ഏറ്റവും അധികം പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്ന സാഹിത്യ ശാഖയാണ് നോവൽ. അതുകൊണ്ടുതന്നെ നടുക്കുന്ന പരീക്ഷണ വിജയങ്ങളും തളർത്തുന്ന പരാജയ ഭീതികളും നോവലിന് ഒരേസമയം നേരിടണ്ടതുണ്ട്. കാലത്തിന്റെ തീരെ ചെറിയ അനക്കങ്ങളെപ്പോലും പിടിച്ചെടുത്ത് പുതിയ രചനാതന്ത്രങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന കൃതികളാണ് വിജയത്തിന്റെ പട്ടികയിൽ എന്നും ഇടം പിടിച്ചിട്ടുള്ളത്. ഇത്തരം വിജയപഥത്തിലേക്ക് കുതിച്ചു കയറിയ ധാരാളം കൃതികൾ മലയാള സാഹിത്യ ലോകത്തിന് സ്വന്തമാണ്. മനുഷ്യരുടെ വ്യവസ്ഥാപിത സ്ഥല-കാല ബോധത്തെ
അടിയോടെ അട്ടിമറിച്ച കൃതിയായിരുന്നു എം. മുകുന്ദന്റെ ‘ആദിത്യനും രാധയും മറ്റു ചിലരും’. സമയം ഈ കൃതിയിൽ പ്രകാശ വേഗതയിലാണ് മൂന്നു കാലങ്ങളിലൂടെ പാഞ്ഞുകളിച്ചത്.
സമയത്തെക്കുറിച്ച് നാം രൂപപ്പെടുത്തിയ എല്ലാത്തരം നിർവചനങ്ങളെയും ഈകൃതിയിലൂടെ മുകുന്ദൻ പൂർണതയോടെ നിർവീര്യപ്പടുത്തിക്കളഞ്ഞു. ആധുനികതയുടെ ശക്തിയും ദൗർബല്യവും
ഒരുപോലെ സമ്മേളിച്ച ഈ കൃതി എഴുത്തുരീതിയുടെ അസാമാന്യ വൈവിധ്യം കൊണ്ടും ജീവിതത്തിനു മേൽ നടത്തുന്ന ആഴമാർന്ന ഇടപെടൽ മൂലവും ഇന്നും വായനയുടെ സജീവതയെ ആഹ്ലാദകരമായ വിധത്തിൽ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്നു.
സിനിമയിൽ ഇത്തരം നൂതനമായ പരീക്ഷണ വിജയം നേടിയ സംവിധായകനും എഴുത്തുകാരനുമായിരുന്നു പി. പത്മരാജൻ. ഒരു ദിവസം നടക്കുന്ന ഒരു സംഭവത്തെ അധികരിച്ച് വളർന്നു വികസിച്ച് കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും രാഷ്ട്രീയം വെളിപ്പെടുത്തിയ മികച്ച ദൃശ്യവിരുന്നായിരുന്നു പത്മരാജന്റെ ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ എന്ന സിനിമ. മലയാളി അതുവരെ വച്ചുപുലർത്തിയിരുന്ന ലൈംഗികധാരണകളെ മാരകമായ രീതിയിൽ പിഴുതുമാറ്റിയ
സിനിമയായിരുന്നു ഇത്. ഗ്രാമത്തിലെ വേശ്യാലയത്തിൽ എത്തിച്ചേരുന്ന ചെറുപ്പക്കാരുടെ ഉദ്വേഗജനകമായ വൈകാരിക സംഘർഷങ്ങളിലൂടെ ജീവിതത്തിന്റെ അവ്യക്തമായ സങ്കീർണതകളെ
പുതുമയാർന്ന രീതിയിൽ വിശകലനം ചെയ്ത പ്രസ്തുത സിനിമ മലയാളത്തിന്റെ മികച്ച സിനിമയുടെ പട്ടികയിൽ ഉയർന്ന സ്ഥാനമാണ് അലങ്കരിച്ചത്.
