എല്ലാ ദിവസവും,
ഇരുപുറമിരമ്പുന്ന ഗലികൾക്കിടയിലൂടെ
അമർത്തിച്ചവിട്ടി നീ
പണിയിടത്തിൽ നിന്നു പണിയിടത്തിലേക്ക്
ധൃതിപ്പെട്ടു കുതിക്കുമ്പോൾ
പെട്ടെന്ന്
പതിനൊന്നു മണിസ്സൂര്യനു നേരെ
കണ്ണുയർത്തുന്ന ഞൊടിയിൽ
ആയിരമായിരം ഫ്ളാറ്റു ജനാലക്കമ്പികളിൽ അലക്കി വിരിച്ചിട്ട
തുണികൾ ചിറകുകളായ് വീശി വീശി
നഗരം നിന്നെയും കൊണ്ട്
അതീവ സ്വകാര്യമായി
ഠപ്പെന്ന്
പറന്നു പൊങ്ങുന്നതു നീ കാണും.
നീ വരയ്ക്കാൻ പോകുന്ന
പുതിയ ചിത്രത്തിലേക്ക്.
എല്ലാ ദിവസവും
ഇതേ സമയത്ത്.