”മനുഷ്യന്റെ നിലനില്പ് വിവരിക്കുവാനും തുറന്നുകാണുവാനും
അപഗ്രഥിക്കുവാനും കഴിയുന്ന ഒരേയൊരു വഴി നോവലാണ്. ഒരു
വ്യവസ്ഥയ്ക്കകത്തും മനുഷ്യജീവിതം തിരുകിവയ്ക്കാനാകില്ല എന്ന
സങ്കല്പത്തിൽനിന്ന് നോവൽ തുടങ്ങുന്നു”
– മിലൻ കുന്ദേര
മനുഷ്യനെക്കുറിച്ച് ഒറ്റവാചകത്തിലുള്ള ഉഗ്രൻ നിർവചനത്തോടെ
ആരംഭിക്കുന്ന നോവലാണ് സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന്
ഒരു ആമുഖം’. ”പൂർണവളർച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു
ജീവിയാണ് മനുഷ്യൻ” എന്ന ഈ നിർവചനം തികഞ്ഞ
ഗൗരവത്തോടെ എഴുതപ്പെട്ട ഈ നോവലിന്റെ വായനാനിമിഷ
ങ്ങളിൽ ഒരു ചൂണ്ടപോലെ നമ്മെ കൊളുത്തിവലിച്ചുകൊണ്ടിരി
ക്കും. നോവൽ നിർവചനത്തിന്റെ കലാരൂപമാണ്. മനുഷ്യനെയും
അവൻ വ്യാപരിക്കുന്ന കാലദേശത്തെയും അവൻ ഇടപഴകുന്ന
ചരാചരങ്ങളെയും അവന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും
അവന്റെ വസ്തുനിഷ്ഠവും അതീന്ദ്രിയവുമായ അനുഭവങ്ങളെയും
കാമനകളെയും സ്വപ്നങ്ങളെയും സങ്കല്പത്തിന്റെ വർണരഥങ്ങ
ളെയും എല്ലാം എല്ലാം ഈ നിർവചനങ്ങളുടെ സീമകളിൽ പെടു
ത്താം. ഈ നിർവചനവ്യാപ്തിയാണ് നോവലിനെ ബൃഹത് ആഖ്യാനമാക്കി
മാറ്റുന്നത്. അപൂർണതയിൽ ഒടുങ്ങിപ്പോവുന്ന വെറുമൊരു
ജീവിയാണ് മനുഷ്യനെന്ന നിർവചനത്തിലൂടെ നോവലെന്ന
കലയുടെ ഗംഭീരമായ രംഗവേദിയിൽ മൗലികമായ സംഭാവനകൾ
സമർപ്പിക്കുകയാണ് ഈ മലയാള നോവൽ. ഞാൻ പുറപ്പെട്ടവനും
എത്തിച്ചേരാത്തവനുമാണെന്ന് എഴുതിയ യഹൂദ കവി
എഡ്മണ്ട് ജാബസ് മനുഷ്യന്റെ അപൂർണതയ്ക്ക് നൽകിയ കാവ്യാഖ്യാനത്തിന്
മലയാളഗദ്യം നൽകുന്ന പിന്തുണയാണ് ‘മനുഷ്യന്
ഒരു ആമുഖം’ എന്ന നോവൽ.
