(ഗെയ്ലി പാര്കിന് രചിച്ച ‘ബെയ്ക്കിംഗ് കേയ്ക്ക്സ് ഇന്‍ കിഗാലി’ എന്ന നോവലിനെ കുറിച്ച്)
കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ചായയുണ്ടെന്നും ഇളം കറുപ്പാണെന്നും ഔദ്യോഗിക, സര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്കി. സ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതി പ്രസിഡന്റ് ജുവനാല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്. റുവാണ്ടന്‍ റേഡിയോ ഇങ്ങനെ ആഹ്വാനം ചെയ്തു: ”എല്ലാ ടുട്സികളും കൂറകളാണ്; എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്” (അഫഫ ളദണ ൗഴളലധ ടറണ ഡമഡപറമടഡദണല ടഭഢ ടഫഫ ഡമഡപറമടഡദണല ബഴലള ഠണ വടഭരഴധലദണഢ). പിന്നീട് നൂറു ദിനങ്ങളില്‍ റുവാണ്ടയില്‍, വിശേഷിച്ചും കിഗാലിയിലും പരിസരങ്ങളിലും, ഹുടു അര്‍ദ്ധസൈനിക സംഘ(എഭളണറടദടബശണ)ങ്ങളുടെ മുന്‍കൈയില്‍ അരങ്ങേറിയ നരമേധം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ ടുട്സികളും ഹുടു വിഭാഗത്തിലെതന്നെ മിതവാദികളും ഉള്‍പ്പെടെ എട്ടുലക്ഷം പേരെയെങ്കിലും കൊന്നൊടുക്കി, രണ്ടര ലക്ഷം സ്ത്രീകള്‍ ബലാത്കാരം ചെയ്യപ്പെട്ടു.
കലാപം കഴിഞ്ഞു പതിയെ പുന:സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന റുവാണ്ടയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ‘ബെയ്ക്കിംഗ് കേയ്ക്ക്സ് ഇന്‍ കിഗാലി’ എന്ന നോവലില്‍ ദുരന്തകാരിയായ കൊളോണിയല്‍ നിര്‍മിതികളെ കുറിച്ച് വംശഹത്യാവിചാരണക്കോടതിയിലെ നിയമജ്ഞനായ ഇൗജിപ്തുകാരന് മി. ഒമര്‍ നിരീക്ഷിക്കുന്നുണ്ട്: ഏതോ തലയ്ക്കു സ്ഥിരതയില്ലാത്ത കൊളോണിയല്‍ പര്യവേഷകന് പറഞ്ഞ അബദ്ധം ടുട്സികള്‍ കൂടുതല്‍ അറബ് വംശജരെപ്പോലെയുണ്ട്. വംശഹത്യക്കാര്‍ അതാണ് പറഞ്ഞു വന്നത്:
”അവര്‍ ഇവിടത്തുകാരല്ല, അതുകൊണ്ട് അവര്‍ നൈലിലൂടെ അവര്‍ വന്നയിടത്തേക്ക് പോകട്ടെ… അവര്‍ എല്ലാ ജഡങ്ങളും കഗേരാ നദിയിലൊഴുക്കി, നദി അവയെ വിക്ടോറിയാ തടാകത്തിലെത്തിച്ചു”.
നൈലിന്റെ ഉത്ഭവം
”ഏതു പാതി അന്ധനായ കൊളോണിയലിസ്റ്റാണ് ആ നിരീക്ഷണം നടത്തിയതെങ്കിലും അയാളെ വംശഹത്യയ്ക്ക് വിചാരണ ചെയ്യണം, അയാള്‍ എന്നേ മരിച്ചു പോയെങ്കിലും. അയാളുടെ വാക്കുകളാണ് വംശഹത്യ വേവിച്ചെടുക്കാനുള്ള തീ കത്തിച്ചത് ബെല്‍ജിയന്‍ ഭരണമാവട്ടെ, വ്യത്യാസങ്ങളെ ഊതിവീര്‍പ്പിച്ച് എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്തു”.
ആഘോഷവേളകള്‍ ഓര്‍മകളുടേതും
നോവലിന്റെ കേന്ദ്രത്തില്‍ ഏഞ്ചല്‍ തുംഗരാസയാണ് ആര്‍ത്തവ വിരാമത്തിന്റെ അവസ്ഥയില്‍ തടി കൂടിവരുന്നതുപോലുള്ള മാറ്റങ്ങള്‍ തന്നില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ച് ബോധവതിയായ മദ്ധ്യവയസ്ക. ഭര്‍ത്താവ് പയസ് തുംഗരാസക്ക് കിഗാലി ഇന്‍സ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി ഒഎൗേ അദ്ധ്യാപക ജോലിയുള്ളത് കാരണം തന്റെ സംരക്ഷണയിലുള്ള അഞ്ചു പേരമക്കള്‍ക്ക് മമ്മയും പപ്പയും തന്നെയായി കിഗാലിയില്‍ കഴിയുന്ന മുതിര്‍ന്ന ദമ്പതികള്‍ക്ക് മാറിക്കൊണ്ടിരിക്കുന്ന, വംശഹത്യയുടെ കരാളസ്മൃതികള്‍ പിന്നിലാക്കി സമന്വയത്തിന്റെ ദിനങ്ങളിലേക്ക് ഉറ്റുനോക്കുന്ന കിഗാലിയിലെ, നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും യു.എന്‍. ഉള്‍പ്പടെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഉദ്യോഗസ്ഥരും ദേശീയരും വിദേശികളുമടങ്ങുന്ന പുതിയ സാഹചര്യത്തിലെ സങ്കര സമൂഹത്തില്‍ മാന്യമായ സ്ഥാനമുണ്ട്. ടാന്‍സാനിയന്‍ സ്വദേശികളായ തുംഗരാസ കുടുംബം ഇപ്പോള്‍ ഏറെ പ്രശസ്തമായ ഒരു ബേക്കറി നടത്തുന്നു. ഏഞ്ചലിന്റെ കേക്കുകള്‍ എല്ലാ വിശേഷ സന്ദര്‍ഭങ്ങളിലും അവിഭാജ്യ ഘടകമാണ്. എന്നാല്‍ ‘ബേകിംഗ് കേയ്ക്ക്സ് ഇന്‍ കിഗാലി’ വെറുമൊരു ‘ഫീല്‍ ഗുഡ്’ കുടുംബകഥയോ സാമൂഹിക സ്വഭാവ വിശേഷങ്ങളെ പ്രസന്നമായി കളിയാക്കുന്ന നാടകീയാവിഷ്കാരമോ (ഇമബണഢസ മത ബടഭഭണറല) ആയി ചുരുങ്ങുന്നില്ല. റുവാണ്ടന്‍ വംശഹത്യ കഴിഞ്ഞ് ആറു വര്‍ഷമേ ആയിട്ടുള്ളൂ രണ്ടായിരാമാണ്ട് കഥാകാലമായി വരുന്ന നോവലിന്റെ ഇതിവൃത്തത്തിന് എന്നതുതന്നെ കാരണം. ‘ആ നൂറു ദിനങ്ങളില്‍ തളികയില്‍ വച്ച കോഴിയിറച്ചി പോലെ ഹിംസാത്മകത ഈ നാടിനെ കീറിമുറിക്കുകയായിരുന്നു’. തുല്യപ്രാധാന്യത്തോടെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും നേരിട്ടോ പരോക്ഷമായോ ബാധിക്കുന്ന മറ്റൊരു സന്ദിഗ്ധതയായി ‘വൈറസ്’, ‘രോഗം’ എന്നൊക്കെ മൃദുവാക്കായി (ണഴയദണബധലബ) വിവരിക്കുന്ന എയ്ഡ്സിന്റെ സാന്നിദ്ധ്യവും നോവലിലുണ്ട്.
