പത്തിരി. ആദ്യം അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. വീണ്ടും നോക്കിയപ്പോൾ പത്തിരി തന്നെയെന്ന് ഉറപ്പായി. അരിപ്പൊടി നനച്ചു പരത്തിയുണ്ടാക്കിയ നല്ല ഒന്നാന്തരമൊരു പത്തിരി. നോക്കി നിൽക്കെ പത്തിരി താഴോട്ട് ഇറങ്ങി വരാൻ തുടങ്ങി.
അവന്റെ വായിലപ്പോൾ കൊതിവെള്ളമൂറി. നിമിഷനേരം കൊണ്ട് പത്തിരി കൈയെത്തും ദൂരത്ത് എത്തി. അവനത് ആർത്തിയോടെ പിടിക്കാനാഞ്ഞു. അന്നേരം പത്തിരി പൗർണമിചന്ദ്രനായി പരിണമിച്ചു. പിന്നെ പരിഹാസച്ചിരിയോടെ അത് മാനത്തേക്ക് പൊന്തി.
ഞെട്ടി കൺ തുറന്നു. താനൊരു അടച്ചിട്ട കടവരാന്തയിൽ കിടക്കുകയാണെന്ന് അവനപ്പോൾ മനസ്സിലായി. കണ്ടതൊരു സ്വപ്നം മാത്രമായിരുന്നു. തെല്ലൊരു നഷ്ടബോധത്തോടെ അവൻ ആകാശത്തേക്ക് നോക്കി. അവിടെ പത്തിരിയോ പൗർണമിചന്ദ്രനോ ഉണ്ടായിരുന്നില്ല. പകരം മധ്യാഹ്നസൂര്യൻ ജ്വലിച്ചു നിൽക്കുന്നു. വയറ്റിനുളളിലാണെങ്കിൽ സൂര്യതാപത്തെ തോല്പിക്കും വിധം ജഠരാഗ്നി ജ്വലിച്ചു.
വിശപ്പടക്കാൻ എന്തു വഴി. അവൻ ആലോചിച്ചു. അന്നേരം അരി വെന്ത് തിളയ്ക്കുന്നതിന്റെ മണം മൂക്കിലടിച്ചു. അത് തെല്ലും നഷ്ടപ്പെടുത്തരുതെന്ന് കരുതി അവൻ ശ്വാസം ഉളളിലേക്ക് ആഞ്ഞുവലിച്ചു. ഹാാ… എന്തൊരു മോഹിപ്പിക്കുന്ന സുഗന്ധം!
ഭൂമിയിലെ ഏറ്റവും മോഹനമായ സുഗന്ധം ഊദിന്റെ അത്തറിനാണെന്നാണ് അന്നോളം അവൻ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ മനസിലായി. സൗരയൂഥങ്ങളിൽ തന്നെ ഏറ്റവും മോഹനമായ സുഗന്ധം അരി വെന്ത് തിളയ്ക്കുന്നതിന്റേതാണെന്ന്. അത് കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും.
സുഗന്ധത്തിന്റെ ഉറവിടം തേടി, മൂക്ക് തെളിച്ച വഴിയെ കാലുകൾ ചലിച്ചു. റോഡിനപ്പുറത്തുളള ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ എത്തിയപ്പോൾ അവന്റെ യാത്ര അവസാനിച്ചു.
ക്ഷേത്രത്തിൽ ഭാഗവതസപ്താഹം നടക്കുകയാണ്. സപ്താഹ വേദിക്ക് അടുത്തുളള ഊട്ടുപുരയായിരുന്നു സുഗന്ധത്തിന്റെ ഉറവിടം. അതിനകത്ത് പ്രവേശിക്കാനുളള വാതിൽ അടഞ്ഞു കിടക്കുകയാണ.് എങ്ങനേയും അകത്ത് കടക്കണം. കുറച്ച് കഞ്ഞിവെള്ളമെങ്കിലും കുടിക്കണം. അവൻ വിചാരിച്ചു. അതിനെന്തു വഴി. അടുത്തുണ്ടായിരുന്ന ആളോട് അന്വേഷിച്ചപ്പോൾ ഉച്ചയ്ക്ക് സപ്താഹം നിർത്തുമെന്നും അപ്പോൾ ഭക്ഷണം കൊടുക്കുമെന്നും പറഞ്ഞു. അത് കേട്ടപ്പോൾ അവന് വലിയ ആശ്വാസമായി.