ആധുനികാനന്തര എഴുത്തുകാരുടെ പ്രധാന പരിമിതി നോവലെന്ന
വിശാലമായ തട്ടകത്തിലേക്ക് പ്രവേശിക്കുവാനുള്ള ശേഷി
യില്ലായ്മയാണെന്ന വിമർശനത്തെ ധീരോദാത്തമായി അതിജീ
വിക്കാൻ കഴിയാതെ സി.വി. ബാലകൃഷ്ണനും അക്ബറും
ജയിംസും രാമകൃഷ്ണനും അംബികാസുതനും നിൽക്കുകയും
സേതുവും മുകുന്ദനും ആനന്ദും സാറാജോസഫും തുടർച്ചയായി
നോവലുകൾ എഴുതിക്കൊണ്ട് തങ്ങളുടെ സർഗാത്മക മേധാവിത്വം
വിളംബരപ്പെടുത്തുകയും ചെയ്യുന്ന പശ്ചാത്തലത്തി
ലാണ് സുഭാഷ് ചന്ദ്രൻ മനുഷ്യന് ഒരു ആമുഖമെന്ന തന്റെ പ്രഥമ
നോവലുമായി കടന്നുവരുന്നത്. ആഖ്യാനത്തിന്റെയും ദർശനത്തി
ന്റെയും തലത്തിൽ മൗലികമായൊരു മാറ്റം കൊണ്ടുവരിക എന്ന
വെല്ലുവിളിയെപ്പറ്റി ഉറച്ച ബോദ്ധ്യത്തോടെയാണ് സുഭാഷ് ഈ
നോവൽനിർമിതിയിൽ ഏർപ്പെട്ടത്. കേന്ദ്ര പ്രമേയമായി തറവാടിനെ
പ്രതിഷ്ഠിച്ചുകൊണ്ട് ഒരു നൂറ്റാണ്ടിലധികം വരുന്ന കാലത്തെയും
ദേശത്തെയും എഴുതുക എന്ന ദൗത്യം മനപ്പൂർവം തെരഞ്ഞെടുത്തുകൊണ്ട്
മലയാളനോവൽപാരമ്പര്യത്തെ തന്റേതായ
രീതിയിൽ നവീകരിക്കുക എന്ന ധർമം സ്തുത്യർഹമായി അദ്ദേഹം
നിറവേറ്റിയിരിക്കുന്നു. തറവാടിനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട്
സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ജീവിത
ത്തിന് ഉന്നതമായ ദാർശനിക തലങ്ങൾ നൽകിയ ഒ.വി. വിജ
യന്റെ ‘തലമുറകൾ’ക്കുശേഷം എഴുതപ്പെട്ട തറവാടുകേന്ദ്രിതമായ
നോവൽ എന്ന നിലയിൽ നിശിതമായ താരതമ്യത്തിന് വിധേയമാവും
എന്ന കഠിനബോദ്ധ്യത്തിന്റെ പടിയിലിരുന്ന് എഴുതിയതുകൊണ്ട്
തികഞ്ഞ ജാഗ്രതയും അച്ചടക്കവും ഈ രചന പാലിക്കു
ന്നു. ആഖ്യാനവിശേഷതയിലും ശില്പത്തികവിലും അസാധാരണമായ
വശീകരണശക്തി വഹിക്കാൻ ഈ നോവലിനു കഴിഞ്ഞത്
ഈ ജാഗ്രതയും അച്ചടക്കവും മൂലമാണ്.
തച്ചനക്കര എന്ന ദേശവും അവിടുത്തെ അയ്യാട്ടുമ്പിളി എന്ന
നായർ തറവാടും കാരണവരായ നാരായണപിള്ള എന്ന നാറാപിള്ളയും
അയാളുടെ സന്തതിപരമ്പരുകളുമാണ് ഈ നോവലിൽ
എഴുതപ്പെടുന്നത്. ഇവരിലൂടെ, ഇവരുടെ കർമപരമ്പരകളിലൂടെ
ഒരു നാടും അതിന്റെ ബൃഹത് ചരിത്രവും അതിന്റെ സാമൂഹ്യവും
സാമ്പത്തികവും സാംസ്‌കാരികവുമായ വ്യതിയാനങ്ങളും തിരഞ്ഞെടുക്കപ്പെട്ട
പദാവലികളാൽ ഇതിൽ ചിത്രീകരിക്കപ്പെടുന്നു.
