(കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ കെ.ആർ. മീര എഴുതിയ ‘ആരാച്ചാർ’ എന്ന നോവൽ. അഞ്ച് വ്യത്യസ്ത പുറംചട്ടകളോടെ ഡി.സി. ബുക്‌സ് പ്രസിദ്ധപ്പെടുത്തിയത്).
ബംഗാളിലെ നീം തല ഘാട്ട് എന്ന ശ്മശാനത്തിലേക്കുള്ള വഴിയിൽ നെല്ലിലും സൂര്യകാന്തി എണ്ണയിലും മൊരിയുന്ന മധുരപലഹാരങ്ങളുടെയും വിറകിൻ ചിതയിലെരിയുന്ന മൃതദേഹങ്ങളുടെയും ഗന്ധം തങ്ങിനിൽക്കുന്ന ഒരു ഇടുങ്ങിയ വീടുണ്ട്. ആ വീട്ടിലിരുന്നാണ് ആരാച്ചാർ ഫണിഭൂഷൺ ഗ്രദ്ധാമല്ലിക്ക് താൻ നാനൂറ്റി
അൻപത്തിയൊന്നു പേരെ തൂക്കിക്കൊന്ന കഥകൾ വീരരസം കലർത്തി വിവരിക്കുന്നത്. ഇങ്ങനെ മരണം സർവതലസ്പർശിയായി നിറഞ്ഞു വിങ്ങി നിൽക്കുന്ന ഒരന്തരീക്ഷത്തിൽനിന്നാണ് തന്റെ നോവലിലേക്ക് വനിതാ ആരാച്ചാരായി ചേതന ഗ്രദ്ധാ മല്ലിക്കിനെ കെ.ആർ. മീര കണ്ടെടുക്കുന്നത്. ‘ആരാച്ചാർ’ എന്ന നോവലിലെ
നായികയായ ചേതന ചരിത്രാന്വേഷകയും വളരെ നന്നായി സംസാരിക്കാനറിയാവുന്നവളുമാണ്. സ്വന്തം കുടുംബമഹിമ എന്നാൽ തൂക്കിക്കൊലകളുടെ കഥകൾ നിറഞ്ഞ ചരിത്രമാണെന്നവൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ ചരിത്രത്തിൽ ഊന്നിനിന്നുകൊണ്ടാണ് നിഷ്പ്രയാസം അവൾ യതീഭൂനാഥ് ബാനർജിയെ തൂക്കിക്കൊല്ലുന്നത്. അതേ ചരിത്രകഥകളുടെ സഹായത്തോടെയാണ്
ഒരു വിവാഹ വാഗ്ദാനത്തിന്റെ മറവിൽ തന്നെ കബളിപ്പിച്ച സഞ്ജീവ് കുമാർ മിത്ര എന്ന ചാനൽ റിപ്പോർട്ടറെ അവൾ ശിക്ഷിക്കുന്നത്.
സമകാല സാമൂഹ്യാവസ്ഥകളിലോ രാഷ്ട്രീയ പരിതോവസ്ഥകളിലോ യാതൊരു പ്രാധാന്യവും ഇല്ലാത്ത ഒരു കുടുംബമാണ് ആരാച്ചാരുടേത്. വീട്ടിലെ പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കാനുള്ള മാർഗങ്ങളേക്കാൾ തന്റെ തൂക്കിക്കൊലകളുടെ ചരിത്രം പറഞ്ഞ് ആനന്ദിക്കുന്ന അച്ഛനും ഒരു ചെറിയ ചായക്കടയുടെ
വരുമാനത്താൽ വീട്ടുചെലവു നടത്തുന്ന അമ്മയുടെയും വികലാംഗനായ
സഹോദരന്റെയും ഭൂതകാലത്തിന്റെ വീരചരിത്രങ്ങളിൽ മയങ്ങി മതിമറന്നു ജീവിക്കുന്ന മുത്തശ്ശിയുടെയും ഇടയിലാണ് ചേതന. യതീഭൂനാഥ് ബാനർജിയുടെ തൂക്കിക്കൊല ഗവൺമെന്റ് തീരുമാനിക്കുന്നതോടെയാണ് ആരാച്ചാർ കുടുംബം പെട്ടെന്ന് പ്രാധാന്യമുള്ളവരാകുന്നത്. അവരെ പ്രാധാന്യമുള്ളവരാക്കുന്നതാവട്ടെ
