ഇനിയും എഴുതാത്ത കവിതയ്ക്കായ്
ഇടനെഞ്ചിൽ കെട്ടിയതാണ്
ഈ തൊട്ടിൽ.
ഒരു മഴപെയ്ത്തിന്റെ താരാട്ട്
തട്ടിച്ചിതറുന്ന നടുമുറ്റത്ത്
പൊട്ടിപ്പിളർന്ന നാട്ടിടവഴിയിൽ
ഒറ്റപ്പെടലിന്റെ നൊമ്പരം
നീറിപ്പിടയുന്ന മിഴികൾ നട്ട്
എത്രയോ നാൾ…
വരില്ലെന്ന് അറിയാമായിരുന്നു.
എന്നിട്ടും കാത്തിരുന്നു
ഒടുവിൽ ഒച്ചയില്ലാതെ
തീരെ മങ്ങിപ്പോയ
നിലാവില്ലാത്ത ഒരു രാത്രിയിൽ വന്നു.
നടക്കുമ്പോൾ ഇടറിപ്പോകുന്ന
കാലടികൾകൊണ്ട്
മഴയിൽ ഒരു നൃത്തം തീർത്തു.
വൃത്തമില്ലാത്ത, താളമില്ലാത്ത
പ്രാകൃതമായ ഒരു കാറ്റ്
താളം കൊട്ടുമ്പോൾ
ആകാശത്തോളം വളർന്ന്
ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.