ഭാഗം തിരിച്ചിട്ട വേലിപ്പഴുതിലൂടെ മനുഷ്യാവസ്ഥയുടെ സങ്കീർണതകളിലേക്ക്
നൂണ്ടിറങ്ങുന്ന ഈ നോവലിൽ വാത്സല്യമായും
സ്പർധയായും കുനുഷ്ഠായും കനിവായും വികാരങ്ങൾ പൊന്തി
പ്പടരുന്നു. മനുഷ്യനെക്കുറിച്ചുള്ള വിശേഷ നിർവചനങ്ങൾ കൊണ്ട്
വേറിട്ടുനിൽക്കുന്ന ഈ നോവലിൽ മനുഷ്യനെക്കുറിച്ച് തനിക്കുള്ള
നിലപാടുകൂടി ഒരു കൊടിപോലെ സുഭാഷ് പറപ്പിച്ചുനിർത്തുന്നു
ണ്ട്. അനായാസം, വയറ്റിൽ ഒരു ഇക്കിളിപോലെ തുടങ്ങുന്ന സരളമായ
വേദനയോടെ കടന്നുവരുന്ന മരണം ജീവിതത്തിന്റെ
കൊടിപ്പടം താഴ്ത്തുമ്പോൾ നോവൽ ആരംഭിക്കുകയും അവസാനിക്കുകയും
ചെയ്യുന്നു. പൂർണമായി വളരാൻ വിടാതെ ജീവിത
ത്തിന്റെ ശിഖരങ്ങളെ മരണം അരിഞ്ഞുവീഴ്ത്തുന്നു. മരിക്കുമ്പോൾ
ജിതേന്ദ്രന് അൻപത്തിനാലേ ആയിരുന്നുള്ളൂ പ്രായം.
നോവലിനെ ചരിത്രനോവൽ, മന:ശാസ്ര്ത നോവൽ, ദാർശനിക
നോവൽ, ശാസ്ര്തനോവൽ, സാമൂഹ്യനോവൽ എന്നിങ്ങനെ
വർഗീകരിച്ച് വിലയിരുത്താറുണ്ട്. എന്നാൽ ഉന്നതമായ നോവലുകളിൽ
ഈ വർഗീകരണത്തെ അസാധുവാക്കിക്കൊണ്ട് ദർശനവും
ചരിത്രവും സമൂഹവും സാമ്പത്തികശാസ്ര്തവുമെല്ലാം ഒരുമിച്ച്
ഒരു നദിപോലെ ഒഴുകിപ്പരക്കുന്നു. മനുഷ്യന്റെ വ്യവഹാരമ
ണ്ഡലങ്ങളുടെ വ്യാപ്തി വലുതാവുന്നതുകൊണ്ട് പുതുതായ
ജ്ഞാനലോകങ്ങൾ നോവലിലേക്ക് പ്രകാശസരസുകൾപോലെ
കടന്നുവരുന്നു. പുതുമയുടെ ആകാശമണ്ഡലങ്ങൾ സൈബർ
ലോകങ്ങളായി നോവലിൽ വിജയങ്ങളുടെ ഭവനങ്ങൾ നിർമിക്കു
ന്നു. ജ്ഞാനമണ്ഡലത്തിലെ മാറ്റങ്ങൾ, ശാസ്ര്തലോകത്തിലെ
അത്ഭുതകരമായ കണ്ടെത്തലുകൾ നോവലിന്റെ ഭൂമികയെയും
മാറ്റിമറിക്കുകയാണ്. നോവലെപ്പോഴും പുതുമയുടെ
സംസ്‌കാരത്തെ സൃഷ്ടിക്കുവാൻ ബാദ്ധ്യതപ്പെട്ടിരിക്കുന്നു. രണ്ടായിരത്തി
ഇരുപത്തിയാറ് സെപ്തംബർ മാസത്തിൽ അവസാനി
ക്കുന്ന മനുഷ്യന് ഒരു ആമുഖം എന്ന നോവൽ വരാനിരിക്കുന്ന ഒരു
വ്യാഴവട്ടകാലഘട്ടത്തിലധികമുള്ള ഭാവി കൂടി ചരിത്രമായി പരിവ
ർത്തിപ്പിക്കുന്നു. രചനയിൽ സുഭാഷ് നേരിട്ട കഠിനമായ പരീക്ഷ
ണവും ഈ പരാവർത്തനമായിരിക്കണം. ഭൂതകാലത്തിന്റെ ആഴ
ങ്ങളിൽ ആവിഷ്‌കൃതമാകാത്ത ഭാവി മാത്രമല്ല സാക്ഷാത്കരിച്ച
ഭാവിയും ഉള്ളടങ്ങിയിട്ടുണ്ടെന്ന് ടാഗോർ പറഞ്ഞത് ഈ നോവൽ
സാധൂകരിക്കുന്നു.
