”ജീവിതമേ…… മരണവേദന നീ എന്നേ തന്നു കഴിഞ്ഞിരിക്കു
ന്നു”
ഇംഗ്മൻ ബർഗ്മാൻ (നിലവിളികളും മർമ്മരങ്ങളും)
കനം കുറഞ്ഞ വഴിയായിരുന്നു. ഒരു പക്ഷേ അതൊരു രസകരമെന്നേ
പറയേണ്ടൂ. ആ വഴി ഒരു രസം എനിക്കു തരുന്നു. മരണരസം.
അതെങ്ങനെയാണ് നുകരേണ്ടതെന്ന് കഥാകൃത്തായ എന്റെ
സംശയം. അതിപ്പോൾ ഇങ്ങനെ നീണ്ടുപോകുന്നതുകൊണ്ട്
വലിയ പ്രശ്‌നം ഇല്ലെന്നു തന്നെ പറയാം.
പ്രശ്‌നം ഇതാണ്. അറവുശാലയിൽ (കോട്ടയം ജില്ലയിൽ) ഒരു
പോത്തിനെ കൊന്നുകഴിഞ്ഞ്, അത് മാംസമാക്കി തൂക്കിയിട്ടിരിക്കു
ന്നത് രണ്ടാമത് കൊണ്ടു വന്ന പോത്ത് കണ്ടു നിൽക്കുന്നതാണ്
കഥ. പകൽ എട്ട് മണിയായിട്ടും ആദ്യത്തെ പോത്തിന്റെ മാംസം
വിറ്റു തീരാത്തതാണ് രണ്ടാമത്തവന്റെ ആയുസ്സു നീട്ടാൻ കാരണം.
ജീവിതം എന്തു പഠിപ്പിച്ചു എന്നു തോന്നിപ്പോകുന്നു ആദ്യം.
വീണ്ടും കറങ്ങിത്തിരിഞ്ഞ് പോത്ത് വീണ്ടും എന്നെ നോക്കുന്നു.
മരണം ഒരു യാത്രയാണോ എന്നു പോലും സംശയമുണ്ടെനിക്ക്.
കഥാകൃത്തായ ഒരാൾ ആദ്യം പോത്തിന്റെ മാംസം വാങ്ങാനാണ്
വന്നത്. പക്ഷേ കഥാകൃത്തിന് മറ്റൊരാവശ്യം കൂടിയുണ്ട്. ‘കരൾ’
സ്‌പെഷ്യലായി വേണം.
‘അയ്യോ സാറേ തീർന്നുപോയല്ലോ. ഇനി അടുത്തതിനെ
അറക്കുന്നതുവരെ ഒന്ന് വെയ്റ്റ് ചെയ്യ്’.
വെയ്റ്റു ചെയ്യാം. കാരണം എന്റെ ആവശ്യം കരളാണ്. കരൾ
കിട്ടിയേ പറ്റൂ. ആയൂർവേദ ചികിത്സയ്ക്കുള്ളതാണ്. ഞാൻ മാറി
നിന്ന് വെയ്റ്റു ചെയ്തു. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ്
എന്നെയും വീക്ഷിക്കുന്ന മൂന്നാമതൊരാളെ ഞാൻ കണ്ടത്.
രണ്ടാമത്തെ പോത്ത്. ഞാൻ അവനേയും അവൻ എന്നേയും
നോക്കുന്നു. ഞങ്ങൾക്കിടയിൽ ഒന്നാമന്റെ അവശിഷ്ടങ്ങളും
അറവുശാലയും മാത്രം. കണ്ടിട്ട് കഷ്ടിച്ച് നാല്പത് മിനിട്ടെങ്കിലും കഴിഞ്ഞേ
മാംസം വിറ്റു തീരുകയുള്ളൂ. അത്രയും നേരം എന്തുചെ
യ്യും? എനിക്കാകട്ടെ ഒന്നും ചെയ്യാൻ തോന്നുന്നില്ല. ഞാൻ നിർ
വികാരനായിരുന്നു.
ഞാൻ കാത്തുനില്പ് തുടർന്നുകൊണ്ടിരിക്കെ, ഒരു ചോദ്യം.
അതെ, അത് രണ്ടാമത്തെ പോത്തായിരുന്നു.
പോത്ത്: നീയെന്തിനാണ് കാത്തിരിക്കുന്നത്?