ഉണ്ണികൃഷ്ണൻ തിരുവാഴിയോടിന്റെ ‘ദൃക്‌സാക്ഷി’ എന്ന നോവൽ നാലുദിവസത്തെ സംഘർഷഭരിതമായ സംഭവങ്ങളെ ആസ്പദമാക്കി രൂപപ്പെടുത്തിയ കൃതിയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരണം നടന്ന ദിവസം മുതൽ ശവസംസ്‌കാര ചടങ്ങ് നടക്കുന്ന നാലാം ദിവസം വരെ ഡൽഹിയിലുണ്ടായ സംഭവപരമ്പരകളെ കോർത്തിണക്കി എഴുതിയ കൃതി
ചരിത്രത്തിന്റെ അപാരമായ ആഴങ്ങളെ വർത്തമാനകാലത്തിന്റെ ആസുരതകൾകൊണ്ട് വായിക്കാനുള്ള ധീരശ്രമമാണ് നടത്തുന്നത്. ലോകം കണ്ട ധൈര്യശാലിയായ ഒരു വനിതയുടെ മരണത്തിനു ദൃക്‌സാക്ഷിയാകുന്ന രവി എന്ന കഥാപാത്രത്തിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവും ഭാവിയും അന്വേഷിച്ച ഈ കൃതി, നോവലിനു മേലുള്ള എല്ലാവിധ കാല സങ്കല്പങ്ങളെയും പൂർണതയോടെ ഉടച്ചുകളഞ്ഞു. നാലു ദിവസങ്ങളിൽപോലും ഒരു നോവലിന് സാധ്യതയുണ്ടെന്ന് തെളിയിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ തിരുവാഴിയോട്. അനേക സംഭവങ്ങൾക്ക് ചരിത്രത്തിൽ ഇടം നേടിയ ഡൽഹിയെ സംബന്ധിച്ച് ആ നാലു ദിവസങ്ങൾ
പ്രധാനപ്പെട്ടതായിരുന്നു. കാരണം ലോകം കണ്ടതിൽ വച്ചേറ്റവും ധീരയായ വനിതകളിലൊരാളും
ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയാണ് അതി നിഷ്ഠൂരമായ രീതിയിൽ കൊല്ലപ്പെട്ടിരിക്കുന്നത്. മാത്രമല്ല, കൊലപാതകത്തിനു പിന്നിൽ വർഗീയതയുടെ വിഷ
നീലിമ കൂടി കലർന്നിട്ടുണ്ടെന്ന വ്യഖ്യാനവും സംഭവ തീവ്രത ഇരട്ടിയായി വർദ്ധിപ്പിച്ചു. അതുകൊണ്ടുകൂടിയാണ് നാലുദിവസത്തെ, നാല്പതിനായരം ദിവസങ്ങളുടെ ശാക്തികതയോടെ നോവലിലേക്ക് സന്നിവേശിപ്പിക്കാൻ ഉണ്ണികൃഷ്ണനിലെ എഴുത്തുകാരന് സാധിച്ചത്.

ഇന്ത്യൻ സമൃദ്ധിയുടെ ബൃഹദ് ആവിഷ്‌കാരമായ ഡൽഹിയിൽനിന്നും ഇല്ലായാമകൊണ്ട് സൃഷ്ടിക്കപ്പെട്ട പാലക്കാടൻ കുഗ്രാമമായ പരുത്തുപ്പുള്ളിയിലേക്ക് വരിക. ഇവിടെയും ഒരു മരണം
നടന്നിരിക്കുന്നു. ലോകം പോയിട്ട് പരുത്തുപ്പുള്ളിപോലും മുഴുവൻ കാണാൻ കഴിയാത്ത ശകുന്തളയാണ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്. പൊതുസമൂഹത്തെയും പൊതുബോധത്തെയും ഒരു വി
ധത്തിലും പിടിച്ചുകുലുക്കാൻ മാത്രം ശേഷിയില്ലാത്ത മരണം! ചരിത്രത്തിന്റെ നേരിയ പിൻബലം പോലുമില്ലാതെ അവസാനിച്ച ആ പെൺജീവിതത്തെ പരുത്തിപ്പുള്ളിയെന്ന ഉൾഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസത്തെ അസ്വസ്ഥപ്പെടുത്തുന്ന സംഭവപരമ്പരകളിലൂടെ വലിയൊരു നോവലാക്കി മാറ്റിയെടുത്തു എന്നിടത്താണ് പി. കണ്ണൻകുട്ടി എന്ന എഴുത്തുകാരൻ വിജയിക്കുന്നത്.
‘ദൃക്‌സാക്ഷി’യിൽ നിന്ന് വിഭിന്നമായി ചരിത്രം പുറത്താക്കിയ ഒരു സ്ത്രീയുടെ മരണമാണ് ഇവിടെ കണ്ണൻകുട്ടി നോവലിന് പശ്ചാത്തല ഭൂമികയാക്കി മാറ്റുന്നത് എന്നതും നോവലിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു.