ചിതറിപ്പോയ കുടുംബങ്ങളുടെ ഒത്തുചേരല്‍, വിവാഹം, വിവാഹ വാര്‍ഷികം, വിവാഹ നിശ്ചയം, ജന്മദിനം, മാമോദീസ സന്തോഷിക്കാനുള്ള അവസരങ്ങള്‍ എന്തുമാവട്ടെ, അത് ഏഞ്ചലിന്റെ വിശിഷ്ടമായ കേയ്ക്ക്കൊണ്ടുതന്നെയാണ്. അത്തരം പതിനാലു കേയ്ക്ക് നിര്‍മാണങ്ങളും അവയുടെ പശ്ചാത്തലമായി പതിനാല് അദ്ധ്യായങ്ങളിലൂടെ ഇതള്‍ വിരിയുന്ന പുരാവൃത്തങ്ങളുമാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണയിക്കുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്വാഹിലി, കിന്യാറുവാണ്ട എന്നിങ്ങനെ നാല് ഭാഷകളില്‍ അച്ചടിച്ചിട്ടുള്ള ഓര്‍ഡര്‍ ഫോം പൂരിപ്പിക്കുന്നതിനൊപ്പം ഏഞ്ചല്‍ നല്ലൊരു ചായസല്‍ക്കാരവും നടത്തിയാണ് എപ്പോഴും ഓര്‍ഡര്‍ സീകരിക്കുക. അതില്‍ ഇംഗ്ലീഷും ഫ്രഞ്ചും മാത്രമേ തനിക്കറിയൂ എന്നത് ഒരു കുറവായി ഏഞ്ചല്‍ എപ്പോഴും കരുതുന്നുണ്ട്. ആഫ്രിക്കക്കാര്‍ തങ്ങളുടെ കൊളോണിയല്‍ ഭാരം കയ്യൊഴിഞ്ഞു ഭാഷാഭിമാനം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും അവള് എപ്പോഴും എല്ലാവരെയും, പ്രത്യേകിച്ചും യുവതലമുറയെ, ഓര്‍മപ്പെടുത്തും. തങ്ങള്‍ക്ക് ഇംഗ്ലീഷും ഫ്രഞ്ചുമായി രണ്ടു ഭാഷയേ അറിയൂ എന്ന് പറയുന്നവരെ അവള് ഓര്‍മിപ്പിക്കും, കിന്യാറുവാണ്ടയും സ്വാഹിലിയും കൂടി അറിയുന്ന നിങ്ങള്‍ ബഹുഭാഷാ പ്രാവീണ്യമുള്ളവരാണ്. കേയ്ക്ക് നിര്‍മാണം ഓരോരുത്തരുടെയും അനുഭവങ്ങളുടെയും അഭിരുചികളുടെയും മുന്‍ഗണനകളുടെയും കൃത്യമായ പശ്ചാത്തലത്തില്‍ വേണമെന്ന ഏഞ്ചലിന്റെ സുനിശ്ചിതമായ രീതിയാണ് നോവലിനെ അനുഭവാഖ്യാനങ്ങളുടെയും പങ്കുവയ്ക്കലിന്റെയും ഏറ്റുപറച്ചിലുകളുടെയും ഏറെ വ്യത്യസ്തവും പരസ്പരം ഇഴകോര്ക്കുന്നതും കൃത്യമായും ആഫ്രിക്കയുടേതും അതില്‍ത്തന്നെ റുവാണ്ടയുടേതുമായ ഒരു ഡെക്കാമറോണ്‍ ഇടമാക്കി മാറ്റുന്നത്. എന്നാല്‍ ഇവിടെ പറയപ്പെടുക കല്‍പ്പിത കഥകളോ പ്രത്യേക ‘രസ’പ്രധാനമായ തെരഞ്ഞെടുത്ത കഥകളോ അല്ല, മറിച്ച്, നേരനുഭവ സാക്ഷ്യങ്ങളും അതിജീവിച്ച ചരിത്രവുമാണ്. പ്രസന്നമായ ഭാവിയിലേക്കുറ്റു നോക്കി കൊണ്ടാടപ്പെടുന്ന ഓരോ സന്ദര്‍ഭത്തിനു മുകളിലും ഒട്ടും പഴയതല്ലാത്ത ആ ഭീകര കാലത്തിന്റെ നിഴല്‍ വീണുകിടപ്പുണ്ട്; കഥകള്‍ക്ക് മേല്‍ മാത്രമല്ല, അത് പറയുന്നവരും, കേള്‍ക്കുന്നവരും, അതില്‍ പങ്കാളികള്‍/ ഇരകള്‍ ആയവരും ആരും ഇതില്‍ നിന്ന് തീര്‍ത്തും മുക്തരല്ലതാനും. ഏഞ്ചല്തന്നെയും മോഷ്ടാക്കള്‍ കൊന്നുകളഞ്ഞ, ഇല്ലായിരുന്നെങ്കില്‍ വൈകാതെ ‘രോഗ’ത്തിനു കീഴടങ്ങുമായിരുന്ന മകന്റെയും ‘വൈറസ്’ കാരണം ആത്മഹത്യ ചെയ്ത മകളുടെയും മക്കളെയാണ് പുലര്‍ത്തുന്നത്. എയ്ഡ്സ് രോഗം വംശഹത്യയ്ക്ക് ശേഷം നാടിനെ വേട്ടയാടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായി നിലനില്ക്കുന്നു. ‘ഇപ്പോള്‍ അവരും ഇവരുമില്ല. നമ്മളെല്ലാം ബന്യാറുവാണ്ടയാണ്. റുവാണ്ടക്കാര്’ എന്ന് ഒരു കഥാപാത്രം പറയുന്ന ആ സമന്വയ ചിന്ത വളര്‍ന്നു വരുന്നുണ്ടെങ്കിലും, അതിനു വലിയ വില നല്‍കേണ്ടിവന്നവരാണ് മിക്ക കഥാപാത്രങ്ങളും. ആരുടേയും വിധി അനന്യമല്ല. ‘നമ്മുടെ കുട്ടികള്‍ നഷ്ടമായി, നമ്മളിപ്പോള്‍ നമ്മുടെ പേരമക്കള്‍ക്കായി വീണ്ടും രക്ഷിതാക്കള്‍ ആയിരിക്കുന്നു. അത് ബുള്ളറ്റ് ആവാം, രക്ത സമ്മര്‍ദമാവാം. എന്നാല്‍ മിക്കപ്പോഴും അത് വൈറസ് ആണ്’. മൊഗാദിഷുവില്‍ നിന്നുള്ള ആമിന തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിവതും രഹസ്യമാക്കി വയ്ക്കുന്നു. അമേരിക്കക്കാര്‍ തങ്ങളെ സഹായിക്കാതിരുന്നതിനു കാരണം സോമാലിയയാണെന്നു റുവാണ്ടയിലുള്ളവര്‍ വിശ്വസിക്കുമ്പോള്‍, മൊഗാദിഷുവില്‍ കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ പേരില്‍ അമേരിക്കക്കാര്‍ സൊമാലികളെ കുറ്റപ്പെടുത്തുന്നു. സൊമാലികളും അമേരിക്കന്‍ സൈനികരും തമ്മിലുള്ള മരണത്തിന്റെ അനുപാതം ആയിരത്തിനു പതിനെട്ട് എന്നതായിരുന്നു എന്നതൊന്നും പ്രസക്തമല്ലെന്നു നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഐക്യവും സമന്വയവും
സമന്വയത്തെ കുറിച്ചുള്ള പുത്തന്‍ ഔദ്യോഗികഭരണകൂട നിലപാടുകള്‍ സമൂഹത്തിലും ഉണ്ടാക്കിത്തുടങ്ങുന്ന ശുഭോദര്‍ക്കമായ മാറ്റത്തിന്റെ മികച്ച മാതൃകയാണ് വംശഹത്യാ കോടതിയില്‍ വിചാരണ നേരിട്ട് ജയിലില്‍ കഴിയുന്ന അമ്മയുടെ മകളായ ലൊക്കേഡിയെ കലാപത്തിനിരയായി കുടുംബം മുഴുവന്‍ കശാപ്പു ചെയ്യപ്പെട്ട മോഡസ്റ്റെ വിവാഹം ചെയ്യുന്നത്. വേദനിപ്പിക്കുന്നതെങ്കിലും വസ്തുതകളെ അംഗീകരിച്ചു തുടങ്ങുമ്പോള്‍ സമന്വയം സാദ്ധ്യമാവും എന്നത് നോവലിസ്റ്റിന്റെ അടിസ്ഥാനനിലപാട് തന്നെയാണ്. തങ്ങളുടെ മകള്‍ വിനാസ് ആത്മഹത്യ ചെയ്തത് എച്ച്. ഐ. വി. ബാധിതയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് എന്നത് ആദ്യം ഏഞ്ചലിനെയും പയസിനെയും തളര്‍ത്തിക്കളയുന്നുണ്ട്. എന്നാല്‍ പിന്നീട് അവര്‍ അത് ഒരു സാമൂഹിക യാഥാര്‍ത്ഥ്യം കൂടിയായി അംഗീകരിക്കുകയും പേരമക്കളുടെ ജീവിതത്തിലേക്ക് അവര്‍ക്കാവശ്യമുള്ള മമ്മയും പപ്പയും തന്നെയായി മാറുകയും ചെയ്യുന്നു. നാട്ടുനടപ്പ് രീതിയില്‍, ഏറ്റവും മുതിര്‍ന്ന കുട്ടിയുടെ പേരിനോട് ചേര്‍ത്ത് ‘മമ്മ ഗ്രേസ്’, ‘പപ്പ ഗ്രേസ്’ എന്ന് അവര്‍ വിളിക്കപ്പെടുന്നു. തന്നെയല്ല, മക്കളോട് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചുകൂടാ എന്ന ‘പഴയ തലമുറ മൂല്യം’ മുറുകെ പിടിച്ച് തന്റെ മക്കളുടെ കാര്യത്തില്‍ തോറ്റു പോയത് ഇനി ആവര്‍ത്തിക്കരുതെന്നും അത് മറികടന്ന് വളര്‍ന്നു വരുന്ന മക്കളെ ലൈംഗിക വിദ്യാഭ്യാസം നല്കി സജ്ജരാക്കണമെന്നും ഏഞ്ചല്‍ തീരുമാനിക്കുന്നുണ്ട്; അക്കാര്യത്തില്‍ സന്നദ്ധപ്രവര്‍ത്തക കൂടിയായ നേഴ്സ് ഒദീലെ അവരെ സഹായിക്കും. വാസ്തവത്തില്‍, ഇത്തരം തിരിച്ചറിവുകള്‍ കൂടിയാണ് ഏഞ്ചലിനെ നോവലിലെ ജീവിതോന്മുഖതയുടെ ഊര്‍ജ്ജകേന്ദ്രം ആക്കിമാറ്റുന്നത്. കേയ്ക്ക് വാങ്ങാന്‍ വേണ്ടി മാത്രമല്ല ആളുകള്‍ അവളെ സമീപിക്കുന്നത്. അഥവാ അങ്ങനെയാണെങ്കില്‍തന്നെ ഏഞ്ചലുമായുള്ള അവരുടെ വിനിമയം അതിനപ്പുറത്തേക്ക് പോവുകയും തകര്‍ച്ചകളില്‍ ഓരോരുത്തരും സ്വയം കണ്ടെത്തി കൂട്ടിത്തുന്നിയെടുക്കാന്‍ ശ്രമിക്കുന്ന സമൂഹത്തില്‍ അതിന്റെയെല്ലാം അത്താണിയായും ദിശാസൂചികയും വഴികാട്ടിയും കൈപിടിച്ച് നടത്തുന്നവളും ആയും അവള് മാറുകയും ചെയ്യുന്നു.
