ഇനി മടങ്ങുകയാണു ഞാന്‍, ജീവിതം
ഇതളുകളൂര്‍ന്ന പൂവുപോല്‍ ശിഥിലമായ്
കുടിലതന്ത്രങ്ങള്‍ വലനെയ്തുവീഴ്ത്തിയീ-
പ്പെരുവഴിയില്‍ ചിതറിയെന്‍ മാനസം
മൃദുലമാനസം വാവിട്ടുനിലവിളി-
ച്ചലറിയെണ്ണുന്നുപൊയ്പ്പോയമാത്രകള്‍
ഹൃദയഭിത്തി തകര്‍ക്കുവാന്‍ വെമ്പുന്ന
മരണമെത്തുവാന്‍ കാത്തിരിക്കുന്നു ഞാന്‍!
ഒരു നിഴല്‍ച്ചിത്രം കാത്തിരിപ്പിന്റെയാ
വിരസമായിടും വെയില്പ്പൂക്കളെണ്ണുന്നു
ജനലഴികള്‍ കടന്നുചെന്നെത്തുന്നു ഒരു
കനല്ക്കാറ്റിന് നോട്ടങ്ങള്‍, വാക്കുകള്‍!
ഇരുളിലുയരുന്നിതാ ശാപവാക്കുകള്‍
കുറുകല്‍ വീണൊരു തൊണ്ടയിലസ്ത്രങ്ങള്
പുളയും വേദന,യര്ബുദമല്ലയോ
തളരുമീണത്തില് യാത്രാമൊഴിയിതാ!