നോവലിൽ ചരിത്രം വിരസമായ കലണ്ടർ കണക്കല്ല. ഗതകാലത്തിന്റെ
എണ്ണമറ്റ സ്ഥിതിവിവര കണക്കുകളുടെ സ്റ്റാറ്റിസ്റ്റി
ക്കൽ ലെഡ്ജറുമല്ല. ഭൂതകാലത്തിന്റെ അടരുകളിൽനിന്ന് നൃത്തം
ചെയ്തിറങ്ങിവരുന്ന മനുഷ്യാവസ്ഥകളുടെ ദൃശ്യഭാവങ്ങളാണ്. ചരി
ത്രത്തിന്റെ ഇടനാഴികളിൽനിന്ന് വാക്കുകൾ പൂക്കളായി പൊട്ടിപ്പുറത്തുവരുന്നു.
ചരിത്രം, ഈ ആഖ്യായികയിൽ അപ്രതീക്ഷിതമായി
പൊട്ടിപ്പിളരുന്ന ഒരിടിമിന്നലിന്റെ സൗന്ദര്യംപോലെ പൊട്ടിവിടരു
ന്നു. ചിലപ്പോൾ വെൺനിലാവുപോലെ പരന്നൊഴുകുന്നു. മറ്റുചി
ലപ്പോൾ ചായനിറമുള്ള വർഷകാലനദിപോലെ കൂലംകുത്തിയൊഴുകുന്നു.
ഒരു ചതുരംഗപ്പലകയിലെ കരുക്കൾ മുന്നോട്ടും പിന്നോട്ടും
2012 മഡളമഠണറ ബടളളണറ 6 2
നീക്കി നീക്കി കളിക്കുന്നപോലെ ചരിത്രത്തെ സുഭാഷ് ചലിപ്പിക്കു
ന്നു. ചടുലമായ ആഖ്യാനമികവിൽ ചരിത്രം ഒരു ഊഞ്ഞാൽ
പോലെ ആടിക്കൊണ്ടിരിക്കുന്നു.
കാലത്തെ എഴുതുന്ന നോവലാണിത്. കാലം ചിലപ്പോൾ
ഇന്നലെയോ നാളെയോ ഇല്ലാത്ത ഇന്നിന്റെ ഉത്സവമായിത്തീരു
ന്നു. ആകാശങ്ങളിൽനിന്ന് പറന്നിറങ്ങി വന്ന് കാലം നമ്മെ തൊട്ടു
തലോടുന്നു. സ്ഥലംതന്നെ ചിലപ്പോൾ കാലമായിത്തീരുന്നു. തച്ച
നക്കരത്തേവരുടെ ക്ഷേത്രക്കുളത്തിന്റെ ഒത്ത നടുവിൽ ആണ്ടുകി
ടന്ന നാറാപിള്ളയുടെ ജഡം പിടിച്ചെടുക്കാൻ ചുവന്ന നിക്കർ
മാത്രം ധരിച്ച് കുളത്തിലേക്ക് ചാടുന്നതിനു മുമ്പ് അങ്കമാലിക്കാരൻ
ദേവസ്സി ജിതന് അഴിച്ചുകൊടുത്ത തന്റെ തടിച്ച വാച്ചിന്റെ വട്ടക്കുളത്തിൽ
കാലം ചെറുസൂചിയായി ചലനമറ്റു കിടന്നു. ആഖ്യാന
ത്തിന്റെ സമൃദ്ധമായ പടവുകളിൽ കാലം അതിന്റെ ഗംഭീരമായ
കളി തുടങ്ങുന്നു. വർത്തമാനത്തിൽനിന്ന് ഭൂതത്തിലേക്കും അവി
ടെനിന്ന് ഭാവിയിലേക്കും കാലം ഒരു ഫുട്‌ബോൾപോലെ പായു
ന്നു. കാലത്തെ നിശ്ചലമാക്കിയും ചടുലമായി ചലിപ്പിച്ചും തന്റെ
ആഖ്യാനകലയെ അഭിജാതമായൊരു തലത്തിലേക്ക് സുഭാഷ് ഉയ
ർത്തുന്നു. നോവലിന്റെ ‘ടെക്‌നിക്കിനെ’ക്കുറിച്ച് മരിയോ വർഗാസ്
യോസ ഇങ്ങനെയെഴുതി: ”നോവലിന്റെ ‘ടെക്‌നിക്’ കഥയ്ക്കും
വായനക്കാരനും ഇടയിലുള്ള അകലത്തെ ചെറുതാക്കുകയോ കഴി
യുമെങ്കിൽ ഇല്ലാതാക്കുകയോ ചെയ്യുന്നതിലാണ് അടിസ്ഥാനപരമായി
നിലനിൽക്കുന്നത്”.
