രാത്രി തീരുന്നേയില്ല, പാട്ടുകൾ പാടിത്തീർത്ത-
രാക്കിളി തിരിച്ചുപോയ്,
താരകൾ തണുത്തുപോയ്
ജാലകത്തിരശ്ശീല മാറ്റിനോക്കുമ്പോൾ തരു
ശാഖിയിൽ കൂമൻ കണക്കിരിപ്പൂ മുഴുതിങ്കൾ
ഓരോരോ മറവികൾ മൂളിക്കൊ,ണ്ടടിവീണ്ട
പാനപാത്രത്തിൻ ഓർമ കറകൾ കഴുകിയും
നീൾമുടിയിഴമീട്ടി നിന്നെയോർത്തേതൊക്കെയോ
ശീലുകളിഴപിന്നി മാറിലൂടിഴച്ചിട്ടും
പ്രേമബാധയിൽ വെളിപാടുകൾ പുലമ്പുവാൻ
ശീലിച്ച വാക്കിൻ മദപ്പാടുള്ള നെറുകയിൽ
നേരിന്റെയരം കൊണ്ടു രാകിയോരെഴുത്താണി-
യാഴത്തിൽ തറച്ചാത്മ വൃക്ഷത്തിൽ തളച്ചിട്ടും
ഞാനിരിക്കുമ്പോൾ രാത്രിയെന്റെ കണ്ണിലെ തീരെ
നേർത്ത നിദ്ര തൻ കരടെടുത്തു കളയുന്നു.
ഓർത്തിരിക്കുവാനിഷ്ട ശ്ലോകമേയില്ലാത്തൊരു
ദീർഘകാവ്യം പോൽ രാത്രി പിന്നെയും തുടരുന്നു.
രാത്രി മുല്ലകൾ മുറ്റത്തില്ലൊരു നിശാഗന്ധി-
പാട്ടിലുള്ളതുമാത്രം- പൂമണം പരത്തുന്നു..
വേനലിൻ ചൂടിൽ മേലുമാത്മാവുമുരുകുന്നു
പാതിരാചന്ദ്രൻ പോലും വിയർത്തു കുളിക്കുന്നു.
സ്‌നേഹിച്ച വ്രണങ്ങളുണ്ടുണങ്ങിക്കഴിഞ്ഞപ്പോൾ
നോവിക്കുന്നവ, പ്രേമം പോലെ, യാ മുറിപ്പാടി-
ലോരോന്നായ് തഴുകിക്കൊണ്ടിരിക്കുമ്പോഴും വെട്ടം
തീണ്ടാത്തൊരതിർ പറ്റിക്കാത്തു നില്ക്കുന്നൂ രാത്രി.