മോഡസ്റ്റെയും ലൊക്കേഡിയുമായുള്ള വിവാഹത്തിനു കേയ്ക്ക് തയ്യാറാക്കുകയും കലാപത്തില്‍ ഉറ്റവരെ നഷ്ടമായ ലൊക്കേഡിക്ക് അമ്മയായി ചടങ്ങില്‍ നില്‍ക്കുകയും നോവലിന്റെ പരിസമാപ്തിയായ വിവാഹാഘോഷത്തില്‍ സര്‍വാത്മനാ പങ്കാളിയാവുകയും ചെയ്യുമ്പോഴും അതിലൊരു ‘യിന് ആന്റ് യാങ് ‘ സാഹചര്യം ഏഞ്ചലിന് അനുഭവപ്പെടുന്നുണ്ട്. മോഡസ്റ്റെയുടെ കൂട്ടുകാരിയായിരുന്ന മറ്റൊരു യുവതി പ്രസവിച്ചത് പെണ്‍കുഞ്ഞായിരുന്നത് കൊണ്ട് അവളെ കയ്യൊഴിഞ്ഞു ലൊക്കേഡിയെ വിവാഹം ചെയ്യുകയായിരുന്നുവല്ലോ അയാള്‍. ധാര്‍മികമായി അങ്കലാപ്പുണ്ടാക്കുന്ന വേറെയും നിലപാടുകള്‍ സ്വീകരിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഏഞ്ചലിന് നേരിടേണ്ടി വരുന്നുണ്ട്. ഡോക്ടര്‍ റിജോയ്സിന്റെ കൂടി സഹായത്തോടെ ആമിനയുടെ കുഞ്ഞു മകള്‍ സഫിയയെ പെണ്ചേലാകര്മത്തിനു വിധേയയാക്കിയതായി അവളുടെ ബാബയുടെ മുന്നില്‍ അഭിനയിക്കുന്ന സന്ദര്‍ഭം അതിലൊന്നാണ്. എന്നാല്‍, നിലവിലുള്ള പരമ്പരാഗത പ്രാകൃതത്വത്തെ നിരുപദ്രവകരമായ ഒരു നുണ കൊണ്ട് നേരിടുന്നതില്‍ തെറ്റില്ലെന്ന് ഡോക്ടര്‍ റിജോയ്സ് അവളെ ബോദ്ധ്യപ്പെടുത്തുന്നു. ആര്‍ക്കറിയാം, ആ പെണ്‍കുട്ടി വളര്‍ന്നു വരുന്ന കാലമാവുമ്പോഴേക്കും അത്തരം കാര്യങ്ങളില്‍ മനുഷ്യത്വപൂര്‍ണമായി ചിന്തിക്കുന്ന തലമുറ കാര്യങ്ങള്‍ ഏറ്റെടുത്തേക്കും!
പാത്ര വൈവിധ്യത്തിന്റെ ലോകം
കഥകളും അനുഭവസ്ഥരും ഒരുമിച്ചു ചേരുന്ന ഏഞ്ചലിന്റെ കോമ്പൗണ്ട് ഒരര്‍ത്ഥത്തില്‍ കിഗാലി സമൂഹത്തിന്റെ അവിടെ അപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ലോകത്തെങ്ങുനിന്നും ഉള്ള ആളുകളുണ്ട് എന്നതുകൊണ്ട് ലോകത്തിന്റെ തന്നെ പരിഛേദം തന്നെയാണ്. അവിടെ എല്ലാമുണ്ട്: കുടുംബ ജീവിതം, പ്രണയം, അഗമ്യഗമനം, കുശുമ്പും കുന്നായ്മയും നേരമ്പോക്കുകളും, രോഗങ്ങളും ആസക്തികളും അസന്തുഷ്ടികളും, ചതിയും വഞ്ചനയും, എല്ലാറ്റിനുമുപരി ഇവയ്ക്കെല്ലാറ്റിനുമിടയില് ത്രസിക്കുന്ന ജീവിതാഭിവാഞ്ചയും. ‘കിഗാലിയില്‍ നിങ്ങള്‍ക്കൊരു രഹസ്യം സാദ്ധ്യമല്ല, ആന്റി. കണ്ണുകള്‍ക്ക് ഇവിടെ മറയില്ല’ എന്ന് ബോസ്കോ എന്ന കഥാപാത്രം പറയുന്നുണ്ട്. ഭര്‍ത്താവിനു ഇഷ്ടമാവാത്തത് കാരണം ഒഴിവുസമയത്ത് എന്തെങ്കിലും തൊഴില്‍ ചെയ്യാനുള്ള ആഗ്രഹം പോലും മൂടിവയ്ക്കുന്ന ജെന്ന, അവളുടെ കണ്ണുവെട്ടിച്ച് അഗമ്യഗമന സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന, അമേരിക്കന്‍ എയ്ഡ് വര്‍ക്കര്‍ എന്ന ലേബലിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ പരസ്യമായ രഹസ്യമായ അയാളുടെ ദൗത്യത്തെ സൂചിപ്പിച്ചു കൊണ്ട് ഇഎഅ എന്ന് വിളിക്കപ്പെടുന്ന ഭര്‍ത്താവ് റോബ്, റോബിനെ പോലെ ഏറെപേരെ മോഹിപ്പിക്കുന്ന അവ്യക്തധാര്മികതയുടെ ഉടമയും മദാലസയുമായ ലിന്‍ഡാ, കലാപകാലത്തെ മൃഗീയാനുഭവം കാരണം വന്ധ്യയായിപ്പോയ, ‘അതിരുകളില്ലാത്ത ഡോക്ടര്‍മാര്‍’ (ഉമഡളമറല ശധളദമഴള ആമറഢണറല) പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നേഴ്സ് ഒദീലെ, യജമാനന് സ്വല്പം ‘കാര്‍ഡമം’ വായ്പ വാങ്ങാനയയ്ക്കുമ്പോള് യുവതിയായ അയല്ക്കാരിയോടു യജമാനന് വേണ്ടി കുറച്ചു ‘കോണ്ടം’ വായ്പ ചോദിക്കുന്ന മുറി ഇംഗ്ലീഷ് വൈദഗ്ദ്ധ്യമുള്ള യൂജീനിയ, ‘വൈറസി’നെ പേടിച്ച് ആളുകള്‍ക്ക് കൈ കൊടുക്കാന്‍ ഭയപ്പെടുകയും ഇബോള ഭീഷണി റുവാണ്ടയില്‍ എത്തുന്ന പക്ഷം ഡല്‍ഹിയിലേക്കു തിരിച്ചു പോവാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന മിസ്സിസ് മുഖര്‍ജി തുടങ്ങിയ വൈവിധ്യവും വൈചിത്ര്യവുമുള്ള കഥാപാത്ര വിസ്തൃതിയുണ്ട് നോവലില്‍ ഏറെയും സ്ത്രീകഥാപാത്രങ്ങള്‍. ഒരു വേള, കൊള്ളാവുന്ന പുരുഷന്മാരെ പ്രായം പോലും കണക്കാക്കാതെ (ഷുഗര്‍ ഡാഡീസ്) വളക്കാന്‍ നടക്കുന്ന പെണ്‍കുട്ടികള്‍ യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും ഉണ്ട് എന്നത് ഏഞ്ചലിനെ അസ്വസ്ഥയാക്കുന്നുണ്ട് പയസിന്റെ കാര്യത്തില്‍ അങ്ങനെയൊരു സാദ്ധ്യത അസ്ഥാനത്താണെന്ന് അവള്‍ക്കറിയാമെങ്കിലും. ഇത്തരം കാരികേച്ചര്വത്കരണത്തിന്റെ മറ്റൊരു രൂപമാണ് മിസ്സിസ് വാന്‍യിക. അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ അസുഖകരങ്ങളായ വസ്തുതകളെ തമസ്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് തങ്ങളുടെ വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ കേയ്ക്കിനു വേണ്ടി ഏഞ്ചലിനെ സമീപിക്കുന്ന