പരിഷ്‌കാരത്തിന്റെ പശിമയേൽക്കാത്ത പച്ചയായ പാലക്കാടൻ ഗ്രാമത്തെയാണ് ‘ബഹുരൂപികൾ’ എന്ന നോവലിലൂടെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്നത്. ‘ഒരു ദിവസം തുടങ്ങുന്നു’
എന്ന അധ്യായത്തോടെ ആരംഭിക്കുന്ന നോവൽ, ഒരു ദിവസം അനുഭവപ്പെടുന്ന സംഭവ വിഹ്വലതകളെ ചേർത്തുവച്ചാണ് വികസിപ്പിച്ചിട്ടുള്ളത്. പതിവിനു വിരുദ്ധമായി പ്രസ്തുത ഗ്രാമത്തിൽ സംഭവിച്ച അതിദാരുണമായ കൊലപാതകം ഉയർത്തിയടുത്ത ഉത്കണ്ഠകളുടെയും കൊലപാതകത്തിന്റെ മുന്നിലേക്കും പിന്നിലേക്കുമായി നീണ്ടു പോകുന്ന ഭാവനാത്മകമായ ഗ്രാമീണ അന്വേഷണങ്ങളുടെയും സർഗാത്മക വിവരണമാണ് ‘ബഹുരൂപികളായി’ രൂപം പ്രപിക്കുന്നത്. വേശ്യയായ ശകുന്തളയുടെ കൊലപാതകത്തെ ഗ്രാമവാസികൾ വ്യത്യസ്തമായ വീക്ഷണത്തിൽ വായിച്ചെടുക്കുന്ന ലളിതമായ ആഖ്യാനത്തിലല്ല ‘ബഹുരൂപികൾ’ നിർമിക്കപ്പെട്ടിട്ടുള്ളത്. നൂതനമായ ആഖ്യാന തന്ത്രങ്ങളുടെ അവിസ്മരണീയതയാണ് നോവലിനെ വേറിട്ടതാക്കി മാറ്റുന്നത്. കാരണം ചെറുകഥയ്ക്കു മാത്രം വിഷയമാകാവുന്ന ഒരു സംഭവത്തെയാണ് ആഖ്യാനപാടവത്തിന്റെ അപൂർവസിദ്ധികൊണ്ട് എഴുത്തുകാരൻ ഒരു വലിയ നോവലിന്റെ ഗരിമയിലേക്ക് ഉണർവോടെ ഉയർത്തിയെടുത്തിരിക്കുന്നത്. തന്മൂലം ഒരു ദിവസം എന്ന സംജ്ഞ വളർന്ന് ഒരു നൂറ്റാണ്ടിന്റെ സമഗ്രതയിലേക്ക് വർദ്ധിതവീര്യത്തോടെ പെരുകുകയാണ് ചെയ്യുന്നത്. അതോടൊപ്പം പരുത്തിപ്പുള്ളി എന്ന പാലക്കാടൻ ഗ്രാമം പോയ കാലഘട്ടത്തിന്റെ കേരള ഭൂപടമായി വേഷംമാറുന്നുമുണ്ട്. ഇത്തരമൊരു ബലമുള്ള വായനാസാധ്യത ഒരുക്കിത്തരുന്നിടത്താണ് ‘ബഹുരൂപികളു’ടെ വിജയം കരുതലോടെ കുടികൊള്ളുന്നത്.
പരുത്തിപ്പുള്ളി എന്ന ഗ്രാമമാണ് നോവലിന്റെ ഭൂമിക. അത്ഭുതകരമായ എന്തോ ഒന്ന് അന്ന് ഗ്രാമത്തിൽ നടക്കുന്നു. വർഷങ്ങളായി പരുത്തിപ്പുള്ളിയെ സക്രിയമാക്കുന്ന പഞ്ചാക്ഷരം പിള്ളയുടെ
പലവ്യഞ്ജനക്കട അന്നു തുറക്കുന്നില്ല. ലോകത്തിൽ എന്തു സംഭവിച്ചാലും കടയ്ക്ക് അവധി കൊടുക്കാത്ത പഞ്ചാക്ഷരം പിള്ള എന്തുകൊണ്ടാണ് ഇന്ന് കട തുറക്കാത്തത് എന്ന പൊറുതി
കേടിലേക്കാണ് ഗ്രാമീണർ ഉണർന്നുവരുന്നത്. പ്രസ്തുത ദിവസം പഞ്ചാക്ഷരം പിള്ളയുടെ കടയ്ക്കു മുന്നിലൂടെ കടന്നു പോകുന്ന ഗ്രാമീണരുടെ ചിന്തകളെ പിന്തുടർന്ന് പരുത്തിപ്പുളളിയുടെ ചരിത്രവും വർത്തമാനകാലവും സൂക്ഷ്മമായി വിശകലനം ചെയ്യാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. ഈകഥാപാത്രങ്ങളൊക്കെ ഒരു കാലഘട്ടത്തിലേക്ക് വായനക്കാരെ വലിച്ചുകൊണ്ടു പോകാൻ മാത്രം ശക്തരും സത്യസന്ധരുമായിരുന്നു. അവരുടെ നിഗമനങ്ങളും അവർ അനുഭവിക്കുന്ന കടുത്ത സംഘർഷങ്ങളും അസാധാരണമായ പിരിമുറുക്കത്തോടെയാണ് നോവലിസ്റ്റ് ‘ബഹുരൂപികളിൽ’
സർറിയലിസ്റ്റിക് ചിത്രത്തിന്റെ ചാരുതയോടെ വരച്ചിടുന്നത്.
