ലോകത്തിന്റെ പല ഭാഗങ്ങളിൽ കവിത എങ്ങനെ സഞ്ചരിക്കു
ന്നുവെന്നറിയാൻ പൊതുവെ നോക്കിയാൽ വഴിയൊന്നുമില്ല.
ഇംഗ്ലീഷ് പരിഭാഷ എന്ന മാധ്യമത്തിലൂടെയല്ലാതെ ഇന്ത്യയിലെതന്നെ
മറ്റു ഭാഷകളിലെ കവിതയുടെ സ്വഭാവംപോലും അറിയുകവയ്യ.
മറ്റു രാജ്യങ്ങളിലെ കവിതയിലും കാവ്യപഠനത്തിലും
ഒട്ടേറെ പുതിയ പ്രവണതകൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്നു.
ഇന്റർനെറ്റിലെ സ്രോതസുകളിൽനിന്നു കിട്ടുന്ന വിവരങ്ങളുടെ
ആധികാരികത സംശയാസ്പദവുമാണ്. ആശയക്കുഴപ്പത്തിന്റെ
ഈ സന്ധിയിലാണ് വർഷങ്ങൾക്കുശേഷം ‘പ്രിൻസ്റ്റൺ എൻ
സൈക്ലോപീഡിയ ഓഫ് പൊയട്രി ആന്റ് പൊയറ്റിക്‌സി’ന്റെ
നാലാം പതിപ്പ് (The Princeton Encyclopedia of Poetry and
Poetics, Editor in Chief: Roland Green, Princeton University
Press, Princeton, 2012) പുറത്തുവരുന്നത്. 1640 പേജുകളിൽ പര
ന്നുകിടക്കുന്ന ഈ കാവ്യവിജ്ഞാനകോശം (അങ്ങനെ പറയു
ന്നത് പൂർണമായും ശരിയല്ല. ഓരോ രാജ്യത്തെയും പ്രമുഖ ഭാഷകളിലെയും,
മലയാളമുൾപ്പെടെ, കവിതയെക്കുറിച്ചുള്ള നീണ്ട
ലേഖനങ്ങളും ഇവിടെയുണ്ട്) കവിതയുടെ ചരിത്രത്തിലേക്കു
മാത്രമല്ല വർത്തമാനത്തിലേക്കും തുറക്കുന്ന വിശാലമായ വാതായനമാണ്.
ഒരു കൈകൊണ്ട് പെട്ടെന്നെടുത്തു വായിക്കാനോ കിട
ന്നുകൊണ്ടു വായിക്കാനോ, അങ്ങനെ അലസ വായനയ്ക്കു വഴ
ങ്ങിത്തരാനോ വിസമ്മതിക്കുന്ന ഈ പുസ്തകം കവിതയെ ഗൗരവമായി
സമീപിക്കുന്നവർക്കും പഠിക്കുന്നവർക്കും അതിന്റെ വർത്ത
മാനസ്ഥിതിയെപ്പറ്റി ആരായുന്നവർക്ുകം എഴുത്തുമേശയോടു
ചേർത്തുവയ്ക്കാതിരിക്കാൻ കഴിയില്ല.
ഗഹനതയ്‌ക്കൊപ്പം സാരള്യംകൊണ്ടും ‘എൻസൈക്ലോപീഡിയ’
അമ്പരപ്പിക്കും. വർഷങ്ങൾക്കുമുമ്പ് വിദ്യാർത്ഥിജീവിതകാലത്ത്
കാവ്യപഠനത്തിനുവേണ്ടി ആശ്രയിച്ച ‘എൻസൈക്ലോപീഡിയ’
യുടെ പഴയ പതിപ്പിനെ ഓർക്കുന്നു. 1974-ൽ പ്രസിദ്ധീകരിച്ച
രണ്ടാം പതിപ്പിന്റെ ഒരു ദശകം പഴക്കമുള്ള കോപ്പിയായിരുന്നു
അത്. നോട്ടെഴുത്തുകാർ നീലയും കറുപ്പും പച്ചയും മഷികൾ
കൊണ്ട് അടിവരകളും പാർശ്വരേഖകളും നക്ഷത്രചിഹ്നങ്ങളുമിട്ട
പഴകിത്തുടങ്ങിയ കടലാസുകൾ. ‘ഖസാക്കിന്റെ ഇതിഹാസ’
ത്തിൽ ഒ.വി. വിജയൻ എഴുതിയതുപോലെ ‘പച്ചമഷിയുടെ അടി
വരകൾ ആ മന്ദിരത്തിന്റെ കിളിവാതിലുകളായി’. ഒരു മഹാമന്ദിരത്തെയാണ്
പ്രിൻസ്റ്റൺ എൻസൈക്ലോപീഡിയ ഓർമിപ്പിക്കുന്നത്.
