മലയാള കഥാസാഹിത്യത്തിൽ ആധുനികത അസ്തമയത്തി
ന്റെ അതിരുകളിലേക്ക് അതിക്രമിക്കുമ്പോഴാണ് ശിഹാബുദ്ദീൻ
പൊയ്ത്തുംകടവ് എന്ന കഥാകാരൻ എഴുത്തിൽ സജീവമാകുന്ന
ത്. ആധുനികതയെ കർക്കശമായി തള്ളിപ്പറയാൻ തയ്യാറായില്ലെ
ങ്കിലും അതിന്റെ നിഴലോ നിലാവോ ഒന്നും തന്റെ കഥകളിൽ കട
ന്നു വരരുത് എന്ന ഉറച്ച നിഷ്‌കർഷയുടെ ഉലയാത്ത ഉപാസകനായിരുന്നു
അദ്ദേഹം. ആധുനികത അകറ്റി നിർത്തിയ മനുഷ്യ
ജീവിതത്തിന്റെ തനിമയെ കഥകളിൽ കരുത്തോടെ തിരിച്ചുപിടി
ക്കാനാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. ആധുനികതയുടെ
കാലത്ത് അന്യം നിന്നുപോയ വായനയെ വീണ്ടുമൊരു വസന്തകാലത്തിന്റെ
ചൈതന്യത്തിലേക്ക് ആവാഹിക്കുന്നതിൽ
ഈ എഴുത്തുകാരനുള്ള പങ്ക് വളരെ വലുതാണ്.
ജീവിക്കുന്ന കാലപരിസരത്തിലേക്ക് കാഴ്ചയെ കൃത്യതയോടെ
കുരുക്കിയിടുകയും കഥയുടെ കാതൽ കരുതലോടെ കണ്ടെടു
ക്കുകയും ചെയ്യുന്ന അസാധാരണ സിദ്ധിവൈഭവമാണ് ഈ കഥാകാരന്റെ
കൈമുതൽ. മനുഷ്യ ജീവിതത്തിന്റെ അർത്ഥവും അനർത്ഥവും
ആഴത്തിലും പരപ്പിലും സദാ അന്വേഷിക്കുന്ന ഒരു സന്ദേഹിയുടെ
മനസ്സ് എഴുതിത്തുടങ്ങിയ കാലം മുതൽ ഇപ്പോൾ,
ഏറ്റവും ഒടുവിലെഴുതിയ ‘ബ്രഹ്മരക്ഷസ്’ എന്ന നോവലിൽ വരെ
അദ്ദേഹം നിലനിർത്തിയിട്ടുണ്ട്. ഒരു ജീവിതത്തിൽതന്നെ അനേകം
ജീവിതകാലത്തെ അനുഭവങ്ങളുടെ കനൽക്കാടുകൾ കടന്നെത്തിയവനാണ്
ഈ കഥാകാരൻ. അതുകൊണ്ടുതന്നെ കഥ
എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നുമുള്ള വ്യ
ക്തമായ അവബോധവും അദ്ദേഹത്തിനുണ്ട്. മറ്റൊരർത്ഥത്തിൽ
ആ അവബോധത്തിന്റെ ഉൾക്കാഴ്ചകൾ നൽകുന്ന ഉന്മാദങ്ങളാണ്
അദ്ദേഹത്തിന്റെ കഥകളെ ജീവസുറ്റതാക്കുന്നത്.
കാലു വെന്ത നായയെ പോലെ നിൽക്കക്കള്ളിയില്ലാതെ നിര
ന്തരം ഓടിക്കൊണ്ടേയിരിക്കാനാണ് തന്റെ നിയോഗം എന്ന് ശിഹാബുദ്ദീൻ
പൊയ്ത്തുംകടവുതന്നെ ഒരിടത്തു രേഖപ്പെടുത്തുന്നുണ്ട്.
ആശ്വാസത്തിന്റെ തീരങ്ങൾ അടുത്തെത്തി എന്ന് തോന്നുമ്പോഴും
അകലെയായി പോകുന്ന ജീവിത ദുര്യോഗത്തിന്റെ നിഗൂഢതകളിൽ
തളരാതെയും തകരാതെയും പിടിച്ചു നിൽക്കാനുള്ള കരു
ത്തിന്റെ തുരുത്തായിരുന്നു അദ്ദേഹത്തിന് കഥയെഴുത്ത്. അപ്പോഴും
ജീവിതത്തെ നിഷേധിക്കാനോ തള്ളിപ്പറയാനോ തയ്യാറായി
രുന്നില്ല. താൻ കടന്നു വരുന്ന കാലത്തെ കഥാകാരന്മാരിലേറെയും
കഥയിലെ ലാവണ്യബോധത്തിൽ വലിയ വിസ്‌ഫോടന
ങ്ങൾ സൃഷ്ടിച്ചത് പ്രധാനമായും ജീവിതം നിഷേധിച്ചു കൊണ്ടായിരുന്നു
എന്നദ്ദേഹത്തിനറിയാം; അത് നിരർത്ഥകമാണെന്നും.
തന്നെ നിരന്തരം നിഷേധിക്കുകയും തോല്പിക്കുകയും ചെയ്യു
ന്ന പ്രതികൂല ജീവിത സാഹചര്യങ്ങളെ ക്ഷമയോടെ സഹിച്ചും
സ്‌നേഹിച്ചും വരുതിയിലാക്കുന്ന അസാധാരണ ആർജവമായിരു
ന്നു അദ്ദേഹം പ്രകടിപ്പിച്ചത്. സ്‌നേഹവും സഹനവും അതിജീവനത്തിന്റെ
കരുത്താണെന്ന് അദ്ദേഹം തിരുത്തി. ജീവിതത്തെ നി
ഷേധിക്കുമ്പോഴല്ല, മറിച്ച് അതിനെ കൂടുതൽ കൂടുതലായി സ്‌നേഹിക്കുമ്പോഴാണ്
ഒരു കഥാകാരനിൽ നിന്നും, കാമ്പുള്ള കഥക
ൾ പിറക്കുന്നത് എന്ന് മലയാളികളെ കഥകളിലൂടെ ബോധ്യപ്പെ
ടുത്തിയ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തന്റെ എഴുത്തനുഭവ
ങ്ങൾ പങ്കുവയ്ക്കുന്നു:-
1982-ലാണ് താങ്കളുടെ ഒരു കഥ ആദ്യമായി പ്രസിദ്ധീകരിച്ചു വരുന്നത്.
നിസ്സഹായൻ എന്ന പേരിൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ആ
കഥ വന്നിട്ടിപ്പോൾ മൂന്നര പതിറ്റാണ്ടായി. എന്തു തോന്നുന്നു?