ആധുനിക സൗകര്യങ്ങളൊന്നും എത്താത്ത ഗ്രാമത്തിന്റെ നിഷ്‌കളങ്കതയിലാണ് കഥ നടക്കുന്നത് എന്നതിനാൽ ഒരു മരണം അവരുടെ ജീവിത വ്യാപാരങ്ങളെ എത്രമേൽ സജീവമാക്കുന്നു എന്ന് കൃതി നമുക്ക് പറഞ്ഞുതരുന്നു. അതേസമയം വ്യക്തിയുടെ ആവശ്യങ്ങൾ ഉള്ളുപിളർന്ന് പുറത്തേക്കു തള്ളുമ്പോൾ മരണംപോലും നിസ്സാരവത്കരിച്ച് നിസ്സഹായതയിലേക്ക് കൂപ്പുകുത്തുന്ന അനുഭവങ്ങളും എഴുത്തുകാരൻ പങ്കുവയ്ക്കുന്നുണ്ട്. നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഗൗതവൻ ഏറെ ദാരിദ്ര്യമനുഭവിക്കുന്ന കുടുംബത്തിലെ പ്രതിനിധിയാണ്. ഗൗതമന്റെ അമ്മ മണ്യേമ്മയെ കടം കൊടുത്തു സഹായിച്ചിരുന്നത് പഞ്ചാക്ഷരം പിള്ളയായിരുന്നു. കടം അധികരിച്ചപ്പോൾ പഞ്ചാക്ഷരം പിള്ളയും മണ്യേമ്മയെ കൈവെടിഞ്ഞു. ഒടുവിൽ രക്ഷയില്ലാതെ വളരെ ചെറിയ കമ്മൽ പണയം വയ്ക്കാൻ ഗൗതമന്റെ കയ്യിൽ കൊടുത്തുവിടുന്നു. മകന്റെ മടങ്ങിവരവിനായി ആകാംക്ഷപ്പെട്ടിരിക്കുന്ന മണ്യേമ്മയോട് ഗ്രാമത്തിൽ ആദ്യമായുണ്ടായ കൊലപാതകത്തെക്കുറിച്ച് വേലു പറയുമ്പോൾ അവരിൽ കാര്യമായ പ്രതികരണമൊന്നും
ഉണ്ടാകുന്നില്ല. കാരണം അവരിൽ വിശപ്പും പഞ്ചാക്ഷരം പിള്ളയോടുള്ള പ്രതികാരവും അതിലേറെ മകൻ മടങ്ങിവരാത്തതിലുള്ള ആശങ്കയുമാണ് ഇറുകിമുറുകുന്നത്. ഗൗതമനു വേണ്ടിയുള്ള അവരുടെ മുനയുള്ള കാത്തിരിപ്പിലേക്ക് ശകുന്തളയുടെ മരണം ഒരുതരത്തിലും കടന്നുവന്നില്ല. ”മണ്യേമ്മയ്ക്ക് വിശന്നു തുടങ്ങിയിരുന്നു. മനസ്സിൽ ആധിയും ദേഷ്യവും സങ്കടവും. ഗൗതമൻ എത്താത്തതിലുള്ള പരിഭവവും വേവലാതിയും. അതുകൊണ്ട് ഒരു വാർത്തയും അവരെ നടുക്കിയില്ല. ഞെട്ടിച്ചില്ല. ഒന്നിനും പ്രാധാന്യം തോന്നിയില്ല. ഗൗതമന്റെ വരവും കാത്ത് അവർ ഇരുന്നു. നടന്നു” (പേജ് 203). അനുഭവങ്ങളും സംഭവങ്ങളും വ്യക്തിനിഷ്ഠമാകുന്നതിന്റെ ധാരാളം ഉദാഹരണങ്ങൾ നോവലിൽനിന്ന് കണ്ടെടുക്കാൻ കഴിയും. അത്തരം സാഹചര്യങ്ങളിൽ ഒരാൾക്ക് സ്വന്തം വിശപ്പിനേക്കാൾ വലുതല്ല അപരന്റെ മരണവും കൊലപാതകവും.