കാലവും വായനക്കാരനും തമ്മിലുള്ള അകലത്തെ സുഭാഷിന്റെ
ടെക്‌നിക് തീരെ ഇല്ലാതാക്കുന്നു. മറ്റ് മലയാള നോവലുകളിൽനിന്ന്
മനുഷ്യന് ഒരാമുഖത്തെ വേറിട്ടുനിർത്തുന്നത് ആഖ്യാനത്തിൽ
സുഭാഷ് അവലംബിച്ച ഈ ടെക്‌നിക്തന്നെയാണ്.
ക്രാഫ്റ്റിലും അതീവ ശ്രദ്ധ പുലർത്തുന്ന എഴുത്തുകാരനാണ്
സുഭാഷ്ചന്ദ്രൻ. ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം മുതൽ തുട
ങ്ങുന്ന കഥകളിലെല്ലാം ശില്പഭദ്രത ഒരിക്കലും ശിഥിലമാകാതിരി
ക്കാൻ ഈ കാഥികൻ യത്‌നിക്കുന്നു. ഇളംകാറ്റിൽ നിലം
പൊത്തുന്ന ഒരു കിളിക്കൂടുപോലെ രചനയിൽനിന്നും ഒരു പദംപോലും
അടർന്നുവീഴരുതെന്ന് സുഭാഷ് കഠിനമായി ശഠിക്കുന്നു.
വിവരണകല ലക്ഷ്യം തെറ്റി കൊടുങ്കാട് കയറുമ്പോഴാണ്
നോവൽ എന്തും കുത്തിനിറയ്ക്കാവുന്ന കീറച്ചാക്കായി മാറുന്നത്.
പ്രഗത്ഭനായ ഒരാർക്കിടെക്ടിന്റെ സൂക്ഷ്മത എഴുത്തിന്റെ വേളയിൽ
എല്ലായ്‌പോഴും സുഭാഷ്ചന്ദ്രൻ നിലനിർത്തുന്നു. അതുകൊ
ണ്ട്, അതിവൈകാരികതയുടെ അഴിഞ്ഞാട്ടങ്ങളാലോ അതിബുദ്ധി
യുടെ കസർത്തുകളാലോ അചോരകമാക്കാതെ തന്റെ രചനകളെ
മിതത്വത്തിന്റെയും സംയമനത്തിന്റെയും സൗന്ദര്യശില്പങ്ങളാക്കു
ന്നു. രചനാവേളകളിൽ നോവലിസ്റ്റ് പുലർത്തിയ സ്ഥിതിപ്ര
ജ്ഞത മനുഷ്യന് ഒരു ആമുഖത്തെ മിതത്വത്തിന്റെ കുലീനമായൊരു
കലാസൃഷ്ടിയാക്കി മാറ്റുന്നു.
