അവിഹിതക്കോട്ടകൾക്കകത്തെല്ലാം
ധിക്കാര രഹസ്യങ്ങളായിരിക്കും!
ആളറിയാത്ത
മുഖംമൂടികൾക്കെല്ലാം
തീവിലയായിരിക്കും!
പാതിരാവിലും
ഇരുട്ടുമറവിലും മാത്രം
അവ ആണത്തം കാട്ടും.
കണ്ണിറുക്കങ്ങളിലും
പിൻനടത്തങ്ങളിലും
അവ പെണ്ണത്തം ചൂടും.
ചങ്ങലയ്ക്കിട്ട
ദുരഭിമാനങ്ങളെ
അവ ഒളിച്ചുകടത്തും.
അമാവാസിയിലെ
അരാജകത്തുരുമ്പുകളെ
അവ വാരിപ്പുണരും.
നിഷേധിക്കപ്പെട്ട
സ്വാതന്ത്ര്യങ്ങളെ
പുളിക്കുമെന്നു പറഞ്ഞൊഴിയും.
വിലക്കപ്പെട്ട
അവിശുദ്ധികളെ
ആവിഷ്കാരമെന്നു വിധിക്കും.
ആൾമാറാട്ടങ്ങളെ
പൊങ്ങച്ചക്കലമ്പലിൽ
പുകഴ്ത്തിപ്പാടും.
പ്രലോഭനങ്ങളെ
മഞ്ഞ വാക്കുകൾ കൊണ്ട്
മായാലോകത്ത്
സുഖിപ്പിച്ചു കിടത്തും.
എന്നാൽ,
ഒരൊറ്റ പ്രണയംകൊണ്ട്,
ഭൂമിയുടെ
ഖനനവഴികൾ
കുഴിച്ചുപോയവർ
പത്മരാഗക്കല്ലിലുറഞ്ഞ
കന്മദത്തുള്ളി തൊട്ട്
പ്രപഞ്ചജീവിതം
നുണഞ്ഞിറക്കും.