ശീർഷകങ്ങളുടെ അസംഖ്യം മുറികളും ലേഖനങ്ങളുടെ വലിയ
എടുപ്പുകളും ഗോപുരങ്ങളുമുള്ള ഒരു കാവ്യവാസ്തുശില്പം. 1100 ശീർ
ഷകങ്ങളും എണ്ണൂറോളം പണ്ഡിതരായ എഴുത്തുകാരുമുള്ള ഈ
ബൃഹദ് ഗ്രന്ഥം വാസ്തുശില്പത്തെ ഓർമിപ്പിച്ചില്ലെങ്കിലേ അതിശയമുള്ളൂ.
എഡിറ്റർ ഇൻ ചീഫായ റോളൻഡ് ഗ്രീനിനു കീഴിൽ ജനറൽ
എഡിറ്ററായ സ്റ്റീഫൻ കുഷ്മനും (ളേണയദണഭ ഇഴലദബടഭ) അസോഷി
യേറ്റ് എഡിറ്റർമാരായ ക്ലെയർ കാവന, ജഹാൻ റമസാനി, പോൾ
റോസർ (ഇഫടറണ ഇടവടഭടഥദ, ഏണദടഭ ടെബടഹടഭധ, ൂടഴഫ മെഴഹണറ)
എന്നിവരും ചേർന്നു സംവിധാനം ചെയ്ത ‘എൻസൈക്ലോപീഡിയ’
കവിതയുടെ ചരിത്രത്തിലേക്കും സാങ്കേതികവശങ്ങളിലേക്കും
നവവികാസങ്ങളിലേക്കും വായനക്കാരെ കൊണ്ടുപോകുന്നു.
ആംഗലേയകവിതയിൽ മാത്രം ഊന്നിനിൽക്കുന്നില്ല ഈ ഗ്രന്ഥം.
മറ്റു ദേശീയതകളുടെയും ഭാഷകളുടെയും കാവ്യപാരമ്പര്യങ്ങളി
ലേക്കു കൂടി അത് ഇറങ്ങിച്ചെല്ലുന്നു.
കവിതയുടെ സങ്കീർണ ഭൂപ്രകൃതിയിലേക്കാണ് ഈ ഗ്രന്ഥവാതിൽ
തുറക്കുന്നത്. കാവ്യരൂപങ്ങളും ജനുസ്സുകളും; കാലഘട്ടങ്ങൾ;
പ്രസ്ഥാനങ്ങളും പ്രവണതകളും; വിവിധ രാജ്യങ്ങളിലെയും ഭാഷകളിലെയും
പ്രദേശങ്ങളിലെയും കവിത; മതം, ഭാഷാശാസ്ര്തം,
ശാസ്ര്തം തുടങ്ങിയ മറ്റു ശാഖകളുമായുള്ള കവിതയുടെ ബന്ധം
എന്നിങ്ങനെ കവിതയെ സമീപിക്കുന്ന എൻസൈക്ലോപീഡിയയുടെ
ഏറ്റവും വലിയ സവിശേഷത കവികളെയോ കാവ്യങ്ങ
ളെയോ കുറിച്ചുള്ള വ്യക്തിഗത ശീർഷകങ്ങളുടെ അഭാവമാണ്.