ഇപ്പോഴും ഒരു തുടക്കക്കാരന്റെ പരിഭ്രമവും ആശങ്കയുമായിട്ടാണ്
ഞാൻ എഴുതാനിരിക്കാറ്. പരമാവധി കരുതലും തയ്യാറെടുപ്പും
നടത്താറുമുണ്ട്. എഴുത്തിൽ നാം സ്വയം പുതുക്കിപ്പണിതുകൊണ്ടേയിരിക്കണം.
ആർക്കും വേണ്ടാത്ത ഒരു കണ്ണ്, മലബാർ എക്‌സ്പ്രസ്,
ബ്രഹ്മരക്ഷസ്… മൂന്നു വ്യത്യസ്ത കാലങ്ങളിലായി
ഞാനെഴുതിയ ഈ മൂന്നു കഥകൾ സൂഷ്മമായി പിന്തുടരുന്ന വായനക്കാർക്ക്
എഴുത്തിൽ ഞാൻ അനുഷ്ഠിക്കുന്ന പ്രമേയപരവും
രൂപപരവുമായ വ്യതിയാനം എളുപ്പത്തിൽ മനസിലായേക്കും. എഴുത്തിൽ
നമ്മൾ സ്റ്റീരിയോ ടൈപ്പ് ആയിപ്പോകരുത്. അങ്ങനെ സംഭവിച്ചാൽ
അതു എഴുത്തുകാരന്റെ ദുരന്തമായിരിക്കും.
ആദ്യകഥ അച്ചടിച്ചു വന്ന ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പിര്യോഡിക്കൽസ്
എഡിറ്ററാണ് ഇന്ന് താങ്കൾ. അതിനെ കുറിച്ച്?
ചരിത്രത്തിന്റെ ഒരു തമാശ എന്നതിനെ വിളിക്കാനാണ് എനി
ക്ക് തോന്നുന്നത്. സാഹിത്യ പ്രവർത്തനം എന്നു പറഞ്ഞാൽ ധാരാളം
ശത്രുക്കളെ ഉണ്ടാക്കുന്ന ഒരേർപ്പാടാണ് എന്ന് ഈ പദവി
യിൽ ഇരിക്കാൻ തുടങ്ങിയപ്പോഴാണ് ബോധ്യമായത്. പല എഴു
ത്തുകാരുടെയും തനിനിറം കാണാനും പറ്റി. അതെന്തായാലും കുറേയേറെ
നല്ല എഴുത്തുകാരെ കണ്ടെത്താനും കൈപിടിച്ചുയർ
ത്താനുമുള്ള ഒരു സാധ്യതയായി ഞാനിതിനെ കാണുന്നു.
ശൈശവ കാലവും ബാല്യ-കൗമാരങ്ങളും ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും
വറുതിയിൽ പൊറുതി മുട്ടി കണ്ണീരു കുടിച്ചാണ് കടന്നുപോയത്
എന്നറിയാം. എങ്കിലും ചോദിക്കട്ടെ, താങ്കളിലെ എഴുത്തുകാരനെ
രൂപപ്പെടുത്തിയ അക്കാലത്തെ വായനയെ കുറിച്ച്?
വീട്ടിൽ വായിക്കുന്നവരായി ആരുമുണ്ടായിരുന്നില്ല. പട്ടിണിയും
പരിവട്ടവും അതിന്റെ കരുത്തു മുഴുവൻ കാട്ടി ആഘോഷിച്ചു തി
മർക്കുന്ന കുടുംബത്തിൽ എന്ത് വായിക്കാൻ? ആരു വായിക്കാൻ?
എങ്കിലും ഉമ്മയും ഉപ്പുമ്മയും (ഉപ്പയുടെ ഉമ്മ) പറഞ്ഞു തന്ന കഥകൾ
കേട്ടാണ് ഞാൻ വളർന്നത്. അവ എന്റെ ഭാവനയെ വല്ലാതെ
ത്രസിപ്പിക്കുകയും വിസ്മയഭരിതമാക്കുകയും ചെയ്തു. ആയിരത്തൊന്ന്
രാവുകളിലെ കഥകളാണ് ഉമ്മ പറഞ്ഞു തന്നിരുന്ന
ത് എന്ന് പിന്നീടാണ് മനസിലായത്. ‘മൊഹിയുദ്ദീൻമാല’ പാട്ടാണ്
ഉപ്പുമ്മ കേൾപ്പിച്ചത്. അസാമാന്യ ഇമേജറികളുടെ കലവറയാണ്
ഈ കൃതി. ഇന്നും എന്റെ മഹത്തായ ക്ലാസിക്കുകളിൽ ഒ
ന്ന് ഈ പുസ്തകമാണ്. ഉമ്മയുടെയും ഉപ്പുമ്മയുടെയും കൈകളി
ലെ കഥകളുടെ സ്റ്റോക്ക് തീർന്നപ്പോൾ കഥാപുസ്തകങ്ങൾ തേടി
പലയിടങ്ങളിലും ഞാൻ അലഞ്ഞു. ബാലപ്രസിദ്ധീകരണങ്ങൾ
വരുത്തുന്ന വായനശാലകളിലേക്ക് ആറും ഏഴും കിലോമീറ്ററുകൾ
നടന്നു പോയിട്ടുണ്ട്. കഥകൾ വായിക്കാനായി ആർത്തി പിടിച്ചു
നടന്നൊരു കാലം. അതിനിടയിൽ സ്‌കൂൾ പഠനം തട്ടിയും മുട്ടി
യും ഒരു വിധത്തിൽ നടന്നു പോയി.
ഗൗരവപൂർവമുള്ള വായനയിലേക്ക് കടന്നത്?
നിങ്ങളൊരുപക്ഷെ, പറഞ്ഞാൽ വിശ്വസിക്കില്ല. 18 വയസ് വരെ
ഞാനൊരു എഴുത്തുകാരന്റെയും കൃതി പുസ്തകരൂപത്തിൽ
വായിച്ചിട്ടില്ല. ചിരിക്കില്ലെങ്കിൽ മറ്റൊരു കാര്യം കൂടി പറയാം, അ
ങ്ങനെ പുസ്തകങ്ങൾ ഉള്ളതുപോലും എനിക്കറിയില്ലായിരുന്നു!
പിന്നീട് ആരോ പറഞ്ഞറിഞ്ഞ് വളപട്ടണം പഞ്ചായത്ത് ലൈബ്രറിയിൽ
ചെന്നപ്പോൾ ഏതു പുസ്തകം എടുക്കണമെന്നറിയാതെ
ഞാൻ പരുങ്ങിയിട്ടുണ്ട്. കാരണം ഒരു ഗ്രന്ഥകാരന്റെയും പേര് എനിക്കറിയില്ല.