മനുഷ്യന്റെ അപൂർണതയെപ്പറ്റി ഓർമപ്പെടുത്തുന്ന ഈ
നോവൽ ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് വിഷാദം
കൊള്ളുന്നു. ജീവിതം അതിന്റെ ദീനതയിലും ഞരക്കങ്ങളിലും
പെട്ട് തളർന്നുകിടക്കുന്നത് കണ്ട് സങ്കടപ്പെടുന്നു. മരണംവരെയും
അനിശ്ചിതമായി നീണ്ടുനിൽക്കുന്ന സാധാരണത്വം ഒരു ശിക്ഷാവിധിയായി
ജീവിതത്തിനു മീതെ പരന്നുകിടക്കുന്നതായി ജിതേന്ദ്രന്
തോന്നുന്നുണ്ട്. മക്കൾപോലും വേണ്ടെന്നു നിശ്ചയിച്ച
അയാൾ സൃഷ്ടിപ്രക്രിയയോട് വിമുഖത കാട്ടുന്നത് ഈ ശിക്ഷാവിധി
കാരണമാവാം. സൃഷ്ടി നടക്കാതിരിക്കാൻ ഉറയിട്ടുറങ്ങുന്ന
ഒരു ഭയങ്കരനെന്ന് ഭാര്യ അയാളെ വിശേഷിപ്പിക്കുമ്പോഴും അയാൾ
സന്ദേഹിയാവുന്നില്ല. ഭക്ഷിച്ചും ഭോഗിച്ചും വെടിവട്ടം കൂടിയും ഉറ
ങ്ങിയും മണ്ണടിഞ്ഞുപോവുന്ന ജീവിതത്തിനെ നിരർത്ഥകത ഒടു
ങ്ങാത്ത സങ്കടമായി അയാളിൽ നിറയുന്നു. ഒടുവിൽ അനായാസം
വന്ന് മരണം അയാളെ കൊണ്ടുപോവുമ്പോൾപോലും ഗൂഢമായൊരു
മന്ദസ്മിതം അയാളിൽ വിരിഞ്ഞിട്ടുണ്ടാവണം. മരണ
ത്തിന്റെ കൊതിപ്പിക്കുന്ന സ്പർശമേറ്റ് ഭർത്താവിന്റെ ശരീരത്തിൽ
രോമാഞ്ചം പടർന്നിരിക്കുന്നതായും മുഖക്കണ്ണുകൾ ജൃംഭിച്ചിരിക്കു
ന്നതായും ജിതേന്ദ്രന്റെ ഭാര്യ കണ്ടത് വെറുതെയല്ല. ജീവിത
ത്തിന്റെ ശൂന്യതയെക്കുറിച്ച് മാത്രം എഴുതുന്നൊരദ്ധ്യായത്തിന്റെ
ആമുഖത്തിൽ സെൻ ബുദ്ധിസത്തിൽനിന്നും ഒരു കഥയെ ഇറുത്തെടുത്ത്
കൊണ്ടുവന്നിരുത്തുന്നുണ്ട് സുഭാഷ് ചന്ദ്രൻ.
കൂട്ടിലകപ്പെട്ട പുലി അഴികൾക്കുള്ളിൽ അക്ഷമനായി വട്ടം ചുറ്റു
ന്നതു കണ്ട് പുറത്ത് പാറിപ്പറക്കുന്ന കിളി ചോദിച്ചു: ”നീ എന്താണ്
ചെയ്യുന്നത്?”
”ഞാൻ എഴുതുകയാണ്” പുലി പറഞ്ഞു.
”എഴുതുകയോ? എന്ത്?” വട്ടംചുറ്റലിന്റെ വ്യംഗ്യം തിരിയാതെ
കിളി ചോദിച്ചു.
”പൂജ്യം” പുലി പറഞ്ഞു.
”എന്തുകൊണ്ടാണ് നീ പൂജ്യം മാത്രമെഴുതുന്നത്?” കിളി
കൗതുകം കൂറി.
”നിനക്കിപ്പോൾ മനസ്സിലാവില്ല” പുലി ഉഴറ്റോടെ പറഞ്ഞു.
”സ്വാതന്ത്ര്യം നഷ്ടപ്പെട്ടാൽ എല്ലാം പൂജ്യം മാത്രമാണ്”.