വിശാലമായ സന്ദർഭങ്ങളുടെയും വിഷയങ്ങളുടെയും പശ്ചാത്ത
ലത്തിലാണ് കവികളും കാവ്യങ്ങളും ചർച്ച ചെയ്യപ്പെടുന്നത്. കാവ്യ
മീമാംസയെ സംബന്ധിച്ച് പാശ്ചാത്യ സൗന്ദര്യശാസ്ര്തത്തിലെ സങ്ക
ല്പങ്ങളാണ് വിശദീകരിക്കപ്പെടുന്നതെങ്കിലും അത്രയേറെ പരിചി
തമല്ലാത്ത പല ദേശീയ കാവ്യപാരമ്പര്യങ്ങളെയും സാമാന്യമായി
അവതരിപ്പിക്കാൻ കൂടിയുള്ള ശ്രമം ഗ്രന്ഥത്തിലുണ്ട്. ബഹു
സാംസ്‌കാരികമായ ഒരു സമൂഹത്തെ മുന്നിൽ കണ്ടാവണം എഡി
റ്റർമാർ ഈ പാത സ്വീകരിച്ചത്.
ഭാരതീയ കവിതയെക്കുറിച്ച് വിശദമായ ചിത്രം നൽകാൻ എൻ
സൈക്ലോപീഡിയ ശ്രമിക്കുന്നു. സംസ്‌കൃതം, ഹിന്ദി, ഗുജറാത്തി,
കശ്മീരി, അസമിയ, ബംഗാളി, കന്നഡ, മറാഠി, മലയാളം, ഒറിയ,
പഞ്ചാബി, സിന്ധി, തമിഴ്, തെലുഗു, ഉർദു ഭാഷകളിലെ കവിതയാണ്
ഇന്ത്യൻ ഭാഷകളിൽനിന്ന് പ്രാതിനിധ്യം നേടിയിട്ടുള്ളത്.
ഇതിനുപുറമെ ഇന്ത്യൻ കവിത, രാമായണം, വേദകാല കവിത
തുടങ്ങിയ ശീർഷകങ്ങളിൽ ഇന്ത്യൻ കാവ്യപാരമ്പര്യം വിശദീകരി
ക്കുന്നുമുണ്ട്. ഒരു വിജ്ഞാനകോശത്തിന്റെ പരിമിതിയും ലേഖനകർത്താവിന്റെ
പരിമിതിയും പല ലേഖനങ്ങളിലുമുണ്ട്. മലയാളകവിതയെപ്പറ്റിയുള്ള
ലേഖനത്തിൽ ഈ പരിമിതികളെല്ലാമുണ്ടെ
ങ്കിൽതന്നെയും വിദേശിയായ ഒരാൾക്ക് പ്രയോജനപ്രദമായ പരി
ചായകമാണത്. കവിത്രയാനന്തരമുള്ള ഇരുപതാം നൂറ്റാണ്ടിലെ
കവിതകളെക്കുറിച്ച് ഈ ലേഖനമെഴുതിയ ലേഖിക നിഷ
കൊമ്മറ്റം (Nisha Kommattam, University of Chicago) നൽ
കുന്ന പട്ടിക ഇപ്രകാരമാണ്: ജി. ശങ്കരക്കുറുപ്പ്, ഇടശ്ശേരി, ചങ്ങ
മ്പുഴ, എം. ഗോവിന്ദൻ, പി. ഭാസ്‌കരൻ, അയ്യപ്പപണിക്കർ,
ഒ.എൻ.വി. കുറുപ്പ്, കെ. സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്,
വി.എം. ഗിരിജ. വൈലോപ്പിള്ളിയെയും കുഞ്ഞിരാമൻ നായരെയും
കൃഷ്ണവാര്യരെയും അക്കിത്തത്തെയും വിട്ടുപോകുന്ന
ലേഖിക വി.എം. ഗിരിജയെ ഉൾപ്പെടുത്തുമ്പോൾ സ്ര്തീയോടുള്ള
ഐക്യദാർഢ്യപ്രഖ്യാപനമാണെന്നു തെറ്റിദ്ധരിച്ചുപോകും.
എന്നാൽ ബാലാമണിയമ്മയിൽ തുടങ്ങുന്ന കവയിത്രികളുടെ പാര
മ്പര്യം സൂചിപ്പിക്കുമ്പോൾ സുഗതകുമാരിയെയും വിട്ടുകളയുന്നു.