ടാന്‍സാനിയന്‍ അംബാസഡറുടെ ഭാര്യ മിസ്സിസ് വാന്‍യികാ ടാന്‍സാനിയയില്‍ വൈറസ് പ്രശ്നം ഇല്ല എന്ന് ശഠിക്കുന്നത്. അത് ഉഗാണ്ടയില്‍ ഉണ്ട്, കെനിയയില്‍ ഉണ്ട്, സാംബിയായിലും മലാവിയിലും മോസാംബിക്കിലും കോംഗോയിലും ബുറുണ്ടിയിലും റുവാണ്ടയിലും ഉണ്ട്. എന്നാല്‍ തൊട്ടയല്പക്കത്തുള്ള ടാന്‍സാനിയയില്‍ ഇല്ല. കാരണം? അതവരുടെ ഭര്‍ത്താവ് അംഗീകരിക്കില്ല. ഫെമിനിസ്റ്റ് ആവുക എന്നാല്‍ ലെസ്ബിയന്‍ ആവുക എന്നാണെന്ന് മനസ്സിലാക്കി വച്ചിട്ടുള്ള മിസ്സിസ് വാന്‍യികാ ഉന്നതങ്ങളിലെ വിവരക്കേടിന്റെയും പ്രതീകം തന്നെ. ആഫ്രിക്കയെ സംബന്ധിച്ച് രണ്ടു ആശയവും പുത്തനായതുകൊണ്ട് അത് സ്വാഭാവികമാണെന്ന് ഏഞ്ചല്‍ വിശദീകരിക്കുന്നു. എന്നാല്‍, പരിഹാസത്തിന്റെയും ഐറണിയുടെയും തലത്തിനപ്പുറം തമസ്കരണത്തിന്റെയും ചരിത്രത്തിന്റെ പാഠങ്ങള്‍ പഠിക്കുന്നതില്‍ മനുഷ്യകുലത്തിന് പൊതുവെയുള്ള വിമുഖതയുടെയും നേര്‍ക്കുള്ള കൂടുതല്‍ നിശിതമായ നിരീക്ഷണങ്ങള്‍ നോവലില്‍ സൂചിതമാവുന്നുണ്ട്. റുവാണ്ടന്‍ വംശഹത്യയെ നാസി ഹോളോകാസ്റ്റുമായി ബന്ധിപ്പിക്കുന്ന നിരീക്ഷണങ്ങള്‍ അതിലൊന്നാണ്. കൂട്ടക്കൊലയുടെ സ്മാരകത്തില്‍ ആവര്‍ത്തിച്ച് എഴുതിവച്ചതായിക്കാണുന്ന ‘ഇനിയൊരിക്കലും അരുത്’ (ണ്രവണറ ടഥടധഭ) എന്ന വാക്കുകള്‍ യൂറോപ്പിലെ കോണ്സെന്ട്രേഷന് ക്യാമ്പുകള്‍ അടച്ചു പൂട്ടിയപ്പോഴും ആവര്‍ത്തിച്ചവയായിരുന്നു എന്ന് ഏഞ്ചല്‍ ഓര്‍ക്കുന്നു.
സമര്‍പ്പണത്തിന്റെ സ്ത്രീസാക്ഷ്യങ്ങള്‍
ഘടനാപരമായോ ആഖ്യാന തന്ത്രങ്ങളിലോ അധികം പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാത്ത സാമാന്യേന സാമ്പ്രദായിക രീതിയിലുള്ള നോവലിന്റെ ഏറ്റവും ചൈതന്യവത്തായ ഘടകം അതിജീവിച്ച സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലാണ് കാണാനാവുക. ഈ പാത്രവൈചിത്ര്യത്തില് ഏറ്റവും ഹൃദ്യമായി അനുഭവപ്പെടുന്ന കഥാപാത്രങ്ങളാണ് ബാര്‍ ഉടമ ഫ്രാന്‍സ്വാ, ലൈംഗികത്തൊഴിലാളിയായ ജോണ്‍ ഡി ആര്‍ക്ക് എന്നിവര്‍ . കലാപകാലത്ത് ഏറെ അപകടകരമായ രീതിയില്‍ വീടിന്റെ സീലിങ്ങിനും റൂഫിനുമിടയില്‍ ഒളിപ്പിച്ച് തങ്ങള്‍ക്ക് ഒരു പരിചയവുമില്ലാത്ത ആളുകളെ ഉള്‍പ്പെടെ പലരെയും രക്ഷിക്കുകയും തങ്ങളുടെ ബാറില്‍ നിന്ന് സൗജന്യമായി മദ്യം നല്കി തെരച്ചില്‍ നടത്താന്‍ സാദ്ധ്യതയുള്ള സൈനികരെ പിന്മടക്കുകയും ചെയ്തുവന്ന ഫ്രാന്‍സ്വാ അവര്‍ ചെയ്തു വന്നതിന്റെ പൊരുള്‍ വിവരിക്കുന്നുണ്ട്:
”ഏഞ്ചല്‍, എന്താണ് നടന്നുകൊണ്ടിരുന്നത് എന്ന് നീ മനസ്സിലാക്കണം. ഓരോ ദിനവും റേഡിയോ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു ഈ ആളുകളെ കൊല്ലാന്‍; അവര്‍ പറഞ്ഞു ഈ ആളുകള്‍ ഇന്യെന്‍സി ആണ്, അഥവാ കൂറകള്‍, അവര്‍ മനുഷ്യരല്ല. പക്ഷേ ഞങ്ങള്‍ അവരെ കൊന്നിരുന്നെങ്കില്‍, ഞങ്ങള്‍ക്ക് സ്വയം മനുഷ്യരെന്നു തോന്നില്ലായിരുന്നു. കൈകളില്‍ സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും രക്തം പുരണ്ടുകൊണ്ട് ഞങ്ങള്‍ക്കെങ്ങനെ ജീവിക്കാന്‍ കഴിയുമായിരുന്നു? മനുഷ്യന് മനുഷ്യനെ തിരിച്ചറിയാനായി നോക്കും പോലെ ആളുകളുടെ കണ്ണുകളിലേക്കു നോക്കുകയും എന്നിട്ട് അവരെ കൊന്നുകളയുകയും ചെയ്യാന്‍ എങ്ങനെ കഴിയുമായിരുന്നു. ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ചെയ്തുകൊണ്ടിരുന്ന ആയിരങ്ങള്‍ ഉണ്ടായിരുന്നു, കൊല്ലുക അല്ലെങ്കില്‍ കൊല്ലപ്പെടുക എന്നതല്ലാതെ മാര്‍ഗമില്ലാതിരുന്ന ആയിരങ്ങള്‍ പക്ഷെ ഞങ്ങള്‍ക്ക് തോന്നി ഞങ്ങള്‍ക്ക് വേറൊരു മാര്‍’മുണ്ടെന്നു, കാരണം ഞങ്ങള്‍ക്ക് ഈ ബാര്‍ ഉണ്ടായിരുന്നു”.
ജോണ്‍ ഡി ആര്‍ക്ക് എന്ന പതിനേഴുകാരി ലൈംഗികത്തൊഴിലാളി യുവതി ഉള്ളിലൊരു നീറ്റലായി വായനക്കാരെ പിന്തുടരുക തന്നെ ചെയ്യും. കലാപത്തിനിടെ പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകവേ രണ്ടു കുഞ്ഞു സഹോദരിമാരോടൊപ്പം ആരോരുമില്ലാത്ത മറ്റൊരു ആണ്‍കുട്ടിയെ കൂടി തന്റെ ചിറകിനടിയില്‍ സംരക്ഷിച്ചവള്‍. തനിക്കു സംഭവിച്ചത് അനിയത്തിമാര്‍ക്കു സംഭവിക്കാതിരിക്കാനായി എരിഞ്ഞു തീരുന്നവള്‍. എപ്പോഴും പ്രസന്നവദനയായിരിക്കാന്‍ മറക്കാത്തവള്‍. ഏഞ്ചല്‍ തന്റെ ചിറകിനടിയിലേക്ക് ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്ന പലരില്‍ ഏറ്റവും അര്ഹതയുള്ളവള്. അവളെ പോലുള്ളവരിലാണ് ‘ഇനിയൊരിക്കലും അരുത്’ എന്ന മുന്‍കരുതല്‍ യാഥാര്‍ത്ഥ്യമാവുക എന്ന് നോവല്‍ ഉറ്റുനോക്കുന്നുണ്ട്.