വിജയന്റെ വിഷാദഭരിതമായ സന്ദേഹച്ചിരിയും
വി.കെ.എൻ-ന്റെ പ്രകാശം പരത്തുന്ന പൊട്ടിച്ചിരിയും സുഭാഷ്
ചന്ദ്രനിൽ ലയിച്ചുകിടപ്പുണ്ട്. അപ്പുനായരെ അപ്പോളിയൻ എന്ന്
നാമകരണം ചെയ്യുമ്പോഴും, ടെലിവിഷനിലെ ക്ലോസപ്പുകളിൽ
വെല്ലസ്ലിയുടെയും മൗണ്ട്ബാറ്റന്റെയും ഛായ തോന്നിച്ച അമ്പയ
ർമാർ തല ഇടംവലമാട്ടി അപ്പീൽ നിഷേധിച്ചുകൊണ്ടേയിരുന്നുവെന്ന്
എഴുതുമ്പോഴും വി.കെ.എൻ-ന്റെ ചിരിമുഴക്കം കേൾക്കുന്നു
ണ്ട്. ഇത്രയേറെ പുരോഗമിച്ചിട്ടും ജാതി ഒരു വിഷപ്പാമ്പുപോലെ
ഉള്ളിൽ ഉണർന്നു കിടക്കുന്ന നിരവധി സന്ദർഭങ്ങൾ ആവിഷ്‌കരി
ക്കപ്പെടുമ്പോൾ അണലിപ്പാമ്പു കണക്ക് ജാതി സ്മൃതി നിമിഷങ്ങ
ളുടെ അടരുകൾക്കുള്ളിൽ മയങ്ങിക്കിടക്കുന്നുവെന്ന് വിജയം തലമുറകളിൽ
എഴുതിയത് നാം ദു:ഖത്തോടെ ഓർമിച്ചുപോകുന്നു.
അബോധത്തിന്റെ സത്യസന്ധമായ ചുറ്റിക്കളിയാണിവിടെ സംഭവിക്കുന്നത്.
പൂർവികരായ എല്ലാ എഴുത്തുകാരോടും ആദരവു പുല
ർത്തുന്ന സുഭാഷ്ചന്ദ്രൻ പാരമ്പര്യത്തെ മനപ്പൂർവമായി വെട്ടിനി
രത്താൻ ഒരിക്കലും ഒരുമ്പെട്ടിട്ടില്ല. വാസ്തവത്തിൽ, ആധുനികതയുടെ
പർവതസാനുക്കളിൽ ധ്യാനവിശുദ്ധിയോടെ നിലകൊണ്ട
മഹത്തായ രണ്ടെഴുത്തുകാർക്ക് നൽകിയ സാന്ദ്രതർപ്പണമാകാം
ഈ ചിരിയുടെ പുനർജനി. പാരമ്പര്യത്തിന്റെ വീണ്ടും ജനനം.
ബോധപൂർവമായ നിരാകരണങ്ങൾക്കും സ്വീകാരങ്ങൾക്കുമപ്പുറം
പ്രതിഭയിൽ സംഭവിക്കുന്ന നിഗൂഢമായ സർഗപ്രവൃത്തികളിലൂടെ
പൂർവികർ പുനർജനിക്കുകയാണ്. ഏതൊരു ഉന്നത നോവലിലും
ഇത് സംഭവിക്കുന്നുണ്ട്. പാരമ്പര്യം വലിയൊരു ഊർജഖനിയായി
ഇത്തരം നോവലുകളെ അനുഗ്രഹിക്കുന്നു. പാരമ്പര്യത്തെ ഭഞ്ജി
ക്കാതെ, എന്നാലതിന്റെ ജീർണിച്ചുപോവുന്ന ചുറ്റുവട്ടങ്ങളിൽ
വീണുപോകാതെ, നിശ്ചലമായ ഭാവുകത്വങ്ങളിൽ തട്ടിനിൽ
ക്കാതെ മധ്യകേരളത്തിലെ മനുഷ്യാത്മാക്കളുടെ ഒരു നൂറ്റാണ്ടോളം
തകാലത്തെ അനുഭവങ്ങളെ പിടിച്ചെടുത്തിരിക്കുന്നു സുഭാഷ്
ചന്ദ്രൻ ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിൽ. ദർശനത്തിലും
ഭാവുകത്വത്തിലും മലയാളനോവൽ ഉയർന്ന തലങ്ങളിലേക്ക്
സഞ്ചരിക്കുന്നുവെന്ന് ഈ നോവൽ പ്രഖ്യാപിക്കുന്നു.