ഇന്ന് നിലനിൽക്കുന്ന മാധ്യമ സംസ്‌കാരമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെ നിൽക്കുന്ന ഈ കുടുംബത്തെയും അവിടെ സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് ആരാച്ചാർജോലിയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്ന ചേതന എന്ന ഇരുപത്തിരണ്ടു വയസു മാത്രം പ്രായമുള്ള ഈ പെൺകുട്ടിയെും എങ്ങനെ മാധ്യമങ്ങൾ കച്ചവടം ചെയ്യുന്നു എന്നതിന്റെ ഏറ്റവും നല്ല അവതരണം മീര ഈ നോവലിലൂടെ കാണിച്ചുതരുന്നു. വാർത്ത ഉണ്ടാക്കാൻ അറിയാവുന്നർ സഞ്ജീവ് കുമാർ മിത്ര എന്ന ചാനൽ താരം ആദ്യം ലക്ഷ്യമിടുന്നത് ആരാച്ചാരെതന്നെയാണ്. അവന് വാർത്ത ഉണ്ടാക്കാനറിയാം എന്ന കമന്റും ആരാച്ചാരുടേതുതന്നെയാണ്. ആ ഗുണംകൊണ്ടാണ് ചേതനയെപ്പോലെ ന്യൂസ്‌വാല്യു ഉള്ള ഒരു താരത്തെ കൈവിട്ടു പോകാതിരിക്കാനായി ആദ്യം അയാൾ ഒരു കരാറിൽ ഒപ്പിടീക്കുന്നത്. ആ കരാറിന് ഒരു ബലം പോരാ എന്ന തോന്നലിൽനിന്നാണ് ഒരു വിവാഹവാഗ്ദാനം ഉണ്ടാകുന്നത്. അവളെ മറ്റാർക്കും
ഒരു ഇന്റർവ്യൂവിനുപോലും വിട്ടുകൊടുക്കില്ല എന്ന തീരുമാനത്തിന്റെ ബാക്കിപത്രമാണിത്. ഹാങ് വുമൻസ് ഡയറി എന്ന പരിപാടി ആസൂത്രണം ചെയ്യുമ്പോൾ അതിന്റെ മെച്ചം കൊണ്ട് സ്വന്തം ചാനലിന്റെയും തന്റെയും റേറ്റിംഗ് ഉയരുന്നതിനെ പറ്റി അയാൾ തികച്ചും ബോധവാനാണ്. ആ ലക്ഷ്യത്തിൽ എത്താനായി എന്തു
വഴിയും കുതന്ത്രവും സ്വീകരിക്കാം എന്ന നയത്തിന്റെ വക്താവാണ് അയാൾ. അത്തരം വഴികളിലും വളർച്ചയുടെ പാതകളിലും വിശ്വാസമില്ലാഞ്ഞതിനാലാണ് മാനവേന്ദ്ര ബോസ് എന്ന പത്രപ്രവർത്തകൻ സഞ്ജീവ് കുമാർ മിത്ര ‘നമ്മൾ’ എന്ന വിശേഷണം ഉപയോഗിക്കുമ്പോൾ അതിനെ എതിർക്കുകയും നിങ്ങളെ ഞങ്ങൾക്ക്
മനസ്സിലാവുന്നില്ല എന്നു പറയുകയും ചെയ്യുന്നത്. മാനൊദായുടെ ഭവിഷ്യത്ത് ഇന്നും തുടങ്ങിയ നിലയിൽതന്നെ നിൽക്കുന്നതും അത്തരം വഴികളിലൂടെ സഞ്ചരിക്കുവാനുള്ള താൽപര്യമില്ലായ്മയാലാണ്.