എങ്കിലും ഒരു പുസ്തകം തപ്പിയെടുത്തു. പേര് –
ആനവാരിയും പൊൻകുരിശും. എഴുതിയ ആളുടെ പേര് വൈക്കം
മുഹമ്മദ് ബഷീർ. മലയാളത്തിലെ ആ മഹാസാഹിത്യകാരന്റെ
പുസ്തകംതന്നെ ആദ്യ വായനയ്ക്ക് തെരഞ്ഞെടുക്കാൻ എന്നെ
പ്രേരിപ്പിച്ചത് ഏത് അദൃശ്യശക്തിയായിരിക്കും എന്നത് ഇന്നും എനിക്കത്ഭുതമാണ്.
അതിനിടയിൽ കുറേക്കാലം പഠനമൊക്കെ വല്ലാതെ അലങ്കോലപ്പെട്ടു
പോയിരുന്നു അല്ലേ?
9-ാം ക്ലാസിൽ വച്ച് സ്‌കൂൾ പഠനം നിർത്തേണ്ടി വന്നു. വീട്ടി
ലെ ദാരിദ്ര്യംതന്നെയായിരുന്നു പ്രധാന കാരണം. കുടുംബം പോ
റ്റാൻ വീടിനടുത്തുള്ള ഒരു ചായപ്പീടികയിൽ വെള്ളം കോരാനും
പാത്രം കഴുകാനും കുശിനിക്കാരന്റെ സഹായിയാകാനും നിന്നു.
(ഭക്ഷണ നിർമാണത്തെ കുറിച്ച് ഒരു പുസ്തകം എഴുതിക്കൊണ്ടി
രിക്കുകയാണ് ഞാൻ). തുടർന്ന് എന്തൊക്കെ പണികൾ ചെയ്തു
എന്ന് എനിക്കുതന്നെ അറിയില്ല. തടിമില്ലിലെ ചാപ്പകുത്തുകാരൻ,
അളവുകാരൻ, മരം ചുമട്ടുകാരൻ, ലോറി ക്ലീനർ, രോഗികളുടെ
ബൈസ്റ്റാന്റർ, ട്യൂഷൻ മാസ്റ്റർ, മരമില്ലിലെ രാത്രി വാച്ച്മാൻ,
പുസ്തക കച്ചവടക്കാരൻ, കണ്ണൂർ വ്യാപാരി വ്യവസായി ഏകോപന
സമിതിയുടെ വരിസംഖ്യാപിരിവുകാരൻ, മാസികയുടെ സബ്
എഡിറ്റർ, പിയർലസ് ഏജന്റ്, സ്റ്റോർ കീപ്പർ… മാസങ്ങളോളം റേഷൻ
പച്ചരിച്ചോറും അമ്പഴങ്ങ മുളകിലിട്ടതും മാത്രമായിരുന്നു ഭക്ഷണം. മൂന്നു നേരവും കഞ്ഞി കിട്ടുന്ന ഒരു കാലമായിരുന്നു അന്നെന്റെ
സ്വർഗസങ്കല്പം. അതിനിടയിൽ എങ്ങനെയൊക്കെയോ
എസ്എസ്എൽസി പാസായി. അക്കൊല്ലം പൊയ്ത്തുംകടവിൽ
പരീക്ഷയെഴുതിയവരിൽ ഏറ്റവും കൂടുതൽ മാർക്ക് എനിക്കായി
രുന്നു – ഇരുന്നൂറ്റിപ്പത്ത്!!!
തിക്താനുഭവങ്ങളുടെ ഘോഷയാത്രയായിരുന്നു താങ്കൾക്ക് ജീവി
തം. താങ്കളിലെ കഥാകാരനെ ഉരുക്കിയും വിളക്കിയും പത്തരമാറ്റാ
ക്കിത്തീർക്കുന്നതിൽ അതൊരു വലിയ പങ്കു വഹിച്ചിരിക്കില്ലേ?
തീർച്ചയായും. ഒരുപക്ഷെ, വിധി അത്തരമൊരു നിയോഗം എനിക്കായി
കാത്തു വച്ചതും അതിനു വേണ്ടി തന്നെയായിരിക്കും.
പ്രമുഖ നിരൂപകനായ ഡോ. കെ.പി. മോഹനൻ ‘സങ്കീർണ ജീവി
തത്തിന്റെ വേരു ശില്പങ്ങൾ’ എന്ന പേരിൽ എന്റെ ‘മലബാർ
എക്‌സ്പ്രസ്’ എന്ന കഥാസമാഹാരത്തിനെഴുതിയ പഠനക്കുറി
പ്പിൽ അക്കാര്യം ഉറപ്പിച്ചു കൊണ്ട് ഇങ്ങനെ എഴുതി – ‘കയ്‌പേറി
യ ജീവിതാനുഭവങ്ങളാണ് ഒരാളെ നല്ല എഴുത്തുകാരനാക്കുന്ന
തെന്ന് ആരെങ്കിലും നിർബന്ധിച്ചു പറയുകയാണെങ്കിൽ എഴുത്തി
ന്റെ ആ യോഗ്യത ശിഹാബിന് ധാരാളമായുണ്ട്’.
കഥയെഴുത്തിലേക്ക് വരുന്നതെങ്ങനെയാണ്?
വായിച്ച കഥകളുടെ മാതൃകയിൽ കഥകൾ പറഞ്ഞുകൊണ്ടാണ്
തുടക്കം. അതും വളരെ ചെറിയ പ്രായത്തിൽതന്നെ. സുഹൃ
ത്തുക്കളുടെയും മറ്റും കൂട്ടത്തിലാണ് കഥകൾ പറയുക. കഥകൾ
കേൾക്കാൻ ആളില്ലാത്ത സമയത്ത് അവ എഴുതി വച്ചു. അടിസ്ഥാനപരമായി
ഞാനിപ്പോഴും ഒരു കഥപറച്ചിലുകാരനാണ് എന്നാണെന്റെ
വിശ്വാസം. നാട്ടിൽ ഞങ്ങൾതന്നെ മുൻകൈ എടുത്ത് നടത്തിയ
‘ക്രസന്റ്’ എന്ന കൈയെഴുത്തു മാസികയിലാണ് ആദ്യം
കഥയെഴുതിയത്. പതുക്കെ പ്രസിദ്ധീകരണങ്ങൾക്ക് അയച്ചുകൊടുക്കാൻ
തുടങ്ങി. ഒരുപാട് സമയമെടുത്ത് അനേകം പ്രാവശ്യം വെ
ട്ടിയും തിരുത്തിയും ഒരുവിധം തൃപ്തി തോന്നിയാലേ അയയ്ക്കൂ.