വേദിയിലിരുന്ന് സപ്താഹാചാര്യൻ ഭഗവദ് മഹിമകൾ വർണിച്ചു. അവനാവട്ടെ അതു തീർന്നുകിട്ടാൻ പ്രാർത്ഥിച്ചുകൊണ്ട് സദസ്സിലിരുന്നു. തെല്ലു കഴിഞ്ഞപ്പോൾ ക്ഷേത്രം ഭാരവാഹികൾ വേദിയിലിരുന്ന കൃഷ്ണവിഗ്രഹത്തിനു മുമ്പിൽ ഇലയിട്ട് ചോറും കറികളും നിവേദ്യമായി വിളമ്പി. ശേഷം പ്രസാദ ഊട്ടിനായി ഊട്ടുപുരയുടെ വാതിൽ തുറന്നു. അകത്തേക്ക് തിടുക്കപ്പെട്ട് കയറി യ അവൻ ആർത്തിയോടെ ഉണ്ണാനിരുന്നു.
മറ്റെല്ലാവരും ബ്രഹ്മാർപ്പണ ശ്ലോകം ചൊല്ലുമ്പോൾ അവൻ ഉരുളയുരുട്ടാൻ തുടങ്ങിയിരുന്നു. അടുത്ത് നിന്നിരുന്ന ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് അത് ശ്രദ്ധിച്ചു. ഉരുള വായിലേക്ക് വയ്ക്കും നേരം പ്രസിഡന്റ് അവന്റെ കൈക്ക് പിടിച്ചു.
”നീ മരിച്ചുപോയ സെയ്താലീന്റെ മോനല്ലേ?” പ്രസിഡന്റ് ചോദിച്ചു.
”ങ്ആ” അവൻ സമ്മതിച്ചു.
”ക്ഷേത്ര മതിൽക്കെട്ടിനുളളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നുള്ള കാര്യം നിനക്കറിയില്ലേ” പ്രസിഡന്റ് ആരാഞ്ഞു.
അപ്പോൾ ഊട്ടുപുരയിൽ ഉണ്ടായിരുന്ന ആളുകൾ അവരുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി.
”വാപ്പ മരിച്ചതിൽ പിന്നെ…. വീട്ടിലെന്നും പട്ടിണ്യാ. വിശപ്പ് സഹിക്കാഞ്ഞിട്ടാ ഞാൻ…” ദൈന്യം തുളുമ്പുന്ന സ്വരത്തിൽ അവൻ പറഞ്ഞു.
”വിശക്കുന്നുണ്ടെന്നു കരുതി ക്ഷേത്രാചാരങ്ങൾ ലംഘിക്കാമെന്നാണോ വിചാരം” ക്ഷേത്ര കമ്മറ്റി സെക്രട്ടറി രോഷത്തോടെ ചോദിച്ചു.
അപരാധിയെപ്പോലെ അവൻ ശിരസ് കുനിച്ചു നിന്നു.
”മാപ്പ്‌ളെച്ചറുക്കന്റെ ധിക്കാരത്തിന് ചുട്ട അടി കൊടുക്ക്വാ വേണ്ടത്” മറ്റൊരാൾ പറഞ്ഞു.
അതു കേട്ടപ്പോൾ ഭീതിയാൽ വിറച്ച് അവന്റെ കൈയിലെ ഉരുട്ടിയ ഉരുള നിലത്തേക്ക് വീണു. അവിടെ ചുറ്റിപ്പറ്റി നിന്നിരുന്ന ഒരു പൂച്ച വന്ന് അത് തിന്നാൻ തുടങ്ങി. അപ്പോൾ അവന്റെ കണ്ണുകളിൽ നിന്ന് കണ്ണീരൊഴുകാൻ തുടങ്ങി.