ഞാൻ: നിന്റെ കരളിനുവേണ്ടിയുള്ള കാത്തിരിപ്പ്.
പോത്ത്: നീ ഉന്നതകുലജാതനായ മനുഷ്യവംശത്തിൽ പിറ
ന്നവനല്ലേ. നിനക്കെന്തിനാണ് മൃഗമായ എന്റെ കരൾ?
ഞാൻ: നീ പറഞ്ഞതു ഞാൻ സമ്മതിച്ചു. പക്ഷേ മനുഷ്യവംശ
ത്തിന് ‘കരൾ’ ഇല്ലാതെ പോയത് നീ അറിഞ്ഞുകാണില്ല.
പോത്ത്: എന്റെ പൂർവികരായ പൂർവികരെല്ലാം ‘കരൾ’ ദാനം
ചെയ്തു. നിന്റെ വംശം അതു തിന്നുകയും ദഹിക്കുകയും തൂറുകയും
ചെയ്തു.
ഞാൻ: സമയം കഴിഞ്ഞാൽ ഞങ്ങൾ എല്ലാം മരണത്തിനു
കീഴടങ്ങും എന്നു നിനക്കറിയാമല്ലോ. പിന്നെന്തിനീ വാഗ്വാദം?
പോത്ത്: ചെറ്റേ, എന്റെ ‘കരൾ’ ഇല്ലാതെ നിന്റെ വിശപ്പ് അട
ങ്ങില്ലേ?
ഞാൻ: എന്റെ ജീവിതം ഇപ്പോഴത് ആവശ്യപ്പെടുന്നു. ഒരുപക്ഷേ
വേണമെന്നില്ല. പക്ഷേ ഞാൻ നിർബന്ധിക്കപ്പെട്ടിരിക്കു
ന്നു.
പോത്ത്: ഓഹോ, നിർബന്ധം. നിന്റെ ജീവിതവും അങ്ങനെ
ത്തന്നെയാണ്. ഞാൻ വിചാരിച്ചിരുന്നത് ഞങ്ങളുടെ ജീവിതമാണ്.
പെട്ടെന്ന് ഞങ്ങളുടെ സംഭാഷണത്തെ നിശബ്ദമാക്കിക്കൊണ്ട്
അറവുകത്തിയുടെ ശബ്ദം ഉയരുന്നു. എന്തോ കാട്ടിക്കൂട്ടിയ എല്ല്
അരിയുകയാണ്. കുറച്ചുനേരം ആ കാഴ്ച പോത്തും ഞാനും
നോക്കിനിന്നു. ഒരു ദീർഘശ്വാസമെടുത്ത്, പോത്ത് വീണ്ടും
എന്നെ നോക്കി. പിന്നെ മൂത്രമൊഴിച്ചു. ചാണകത്തിന് മുക്കുന്നുണ്ടെങ്കിലും
ഒന്നും വരുന്നില്ല. കണ്ണുകൾ ഒന്നുകൂടെ പുറത്തോട്ടു
ചാടുന്നു. ചിരിച്ചുകൊണ്ടു നിൽക്കുന്ന എന്നെ നോക്കിക്കൊണ്ട്,
പോത്ത്: എന്താ, നിങ്ങൾ പോയില്ലേ. എന്റെ കരൾ തുടിക്കു
ന്നത് കേൾക്കുന്നില്ലേ. ഞാൻ അവിവാഹിതനാണ്. ഒരു എരുമയെ
ഭോഗിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോഴതില്ല. ഞാൻ
ബ്രഹ്മചാരിയാണ്.
എന്റെ ‘കരൾ’ നിങ്ങൾക്ക് ഐശ്വര്യവും ആയുസ്സും രോഗശാ
ന്തിയും നൽകും. നിങ്ങൾക്ക് എപ്പോഴും ‘വിശ്വാസ’ത്തിന്റെ പിൻ
ബലമുണ്ടല്ലോ.
ഞാൻ: എന്റെ ജീവിതം ഇങ്ങനെയായിപ്പോയി. ക്ഷമിക്കൂ.
മാപ്പു തരൂ. എന്റെ വംശം നിന്റെ വംശത്തോട് കാണിച്ച എല്ലാ
പ്രവൃത്തികൾക്കും നീ എനിക്കു പൊറുത്തു തരണം
പോത്ത്: അറവുകത്തിയുടെ മുന്നിലോ നിന്റെ വേദാന്തം?