പക്ഷെ, അവ പോയതിലും വേഗത്തിൽ മടങ്ങി വരുന്നതു കണ്ട്
പലപ്പോഴും അമ്പരന്നു പോയിട്ടുണ്ട്; മന:പ്രയാസം അനുഭവിച്ചി
ട്ടുമുണ്ട്. അപ്പോഴാണ് എന്റെ ‘നിസ്സഹായൻ’ എന്ന കഥ ചന്ദ്രികയുടെ
ബാലപംക്തിയിൽ വരുന്നത്. അതോടെ ഞാൻ അംഗീകരി
ക്കപ്പെട്ടു എന്ന തോന്നലുണ്ടായി. തുടർന്നെഴുതാൻ അത് വലിയ
പ്രചോദനമായി.
കഥയെഴുത്ത് ഗൗരവപൂർവം കണ്ടുതുടങ്ങിയതെപ്പൊഴാണ്?
കഥയെഴുത്ത് അന്നുമിന്നും എനിക്ക് ഗൗരവപ്പെട്ട കാര്യമാണ്.
വാരിവലിച്ച് ഞാൻ കഥകൾ എഴുതിയിട്ടില്ല. താങ്കൾ നേരത്തെ
സുചിപ്പിച്ചതു പോലെ 35 വർഷത്തിനിടയിൽ എഴുതിയത് 200-ൽ
താഴെ കഥകൾ മാത്രമാണ്. അവയിലെ കുറേ കഥകൾ പുസ്തക
ത്തിലാക്കിയിട്ടുമില്ല. ആദ്യകാലത്ത് മുഖ്യധാരാപ്രസിദ്ധീകരണങ്ങ
ളിൽ നല്ല കഥകളെഴുതിയിട്ടും എനിക്കുണ്ടായ ഒരു വല്യ ദുര്യോഗം
ആരും ആ കഥകൾ കാര്യമായി ശ്രദ്ധിച്ചില്ല എന്നുള്ളതാണ്.
അതിനിടയിലാണ് എന്റെ ‘പരിണാമദശയിലെ ഒരേട്’ എന്ന കഥ
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് കലാകൗമുദിയിൽ
അതിനെ കുറിച്ച് ഇങ്ങനെ ഒരു അഭിപ്രായം വന്നു.
”ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാൻ ‘പരിണാമദശയിലെ ഒരേട്’
എന്നൊരു കഥ വായിക്കാനിടയായി. ഇത്രയും മികച്ചൊരു കഥ
അടുത്ത കാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല. ആശയവും ഭാഷയും
സങ്കേതവുമൊക്കെ ഇക്കഥയിൽ മഹത്തായ ഏകജൈവരൂപമായി
മാറുന്നു. എനിക്കൊരിക്കലും ഇങ്ങനെയൊരു കഥയെഴുതാൻ
കഴിയില്ല” – പറഞ്ഞത് മലയാള കഥയിലെ കുലപതികളി
ൽ ഒരാളായ ടി. പത്മനാഭൻ. അതോടു കൂടിയാണ് എന്റെ കഥകൾ
വായനക്കാർ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത്. ആ നിലയ്ക്ക്
ടി. പത്മനാഭൻ എന്ന ഗുരുതുല്യൻ പൊതുജനമധ്യത്തിൽ കൊളു
ത്തിയ വിളക്കാണ് ഞാൻ.
കഥയെഴുത്തിന്റെ ആദ്യകാലത്ത് ഒരുപാട് മത്സരങ്ങളിൽ പങ്കെ
ടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ടല്ലോ. മത്സരങ്ങൾ
കഥയെഴുത്തിന് മാറ്റ് കൂട്ടിയിട്ടുണ്ടോ?
തീർച്ചയായും. മത്സരത്തിലാണ് പങ്കെടുക്കുന്നത് എന്നതി
നാൽ കഥകൾ പരമാവധി ശ്രമിച്ച് മികച്ചതാക്കാൻ നോക്കാറുണ്ട്.
നല്ലതെന്ന് എനിക്കുതന്നെ നൂറു ശതമാനവും ബോധ്യമുള്ള കഥകളെ
മത്സരത്തിനയയ്ക്കാറുള്ളൂ. സമ്മാനം കിട്ടുന്ന തുക കൊണ്ട്
വീട്ടിലെ ദാരിദ്ര്യത്തിന്റെ കാഠിന്യം അല്പം ഒന്ന് കുറയ്ക്കുകയായിരുന്നു
പ്രധാന ലക്ഷ്യം. അക്കാലത്തുണ്ടായ ദു:ഖകരമായ ഒരോർമകൂടി
പങ്കുവയ്ക്കാം. ആയിടയ്ക്ക് ബോംബെയിലും ബാംഗ്ലൂരിലുമുള്ള
മലയാളി സമാജങ്ങൾ നടത്തിയ കഥാമത്സരങ്ങളിൽ
എനിക്കായിരുന്നു മിക്കവാറും സമ്മാനങ്ങൾ കിട്ടാറ്. ഒരിക്കൽ മദ്രാസ്
മലയാളി സമാജം നടത്തിയ കഥ-കവിതാമത്സരങ്ങൾക്കു
ള്ള സമ്മാനത്തുകയായി എനിക്ക് 3,000 രൂപ കിട്ടി. അന്നത് വലി
യ തുകയായിരുന്നു. അത് ചായവണ്ടി കച്ചവടം തുടങ്ങാൻ ഞാൻ
ഉപ്പയ്ക്ക് നൽകി. ആദ്യം നല്ല കച്ചവടവും വരുമാനവും കിട്ടി. വീ
ട്ടിലെ കാര്യങ്ങൾ ഒരു വിധം ഭംഗിയായി നടക്കും എന്ന അവസ്ഥ
യുണ്ടായി. പക്ഷെ, പതുക്കെ ഉപ്പ ഉഴപ്പാൻ തുടങ്ങി. അതോടെ ക
ച്ചവടം പൊളിഞ്ഞു.
അങ്ങനെ മത്സരത്തിനയച്ച ഒരു കഥയിലൂടെ മലയാളത്തിലെ പ്രമുഖ
എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയെ ഞെട്ടിച്ച ഒരു
കഥ കൂടിയുണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്. അതിനെ കുറിച്ച്?
തലശ്ശേരി ബ്രണ്ണൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പൊഴാണത്.
കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം സാഹിത്യ മത്സര
ങ്ങളിലേക്ക് ഞാൻ കഥകളയച്ചിരുന്നു. കഥാകൃത്തും പത്രപ്രവർ
ത്തകനുമായ ദിനേശൻ കരിപ്പള്ളിയാണ് അന്ന് ക്ലാസിലെ പ്രധാന
ചങ്ങാതി. വടകരക്കാരനായ ദിനേശന് അന്നേ പുനത്തിൽ കു
ഞ്ഞബ്ദുള്ളയുമായി നല്ല അടുപ്പമാണ്. അദ്ദേഹവുമായി ചിലവഴിച്ച
നിമിഷങ്ങളെപ്പറ്റി അവൻ വന്നു പറയും. ഞാനത് കൊതി
യോടെ കേട്ടിരിക്കും. വൈക്കം മുഹമ്മദ് ബഷീർ ഒഴിച്ച് മറ്റൊരു സാഹിത്യകാരനേയും
ഞാനന്ന് നേരിൽ കണ്ടിട്ടില്ല. വലിയ അടുപ്പ
ക്കാരെ പോലെ ‘കുഞ്ഞീക്ക’ എന്നാണ് ദിനേശൻ പുനത്തിലിനെ
കുറിച്ച് പറയുക. ആയിടയ്ക്ക്, പുനത്തിൽ ഒരു കഥാമത്സരത്തി
ന്റെ പ്രധാന ജഡ്ജിയായി പോയപ്പോൾ വായിച്ച ഒരു കഥയെ കുറിച്ച്
വലിയ അഭിപ്രായം പറഞ്ഞ കാര്യം അവൻ എന്നോട് സൂചി
പ്പിച്ചു. കഥ വായിച്ച് താൻ ഞെട്ടിപ്പോയി എന്ന് പുനത്തിൽ പറ
ഞ്ഞത്രെ. കഥയുടെ പ്ലോട്ട്തന്നെ ഏറെ പുതുമയുള്ളതാണ്. ഇടവഴിയിൽ
നിന്നും ഒരാൾക്ക് ഒരു കണ്ണ് വീണു കിട്ടുന്നതും അതിന്റെ
ഉടമയെ തേടി നടക്കുന്നതുമാണ് കഥ. ഞാനന്ന് ക്ലാസ് നോട്ട്ബു
ക്കിൽതന്നെയാണ് കഥകളെഴുതാറ്. ദിനേശൻ പറയുന്നത് കേട്ട്
നോട്ടുപുസ്തകം തുറന്ന് ഒരു കഥ കാണിച്ചിട്ടു ഞാൻ ചോദിച്ചു,
നിന്റെ കുഞ്ഞീക്ക പറഞ്ഞ കഥ ഇതല്ലേ? ‘ആർക്കും വേണ്ടാത്ത
ഒരു കണ്ണ്’ എന്ന ആ കഥ എഴുതിയത് ഞാനാണ്. ദിനേശൻ അതു
വിശ്വസിക്കാനാവാതെ അന്തംവിട്ടിരുന്നു. പക്ഷെ, സമ്മാന
വാർത്ത വന്നപ്പോൾ എന്റെ പേരില്ലായിരുന്നു.
താങ്കളുടെ ആദ്യകഥാസമാഹാരത്തിന്റെ പേരും ‘ആർക്കും വേ
ണ്ടാത്ത ഒരു കണ്ണ്’ എന്നുതന്നെയല്ലേ?
അതെ. ആ പുസ്തകത്തെ കുറിച്ച് ആഹ്ലാദകരമായ ചില ഓർ
മകൾ കൂടിയുണ്ട്. കണ്ണൂരിൽ നടന്ന പുസ്തകത്തിന്റെ പ്രകാശന
ച്ചടങ്ങ് മലയാളത്തിലെ രണ്ട് മഹാരഥന്മാരുടെ അപൂർവ സംഗമം
കൊണ്ട് അവിസ്മരണീയമായി. പ്രൊഫസർ എം.എൻ. വിജയനായിരുന്നു
പുസ്തകപ്രകാശനം നടത്തിയത്. ചടങ്ങിന്റെ അധ്യ
ക്ഷൻ സാക്ഷാൽ ടി. പത്മനാഭനും. അധികം വൈകാതെ തപാലിൽ
എനിക്കൊരു കത്തു കിട്ടി. പ്രസിദ്ധ എഴുത്തുകാരനായ വി
ലാസിനിയുടെ. കഥകളെ കുറിച്ച് പഠിച്ച് സവിസ്തരം അദ്ദേഹം
കത്തിൽ പ്രതിപാദിച്ചിരുന്നു. പ്രത്യേകിച്ചും ‘ആർക്കും വേണ്ടാത്ത
ഒരു കണ്ണ്’ എന്ന കഥയെപ്പറ്റി. ഒരു ചെറിയ കഥാകാരനായ എന്നെ
മലയാളത്തിലെ വലിയൊരു കഥാകാരൻ മനസ് നിറഞ്ഞ്
അനുഗ്രഹിച്ചതായിട്ടാണ് അതു കണ്ടപ്പോൾ എനിക്ക് തോന്നിയത്.
താമസിയാതെ പ്രശസ്ത കഥാകൃത്തായ എം. സുകുമാരനിൽ
നിന്ന് കഥാസമാഹാരത്തെ അഭിനന്ദിച്ചു കൊണ്ട് ഒരു കാർഡ് കി
ട്ടി. അതിലും ‘ആർക്കും വേണ്ടാത്ത ഒരു കണ്ണ്’ എന്ന കഥയെയാണ്
അദ്ദേഹം ഏറെ പ്രശംസിച്ചത്. വൈകാതെ ആ കഥയെ കുറി
ച്ച് മലയാളത്തിലെ ഏറ്റവും നല്ലൊരു കഥാപഠനം എഴുതിക്കൊ
ണ്ട് കഥാകാരനായ എൻ. പ്രഭാകരനും മനസറിഞ്ഞ് എന്നെ അനുഗ്രഹിച്ചു.
അങ്ങനെ ‘ആർക്കും വേണ്ടാത്ത ഒരു കണ്ണ്’ എന്ന കഥ
എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി.
അനുഭവങ്ങൾ സൃഷ്ടിയിൽ എത്രത്തോളം പ്രചോദനമായിട്ടു
ണ്ട്?
എന്റെ നാടും വീടും കുടുംബക്കാരും പരിചയക്കാരും അനുഭവങ്ങളുമൊക്കെതന്നെയാണ്
എന്റെ മിക്ക കഥകളിലും വേഷം മാറിയും
അല്ലാതെയും കടന്നു വരുന്നത്. നമ്മുടെ സ്വകാര്യ അനുഭവങ്ങൾ
കഥകളുടെ പ്രമേയമാക്കാം എന്നെന്നെ പഠിപ്പിച്ചത് ബഷീറാണ്.