കണ്ണീര് ലജ്ജാകരമല്ല
പുരുഷ കഥാപാത്രങ്ങള്‍ കേന്ദ്രസ്ഥാനീയരായി വരുന്ന ഖണ്ഡങ്ങള്‍ നോവലില്‍ താരതമ്യേന കുറവാണ്. എപ്പോഴും തോക്കുധാരിയായി സൈനിക വേഷത്തിലെത്തുന്ന, ഏഞ്ചലിന്റെ സൈനികനായ ആദ്യ ഉപഭോക്താവ് ക്യാപ്റ്റന്‍ കലിസ്റ്റെ ആണ് ഒരാള്‍. കലാപകാലത്ത് ഉറ്റവര്‍ മുഴുവന്‍ കൊല്ലപ്പെടുന്നതിനു സാക്ഷിയാവുകയും ബാല്യത്തിലേ തട്ടിയെടുക്കപ്പെട്ടു നിര്‍ബന്ധിത സൈനികനായിത്തീരുകയും ചെയ്യുന്ന ക്യാപ്റ്റന്‍ കലിസ്റ്റെ, നാടുവിടാനുള്ള മാര്ഗമായിഒരു വെള്ളക്കാരിയെ (ശടഹഴഭഥഴ) ഭാര്യയാക്കാന്‍ ശ്രമിക്കുന്നു. അയാള്‍ ‘നെഗറ്റീവ്’ ആണെന്ന് തെളിയിക്കുന്ന രണ്ടു വര്‍ഷം മുമ്പ് കിട്ടിയ ‘സര്‍ട്ടിഫിക്കറ്റ്’ ആണ് അയാളുടെ തുരുപ്പുശീട്ട്. ആദ്യം സോഫിയെയും ഏഞ്ചല്‍ മുന്നറിയിപ്പ് നല്‍കുന്നത് കാരണം അവള് വിസമ്മതിക്കുമ്പോള്‍ പുതുതായി വിവാഹമോചിതയായ ലിന്‍ഡായെയും അയാള്‍ നോട്ടമിടുന്നു. അയാളുടെ ഉദ്ദേശ്യത്തിലെ കാപട്യം തിരിച്ചറിഞ്ഞതുകൊണ്ട് അയാള്‍ക്ക് വേണ്ടി കേയ്ക്ക് ഉണ്ടാക്കാന്‍ ഏഞ്ചല്‍ വിസമ്മതിക്കുന്നത് ഒരു കാര്യം വ്യക്തമാക്കുന്നു: കേയ്ക്കു നിര്‍മാണം അവര്‍ക്ക് വെറുമൊരു തൊഴിലല്ല, തന്റെ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ കര്‍മം കൂടിയാണ്. എന്നാല്‍, കലിസ്റ്റെ തന്റെ മുറിവുകളെ കൊടിയ വഞ്ചനകള്‍ കൊണ്ട് മായ്ച്ചു കളയാന്‍ ശ്രമിക്കുമ്പോള്‍, ‘എട്ടു മില്യന്‍ മാത്രം ജനസംഖ്യയുള്ള ഒരു ചെറു രാജ്യത്തിന് താങ്ങാനാവാത്ത’ വലിയ ആംഗ്യ വിക്ഷേപങ്ങളോടെ സംസാരിക്കുന്ന ഡ്യൂഡോനെ കയിബാന്റ കലാപത്തില്‍ കാണാതായ മകനെയും കുടുംബത്തെയും ആര്‍ദ്രമായ വേദനയായി കൊണ്ടുനടക്കുന്നു. സംസാരത്തിനിടെ കരഞ്ഞു പോകുന്നതിനു മാപ്പ് ചോദിക്കുന്ന കയിബാന്റയെ ഏഞ്ചല്‍ ആശ്വസിപ്പിക്കുന്നുണ്ട്:
”ഒരു പുരുഷന് കണ്ണീര് തൂവുന്നതില്‍ ലജ്ജിക്കേണ്ടതായി ഒന്നുമില്ല. ആവശ്യമുള്ളപ്പോള്‍ അയാള്‍ കരയാതിരുന്നാല്‍ കരഞ്ഞു തീരാത്ത ആ കണ്ണീരൊക്കെ അയാളുടെ ഉടലില്‍ തിളച്ചു മറിഞ്ഞേക്കാം, ഒടുവിലത് വീരുംഗാ മലനിരകളിലെ അഗ്നിപര്‍വതങ്ങളില്‍ ഒന്നിനെപ്പോലെ പൊട്ടിത്തെറിച്ചേക്കാം”.
രചനയുടെ മിഴിവും നിഴലും
ഏറ്റവും തീക്ഷ്ണവും ദുരന്തപൂര്‍ണവുമായ ദേശീയ മാനങ്ങളുള്ള വംശഹത്യകള്‍ പോലുള്ള അനുഭവങ്ങള്‍ക്കിടയിലും സ്വപ്നങ്ങളും പ്രതീക്ഷകളും സാദ്ധ്യമാണ് എന്ന ജീവിതോന്മുഖതയാണ് ‘ബെയ്ക്കിംഗ് കേയ്ക്ക്സ് ഇന്‍ കിഗാലി’യെ സമാന പശ്ചാത്തലങ്ങളിലുള്ള കൃതികളില്‍ വ്യത്യസ്തമാക്കുന്നത്. ആഫ്രിക്കന്‍ നോവലുകളില്‍ സംഘര്‍ഷങ്ങളുടെയും കൂട്ടക്കുരുതികളുടെയും ആവിഷ്കാരങ്ങള്‍ പല രൂപങ്ങളില്‍ കടന്നു വരുന്നുണ്ട്. സാംബിയായില്‍ ജനിച്ച് സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും വിദ്യാഭ്യാസം ചെയ്ത ശേഷം റുവാണ്ട ഉള്‍പ്പടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും VSO (Voluntary Service Overseas) ആയി സേവനം ചെയ്തിട്ടുള്ള ഗെയ്ലി പാര്കിന് തന്റെ പ്രഥമ നോവലിന്റെ പ്രമേയം കണ്ടെത്തിയതും ഈ അനുഭവങ്ങളില്‍ നിന്നാണ്. HIV/AIDS ബോധവത്കരണം, സ്ത്രീ ശാക്തീകരണം, കലാപ ബാധിതരായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള കൗണ്‍സിലിംഗ് എന്നീ മേഖലകളിലൊക്കെ ഗെയ്ലി പാര്കിന് സേവനം ചെയ്തിട്ടുണ്ട്. ‘ബെയ്കിംഗ് കേയ്ക്സ് ഇന്‍ കിഗാലി’യിലെ പല കഥകളും തന് കണ്ടുമുട്ടിയ വ്യക്തികളില്‍ നിന്ന് ലഭിച്ചവയാണെന്ന് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സ്വതേ വെളുത്ത വര്‍ഗക്കാരിയായ നോവലിസ്റ്റിന് റുവാണ്ടന്‍ അനുഭവത്തെ സത്യസന്ധമായും പ്രസന്നതയുടെ പ്രതീക്ഷകള്‍ വറ്റിപ്പോവാത്ത രീതിയിലും അവതരിപ്പിക്കാനാവുന്നത്. ഇപ്പോഴും അതേ മേഖലകളില്‍ സജീവമാണ് ഗെയ്ലി പാര്കിന്.
നിശിത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട് നോവലിസ്റ്റിന്റെ പാത്രചിത്രീകരണം. ഇതിവൃത്തം ഏറെ ഉദ്ബോധനപരമാണെന്നും പ്രധാന കഥാപാത്രത്തിന്റെ സൃഷ്ടി കൃത്രിമത്വമുള്ളതാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ അത്ര അനായാസമായി ഏഞ്ചല്‍ പരിഹരിക്കുന്നതിലും കടുത്ത മുന്വിധികളുള്ളവരില് പോലും പെട്ടെന്ന് മനംമാറ്റം ഉണ്ടാക്കുന്നതിലും ഒരു മദര്‍ തെരേസാ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള വ്യഗ്രത ആരോപിക്കപ്പെട്ടിട്ടുണ്ട്. വംശഹത്യയുടെ യാഥാര്‍ത്ഥ്യവും എത്ര ഉദ്ദേശ്യശുദ്ധി അവകാശപ്പെട്ടാലും ഒറ്റയാള്‍പട്ടാളമായി ഒരാള്‍ നടത്തുന്ന ശ്രമങ്ങള്‍ ആ ഇരുള്‍ച്ചയെ പ്രസന്നമാക്കുന്നു എന്ന സങ്കല്‍പ്പവും ഒത്തുപോവില്ലെന്നും അത്രയേറെ ‘ആവലാതിക്കാരെ’ ഇത്ര കുറഞ്ഞ ഇടത്തിലേക്ക് എല്ലാം പരിഹരിക്കുന്ന ആളുടെ മുന്നിലേക്ക് എത്തിക്കുന്നത് സ്വാഭാവികതയില്ലാത്തതാണെന്നും വിമര്‍ശിക്കപ്പെടുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്ന ഇടങ്ങളെക്കാളേറെ എല്ലാ സഹനകാലങ്ങളുടെയും ബാക്കിപത്രങ്ങളില്‍ ഉണ്ടാവുക അപരിഹാര്യമായ നഷ്ടങ്ങളുടെയും വേദനകളുടെയും ഇടങ്ങളാവും എന്നതും സാമാന്യ സത്യംതന്നെ. അലക്സാണ്ടര്‍ മെക് കാള്‍ സ്മിത്തിന്റെ No.1 Ladies’ Detective Agency എന്ന കൃതിയുമായി സ്വാഭാവികമായും നോവല്‍ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആ താരതമ്യത്തില്‍ ഗെയ്ലി പാര്കിന് പരാജയപ്പെടുന്നു എന്ന് ഇത്തരം വിമര്‍ശകര്‍ കരുതുന്നു.