പരുത്തിപ്പുള്ളിക്കാർക്ക് ശകുന്തള കേവലം ഒരു വേശ്യ മാത്രമാണ്. എന്നാൽ കരുത്തും വ്യക്തിത്വവും മനസ്സിൽ സൂക്ഷിച്ച സ്ത്രീയുടെ ശക്തമായ പ്രതീകമായിരുന്നു ശകുന്തള എന്ന് നോവലിന്മേലുള്ള
ഗൗരവമായ വായന വ്യക്തമാക്കിത്തരുന്നുണ്ട്. ശകുന്തളയ്ക്ക് ചേരുന്ന രൂക്ഷമായ വിശേഷണങ്ങൾ വേറേയുമുണ്ട്. കാമുകന്റെ വിശുദ്ധ ബീജം സ്വന്തം ഗർഭത്തിൽ പേറുന്നതിന്റെ സായൂജ്യം
ആഹ്ലാദത്തോടെ അനുഭവിക്കുന്നവൾ. ജാത്യാൽ ഏതെങ്കിലും ഒരു കള്ളുചെത്തുകാരന്റെ ഭാര്യാപദവിയിൽ ഒതുക്കപ്പെടാൻ വിസമ്മതിക്കുന്നവൾ. മകളുടെ അവിഹിത ഗർഭത്തിൽ മനം
നൊന്ത് മാതാപിതാക്കൾ ആത്മഹത്യ ചെയ്തപ്പോൾപോലും അവൾ തളരുന്നില്ല. ഒടുവിൽ മകനെ പോറ്റാൻ മാനം വിൽക്കാൻ തയ്യാറായതോടെ അവൾ പരുത്തിപ്പുള്ളിയുടെ വേശ്യാപദവിയിലേക്ക്
ഉയർത്തപ്പെടുകയായിരുന്നു. അവളുടെ ശരീരത്തിന്റെ ചൂടും ചൂരും അറിയാത്ത പുരുഷന്മാർ പരുത്തിപ്പുള്ളിയിൽ വളരെ കുറവായിരുന്നു.
എന്നാൽ മകൻ സുരേശൻ വളർന്നപ്പോൾ അവൾ തന്റെ തൊഴിലിന്റെ ദൈർഘ്യം കുറച്ചു. മകനു മാനക്കേടുണ്ടാകാതിരിക്കാൻ സ്വയം ഉൾവലിയുമ്പോഴും അത്രയേറെ വേണ്ടപ്പെട്ട പഴയ ഇഷ്ടക്കാരെ വെറുപ്പിക്കാനും അവൾക്ക് മനസ്സ് വന്നില്ല. സുരേശന് എല്ലാം അറിയാമായിരുന്നു. അമ്മയെ ശരീരവില്പനയിൽ നിന്ന് പിന്തിരിപ്പിക്കാൻ അവൻ ഏറെ കഷ്ടപ്പെട്ട് ജോലി ചെയ്തു. അതിനുവേണ്ടിയാണ് അവൻ പഞ്ചാക്ഷരം പിള്ളയുടെ കടയിൽ ജോലിക്കാരനായി ചേരുന്നത്. പോയ കാല നാണക്കേടിൽ നിന്ന് മോചനം നേടി അമ്മയെ സഹായിച്ചു ജീവിക്കാൻ ആഗ്രഹിച്ച സുരേശൻ,
അവിചാരിതമായാണ് അമ്മയുടെ രഹസ്യവേഴ്ച കാണാനിടയായത്. കോപം ഉഗ്രതയോടെ കെട്ടുപൊട്ടിച്ചപ്പോൾ അമ്മയെയും കൂടെകിടന്ന ആളിനെയും വെട്ടിപ്പിളർത്തി. പക്ഷേ, ശകുന്തളയാണു മരിച്ചത്. ജാരൻ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. രക്ഷപ്പെട്ട കുറ്റിക്കാരൻ പഞ്ചാക്ഷരം പിള്ളയായിരുന്നു എന്ന് നോവലിൽ വ്യക്തമായ ചില അടയാള സൂചനകൾ തരുന്നുണ്ട്. ഒരു ഗ്രാമത്തെക്കൊണ്ട് മുഴുവനും തന്റെ ശരീരത്തിന്റെ അളവെടുപ്പിച്ച ശകുന്തള, ഒരിക്കൽ പോലും അവളുടെ വ്യക്തിത്വം അടിയറവയ്ക്കാൻ തയ്യാറായിരുന്നില്ല. സ്‌ത്രൈണ വ്യക്തിത്വത്തിന്റെ ജ്വലന മാതൃകയായി ശകുന്തള നോവലിലാകെ നിറഞ്ഞാടുന്നുണ്ട്.