”മുതലക്കണ്ണീരൊഴുക്കാതെ എണീറ്റു പോടാ” ക്ഷേത്ര കമ്മറ്റി സെക്രട്ടറി ഉച്ചത്തിൽ അവനെ ആട്ടി. ധർമത്തിനു ഗ്ലാനി സംഭവിച്ച ആ നിമിഷത്തിൽ ഭഗവാൻ ഭാഗവതാചാര്യരായി അവതരിച്ചു കൊണ്ട്, ക്ഷേത്ര കമ്മറ്റി സെക്രട്ടറിയെ നോക്കി പറഞ്ഞു: ”അരുത്”.
ഭൂമിയിലേക്ക് ഒഴുകിയ സ്വർലോകഗംഗയെ ജടയിൽ സ്വീകരിച്ച ശിവന്റെ കാരുണ്യത്തോടെ ആചാര്യൻ കരയുന്ന അവനെ തന്നോട് ചേർത്തുപിടിച്ചു. പിന്നെ ഊട്ടുപുരയിൽ ഉണ്ടായിരുന്ന ആളുകളെ നോക്കി പറഞ്ഞു. ”ഇവിടെ ഭാഗവതസപ്താഹമാണല്ലോ നടക്കുന്നത്. അതിലൊരു ശ്ലോകമുണ്ട്. നാരദൻ പ്രഹ്ലാദന് ഉപദേശിച്ചു കൊടുത്തതും പിന്നീട് പ്രഹ്ലാദൻ അസുരബാലന്മാർക്ക് ഉപദേശിച്ചു കൊടുത്തതുമായ ആ ശ്ലോകമിതാണ്. തസ്മാത് സർവ്വേഷു ഭൂതേഷു ദയാം കുരുത സൗഹൃദം, ആസുരം ഭാവമുൻമുച്യ യയാ തുഷ്യത്യധോക്ഷജ:. നമ്മിലുളള ക്രൂരസ്വഭാവത്തെ മൂലത്തോടുകൂടി കളഞ്ഞിട്ട് സർവ ജീവജാലങ്ങളിലും സ്‌നേഹത്തേയും കരുണയേയും ചെയ്യുമെങ്കിൽ പരാത്മാവ് സന്തോഷിക്കുമെന്നാണ് ശ്ലോകാർത്ഥം. അതിനാൽ നമ്മൾ ഭക്തന്മാർ ചരാചരങ്ങളോടും ഈ വിധം വേണം പെരുമാറേണ്ടത്. എന്നിരിക്കെ ഒരു മനുഷ്യക്കുട്ടിക്ക് അന്നം നിഷേധിക്കുന്നത്…”
”അവനൊരു മുസൽമാനാണ്”ക്ഷേത്ര കമ്മറ്റി സെക്രട്ടറി തന്റെ ചെയ്തിയെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞു.
”മുസൽമാൻ തിര്യക്കുകളെക്കാൾ താഴെയാണെന്നാണോ കരുതിയിട്ടുളളത്. മനനം ചെയ്യുന്നുണ്ടെങ്കിൽ അയാൾ ഏത് മതത്തിലോ ജാതിയിലോ ഉളള ആളായാലും മനുഷ്യനാണ്. എന്നുവച്ചാൽ പരമഗതിയായ മോക്ഷത്തിന് അധികാരി”.
”എന്നു കരുതി ക്ഷേത്രാചാരങ്ങൾ ലംഘിക്കാൻ പറ്റ്വോ. അത് ധർമാനുഷ്ഠാനത്തിന്റെ ഭാഗമല്ലേ” ക്ഷേത്രകമ്മറ്റി പ്രസിഡന്റ്
ചോദിച്ചു.