വൈശാഖന്റെ കഥകള്‍ എല്ലാം വായിച്ച് ഒരഭിപ്രായം പറയുക എന്നല്ല, മറിച്ച് അദ്ദേഹത്തിന്റെ എഴുത്തിലെ തെളിഞ്ഞുനില്ക്കുന്ന പ്രത്യേകതകള്‍, ചേരുവകള്‍ എന്തൊക്കെയാണെന്ന് മാത്രം പരിശോധിക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നതെന്ന് ആദ്യമേ പറയട്ടെ. അതുകൊണ്ടുതന്നെ, ഒരു വിലയിരുത്തലിനേക്കാള്‍, കഥകളെയും അവയില്‍ പൊതുവായി കാണുന്ന പ്രവണതകളെയും ചായ്വുകളെയും പരിചയപ്പെടുത്തുന്നതിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിട്ടുള്ളതും.
മാനസി
വൈശാഖന്റെ കഥകളില്‍ പലതിലും, അത് ഏതു കാലത്തെഴുതിയവയായാലും (1971 മുതല്‍ 2002 വരെ) കുടുംബബന്ധങ്ങളും ഗ്രാമാന്തരീക്ഷവും വളരെ പ്രമുഖമായ ഒരിടം കണ്ടെത്തുന്നത് നമുക്കു കാണാം. കണ്ടെത്തുക എന്നല്ല, കൈയടക്കുക എന്നുതന്നെയാണ് ഞാന്‍ പറയുക. കാരണം, ഞാന്‍ വായിച്ച 67-ലധികം കഥകളില്‍ പകുതിയിലധികം കഥകളിലും വൈശാഖന് പ്രതിപാദിക്കുന്നതും സൂക്ഷ്മതയോടെ പരിശോധിക്കുന്നതും, നമ്മെയൊക്കെ അത്യധികം ഗൃഹാതുരത്വത്തോടെയും അതീവ ആര്‍ദ്രതയോടെയും പിന്നിലേക്ക് നോക്കി സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ഗ്രാമാന്തരീക്ഷങ്ങളും അവയുടെ പശ്ചാത്തലത്തില്‍ ഒരു പൂ വിടരുംപോലെ സ്വാഭാവികമായും ലളിതമായും ഭംഗിയായും വിടരുന്ന കുടുംബ-മനുഷ്യ ബന്ധങ്ങളുടെ തീരാത്ത നിറക്കൂട്ടുകളുമാണ്. ‘തീരാത്ത നിറക്കൂട്ടുകള്‍’ എന്നുതന്നെ എനിക്ക് പറയേണ്ടിവരുന്നത്, വൈശാഖന് വ്യത്യസ്തവും വൈവിധ്യവുമുള്ളതായ നിരവധി കുടുംബബന്ധങ്ങളിലേക്ക് നോക്കുന്ന വീക്ഷണകോണുകളുടെ എണ്ണമറ്റ ചേരുവകള്‍ മനസ്സില്‍ വരുന്നതുകൊണ്ടാണ്. മനുഷ്യബന്ധങ്ങളിലെ അതിസൂക്ഷ്മമായ പരശ്ശതം ഇഴകള്‍ ഇവിടെയൊക്കെ വിടര്‍ത്തിയെടുത്ത് നിരത്തി നിറമുള്ള നൂല്ക്കഷണങ്ങളെ എന്നപോലെ വൈശാഖന് നമ്മുടെ മുന്നില്‍ വയ്ക്കുന്നുണ്ട്. കേരളത്തിലെ മധ്യവര്‍ഗ കുടുംബങ്ങളില്‍ ഊടും പാവുമെന്ന പോലെ ഇഴയടുപ്പത്തോടെ കിടക്കുന്ന മനുഷ്യബന്ധങ്ങളുടെ നൂലുകള്‍ വേര്പെടുത്തിവരുമ്പോള് ആ ഇഴകളോരോന്നും എത്രമാത്രം കൃത്യമായും മുഴച്ചുനില്ക്കാതെയുമാണ് ആ കഥകളില്‍ ഇണങ്ങിനില്ക്കുന്നതെന്ന്, എങ്ങനെ അവ ഭംഗിയേറിയ, നമുക്ക് തൊട്ടുനോക്കാന്‍ തോന്നുന്ന ഒരു പരവതാനി തീര്‍ക്കുന്നു എന്ന് നാം അറിയാതെ അത്ഭുതത്തോടെ നോക്കിനിന്നുപോകുന്നു. ഈ നോക്കിനില്ക്കലിലേക്ക് നമ്മെ കൊണ്ടെത്തിക്കാനാണ്, കാവ്യാത്മകമായും ലളിതമായും എഴുതപ്പെട്ട വൈശാഖന് കഥകള്‍ ആത്മാര്‍ത്ഥമായും ശ്രമിക്കുന്നത്. അവ വിജയിച്ചു എന്നാണ് എന്റെ പക്ഷം.
വൈശാഖന്കഥകളെ ഒറ്റവാചകത്തിലേക്ക് ചുരുക്കേണ്ടിവന്നാല്‍, ആ കഥകള്‍ എല്ലാം ഏറെക്കുറെ സൗമ്യമായി, ഒഴുകുന്ന ആഴമുള്ള ഒരു പുഴയെ, അലകളുയര്‍ത്തി ഒച്ചയുണ്ടാക്കാതെ അര്‍ത്ഥഗര്‍ഭമായ ഒരു ചിരിയുമായി ഒഴുകുന്ന ഒരു പുഴയെ ഓര്‍മിപ്പിക്കുന്നു എന്നാണ് ഞാന്‍ പറയുക. ഒഴുക്കുകളും മനസ്സിനെ തട്ടിയും മുട്ടിയും അലോസരപ്പെടുത്തുന്ന അലകളും അവ തീര്‍ക്കുന്ന ആഴത്തിലേക്കിറങ്ങുന്ന ചുഴികളും ആ ശാന്തതയ്ക്കു താഴെ ഉരുത്തിരിയുന്നതും നമുക്കൊപ്പം കാണാം. മനസ്സുകളിലേക്ക് വൈശാഖന് എത്തിനോക്കുന്നത് അങ്ങനെയാണ്. എത്തിനോക്കുക എന്നല്ല പറയേണ്ടത് എന്നെനിക്കു തോന്നുന്നു. പലപ്പോഴും നോട്ടത്തില്‍ നിന്നു രക്ഷപ്പെടാനനുവദിക്കാത്തവിധം തറച്ചുനോക്കുകതന്നെയാണ് വൈശാഖന് ചെയ്യുന്നത്. ആ നോട്ടങ്ങളാവട്ടെ പരാതിപ്പെടലുകളേക്കാള് പൊരുത്തപ്പെടലുകള്‍ക്കുള്ള ഇടമാണ് തിരയുന്നതുതാനും. വൈശാഖന്കഥകളുടെ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട ഒരു സമീപനമായിട്ടാണ് എനിക്കിത് അനുഭവപ്പെട്ടത് എന്നുകൂടി പറയട്ടെ.
