ഇത്രകാലം
ഭൂമുഖത്ത് ജീവിച്ചിരുന്നപ്പോളൊന്നും
ആരുമതിന് തുനിഞ്ഞിട്ടില്ല
മരിച്ച്
മണിക്കൂറുകളായില്ല
എന്തായിരുന്നു ധൃതി!
ഈ മണ്ണിനിത്
എന്ത് തണുപ്പാ…
ഇത്രയും സ്വസ്ഥതയോടെ
കുഞ്ഞുനാളിൽ പോലും
കിടന്നിട്ടില്ല
ശാന്തി, സമാധാനം, സന്തോഷം എന്നൊക്കെ പറയുന്നത്
ഇവിടെ… ഇവിടെയാണ് കൂട്ടരെ…
എന്താണത്?
ഒരുപാട് സുവിശേഷങ്ങളുരുവിട്ട
നാവിലേക്ക്
അരിച്ച് കയറുന്നത്?
ഈ പാവം മണ്ണട്ടയെയാണോ ദൈവമേ
കാണുമ്പോഴൊക്കെ ഞാൻ
തല്ലിക്കൊന്നിരുന്നത്.
ചിതലുകൾ
എല്ലുകളിൽ ചിത്രപണികൾ
തുടങ്ങിക്കഴിഞ്ഞിരിക്കുന്നു
ഈ സർഗപ്രതിഭകളെയാണോ
ദൈവമേ
കാണുമ്പോഴൊക്കെ ഞാൻ
തച്ച് കൊഴിച്ചിരുന്നത്.
ബാല്യത്തിൽ, വെളുത്തും
കൗമാരത്തിൽ, ചുവന്നും
യൗവന വാർദ്ധക്യങ്ങളിൽ
കറുത്തുമിരുന്ന തലച്ചോറിലിതാ
ഞാഞ്ഞൂളുകൾ പുളയുന്നു
ഈ നിഷ്കളങ്കരെയാണല്ലോ ദൈവമേ
ഇരയായ് കണ്ടെന്നും ഞാൻ
ചൂണ്ടയിൽ കോർത്തിരുന്നത്.
ആഹ്… ആരാണത്
അടിവയറ്റിൽ
അവളുമാരിലും വിരുതാൽ
വിരൽത്തൊട്ട്
കാമനകളെയുണർത്തുന്നത്.
ഓ.. വായ്ക്കരിയിട്ടതൊക്കെ
മുളച്ച് വേര് നീട്ടുന്നതാണ്
മുഴുവനായും
വലിച്ചൂറ്റിക്കൊള്ളൂ
ജീവിച്ചിരിക്കേ
അറുത്ത കൈക്ക് ഉപ്പ് തേക്കാത്തോനെന്ന
പാപം തീരട്ടെ.
നോക്കൂ….
ബോധമുള്ള കാലത്തൊക്കെ
ഘർ വാപ്പസി’യെന്നും
‘ലൗ ജിഹാദെ’ന്നും
പറഞ്ഞ് നടന്നോനെ
മണ്ണിതാ മണ്ണിലേക്ക്
മാർഗം ചേർക്കുന്നു…