”വിശക്കുന്ന ഒരാൾക്ക് അന്നം നിഷേധിക്കുന്നത് ആചാരലംഘനത്തേക്കാൾ വലിയ തെറ്റായിരിക്കില്ലേ. പിന്നെ ധർമാനുഷ്ഠാനത്തെക്കുറിച്ച്…. ധർമസ്യ തത്ത്വം നിഹിതം ഗുഹായാം എന്നാണ് പുരാണേതിഹാസങ്ങളിൽ പറഞ്ഞിട്ടുളളത്. അതുകൊണ്ട് ധർമത്തിന്റെ സൂക്ഷ്മഗതി ഗ്രഹിക്കാൻ മഹാത്മാക്കൾക്കു കൂടി വിഷമമാണെന്നിരിക്കെ….”
”നമ്മളിപ്പോൾ എന്തുചെയ്യണമെന്നാണ് ആചാര്യൻ പറയുന്നത്” ക്ഷേത്രകമ്മറ്റി ഖജാൻജി ചോദിച്ചു.
”അവനെ ഭക്ഷണം കഴിക്കാൻ അനുവദിക്കണം”.
”ആചാരലംഘനം നടത്തിയവന് സദ്യയൂട്ടണമെന്നാണോ പറയുന്നത്” സെക്രട്ടറി രോഷത്തോടെ ചോദിച്ചു.
”അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹാമാശ്രിത:, പ്രാണാപാനസമായുക്ത: പചാമ്യന്നം ചതുർവിധം എന്നാണ് ഭഗവദ്ഗീതയിൽ കൃഷ്ണൻ അർജുനനോട് പറഞ്ഞിട്ടുളളത്” ആചാര്യൻ പറഞ്ഞു. ”ഭഗവാൻ ജീവികളുടെ ശരീരത്തെ ആശ്രയിച്ച്
വൈശ്വാനരനായി തീർന്നിട്ട് പ്രാണൻ അപാനൻ ഈ വായുക്കളോട് ചേർന്ന് ആഹാരത്തെ ദഹിപ്പിക്കുന്നു എന്നാണല്ലോ ശ്ലോകത്തിന്റെ അർത്ഥം. ജഠരാഗ്നിയായി ജീവശരീരങ്ങളിൽ ഒക്കെയുമുളളത് ഭഗവാനാണെന്നു വരുമ്പോൾ… ഈ കുട്ടിക്ക് നമ്മൾ ഭക്ഷണം നിഷേധിച്ചാൽ, ഭഗവാനാണ് നമ്മൾ ഭക്ഷണം നിഷേധിച്ചത് എന്നു വരും”.
”എങ്കിൽ പിന്നെ ഇവന് ഭക്ഷണം കൊടുക്കാം, അല്ലേ” ഖജാൻജി ഊട്ടുപുരയിലുളള ആളുകളെ നോക്കി ചോദിച്ചു.
പുരുഷാരം നിശബ്ദമായി നിന്നു. ആരുമൊന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ ഖജാൻജി മറുപടിക്കായി പ്രസിഡന്റിനേയും സെക്രട്ടറിയേയും നോക്കി. അവരും ഒന്നും മിണ്ടിയില്ല. ഖജാൻജി അപ്പോൾ ആചാര്യനു നേരെ നോക്കി.
”എനിക്കിനി കൂടുതലൊന്നും പറയാനില്ല. ഭഗവാൻ സർവാന്തര്യാമിയാണ്. ജഠരാഗ്നിയായി ജീവശരീരങ്ങളിൽ ഇരിക്കുന്നതും
ഭഗവാൻ തന്നെ. അതുകൊണ്ട് ഭഗവാന് ഭക്ഷണം കൊടുക്കണോ വേണ്ടയോ എന്ന് നിങ്ങൾക്കിനി തീരുമാനിക്കാം” ആചാര്യൻ എല്ലാവരോടുമായി പറഞ്ഞു.
(1) * ശ്രീമദ് ഭാഗവതം (7:6-24)
(2) * ഭഗവദ് ഗീത (15:14).