സഞ്ജീവ് കുമാർ മിത്ര തന്നോടുള്ള സ്‌നേഹത്താലോ ഒരു ത്യാഗം ചെയ്യാനുള്ള മനസ്സുകൊണ്ടോ അല്ല ഈ വിവാഹ വാഗ്ദാനം നൽകുന്നതെന്ന ആദ്യം ബോദ്ധ്യപ്പെടുന്നതും ചേതനയ്ക്കാണ്. അതിനു കാരണം ഒരേസമയം അയാളുടെ വാക്കുകൾകൊണ്ടും സ്പർശനം കൊണ്ടുമുള്ള കടന്നാക്രമണങ്ങളായിരുന്നു. ”നിന്നെ ഒരിക്കലെങ്കിലും അനുഭവിക്കണം” എന്ന വാക്കുകളിലെ ധാർഷ്ട്യം യജമാനഭാവം. അവളുടെ അസ്ഥികളിലൂടെ പുളിരസം പായിച്ച ആ വാചകം. കൃത്യമായ കണക്കുകളോടെ ഒരു കുടുക്കു മെനഞ്ഞുണ്ടാക്കാൻ അവളെ പ്രാപ്തയാക്കുന്നത്ര അപമാനകരമായി തോന്നിച്ച ആ വാചകമാണ് പിന്നീടുള്ള ഏതവസരത്തിലും അവളെ സംശയത്തോടെ വീക്ഷിക്കാൻ ആ പെൺകുട്ടിയെ പ്രേരിപ്പിക്കുന്നത്. അയാൾ ചാനലിന്റെ വാർത്തകളെയും അതിന്റെ റേറ്റിംഗിനെയും മാത്രമാണ് സ്‌നേഹിച്ചിരുന്നത് എന്നതിന് അനേകം ഉദാഹരണങ്ങൾ നോവലിൽ പതിഞ്ഞുകിടപ്പുണ്ട്. ആദ്യമായി അവൾ ജയിലിലേക്ക് പോവുമ്പോൾ അവളോടൊപ്പം പോകേണ്ടത് അയാളുടെ ആവശ്യമാണ്. വാർത്തയ്ക്കുള്ള ‘മെറ്റീരിയൽ’ കിട്ടുന്നതോടെ അയാൾക്ക് തിരക്കാവുന്നു. നിങ്ങൾ ഒറ്റയ്ക്കു പോവില്ലേ എന്ന ചോദ്യത്തോടൊപ്പമുള്ള ധൃതികൾ ഈ മനോഭാവം പൂർണമായും വ്യക്തമാക്കുന്നുണ്ട്. അന്ന് സഞ്ജീവ് കുമാർ മിത്ര ചേതനയെ സംബന്ധിച്ചിടത്തോളം ”ശരീരത്തെ അസഹ്യമായും ആത്മാവിനെ അക്ഷന്തവ്യമായും മുറിവേല്പിച്ച പുരുഷനാണ്”. ആ സംഭവത്തോടെ സ്‌നേഹശൂന്യമായ സ്പർശനങ്ങളുടെ കയ്പ് അവളിൽ പൂർണമാവുന്നു. അതേസമയം ഇദ്ദേഹം നമ്മുടെ ദൈവമാണ് എന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ച് അവരുടെ വിശ്വാസം ആർജിച്ചുകൊണ്ട് അതിന്റെ മറയിൽ അയാൾ വാർത്തകൾ ഉണ്ടാക്കുകയും ചെയ്യുന്നു. വളകൾ അയാളാണ് മോഷ്ടിക്കുന്നതെങ്കിലും ടി.വി. ചാനലിൽ അത് ചേതന മോഷ്ടിക്കുന്നതായി വരുത്തിത്തീർക്കുന്നത് അവളെ അല്പം ഭീഷണി ഉപയോഗിച്ച് തന്റെ വരുതിയിൽ നിർത്താനുള്ള ഗൂഢമായ തന്ത്രത്തിന്റെ ഭാഗം കൂടിയാണ്.
എന്നാൽ ഇതിനെയൊക്കെ തിരിച്ചറിയാനും മറികടക്കാനും അവൾക്ക് കഴിയുന്നു. ചേതനയെപ്പോലെയൊരു പെൺകുട്ടിക്ക് ചാനലും അതിലെ ചർച്ചകളുമൊക്കെ വലിയ കാര്യങ്ങളാണെങ്കിലും അവളെ ഇതൊന്നും ഭ്രമിപ്പിക്കുന്നതേയില്ല. അയാളുടെ
ചോദ്യങ്ങൾക്ക് വ്യക്തവും കൃത്യവുമായ മറുപടികൾ നൽകിക്കൊണ്ട് അവൾ കാഴ്ചക്കാരെയും കേൾവിക്കാരെയും അത്ഭുതപ്പെടുത്തുന്നു. ചർച്ചകൾ തന്നെ ഭ്രാന്തു പിടിപ്പിക്കുന്നതായും അതിനിടയിലൂടെ തന്റെ ജീവിതം കൈവിട്ടുപോവുന്നത് താനറിയുന്നു എന്ന സത്യം തുറന്നുപറയുന്നുമുണ്ട്. ഈ തുറന്നുപറച്ചിലിലാണ്
സഞ്ജീവ് കുമാർ മിത്ര അവൾക്കുമേൽ നേടുന്ന വിജയങ്ങളത്രയും
തുച്ഛീകരിക്കുന്നതും.