അപരിചിതമായ കാര്യങ്ങളെ കഥയാക്കാൻ ഞാനധി
കം ശ്രമിച്ചിട്ടില്ല. ‘കാട്ടിലേക്കു പോകല്ലേ കുഞ്ഞേ’ എന്ന കഥയിൽ
എന്റെ ഉമ്മ തന്നെയാണ് പ്രധാന കഥാപാത്രമായി വരുന്നത്. ഉ
പ്പുമ്മ, ‘അവിടെ നീ ഉണ്ടാകുമല്ലൊ’ എന്ന കഥയിൽ കടന്നു വരു
ന്നുണ്ട്. വളപട്ടണത്തെ ഒരു മരമില്ലിൽ മൂന്നര വർഷ കാലം രാത്രി
വാച്ച്മാനായി പണിയെടുത്തതിന്റെ അനുഭവമാണ് ‘മരമില്ലിലെ
കുറുക്കൻ’ എന്ന കഥ. പൊയ്ത്തുംകടവ് എന്ന ഗ്രാമത്തിൽ ഭ്രാ
ന്തനായി അലഞ്ഞു നടന്ന ഒരാളാണ് ‘മഞ്ഞു കാലം’ എന്ന കഥയിലെ
അസൈനാർക്ക. ഒരു രാത്രി മലബാർ എക്‌സ്പ്രസ് തീവ
ണ്ടിയുടെ ജനറൽ കംപാർട്‌മെന്റിൽ യാത്ര ചെയ്തപ്പോൾ കിട്ടിയ
ദുരനുഭവങ്ങളാണ് ഏറെ കോളിളക്കം ഉണ്ടാക്കിയ ‘മലബാർ എക്‌സ്പ്രസ്’
എന്ന കഥയായി മാറിയത്. കുടുംബത്തിലെ ദാരിദ്ര്യ
വും പട്ടിണിയും പൊറുതി മുട്ടിച്ച് ജീവിതം വല്ലാതെ ദുസ്സഹമായ
സമയത്തെ ചില നിസ്സഹായതകളാണ് ‘പരിണാമദശയിലെ ഒരേട്’
എന്ന കഥയ്ക്കാധാരം.
ആറു വർഷത്തോളം ഗൾഫിൽ പ്രവാസിയായി (ദുബായിൽ) ജീ
വിച്ച ഒരാളാണ് താങ്കൾ. ഗൾഫുകാരന്റെ ജീവിതത്തെ കുറിച്ച് മൂർ
ച്ചയുള്ള കുറേ നിരീക്ഷണങ്ങളും താങ്കൾക്കുണ്ട് – എപ്പോഴും തിരി
ച്ചു പോകാൻ പാകത്തിൽ കെട്ടിവച്ച പെട്ടിയാണ് ഗൾഫുകാരന്റെ
പ്രതീകം, എല്ലാ ഗൾഫുകാരന്റെയും ജീവിതം പണയപ്പെടുത്തിയ ശരീരമാണ്,
എന്നിങ്ങനെ വ്യക്തവും വ്യതിരിക്തവുമായ അഭിപ്രായ
ങ്ങൾ. അപ്പോഴും ഗൾഫ് പ്രവാസത്തെ കുറിച്ച് ‘രണ്ട് എളേപ്പമാർ’
പോലുള്ള ചുരുക്കം ചില കഥകളെ താങ്കൾ എഴുതിയിട്ടുള്ളു. എന്തു
കൊണ്ട് കൂടുതൽ ഗൾഫു കഥകൾ ഉണ്ടായില്ല?
ഗൾഫിലെത്തിയാൽ നാം നമ്മുടെ പാസ്‌പോർട്ട് സ്‌പോൺ
സർക്ക് പണയം വയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. അതിന് കൈയിൽ
ആമം വയ്ക്കുന്നതുമായിട്ടല്ലാതെ മറ്റൊന്നുമായി സാമ്യമില്ല.
അതോടെ നമ്മുടെ അസ്തിത്വം നഷ്ടപ്പെടും. അതുണ്ടെന്ന് സ്വ
യം ബോധ്യപ്പെടുത്താനുള്ള വ്യഗ്രതയിൽ മലയാളി ജീവിക്കുന്ന
ത് ഒരു റിയാലിറ്റിയിൽ അല്ലാതായിത്തീരുന്നു. അവനവൻതന്നെ
സൃഷ്ടിക്കുന്ന മറ്റൊരു റിയാലിറ്റിയിലാണ് പിന്നെ അവന്റെ ജീവി
തം. അതോടെ മലയാളിക്ക് നഷ്ടമാകുന്നത് അവന്റെ യഥാർത്ഥ
മുഖമാണ്. അങ്ങനെ മറ്റൊരു റിയാലിറ്റിയിൽ ജീവിക്കുന്ന മലയാളിയെ
കഥയ്ക്ക് വിഷയമാക്കുക എളുപ്പമല്ല. മറ്റൊരർത്ഥത്തിൽ
പറഞ്ഞാൽ ഏറെ അദ്ധ്വാനവും സമയവും എടുത്ത് ചെയ്യേണ്ട വലിയ
വെല്ലുവിളിയുള്ള പണിയാണത്. എങ്കിലും ഗൾഫ് പ്രവാസത്തെ
കുറിച്ച് എഴുതണമെന്നത് എപ്പോഴും എന്റെ ആലോചനയി
ലുള്ള കാര്യമാണ്. ഇപ്പോഴും അതുണ്ട്.
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകൾ ഒരു പോലെ അസഹിഷ്ണുത
ഇളക്കിവിട്ട് ജനജീവിതത്തെ താറുമാറാക്കുന്ന വർത്തമാന കാല
ത്ത് സാഹിത്യകാരന്മാർക്കുമുള്ള പ്രസക്തി എന്താണ്?