ശകുന്തളയുടെ പൈശാചികമായ കൊലപാതകത്തിൽ നിന്നാണ് നോവൽ എല്ലാവിധ സ്വാതന്ത്ര്യത്തോടുംകൂടി മുന്നോട്ടും പിന്നോട്ടും വേഗതയോടെ ചലിക്കുന്നത്. ശക്തമായ സ്ത്രീപക്ഷ വായനകൾ ആവശ്യപ്പെടുന്ന ധാരാളം കഥാപാത്രങ്ങൾ പരുത്തിപ്പുള്ളിയിൽ തലയുയർത്തി നടക്കുന്നുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് തിത്തുമ്മ. വിവാഹത്തിലൂടെ ചതിയിൽപെട്ട തിത്തുമ്മ ഭർത്താവിനെ ഉപേക്ഷിച്ചുകൊണ്ടാണ് ജീവിതത്തിന്റെ കഠിനമായ പൊരുതലുകളിലേക്ക് നീങ്ങുന്നത്. പൊരുതി നേടിയ ജീവിതത്തിന്റെ വിജയഗാഥയാണ് തിത്തുമ്മ പറയുന്നത്. അനീതി നിറഞ്ഞ ജീവിതസാഹചര്യങ്ങളോട് വിട്ടുവീഴ്ചയില്ലാതെ പോരാടി ആടിനെ വളർത്തിയും ആടിനെ അറുത്തും ജീവിക്കുന്ന തിത്തുമ്മ നോവലിലെ ഏറ്റവും തിളക്കമേറിയ കഥാപാത്രങ്ങളിലൊന്നാണ്. കാരിരുമ്പിന്റെ കരുത്തും കരുണയുടെ കടലും ഒരുപോലെ ഉള്ളിൽ സക്ഷിക്കുന്ന തിത്തുമ്മ ‘ബഹുരൂപികളി’ലെ അനശ്വര കഥാപാത്രമാണെന്ന കാര്യത്തിൽ സംശയമില്ല. മണ്യേമ്മയും യശോദയും രാധികടീച്ചറും സുജാതയും പരുത്തിപ്പുള്ളിയിലെ പെൺകരുത്തിന്റെ കനമുള്ള പ്രതീകങ്ങൾ തന്നെയാണ്.
രാധികടീച്ചറുടെ നോവലിലെ ദിവസം ഏറെ വ്യതിരിക്തതയോടെയാണ് നോവലിസ്റ്റ് ചുവപ്പു നിറത്തിൽ വരച്ചിടുന്നത്. അവർക്ക് അന്ന് ആർത്തവദിനമായിരുന്നു. ആവശ്യമായ സേഫ്റ്റി നാപ്കിൻ അന്ന് പഞ്ചാക്ഷരം പിള്ളയുടെ കടയിൽ നിന്ന് വാങ്ങാനിരുന്നതാണ്. കടയുടെ അടുത്തെത്തിയപ്പോൾ അവർ ശരിക്കും ഞെട്ടിപ്പോയി. കട തുറന്നിട്ടില്ല! അതോടെ അവരുടെ പതിവു ചിന്തകളെല്ലാം തകിടം മറിഞ്ഞു. പഞ്ചാക്ഷരം പിള്ള മരിച്ചുപോയെന്നുവരെ ടീച്ചർ ചിന്തിച്ചുപോകുന്നു. പതിവു കാഴ്ചകളും നടുക്കുന്ന വാർത്തകളും ഒന്നും അവരിലേക്ക് കടക്കാതെ മാറിനിന്നു. തന്റെ പിൻഭാഗം നനഞ്ഞു വരുന്നുണ്ടോ എന്ന ആധിയാണ് അവരെ ഭീതിയോടെ ഭരിച്ചത്. ഒടുവിൽ ചീനക്കുളത്തിന്റെ കരയിൽ ശകുന്തളയുടെ ശവം പ്രതീക്ഷിച്ചുനിന്ന ആൾക്കൂട്ടത്തിനിടയിൽനിന്നും ഒരു കുട്ടി വിളിച്ചു പറയുന്നിടത്താണ് ടീച്ചറുടെ ആകാംക്ഷ പൊട്ടുന്നത്: ”ടീച്ചറുടെ മൂട്ടിൽ ചോര!”
രാധിക ടീച്ചർ ഭൂമി പിളരാൻ വേണ്ടിയായിരുന്നു അപ്പോൾ പ്രാർത്ഥിച്ചത്. അവർ പഞ്ചാക്ഷരം പിള്ളയെ പ്രാകി: ‘ദുഷ്ടൻ’. ലോകത്തിൽ നടക്കുന്ന ഏതൊരു വലിയ പ്രശ്‌നത്തേക്കാളും എത്രയോ
വലുതാണ് ഓരോ വ്യക്തിയ സംബന്ധിച്ചും അവരുടെ ചെറിയ പ്രശ്‌നങ്ങൾ എന്ന നഗ്‌നസത്യത്തെ വളരെ സരസമായും തികഞ്ഞ യാഥാർത്ഥ്യബോധത്തോടെയുമാണ് നോവലിസ്റ്റ് ഇവിടെ പകർത്തുന്നത്.