‘ഹാങ് വുമൻസ് ഡയറി’ എന്ന പരിപാടി പ്രക്ഷേപണം ചെയ്യുന്ന കാലത്തുതന്നെയാണ് അംലഷോളിൽ പട്ടിണിമരണം നടക്കുന്നത്. ആ വാർത്ത റിപ്പോർട്ട് ചെയ്യാനുള്ള നിർദേശം വരുമ്പോൾ അയാള പ്രതികരിക്കുന്നത് പണ്ടാരമടക്കാൻ എന്നാണ്. വെറും രണ്ടുപേർ മരണപ്പെട്ടതിന് അത്രയും ദൂരം കാറോടിച്ച് പോകുന്നതിന്റെ ദുർചെലവിനെ കുറിച്ച് സഞ്ജീവ് കുമാർ പരിതപിക്കുന്നുണ്ട്. പ്രൊതിമാദി എന്ന വൃദ്ധയുടെ ചെറിയ കുടിലിൽ വച്ചാണ് ഈ പ്രതികരണം സംഭവിക്കുന്നത്. അവിടെ വച്ചുണ്ടായതുകൊണ്ടുതന്നെ അയാളുടെ ശബ്ദത്തിലെ നിരാർദ്രത അവളെ കൂടുതൽ വേദനിപ്പിക്കുന്നുണ്ട്. പിറ്റേദിവസം ചാനൽ ചർച്ചയ്‌ക്കെത്തുമ്പോൾ അന്ന് മറ്റെല്ലാ ചാനലുകാരും അംലഷോളിന്റെ പിന്നാലെ ആയതിനാൽ നമ്മൾ കുറച്ചുകൂടി എനർജറ്റിക്കാവണം എന്നൊരു നിർദേശമാണ് ചേതനയ്ക്ക് അയാൾ നൽകുന്നത്. യജമാനൻ അടിമയ്ക്കു നൽകുന്ന നിർദേശമായി അയാളതിനെ കണക്കാക്കുന്നു എന്ന് തോന്നിയതുകൊണ്ടുതന്നെ അവൾ അന്ന് ”തുല്യനോ നിസ്സാരനോ ആയ ഒരാളോടെന്നവണ്ണമാണ്” സംസാരിച്ചു തുടങ്ങുന്നത്. യതീന്ദ്രനാഥ് ബാനർജിയുടെ വധശിക്ഷയ്ക്ക് സ്റ്റേ വരുന്നതോടെയാണ് ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഒരു മാടിർഖുഡി
ചവിട്ടിമെതിച്ച് കടന്നുപോവുന്നതുപോലെ അയാൾ തന്നെ കടന്നുപോവുന്നതെന്ന്
അവൾ തിരിച്ചറിയുന്നു. ചേതനയുടെ സഹോദരനെ ആശുപത്രിയിൽ കാണാനെത്തുമ്പോൾ അയാൾ അവളോട് കാണിക്കുന്ന അപരിചിതഭാവം അവളുടെ വാർത്താപ്രാധാന്യം കുറയുന്നതുകൊണ്ടുതന്നെയാണ്. വികലാംഗനായ രാമുവിന്റെ
ശരീരം കാണുന്ന ക്യാമറയുടെ ആർത്തിക്കു മുമ്പിൽ ചേതന നിസ്സഹായയാവുന്നതും വാർത്താപ്രാധാന്യം എന്ന ഒരൊറ്റ കണക്കിനു മുന്നിൽ ന്യൂനീകരിക്കപ്പെടുന്ന മനുഷ്യത്വത്തിന്റെ എല്ലാ ഘടകങ്ങളുമാണ്. യതീന്ദ്രനാഥ് ബാനർജിയുടെ തൂക്കിക്കൊല ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പത്‌നിയും മറ്റു സ്ര്തീകളും നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ സഞ്ജീവ് കുമാർ മിത്ര ആവശ്യപ്പെടുന്നതിന്റെ കാരണം അയാൾ പറയുന്നത് അവൾക്ക് കൂടുതൽ ‘മൈലേജ്’ കിട്ടും എന്നാണ്. വാർത്താലേഖകരുടെ ഭാഷയിൽ അതൊരു നല്ല വാക്കായിരിക്കാം. പക്ഷേ അതിൽ അപമാനം നിറഞ്ഞുനിൽക്കുന്നതായി അവൾക്ക് തോന്നുകയും താനൊരു പെട്രോൾകാറല്ല എന്ന് തിരിച്ചടിക്കുകയും ചെയ്യുന്നു.