അക്ഷരസംസ്‌കാരത്തിലൂടെ രൂപപ്പെട്ട ചരിത്രമാണ് കേരള
ത്തിന്റേത്. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും സഹോദരൻ
അയ്യപ്പനും വി.ടിയും എം.ആർ.ബിയും ഇ.എം.എസും ഉൾ
പ്പെടെ കേരളത്തെ പുതുക്കിപ്പണിതവരെല്ലാം എഴുത്തുകാരായി
രുന്നു. അവരുടെ വാക്കുകൾക്കായി ജനത കാതോർത്തു. ഇന്ന് ഒരു
നാലാംകിട സിനിമാക്കാരന് കിട്ടുന്ന ശ്രദ്ധ പോലും ഒരു നല്ല
എഴുത്തുകാരന് സമൂഹം നൽകുന്നില്ല. ഒരെഴുത്തുകാരൻ അയാളുടെ
എത്രയോ കാലത്തെ തപസ്യയിലൂടെ ഉണ്ടാക്കുന്ന ഒരു പുസ്തകത്തെ
കുറിച്ച് നമ്മുടെ പത്രങ്ങൾ പോലും നാലു വരി എഴുതാൻ
മടിക്കുന്നു. മലയാള അക്ഷരങ്ങളും ഭാഷയും വിറ്റു ജീവിക്കു
ന്ന പത്രങ്ങളാണിത് ചെയ്യുന്നതെന്നോർക്കണം. മുമ്പ് എഴുത്തുകാരന്റെ
ശബ്ദം ഉച്ചത്തിൽ മുഴങ്ങിയിരുന്നു. ഇന്നത് നേർത്ത്
നേർത്ത് വരികയാണ്. നമുക്ക് ആവശ്യമുള്ളപ്പോൾ മാത്രം സാഹി
ത്യകാരനെ അന്വേഷിക്കുകയും അല്ലാത്തപ്പോൾ അവഗണിക്കുകയുമാണ്
നാം ചെയ്യുന്നത്. സാഹിത്യകാരന് മാന്യമായ ഒരിടം
നൽകുകയാണ് നാം ആദ്യം ചെയ്യേണ്ടത്. മതത്തിനതീതരായി മനുഷ്യരെ
കാണാനുള്ള, സ്‌നേഹത്തിന്റെ ഉജ്വലമായ ഒരു ദീപ്തി
യിലേക്ക് അവരെ കൊണ്ടെത്തിക്കുന്ന കാഴ്ചപ്പാടുകൾ സൃഷ്ടി
ക്കാൻ സാഹിത്യകാരൻമാർക്ക് കഴിയും. ചരിത്രം അതിന്റെ നാൾ
വഴികളിൽ അത്തരം സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.
ഭൂമാഫിയയെ സഹായിക്കുന്ന കാര്യത്തിൽ ഇടതു-വലതു പാർട്ടി
കൾ ഒന്നാണ്, പണക്കാരോട് മാത്രമാണ് നമ്മുടെ രാഷ്ട്രീയ നേതാ
ക്കൾക്ക് യഥാർത്ഥ സൗഹൃദം, ഭൂപരിഷ്‌കരണ നിയമത്തിൽ നിന്നും
ഭൂമാഫിയയിലേക്കുള്ള തിരിഞ്ഞു നടത്തമാണ് ഇന്നത്തെ കേരള രാഷ്ട്രീയം
എന്നിങ്ങനെയുള്ള വിലയിരുത്തലുകൾ താങ്കൾക്കുണ്ട്. തുറന്നു
ചോദിക്കട്ടെ, താങ്കളിൽ ഒരു അരാഷ്ട്രീയ വാദിയുടെ മനസ്
രൂപപ്പെടുന്നുണ്ടോ?
രാഷ്ടീയ പാർട്ടികളുടെ നേതൃത്വ സ്ഥാനത്ത് ഇന്ന് ആളുകൾ
കുട്ടംകൂട്ടമായി ഇടിച്ചു കയറുന്നത് അധികാര കേന്ദ്രങ്ങളിൽ എ
ത്താനാണ.് അതിനായി അവർ എടുത്തണിയുന്ന മുഖംമൂടിയാണ്
ആദർശം. അധികാരം കിട്ടുന്ന നിമിഷം ആദർശം അവർ ചവറ്റു
കൊട്ടയിൽ എറിയും. ദുബായ് നഗരത്തിൽ കള്ളപ്പണക്കാരുടെയും
സാമ്പത്തിക ക്രിമിനലുകളുടെയും ബിനാമികളുടെയും തോളിൽ
കൈയിട്ടു നടക്കുന്ന പാർട്ടി നേതാക്കളെ ഞാൻ കണ്ടിട്ടുണ്ട്.
അവർക്ക് ഇടത്-വലത് ഭേദം ഉണ്ടായിരുന്നില്ല. ചികിത്സാരംഗത്തെ
നൈതികതയിൽ ഭരണകൂടത്തിന് ഇന്ന് സ്വാധീനമില്ലാതായി.
വിദ്യാഭ്യാസ രംഗത്തും അതെ. മൂലധന ശക്തികളുടെ പിണി
യാളുകളായി രാഷ്ട്രീയക്കാരും അധികാരവും ഇന്നു മാറിയിട്ടുണ്ട്.
ഇതൊക്കെ എല്ലാവർക്കും അറിയാം. ആരും ഒന്നും അറിയില്ലെന്ന്
നടിച്ച് ജീവിക്കുന്നു. മുഖ്യധാര സത്യത്തെയല്ല എഴുത്തുകാരൻ
പിന്തുടരേണ്ടത്. ഗൗരി ലങ്കേഷ് മുഖ്യധാര രാഷ്ട്രീയക്കാരുമായി
ആദർശപരമായ ഒരു സന്ധിയും ചെയ്യാതിരുന്ന എഴുത്തുകാരിയാണ്.
അതു കൊണ്ടാണ് അവർ കൊല്ലപ്പെട്ടത്. സത്യത്തെ പൈങ്കി
ളീകരിച്ചെങ്കിൽ അവർക്ക് സുഖമായി ജീവിച്ചു മരിക്കാമായിരുന്നു.
അങ്ങനെ ചെയ്യുന്നവരെ അന്തസില്ലാത്ത മരണമാണ് കാത്തിരി
ക്കുന്നത്. എന്റെ കഥകൾ സംസാരിക്കുന്ന രാഷ്ട്രീയം വായന
ക്കാർക്കറിയാം.
വിമർശന-നിരൂപണ രംഗം തീരെ ശുഷ്‌കമായ കാലത്തിലൂടെയാണ്
നാം കടന്നു പോകുന്നത്. താങ്കളുടേത് ഉൾപ്പെടെ പലരുടെയും
കൃതികൾക്ക് ഈ രംഗത്ത് അർഹമായ അംഗീകാരം കിട്ടാതെ പോകുന്നുണ്ട്.
ഇത് എന്തു കൊണ്ടാണ് സംഭവിക്കുന്നത്?
ഒരു പ്രസിദ്ധീകരണ വിഭാഗത്തിന്റെ പിര്യോഡിക്കൽസ് എഡി
റ്ററായി ഇരിക്കുന്നതിനാൽ ഇതിനെ കുറിച്ച് ചില കാര്യങ്ങൾ പറയാം.