ആ പൊരുത്തപ്പെടലുകളില്‍ വൈരാഗ്യമോ വിദ്വേഷമോ കലരുന്നില്ല. എന്നാല്‍ നിലനില്‍ക്കുന്ന ബന്ധങ്ങളെ അപ്പാടെ തകര്ത്തുകളയാത്ത, അതിപ്രധാനമായ പൊളിച്ചെഴുത്തുകള്‍ അവയിലുണ്ട്. അതായത് അപ്പടി അതേപോലെ വിഴുങ്ങുകയല്ല, വെള്ളം കലക്കരുതെന്നു കരുതിയുള്ള ബോധപൂര്‍വമായ ചെറിയ ചെറിയ നിര്‍ബന്ധങ്ങള്‍, തിരുത്തേണ്ടതെന്നു തോന്നുന്ന ബന്ധങ്ങളിലേക്ക് തിരുകിവയ്ക്കുകയാണ് വൈശാഖന് ചെയ്യുന്നത്. നിവൃത്തിയുണ്ടെങ്കില്‍ വൈശാഖന് സ്നേഹിക്കാനാണിഷ്ടം. മാനവികതയും ജീവസ്നേഹവും വൈശാഖന്റെ കഥകളുടെ അടിയൊഴുക്കാവുന്നത് ഇതുകൊണ്ടുകൂടിയായിരിക്കണം. ഒരു തിരഞ്ഞെടുപ്പ് വേണ്ടിവരികയാണെങ്കില്‍, ഒച്ചവയ്ക്കലിനേക്കാള് സൗമ്യതയെയാണ് വൈശാഖന് തിരഞ്ഞെടുക്കുക. ഈ മനോഭാവത്തില്‍ നിന്നുതന്നെയാണ് സ്ര്തീ-പുരുഷബന്ധങ്ങളിലെ ഇഴചേര്ക്കലുകളെയും ഇഴപിരിയലുകളെയും വൈശാഖന് ഉരുത്തിരിച്ചെടുക്കുന്നത്. അവയുടെ എല്ലു തൊടുന്ന സ്വാഭാവികത നമ്മെ അമ്പരപ്പിച്ചെന്നിരിക്കും. നാം നമ്മുടെ മനസ്സുകളിലേക്ക് അറിയാതെ നോക്കാന്‍ തുടങ്ങും.
വൈശാഖന്റെ കഥാപാത്രങ്ങള്‍, ബന്ധങ്ങള്‍ക്കുണ്ടാകുന്ന സ്വാഭാവികവും അനിവാര്യവുമായ പരിണാമങ്ങളെ പലപ്പോഴും നസ്സിനെ കയ്പ് മാറ്റിവച്ച് അതേപടി സ്വീകരിക്കുകയാണ് ചെയ്യുന്നത് (ഉദാ: ഗോദാവരി). കഥകളിലെ ഗ്രാമാന്തരീക്ഷം എന്ന് മുന്‍പ് ഞാന്‍ സൂചിപ്പിച്ചത് അതിന്റെ ഭൗതികമായ തലത്തിലല്ല എന്നു വ്യക്തമാക്കട്ടെ. ഇവിടെയൊക്കെ, ആര്ത്തികളോ മാനസിക വിദ്രോഹങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാത്ത ഗ്രാമീണ മനോഭാവമാണ് കഥാകൃത്തിനെ വല്ലാതെ മോഹിപ്പിക്കുന്നത്. അമ്മയുടെ ചൂടേറ്റു കിടക്കാന്‍ കുട്ടിക്കാലത്ത് തോന്നുന്നപോലെയാണ് വൈശാഖന് ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവ്. നാട് എന്നല്ല ഗ്രാമം എന്നാണ് ഞാന്‍ പറഞ്ഞതെന്ന് ശ്രദ്ധിക്കുക. എത്ര അകലെയായാലും ഗ്രാമങ്ങളിലേക്ക്, അവിടത്തെ തെളിനീരു പോലുള്ള ബന്ധങ്ങള്‍ നല്കുന്ന സാന്ത്വനങ്ങളിലേക്ക് മടങ്ങിവരിക എന്നതാണ് ഈ പശ്ചാത്തലത്തില്‍ വൈശാഖന് രൂപപ്പെടുത്തുന്ന മിക്ക കഥാപാത്രങ്ങളുടെയും സ്വപ്നം.
പൊതുവെ നല്ല മനസ്സുള്ളവരാണ് വൈശാഖന്റെ കഥാപാത്രങ്ങള്‍. മറ്റുള്ളവരെ ദ്രോഹിക്കുക അവരുടെ അവതാരോദ്ദേശ്യമല്ല. മനുഷ്യസ്വഭാവത്തിന്റെ സഹജമായ ചോദനകളും ധര്‍മസങ്കടങ്ങളും കൊണ്ട് ഉരുത്തിരിയുന്ന കുറ്റങ്ങളും കുറ്റബോധങ്ങളും മാത്രമേ അവിടെയുള്ളൂ. ലോകം ഇങ്ങനെയായാല്‍ പോരെന്നും ആകരുതെന്നും ശാഠ്യം പിടിക്കുമ്പോഴും അവയെ നേരിടാന്‍ സൗമ്യമായ വഴികളാണ് വൈശാഖന് തിരയുന്നത്. ആ തിരച്ചിലുകളില്‍ ഉള്ളത് സ്നേഹവും ശുഭപ്രതീക്ഷയും പ്രതിപക്ഷബഹുമാനവുമാണ്.
അതുകൊണ്ടുതന്നെയാകണം, വൈശാഖന്റെ സ്ര്തീകഥാപാത്ര രചനകളില്‍ ശരീരം ഒരു ഘടകമേ ആവാത്തത്. സ്ര്തീയെ ഒരുപഭോഗവസ്തുവായി മാത്രം കാണുന്ന ആണ്‍നോട്ടങ്ങള്‍ ഈ കഥകളില്‍ ഇല്ലെന്നുതന്നെ പറയാം. ഒരു വ്യവസ്ഥിതിയുടെ ഇരകളായി പ്രത്യക്ഷപ്പെടുന്നവരാണ് ഇവിടെ ആണും പെണ്ണുമൊക്കെ. ആ അവസ്ഥകളെ ഒച്ചപ്പാടോടെ പ്രതിരോധിക്കുന്ന കഥാപാത്രങ്ങള്‍ ഏതവസ്ഥയിലുള്ളവരായാലും വ്യവസ്ഥിതിയോടേറ്റുമുട്ടുന്നവരോ കലമ്പല്‍ കൂട്ടുന്നവരോ അല്ല. (അങ്ങനെ വേണമോ എന്ന ചോദ്യം ഈ ചര്‍ച്ചയ്ക്ക് പുറത്തായതിനാല്‍ ഞാനതിലേക്ക് കടക്കുന്നില്ല). അതിന്റെ ഭാഗമായിട്ടുതന്നെയാവണം വൈശാഖന്റെ കഥകളിലെ ആണ്‍നോട്ടങ്ങള്‍ അക്കാലത്തെ പല സാഹിത്യ കൃതികളിലെയും ആണ്‍നോട്ടങ്ങളില്‍ നിന്നു വ്യത്യസ്തമാകുന്നത്. ശാരീരിക വര്‍ണനകള്‍ ഒഴിവാക്കി മനസ്സിന്റെ കരടുകളെയാണ് വൈശാഖന് പ്രമേയങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നത് എന്നത് ഏററ്റവും പ്രധാനപ്പെട്ട ഒരു വ്യത്യസ്തതയായി എനിക്ക് തോന്നി എന്നു പറയാതെവയ്യ.
ഗ്രാമത്തിന്റെയും കുടുംബബന്ധങ്ങളുടെയും തോടു പൊട്ടിച്ച് കഥകളുടെ രാഷ്ട്രീയമാനങ്ങളിലേക്ക് വൈശാഖന് നടന്നടുക്കുന്നത് ‘സ്വര്‍ഗവാതില്‍’, ‘ഡോക്ടര്‍ ഉള്ളിലുണ്ട്’, ‘ഉപഗ്രഹങ്ങള്‍’, ‘ജാഗ്രത’, ‘നിതാന്ത ജാഗ്രത’ തുടങ്ങിയ കഥകളിലൂടെയാണ്. ഒരുതരം നിരാസത്തോടെയാണ് സാമൂഹികവും രാഷ്ട്രീയവുമായ സമസ്യകളെ വൈശാഖന് സമീപിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെ, കാപട്യങ്ങളെ, ക്രൂരതകളെ ധ്വന്യാത്മകമായി സൂചിപ്പിക്കുന്നതല്ലാതെ, അതിലേക്ക് പ്രമേയപരമായിപോലും വൈശാഖന് വഴുതിവീഴുന്നില്ല. ഇസങ്ങളുടെ ഉപരിപ്ലവപ്രകടനങ്ങളെ ഒരു നേരിയ പുച്ഛച്ചിരിയോടെയാണ് അദ്ദേഹം നോക്കിക്കാണുന്നതും.
വൈശാഖന്റെ ഇക്കഥകളിലെ കഥാപാത്രങ്ങള്‍ അവനവനാല്‍ കഴിയുംവിധം അധികാരപ്രമത്തതയോട് കലഹിക്കുമ്പോഴും അവര്‍ അവനവന്റെ വ്യക്തിഗത പരിപ്രേക്ഷ്യങ്ങളില്‍ നിന്നുകൊണ്ടു മാത്രമാണ് അവ ചെയ്യുന്നത്. ഒരു വലിയ തത്വസംഹിതയുടെ ഉദ്ഘോഷണമോ പ്രത്യയശാസ്ര്ത കൊടിപിടിക്കലുകളോ ഉച്ചത്തിലുള്ള കക്ഷിരാഷ്ട്രീയ അലറലുകളോ വൈശാഖന്റെ കഥകളില്‍ നിങ്ങള്‍ക്കു കാണാനായെന്നുവരില്ല. മറിച്ച് സാധാരണക്കാരുടെ സാധാരണ വാചകങ്ങള്‍ കൊണ്ടാണ് വൈശാഖന് ഇവയിലെ കപടമുഖങ്ങളെ നേരിടുന്നത്.