സഞ്ജീവ് കുമാർ മിത്രയുടെ ഓഫീസും അതിന്റെ രീതികളും ചേതനയെ മടുപ്പിക്കുമ്പോൾ മാനവേന്ദ്ര ബോസിന്റെ ‘ഭവിഷ്യത്ത്’ എന്ന പരാധീനത നിറഞ്ഞ പത്രമാഫീസ് അവളുടെ അഭയമാവുന്നത് ശ്രദ്ധാർഹമാണ്. ഭവിഷ്യത്തിലെ സത്യവും നേരും നിറഞ്ഞ വഴികളാണ് മറ്റിടങ്ങളിലെ ആർഭാടപൂർണമായ അവസ്ഥകളേക്കാൾ അവൾ ഇഷ്ടപ്പെടുന്നത്.
ഫൊണിഭൂഷൺ ഗ്രദ്ധാ മല്ലിക്ക് ഇരട്ട കൊലപാതകത്തിൽ പ്രതിയാവുന്നതോടെയാണ് സഞ്ജീവ് കുമാർ വീണ്ടും സജീവമാകുന്നത്. പക്ഷേ അപ്പോഴേക്കും അയാളുടെ പൂർവ ചരിത്രങ്ങളാൽ അയാളെ തികച്ചും നിസ്സഹായനാക്കാമെന്നും അയാളുടെ അമ്മ
ആഗ്രാവാലിയാണെന്നതുകൊണ്ട് അയാളുടെ വർത്തമാനകാലം കൊണ്ട് അയാളെ നിരായുധനാക്കാമെന്നും അവൾ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. ഇരട്ട കൊലപാതകം നടന്നയിടത്തും അയാൾ വാർത്തകളും വിഷ്വലും തേടുന്നതും നല്ല അവസരങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതും കാണുമ്പോഴാണ് മാധ്യമ സംസ്‌കാരത്തിന്റെ യഥാർത്ഥ മുഖം നമുക്ക് വ്യക്തമാവുന്നത്. വീട്ടിലേക്ക്
അത്യാവശ്യം വേണ്ട സാധനങ്ങളുമായി വരുന്ന മാനവേന്ദ്രബോസും ”ചേതന ജയിലിൽ പോയില്ലേ?” എന്ന ചോദ്യവുമായി പാഞ്ഞെത്തുന്ന സഞ്ജീവ് കുമാറും തമ്മിലുള്ള വ്യത്യാസംതന്നെയാണ് ഇത്. മാനവികത നഷ്ടപ്പെട്ട് വെറും മത്സരം മാത്രമായി
മാറിയ മാധ്യമലോകത്തിന്റെ കൗശലങ്ങൾ! തൂക്കിക്കൊല നടന്ന ദിവസം വളരെ വിദഗ്ദ്ധമായി അയാൾ അവളെ സ്റ്റുഡിയോയിൽ എത്തിക്കുന്നു. ഒരേസമയം റേറ്റിംഗും
ക്വാളിറ്റിയും ഉയർത്താനും സി.എൻ.സി. ചാനലിന് മേൽക്കൈ നേടാനും കഴിഞ്ഞതിന്റെ വലിയ സന്തോഷത്തിലായിരുന്നു ചാനൽ ഓഫീസ്. പതിനാലു കുട്ടികൾ തൂക്കിക്കൊല അനുകരിച്ചതിന്റെ വലിയ വാർത്താപ്രാധാന്യമായിരുന്നു അതിലേറെ. യതീന്ദ്രനാഥ് ബാനർജിയുടെ സഹോദരൻ കാർത്തിക്കിനെ പണം
