്രായപൂർത്തിയായവർ
തമ്മിലേർപ്പെടുന്ന ലൈംഗികവേഴ്ച കുറ്റകരമല്ലെന്നു പ്രഖ്യാപിച്ചത് സമൂഹത്തിൽ, പ്രത്യേകിച്ച് ക്രൈസ്തവസഭ, ഇസ്ലാംമത സംഘടന എന്നീ വ്യവസ്ഥാപിത പാരമ്പര്യവാദികൾക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയത് ഇത്തരുണത്തിൽ ഓർത്തുപോകുന്നു. അവഗണിക്കപ്പെട്ട, അസ്തിത്വംപോലും നിഷേധിക്കപ്പെട്ട മനുഷ്യവർഗത്തോട് ദീനാനുകമ്പയെങ്കിലും പ്രദർശിപ്പിക്കാനുള്ള
മാന്യത നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ. അമേരിക്കൻ ലിറ്റററി തിയറിസ്റ്റ്, ജൂഡിത്ത് ബട്‌ലർ പ്രചരിപ്പിച്ച ജെൻഡർ തിയറി പ്രകാരം, ലിംഗപരമല്ലാതെയുള്ള ആൺ പെൺ വിവേചനം, സാമൂഹ്യവ്യവസ്ഥയ്ക്കനുസൃതം സൃഷ്ടിക്കപ്പെട്ടതാകയാൽ, അത് മാറ്റത്തിന് വിധേയമാണ്. മനസ്സാക്ഷിയുടെ സ്വരത്തിന് ബധിരരാകാതെ, വ്യത്യസ്ത
ജനുസുകളിൽ പെട്ടവരും, പ്രത്യേക മാനസികാവസ്ഥയുള്ളവരും മനുഷ്യരാണെന്ന പരിഗണനയ്ക്ക് അർഹരാണെന്ന സാമൂഹ്യനീതി നടപ്പിലാക്കുന്നതിൽ വിഘ്‌നം സൃഷ്ടിക്കാതിരിക്കാൻ നമുക്ക് ജാഗരൂകരാകാം.