മകൻ ആലോചിച്ചു
അച്ഛന്റെ മരണത്തിന്
വരാനാവുന്നില്ലെന്ന്
ആരെ വിളിച്ചുപറയണം?
ഏട്ടനെ വിളിച്ചു പറയാം,
വേണ്ട, ഏട്ടൻ പോവാനിടയില്ല.
ചത്താലും കയറില്ലെന്ന്
ഒരിക്കൽ പറഞ്ഞതാണ്.
അമ്മയെ വിളിച്ചു പറയാം
അല്ലെങ്കിലതും വേണ്ട,
ചേച്ചിയെ വിളിച്ചു പറയാം,
അമ്മ അച്ഛനുമായി പിണങ്ങിക്കഴിയുകയല്ലേ.
ചേച്ചിയെ പക്ഷേ അളിയൻ
വിടാനിടയില്ല.
ഇനിയിപ്പോൾ ഒരു മാർഗമേയുള്ളൂ,
അച്ഛനോടുതന്നെ പറയുക.
പക്ഷേ അതു വേണോ?
കാരണം, മരിച്ച വിവരം അച്ഛന്
എന്നോടൊന്നു പറയാമായിരുന്നല്ലോ,
മകനേ, ഞാൻ മരിച്ചു എന്ന്.
അപ്പോൾ അച്ഛന്റെ ആത്മാവ്
മകനോടു പറഞ്ഞു:
”എടാ നിന്റെ മനസ്സിൽ നിന്ന്
ഞാൻ എന്നേ മരിച്ചുകഴിഞ്ഞതാണല്ലോ.
അതുകൊണ്ടാണ് ഞാൻ മരിച്ച വിവരം
നിന്നെ അറിയിക്കാതിരുന്നത്,
ക്ഷമിക്കണം”.