കൊടുത്ത് ചാനലിൽ എത്തിച്ചത് തൂക്കിക്കൊലയിൽ അഭിനയിപ്പിക്കാനാണ് പ്ലാൻ എന്നുകൂടി വ്യക്തമാവുന്നതോടെ അയാൾക്ക് ഇനി പ്രശംസകൾ നേടിക്കൊടുക്കേണ്ട എന്നവൾ തീരുമാനിക്കുന്നു. അയാളുടെ കൗശലങ്ങളെയത്രയും ഒന്നിച്ച് അവൾ കുടുക്കിടുന്നു. ആദ്യം സ്‌നേഹശൂന്യമായി തന്റെ ശരീരത്തെ സ്പർശിച്ചതു മുതൽ
അവൾ കൃത്യമായൊരു കുടുക്ക് അയാൾക്ക് കരുതിവച്ചിരുന്നു. ഒരിക്കലെങ്കിലും അനുഭവിക്കുക എന്ന മോഹം അങ്ങനെ പൂർത്തിയാവുന്നു. സഞ്ജീവ് കുമാർ മിത്രയെ തൂക്കിനിർത്തി ചാനലിന്റെ ഓഫീസ് വിട്ട് വളരെ ഉത്സാഹത്തോടെ ആരാച്ചാർ ഇറങ്ങിപ്പോവുമ്പോൾ മാധ്യമങ്ങളുടെ മുഴുവൻ നെറികേടുകളുമാണ് അവൾ കെട്ടിത്തൂക്കുന്നത്.
സ്വന്തം അമ്മ മരിച്ചുപോയി എന്നു പറഞ്ഞു വിശ്വസിപ്പിച്ച ഒരുവൻ കൂടിയാണ് ആ ചാനൽ റിപ്പോർട്ടർ. അമ്മയുടെ സംസ്‌കാരവും പാരമ്പര്യവും മകൻ വെറുത്തതിനാലാവാം എന്ന് ന്യായത്തിനു പറയാമെങ്കിലും അതിൽപോലും അയാളുടെ കൗശലബുദ്ധികളുണ്ട്. വാർത്തയ്ക്കുവേണ്ടിയുള്ള അത്തരം കൗശലങ്ങൾ അവൾക്ക് മനസ്സിലാവുമ്പോൾ മുതലാണ് അവൾ ചിരിച്ചുതുടങ്ങുന്നത്. സഞ്ജീവ് കുമാർ മിത്രയെ ഏറ്റവും ഭയപ്പെടുത്തുന്നതും അവളുടെ ചിരികളാണ്. മാധ്യമങ്ങളെ ഒരു പാഠം പഠിപ്പിച്ച് അവരുടെ മേൽക്കൈകൾ എത്ര പൊള്ളയാണ് എന്ന തിരിച്ചറിവു നൽകി അവയെ ഒന്നാകെ കെട്ടിത്തൂക്കി ഇറങ്ങിവരുന്ന പെൺകുട്ടി സൂക്ഷിച്ചുകൊണ്ടുപോകുന്നത് മണ്ണാണ്. ‘അമ്മ, മണ്ണ്, മനുഷ്യൻ’ (മാ, മാടിർ, മാനുഷ്) എന്ന വാക്കുകളാണ് തന്റെ അവസാന സന്ദേശമെന്ന വണ്ണം അവൾ ചാനൽപ്രവർത്തകനോട് പറയുന്നത്. അയാൾ മറന്നുപോയതും നിലനില്പിന്റെ ആധാരവുമായ മൂന്നു തലങ്ങൾ – അടിസ്ഥാന ഭാവങ്ങളാണിവ. ഇത് ലോകത്തിന്റെ മുന്നിലേക്ക് അവതരിപ്പിച്ചുകൊണ്ട് നോവൽ അവസാനിപ്പിക്കുന്നു. ആരാച്ചാരുടെ കഥയായി, തൂക്കിക്കൊലകളുടെ ചരിത്രമായി ഒക്കെ ഇതിനെ വായിച്ചെടുക്കാമെങ്കിലും നമ്മുടെ മാധ്യമസംസ്‌കാരത്തിന്റെ ജീർണതയുടെ ഒരു തലം അതിനൊപ്പം ഇതിൽ നിൽക്കുന്നു. കെ.ആർ. മീര പറയാതെ പറയുന്ന ഒരു കഥയായി അതിവിടെ നിറഞ്ഞുനിൽക്കുകയും ചെയ്യുന്നു.