വലിയ ഒരു സംഭവം ഗ്രാമത്തിൽ നടക്കാൻപോകുന്നു എന്ന സൂചന ആദ്യ അദ്ധ്യായത്തിൽ തന്നെ നോവലിസ്റ്റ് തരുന്നുണ്ട്. ശകുന്തളയുടെ വീടിനെ കാക്കകൾ കൂട്ടത്തോടെ ആക്രമിക്കുന്നു. പിന്നീട് അതേ വീട്ടിൽ ശകുന്തള മകനാൽ കൊല്ലപ്പെടുന്നു. മകൻ സുരേശൻ ഗൗതമന്റെയും സുജയന്റെയും കൂടെ കൂട്ടുചേർന്നു നാടുവിടാൻ ശ്രമിക്കുന്നു. സുരേശന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട പഞ്ചാക്ഷരം പിള്ള മങ്കര ആശുപത്രിയിൽ അഭയം തേടുന്നു. ഇതെല്ലാം ആ ദിവസം രാവിലെ സംഭവിച്ച കാര്യങ്ങളാണ്. പതിവായി കടയിൽ വരുന്ന പഞ്ചാക്ഷരം പിള്ള കടയിൽ എത്താതാകുന്നതോടെ ഗ്രാമവാസികളിൽ വലിയ ആകുലതകൾ മുളച്ചുകയറുകയാണ്. അടച്ചിട്ട പഞ്ചാക്ഷരം പിള്ളയുടെ കടയുടെ മുന്നിലൂടെ കടന്നുപോകുന്ന ഗ്രാമവാസികളുടെ ചിന്തകളിലൂടെയാണ് പരുത്തിപ്പുള്ളിയുടെ കഥ നോവലിൽ അനാവരണം ചെയ്യുന്നത്.
പരുത്തിപ്പുള്ളി സെന്ററിലുള്ള പഞ്ചാക്ഷരം പിള്ളയുടെ കടയുടെ മുന്നിലായിട്ടാണ് എഴുത്തുകാരൻ സർഗാത്മകതയുടെ ഒടിവിദ്യ ഉപയോഗിച്ച് അദൃശ്യനായി നിൽക്കുന്നത്. അതിലൂടെ കടന്നുപോകുന്ന
സുരേശനിലൂടെ, രാധിക ടീച്ചറിലൂടെ, അപ്പയിലൂടെ, യശോദയിലൂടെ, മാരത്തായിയിലൂടെ പരുത്തിപ്പുള്ളിയുടെ കഥ എഴുത്തുകാരൻ കൃത്യതയോടെ ഊരിയെടുക്കുന്നു. ഒപ്പംതന്നെ പരുത്തുപ്പുള്ളിയുടെ സ്വന്തക്കാരായ ഗണേശൻ ചെട്ടിയാർ, കള്ളുഷാപ്പു കുട്ടപ്പൻ, പണ്ടാര ബാലൻ, മുത്തു റാവുത്തർ, അമ്പിട്ടൻ പഴനി, തിത്തുമ്മ, വൈദ്യൻ തെയ്യുണ്ണി, സെയ്താലി, തിത്തുമ്മയുടെ ആടുകൾ… ഇവരൊക്കെ പരുത്തിപ്പുള്ളിയുടെ ചരിത്രത്തെ ഖനനം ചെയ്‌തെടുക്കുവാൻ എഴുത്തുകാരനെ ക്രിയാത്മകമായി സഹായിക്കുന്നുണ്ട്.
അതേസമയം അന്ന് പരുത്തിപ്പുള്ളി സെന്ററിലേക്ക് വരാത്ത പാപ്പമ്മാളും മണ്യേമ്മയും ഗൗതമനും സുജയനും സുജാതയും ഗോപിയും കലയും വൈകുന്നേരം മാത്രമെത്തുന്ന പഞ്ചാക്ഷരം പിള്ളയും ‘ബഹുരൂപികളെ’ സർഗാത്മകമായി സക്രിയമാക്കുന്നുണ്ട്. എന്തിന്, ശവത്തിന് കാവൽ നിൽക്കുന്ന പോലീസുകാർ പോലും ഒരുപാട് ജീവിത ദുരിതങ്ങളുടെ നരക നീറ്റലുമായാണ് പരുത്തിപ്പുള്ളിയിൽ എത്തിച്ചേരുന്നത്. ചുരുക്കത്തിൽ പരുത്തിപ്പുള്ളിതന്നെ എല്ലാത്തരം വികാരങ്ങളുടെയും കൂടിക്കലരലിലൂടെ രൂപപ്പെടുന്ന ഒരു വലിയ കഥയായി പരിണമിക്കുന്നു. ഈ കഥയുടെ പൊതുസ്വഭാവം എന്നത് നിഷ്‌ളങ്കതയുടെ തെളിമയുള്ള ഗ്രാമീണ അച്ചിലാണ് ഇവ നൂറുശതമാനം ശുദ്ധിയോടെ വാർത്തെടുത്തിരിക്കുന്നത് എന്നതാണ്.