ഒരു കാവ്യവിജ്ഞാനകോശത്തിൽ എല്ലാ പേരുകളും സൂചിപ്പി
ക്കുക അസാദ്ധ്യമാണെങ്കിലും പറയേണ്ട പേരുകൾ പറയാത്തത്
സാധൂകരിക്കാനാവില്ല. അതേസമയം തമിഴ് കവിതയെപ്പറ്റിയുള്ള
ലേഖനം ഏറ്റവും പുതിയ ദളിത് കവികളെക്കുറിച്ചുപോലും പരാമ
ർശിക്കുന്നുണ്ട്. സംസ്‌കൃത കാവ്യ ശാസ്ര്തത്തെയും (Yigal Bronner,
University of Chicago), സംസ്‌കൃത കാവ്യപാരമ്പര്യത്തെയും
(Deven M. Patel, University of Pennsylvania) കുറിച്ചുള്ള ലേഖനങ്ങളാകട്ടെ
സമഗ്രതകൊണ്ട് വേറിട്ടുനിൽക്കുന്നു.
അക്കാദമിക് ലക്ഷ്യങ്ങളോടെ പ്രസിദ്ധപ്പെടുത്തുന്ന പ്രിൻ
സ്റ്റൺ എൻസൈക്ലോപീഡിയയിൽ പൊതുവായനക്കാർക്ക്
ഏറ്റവും പ്രയോജനപ്പെടുന്നത് ‘നാഷണൽ, റീജണൽ, ആന്റ്
ഡയസ്പറിറ്റ് പൊയട്രീസ്’ എന്ന വിഭാഗമാണ്. ഇംഗ്ലീഷ് ഒഴിച്ച്
മിക്ക ലോക ഭാഷകളിലെയും സവിശേഷ സാംസ്‌കാരിക മേഖലകളിലെയും
കാവ്യപാരമ്പര്യങ്ങളെപ്പറ്റി വിശദീകരിക്കുന്ന ലേഖന
ങ്ങൾ ഈ ഭാഗത്തുണ്ട്. ഇരുനൂറോളം വരുന്ന ഈ പ്രബന്ധങ്ങളി
ലൂടെ ലോകകവിതയുടെ ചിത്രം തെളിഞ്ഞുവരുന്നു. ഗോത്രഭാഷകളിലെ
കവിതകളെക്കുറിച്ചുപോലും സമഗ്രചിത്രം അവതരിപ്പി
ക്കാനാണ് ലേഖകർ ശ്രമിക്കുന്നത്. അമേരിക്കൻ വൻകരകളിലെ
തദ്ദേശീയ ജനവിഭാഗങ്ങളുടെ അത്യന്തം വൈവിധ്യമുള്ള കാവ്യപാരമ്പര്യത്തെപ്പറ്റിയും
ചൈനയിലെ ഭിന്നകാവ്യപാരമ്പര്യങ്ങളെപ്പ
റ്റിയും ആഫ്രിക്കയിലെ ഇംഗ്ലീഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, തദ്ദേശീയ
കാവ്യധാരകളെപ്പറ്റിയും എൻസൈക്ലോപീഡിയ നൽകുന്ന വിവരങ്ങൾ
ലോകകവിതയെപ്പറ്റിയുള്ള പഠനങ്ങൾക്കും അന്വേഷണ
ങ്ങൾക്കും വ്യത്യസ്തമായ ദിശാബോധം നൽകും.