ഇന്ന് എഴുത്തുകാരുടെ എണ്ണം വല്ലാതെ വർധിച്ചിട്ടുണ്ട്; പുസ്തകങ്ങളുടെയും.
അവ ഇത്രയൊക്കെ വേണമോ എന്നുവരെ
നമുക്ക് സംശയം തോന്നാം. പുസ്തകങ്ങളുടെ ഈ ബാഹുല്യത്തി
നിടയിൽ ഗുണമേന്മയുള്ള കൃതികൾ പലതും ശ്രദ്ധയിൽ പെടാതെ
പോകുന്നു. നല്ലത് കണ്ടെത്തുക എന്നത് ഇന്ന് വളരെ ശ്രമകരമാണ്.
സർഗാത്മകമായ കഴിവോ പ്രതീക്ഷയോ ഇല്ലാത്ത പലരും
പലതരത്തിലുള്ള ഗിമ്മിക്കുകളിലൂടെ സാഹിത്യത്തിന്റെ ലൈംലൈറ്റിലേക്ക്
അർഹതയില്ലാതെ ഇടിച്ചു കയറി വരുമ്പോൾ അതിന്
ആവതില്ലാത്ത, അർഹതപ്പെട്ടവർ തഴയപ്പെടുകയാണ് ചെ
യ്യുന്നത്. കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും നിപുണരായ
നിരൂപകർക്ക് ഈ പുസ്തകക്കാട്ടിൽ നിന്നും നല്ല കൃതികൾ കണ്ടെത്താൻ
കഴിയണം. അതവരുടെ ഉത്തരവാദിത്വം തന്നെയാണ്.
സൈബർ സാഹിത്യം തകർക്കുകയാണിപ്പോൾ. അത് സാഹിത്യ
ത്തിന് ഗുണകരമാണോ? അത് പ്രിന്റ് മീഡിയയെ എങ്ങനെ ബാധി
ക്കും?
സൈബർ സാഹിത്യത്തിന്റെ ഒരു പ്രധാന പോരായ്മ അവിടെ
എഡിറ്റർമാർ ഇല്ലെന്നുള്ളതാണ്. എഴുതുന്നവർ മികച്ച എഡിറ്റർ
മാർ കൂടിയായിരിക്കണം. അല്ലെങ്കിൽ ഗുണനിലവാരം കുറഞ്ഞു
പോകും. എഴുത്ത് വെറും വികാരപ്രകടനം മാത്രമായി തീരുകയും
ചെയ്യും. സൈബർ സാഹിത്യം പ്രിന്റ് മീഡിയയിലെ സാഹിത്യത്തെ
ഏതെങ്കിലും തരത്തിൽ ബാധിക്കും എന്നു ഞാൻ കരുതുന്നില്ല. ര
ണ്ടിനും രണ്ടു തരക്കാരായ വായനക്കാരുണ്ട്. എഴുത്തുകാരന് പ്രതിഫലം
കിട്ടുന്നില്ല എന്നത് സൈബർ സാഹിത്യത്തിന്റെ ഒരു പ്രധാന
ന്യൂനതയാണ്. അതേ സമയം അത് തുറന്നിടുന്ന ആവിഷ്‌കാര
സ്വാതന്ത്ര്യത്തിന്റെ ചക്രവാളം അനന്തമാണ്.
മൂന്നര പതിറ്റാണ്ടു തികച്ച ഒരാളിൽ നിന്നും ഒരു വലിയ നോവൽ,
വായനക്കാർക്ക് എന്തു കൊണ്ട് പ്രതീക്ഷിച്ചു കൂടാ?
താങ്കളുദ്ദേശിക്കുന്ന തരത്തിൽ ഒരു മേജർ നോവൽ ഇനിയും
ഞാൻ എഴുതാനിരിക്കുന്നതേയുള്ളൂ. അതിന്റെ ആലോചനകൾ
മനസ്സിൽ കനത്തു വരുന്നുണ്ട്.
താങ്കൾ എന്തിനെഴുതുന്നു?
എഴുത്തിലൂടെ എന്നെത്തന്നെ കണ്ടെത്താനാണ് ഞാൻ ശ്രമി
ക്കുന്നത്. ‘അഞ്ചാം മണ്ണിലേക്കുള്ള കത്തുകൾ’ എന്ന കഥയിലെ
അനന്തൻകുട്ടിയെ പോലെ ഞാനെന്ന ജന്മത്തിന് ആരോ അയ
ച്ച സന്ദേശം കാത്തിരിക്കുകയാണ്. ഞാനത് കഥയായി വായിക്കു
ന്നു എന്നു മാത്രം. അതാണെന്റെ എഴുത്തു ജീവിതം എന്നു ചുരു
ക്കി പറയട്ടെ.
മൂന്നര പതിറ്റാണ്ടു കാലമായി കഥയെഴുത്തു രംഗത്തു നിൽക്കു
ന്ന ഒരാളെന്ന നിലയിൽ കഥയെ എങ്ങനെ വിലയിരുത്തുന്നു?
എഴുത്തുകാരൻ സത്യത്തിൽ എഴുതുന്നത് കടലാസിലല്ല. മറിച്ച്
വായനക്കാരുടെ ഹൃദയത്തിലാണ്. അഥവാ വായനക്കാരന്റെ
ഹൃദയത്തിലേക്ക് കടന്നിരിക്കാനുള്ള ഒരു യജ്ഞമാണ് തന്റെ സർ
ഗ ജീവിതത്തിലൂടെ ഓരോ എഴുത്തുകാരനും നടത്തുന്നത്. അതിൽ
വിജയിക്കുന്നവനെ കാലവും വായനക്കാരും നെഞ്ചിലേറ്റും.
അതിന് നല്ല ജീവിതാനുഭവങ്ങളും സത്യത്തിനു മേലുള്ള കഠിനാധ്വാനവുമല്ലാതെ
മറ്റൊരു കുറുക്കു വഴിയുമില്ല. ഈ തിരിച്ചറിവാണ്
ഓരോ എഴുത്തുകാരനും അടിസ്ഥാനപരമായി വേണ്ടത്.
എഴുത്തിനെ കുറിച്ച് എപ്പൊഴും മനസിൽ കൊണ്ടു നടക്കുന്ന
പ്രാർത്ഥന എന്താണ്?
ഞാനെഴുതുന്ന വാക്കുകൾ വീണ്ടും വീണ്ടും ആലോചിക്കാൻ
കഴിയും വിധം വായനക്കാരന്റെ മനസ്സിൽ കുടിക്കൊള്ളണേ എ
ന്ന്. അതിനപ്പുറം ഒരെഴുത്തുകാരന് പിന്നെന്താണ് പ്രാർത്ഥിക്കാനുള്ളത്?