ചരിത്രത്തിൽ ഇടം പിടിക്കാത്തവരുടെ കഥയാണ് എഴുത്തുകാരൻ കണ്ടെടുത്ത് നോവലിനുവേണ്ടി സജ്ജമാക്കിയിട്ടുള്ളത്. ചിരിത്രത്തിൽ ഒരുതരത്തിലും രേഖപ്പെടുത്താത്ത സ്ഥലമാണ് നോവലിന്റെ പശ്ചാത്തല ഭൂമിക. സാധാരണയായി കണ്ടു പരിചയിക്കാത്ത മികവുള്ള ഒരു എഴുത്തുരീതിയാണ് നോവലിസ്റ്റ് പിൻപറ്റുന്നത്. വേറിട്ട ഇത്തരം ഘടകങ്ങൾ തന്നെയാണ് നോവലിനെ ഇത്രയേറെ വ്യത്യസ്തമാക്കുന്നതും ഒപ്പം ഉജ്ജ്വലമാക്കുന്നതും. പോയ കാല ഗ്രാമീണ ജീവിതത്തിന്റെ ശക്തി ദൗർബല്യങ്ങളെ നിഷ്‌കളങ്കതയുടെ ഉലയിൽവച്ച് പഴുപ്പിച്ചെടുക്കുന്ന അസാധാരണമായ അനുഭവമാണ് നോവൽ വായനക്കാരനു വേണ്ടി മൂർച്ചപ്പെടുത്തുന്നത്. ചരിത്രം അധികാരത്തിന്റെ ആയുധമാവുകയും ചരിത്രവും മിത്തും ആവശ്യാനുസരണം ഇണ ചേർക്കപ്പെടുകയും ചെയ്യുന്ന വർത്തമാന കാലത്തിലെ പൊള്ളലുകളിലേക്ക് ഒരു പ്രതിരോധസ്‌നാനം നടത്താനുള്ള ശ്രമമാണ് എഴുത്തുകാരൻ നടത്തുന്നത്.
ആട്ടിയകറ്റപ്പെടുന്നവനും ജീവിക്കുന്ന ചരിത്രമുണ്ടെന്ന് നോവൽ നമ്മെ ഓർമിപ്പിക്കുന്നു. മികച്ച കൃതികൾ സൃഷ്ടിക്കുന്ന തനുവേണ്ടി നെറ്റുകളെയല്ല ശരിയായ ജീവിതങ്ങളെയാണ് പരതേണ്ടതെന്ന
ധീരമായ മുന്നറിയിപ്പും ഈനോവൽ മുന്നോട്ടു വയ്ക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളും അതിസങ്കീർണതകളും കൃത്രിമ ഭാഷയിൽ മുഖമുദ്രയാക്കിയ ചില പുതിയ നോവലുകളെയെങ്കിലും
‘ബഹുരൂപികൾ’ അതിന്റെ തനിമയും സരളതയും സത്യസന്ധതയും കൊണ്ട് പ്രകോപിപ്പിക്കുന്നുണ്ട്.
ടെലിവിഷനും കംപ്യൂട്ടറും ഇന്റർനെറ്റും മൊബൈൽ ഫോണും ഒന്നുമില്ലാതിരുന്ന പഴയ കേരളഗ്രാമങ്ങൾ എത്രമാത്രം സജീവമായ ജീവിത വ്യവഹാരങ്ങളെയാണ് ഉല്പാദിപ്പിച്ചിരുന്നതെന്ന സത്യത്തെയാണ് കൃതി സൂക്ഷ്മതയോടെ സ്പർശിക്കുന്നത്. ഗ്രാമങ്ങൾ നന്മകളാൽ മാത്രമല്ല കഥകളാലും സമൃദ്ധമാണെന്ന് പി. കണ്ണൻകുട്ടി സർഗാത്മകസാക്ഷ്യം നടത്തുന്നു. ഒപ്പം ഓരങ്ങളിലേക്ക് ഒതുക്കി മാറ്റപ്പെടുന്നവരുടെ ജീവിതത്തിനും കളങ്കമില്ലാത്ത വീര്യമുണ്ടെന്ന് ദൃഢതയോടെ
ഓർമപ്പെടുത്തുകയും ചെയ്യുന്നു.