തെക്കും വടക്കും അമേരിക്കകളിലായി വ്യാപിച്ചുകിടക്കുന്ന
തദ്ദേശീയ ഗോത്രജനതയുടെ വൈവിധ്യം നിറഞ്ഞ കാവ്യചരി
ത്രത്തെ അത്ഭുതത്തോടെയല്ലാതെ കാണാനാവില്ല. സ്പാനിഷ്
അധിനിവേശത്താൽ മുടിഞ്ഞുപോയ തദ്ദേശീയ മൊഴികളിൽ ചിലതിന്റെയെങ്കിലും
കവിത ഇന്നു പുനർജനിക്കുന്നുണ്ട്. മാപുച്ചേ
ഗോത്രത്തിന്റെ ഭാഷയായ മാവുദുൻഗുനിലെ നിലച്ചുപോയ കാവ്യ
പാരമ്പര്യം 1960-കളോടെ ജീവൻ വയ്ക്കാൻ തുടങ്ങി. സെബാ
സ്റ്റ്യൻ ക്യുംയൂപുൽ, എലിക്യൂറ ചീവായിലാഫ്, ലയണൽ ലീൻലാഫ്,
ഗാർസിയാ ഹിനാവോ തുടങ്ങിയ കവികളുടെ രചനകളും അവ
യ്ക്കുണ്ടായ സ്പാനിഷ് പരിഭാഷകളുമാണ് ഈ പുനർജീവനം സാദ്ധ്യ
മാക്കിയത്. പാബ്ലോ നെറൂതയുടെ കവിതകൾ മാപുദുൻഗുനി
ലേക്കു പരിഭാഷപ്പെടുത്തിയ ചീവായിലാഫ് ഭാഷയ്ക്ക് പുതുജീ
വൻ പകരുകയും ചെയ്തു. തെക്കെ അമേരിക്കയിലെ ഗോത്രഭാഷകളും
അവയുടെ ലിപിരഹിതമെങ്കിലും ശബ്ദനിർഭരമായ ഭാവാനാലോകവുമാണ്
ലാറ്റിനമേരിക്കയിലെ വലിയ സ്പാനിഷ് കവിക
ൾക്കു മുഴുവൻ പ്രചോദനമായത്. റൂബൻ ദാരിയോ, നെറൂത,
സെസാർബൽയെഹോ, പാബ്ലോ അന്തോണിയോ കുവാദ്ര,
ഏണെസ്റ്റോ കാർഡിനെൽ തുടങ്ങിയവരെല്ലാം അങ്ങനെയുള്ള
കവികളാണ്.
യൂറോപ്യൻ, ലാറ്റിനമേരിക്കൻ കവിതയുടെ പരിഭാഷകൾ മലയാളത്തിൽ
ലഭ്യമാണെങ്കിലും ടിബറ്റിലെയോ ചൈനയിലെയോ
ഇൻഡോനേഷ്യയിലെയോ സമകാലിക കവിതയുടെ ചിത്രം
നമുക്കു ലഭ്യമല്ല. ഇന്ത്യൻ കാവ്യമീമാംസയുടെ സ്വാധീനതയുള്ള
ടിബറ്റൻ കവിത ഇന്ന് ഉണർച്ചയുടെ ആദ്യയാമത്തിലാണ്. ചൈനയുടെ
ഭാഗമായിക്കഴിഞ്ഞുവെങ്കിലും കവിതയിൽ പാരമ്പര്യവുമായി
ബന്ധം വിടാതെതന്നെ ആധുനികത ആവിർഭവിച്ചുകഴി
ഞ്ഞിട്ടുണ്ട് ടിബറ്റിൽ. 2005-ൽ സ്വകാര്യമായി നടത്തിയ ‘യുവജനതയുടെ
വെള്ളച്ചാട്ടം’ എന്ന കാവ്യോത്സവമാണ് അതിനു തുടക്കം
കുറിച്ചത്. രാജ്യഭ്രഷ്ടരായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കഴി
യുന്നവർ ഇംഗ്ലീഷിലെഴുതുന്ന കവിതകൾ കൂടിയാകുമ്പോഴാണ്
ടിബറ്റൻ കവിതയുടെ ഉണർച്ച പൂർത്തിയാകുന്നത്. ടിബറ്റൻ,
ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിൽ ഇന്ന് ടിബറ്റൻ നവകവിത എഴുതപ്പെടുന്നു.