(1) ”പണം ചെലവാക്കുന്ന രീതി കണ്ടാലറിയാം അതെവിടുന്നു വന്നതാണെന്ന്”
(2) ”ഇന്ത്യന്‍ സോഷ്യലിസം പോലെ മിഥുനവെയിലില്‍ മഴ ചാറുന്ന മൂകാംബിക നഗരം”
(3) ”അബോധത്തില്‍നിന്നും തങ്ങളുടെ സാംസ്കാരിക പാരമ്പര്യം തികട്ടി അയവിറക്കുന്ന ആടുകള്‍”
(4) ”ചോദ്യങ്ങള്‍ ആര്‍ക്കും ഇഷ്ടപ്പെടാത്ത കാലം”
എന്നിവയൊക്കെ ഇവയുടെ നേരെ തൊടുത്തുവിടുന്ന ബുദ്ധിപരമായ കൂരമ്പുകളാണ്. സാമൂഹ്യമായ അനീതികളുടെ വിത്തുകള്‍ വിതയ്ക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധം ഇദ്ദേഹത്തിന്റെ രാഷ്ട്രീയകഥകളുടെ ശക്തമായ അടിയൊഴുക്കാകുന്നത് ഇങ്ങനെയാണ്. തത്വങ്ങളെ വില പേശുന്ന മനുഷ്യദൗര്‍ബല്യങ്ങള്‍, കുഞ്ഞാടുകളെ മയക്കിനിര്ത്തി അവനവനു വേണ്ടി ഉപയോഗിക്കുന്ന നേതൃത്വങ്ങളുടെ വ്യക്തിത്വത്തിലെ ചുളിവുകളും മടക്കുകളും, അന്ധവിശ്വാസചൂഷണം, ഭരണസംവിധാനങ്ങളുടെ മരവിപ്പിക്കുന്ന നിസ്സംഗത, ദാരിദ്ര്യത്തിന്റെ ധര്‍മസങ്കടങ്ങള്‍ എന്നിവയൊക്കെ വൈശാഖന് കഥകളിലെ ശക്തമായ പ്രമേയങ്ങളാണ്. അവയും പക്ഷേ നമ്മെ സ്പര്‍ശിക്കുന്നത് സൗമ്യമായ, ”നിങ്ങള്‍ക്ക് വേണമെങ്കില്‍ ചിന്തിക്കാ”മെന്നു പറയുന്ന നിശ്വാസങ്ങളായിട്ടാണ്. കക്ഷിരാഷ്ട്രീയങ്ങളെ പരിഹാരങ്ങളായി ഏഴയലത്തുപോലും വരാന്‍ വൈശാഖന് സമ്മതിക്കുന്നേയില്ല.
തന്മയത്വമാര്‍ന്ന വായനാസുഖം നല്കുന്ന അദ്ദേഹത്തിന്റെ ഭാഷ, പദങ്ങളുടെ സാധാരണമല്ലാത്ത പ്രയോഗചാതുരികൊണ്ട് വാഗ് അര്‍ത്ഥങ്ങള്‍ക്ക് വ്യത്യസ്ത മാനങ്ങള്‍ നല്കുന്നു എന്നത് ഈ കഥകളുടെ വായനയില്‍ ഞാന്‍ നുണഞ്ഞാസ്വദിച്ച ഒരു കാര്യമാണ്.
(1) ഭൂതകാലം ജപിച്ചുവിട്ട ആഭിചാരമന്ത്രം പോലെ (2) പെണ്‍കുട്ടി ചിതറുന്നു (3) വെളിച്ചം നടന്നുപോയ വഴി (4) പരിഗണനയുടെ ചിറകിനടിയില്‍ ഞാന്‍ ചൂടുപറ്റിയിരുന്നു (5) നറുക്കെടുക്കലുകളില് ഉള്‍പ്പെടുത്താത്ത ടിക്കറ്റുകള്‍ പോലെയുള്ള ജീവിതങ്ങള്‍ എന്നൊക്കെ അദ്ദേഹം പറയുന്നത് വെറും ഭാഷാഭംഗിക്കു വേണ്ടിയല്ല. മറിച്ച് അവ വായനക്കാരിലുണ്ടാക്കേണ്ടതായ അനുരണനങ്ങള്ക്കുവേണ്ടിയാണ്.
സൗമ്യവും ലളിതവുമായ, ആലഭാരങ്ങളില്ലാത്ത വിവരണം എന്നു ഞാന്‍ പറയുമ്പോള്‍ അതിനാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. വാക്കുകളുടെ പിന്നാലെ അതിന്റെ ബാഹ്യാര്‍ത്ഥം വിട്ട് അന്വേഷണവുമായി പോകേണ്ടിവരുന്ന വായനക്കാരന് അതുകൊണ്ടുതന്നെ വായനയില്‍ സജീവപങ്കാളിയാകേണ്ടതുണ്ട്.
‘എല്ലാം’, ‘താഴ്വര’, ‘ധാര്‍മികപിന്തുണ’ തുടങ്ങിയ നുറുങ്ങുകഥകള്ക്ക് വൈശാഖന്റെ വ്യത്യസ്തവും ധ്വന്യാത്മകവും ഏറ്റവും ശക്തവുമായ കഥകളായിട്ടാണ് ഞാന്‍ കാണുന്നത്. രാഷ്ട്രീയചിന്തകളുടെ ഘനം പേറുന്ന, ഉരുകി ഉരുണ്ടുകൂടിയ ചെറിയ തുള്ളികളെ പോലെയുള്ള ഈ കഥകള്‍ സംസാരിക്കുന്നത് ഇന്നത്തെ നമ്മുടെ വ്യവസ്ഥിതിയെക്കുറിച്ചുള്ള അദ്ധ്യായങ്ങളാണ്. എല്ലാം വാങ്ങാമെന്നും എല്ലാം പ്രാപ്യമാക്കാമെന്നുമുള്ള തികച്ചും അപക്വമായ ചിന്തയെ ഒരക്ഷരംപോലും കൂടുതല്‍ പറയാതെയാണ് വൈശാഖന് വരികള്‍ക്കിടയിലേക്ക് നിര്‍ത്തി ചോദ്യം ചെയ്യുന്നത്. ഗ്രാമാന്തരീക്ഷകഥകളും കുടുംബബന്ധങ്ങളുടെ കഥകളും അദ്ദേഹത്തിന്റെ രാഷ്ട്രീയകഥകളും ഘടനാപരമായിത്തന്നെ വ്യത്യസ്തമാണ്. ‘കരയില്‍ നീന്തുന്ന ഒരാള്‍’ എന്ന കഥയിലെ രൂപഘടനയും ‘ഈശ്വരന് അമ്പലത്തില്‍ നിന്നു പുറത്തുവരുന്നു’ എന്ന കഥയുടെ രൂപഘടനയും അവയുടെ ആശയങ്ങള്‍ നല്കുന്ന സ്വാഭാവിക രൂപപരിണാമങ്ങളാണ്. പ്രമേയങ്ങള്‍ കഥകളുടെ രൂപഭാവങ്ങളെ ക്രിയാത്മകമായി രൂപപ്പെടുത്തുന്നു എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ‘എല്ലാം’ എന്ന ഗുളികരൂപത്തിലുള്ള കഥ ഒരു മുഴുവന്‍ സംസ്കാരത്തിന്റെയും ഉള്ളിലൂറുന്ന സത്തയാണ്. കുറിക്കു കൊള്ളുംവിധം അതിങ്ങനെയല്ലാതെ ഇത്ര ചെറുതാക്കി എഴുതാന്‍ കഴിയുമോ എന്ന ചിന്ത അത് വായിച്ചപ്പോള്‍ പലതവണ എന്റെ മനസ്സില്‍ പൊന്തിവന്നു. അവതരണവും രൂപഘടനയും പ്രമേയവും സര്‍ഗാത്മകമായി സ്വാഭാവികമായി ഉരുത്തിരിയുന്ന ഒരു ചേരുവയാണ്, ആകണം ഒരു കഥ എന്നാണ് എന്റെ പക്ഷം. അടിത്തട്ടിലെ ചുഴികളെ ഒളിപ്പിച്ചൊഴുകുന്ന സൗമ്യമായ ഒരൊഴുക്കായി വൈശാഖന്കഥകള് തീരുന്നത് അതുകൊണ്ടാണ്. കാലികപ്രശ്നങ്ങളോടുള്ള കാലികപ്രതികരണങ്ങളാവാതിരിക്കുന്നു അവ എന്നത് കഥകള്‍ക്ക് മാറ്റു കൂട്ടാനേ ഉപകരിക്കൂ.