കിഴക്കൻ യൂറോപ്പിലെ ജിപ്‌സികളുടെ കവിതയിലും
സമാനമായ ഉണർവുകളുണ്ട്. ആയിരം വർഷം മുമ്പ് ഉത്തരേന്ത്യ
യിൽനിന്ന് യൂറോപ്പിലേക്ക് കുടിയേറിയ ജനതയുടെ പിന്മുറക്കാരാണ്
ഇന്നത്തെ ജിപ്‌സികൾ. റൊമാനിയ, ഹംഗറി, റഷ്യ, പോള
ണ്ട്, പഴയ യൂഗോസ്ലാവിയയിലെ റിപ്പബ്ലിക്കുകൾ എന്നിവിടങ്ങളി
ലെല്ലാമുള്ള ജിപ്‌സി(റൊമാനി ജനത)കളിൽ വലിയൊരു വിഭാഗം
ഇന്നു സ്ഥിരവാസികളാണ്. വിലാപം നിറഞ്ഞ വാമൊഴിക്കാവ്യങ്ങ
ളായിരുന്നു അവരുടേത്. ദുരന്താത്മകമായ ഒരു ഹംഗേറിയൻ –
റൊമാനി കാവ്യശകലം ‘എൻസൈക്ലോപീഡിയ’ ഉദ്ധരിക്കുന്നുണ്ട്:
മരിക്കണം, മരിക്കണമൊരാൾക്കു മരിച്ചേ കഴിയൂ.
ഉപേക്ഷിച്ചുപോകണമെനിക്കെൻ വീടിനെ.
എത്ര ദുർഭഗന ഞാനീ-
വഴിക്കൊടുങ്ങിയേ പറ്റൂ.
അലയുന്നു ഞാൻ, കണ്ടില്ലഭയമൊരേടവും
എവിടെ ഞാനെൻ തല ചായ്ക്കും.
മണ്ണിൽ ഞാനെൻ തല ചായ്ക്കും,
കാണുകെൻ ക്ലേശജീവിതം.
പിഴയ്ക്കും ഞാൻ പിഴയ്ക്കും, പക്ഷേ എന്തിനായ്?
ആനന്ദിക്കാനൊരു ദിനംപോലുമില്ലല്ലോ?
ദൈവമേ, കഠിനമെനിക്കിതെല്ലാം.
എൻജീവിതമത്രയും വിലാപം മാത്രം.
ഈ വിലാപഗീതികളിൽനിന്നു ബഹുദൂരം പോന്നിരിക്കുന്നു
ഇന്ന് ജിപ്‌സി കവിത. 1960-കളിൽ ആരംഭിച്ച നവതരംഗം
1990-കളിൽ എത്തുമ്പോഴേക്കും തീവ്രവും വ്യത്യസ്തവുമായി.
ബേലാ ഒസ്റ്റോയ്കാൻ (Bela Osztojkan – Hungary), ദ്യൂറാ മഹോ
ക്കിൻ (Djura Makhotin – Russia), ലൂമിനിറ്റ സിയോബ (Luminita
Cioaba – Romania) തുടങ്ങിയ വ്യത്യസ്തരാജ്യങ്ങളിലെ ജിപ്‌സികവികൾ
തങ്ങളുടെ ജനതയുടെ അനുഭവങ്ങൾക്ക് വ്യത്യസ്തമായ
ആവിഷ്‌കാരം നൽകുന്നു.
കവിതയുടെ ചരിത്രവും ഭൂമിശാസ്ര്തവും തേടുന്നവർക്ക് ഒരു വിള
ക്കുമരമാണ് പ്രിൻസ്റ്റൺ എൻസൈക്ലോപീഡിയ. അക്കാദമിക് പഠനാവശ്യങ്ങൾ
ഉള്ളവരെ മാത്രമല്ല, അന്വേഷകരായ കാവ്യാസ്വാദകരെയും
അത് അപരിചിതമായ വഴികളിലേക്കു നയിക്കും.
സൂക്ഷ്മശ്രദ്ധയും ആധികാരികതയുമുള്ള ഇത്തരം പുസ്തകങ്ങൾ
ഉണ്ടായാലേ ഇന്ത്യൻ കവിതയുടെ വൈവിധ്യങ്ങളിലേക്കു
പോകാൻ നമുക്കും കഴിയൂ. താത്കാലിക ലക്ഷ്യങ്ങൾ മാത്രമുള്ള
തട്ടിക്കൂട്ടലുകൾ മാത്രമാണല്ലോ മിക്കപ്പോഴും നമ്മുടെ പ്രസാധനം.
സർവകലാശാലാപ്രസാധനങ്ങളാവട്ടെ തികഞ്ഞ പരാജയങ്ങളും.