വേദാന്തം പോത്തിനോടല്ല വേണ്ടൂ, എന്നറിയില്ലെടോ വിഡ്ഢീ?
ഞാൻ: (വീണ്ടും തലകുനിക്കുന്നു) നീ വളരെ ഫിലോസഫി
ക്കൽ ആയി സംസാരിക്കുന്നു. പോത്തുകളിൽ നിന്നെപ്പോലെ
ഒരാളെ ഞാൻ കണ്ടിട്ടില്ല.
പോത്ത്: മരണം മുന്നിൽ കാണുമ്പോൾ ഞാൻ ഫിലോസഫി
ക്കൽ ആയിപ്പോകുന്നു.
ഞാൻ: (ഒന്നും മിണ്ടുന്നില്ല)
പോത്ത്: നിന്റെ മൗനംപോലും നിന്റെ മരണമാണ്. എന്നെ
കഷണങ്ങളാക്കി നുറുക്കിയാലും, ദിവസങ്ങൾ കഴിഞ്ഞു പോയാലും,
നീ മൗനിയായി തുടരും. കഷ്ടം, മനുഷ്യാ, നിന്റെ മൗനം
പോലും എന്റെയീ കരളിന്റെ മുന്നിൽ എത്ര തുച്ഛം?
ഞാൻ: ഞാൻ ദൈവത്തെക്കുറിച്ച് ഓർക്കുകയാണ്.
പോത്ത്: നിനക്ക് ദൈവത്തെക്കുറിച്ച് ഓർക്കാൻപോലും
അർഹതയില്ല. ഇത്ര വംശങ്ങളായി നിങ്ങൾ പിറന്നിട്ടും ദൈവം
എന്താണെന്ന് മനസ്സിലാകാത്തവരല്ലേ നിങ്ങൾ? എനിക്ക്
നിങ്ങളോട് സംസാരിക്കണമെന്നേയില്ല. ദയവു ചെയ്ത് എന്റെ
മുന്നിൽ നിന്ന് പോയിത്തരുവിൻ. എന്റെ മാംസം തൂക്കുമ്പോൾ,
വരിക. വന്ന് വാങ്ങുക. എന്റെ കരൾ.
ഞാൻ: എനിക്ക് തിരിച്ചു പോകാൻ തോന്നുന്നു. കരൾ വേണ്ട.
പോത്ത്: നിങ്ങളെന്തിന് മടങ്ങണം? ഞാനാണ് മടങ്ങിപ്പോവേ
ണ്ടത്. നിങ്ങൾതന്നെ വാങ്ങണം എന്നെനിക്ക് തോന്നുന്നു. ഒരാഗ്രഹംപോലെ
തോന്നുന്നു.
ഞാൻ: (കണ്ണീരൊഴുക്കുന്നു. ‘എനിക്ക് വയ്യ!’ എന്ന് എന്റെ
ഹൃദയം നുറുങ്ങി നുറുങ്ങി എന്നോടു തന്നെ പറയുന്നു).
പോത്ത്: നിങ്ങളുടെ ‘കരൾ’ ഡ്യൂപ്ലിക്കേറ്റാണ്. എങ്കിലും നരവംശ
ശാസ്ര്തത്തിൽ പ്രതിപാദ്യമുണ്ട്. മനുഷ്യ ശരീരത്തിന്റെ കരളും,
അതിന്റെ സ്വാദിനേയും പറ്റി.
ഞാൻ: എനിക്കറിയില്ല. (അജ്ഞത കാരണം ഞങ്ങൾ എന്തൊക്കെയോ
കാണിക്കുന്നു: അന്തർഗതം).
പോത്ത്: നരഭോജികളെപ്പറ്റിയും കേട്ടിട്ടില്ലേ?
ഞാൻ: ഇല്ല.
പോത്ത്: ഒരുകാലത്ത് നിങ്ങളെപ്പോലെയുള്ളവരെ ഇതുപോലെ
വെട്ടിനുറുക്കി തൂക്കിയിട്ടിരുന്നാൽ…
ഞാൻ: എന്നെ വിഷമിപ്പിക്കുകയാണല്ലോ നീ. എനിക്കിപ്പോൾ
ഒന്നും തോന്നുന്നില്ല.
പോത്ത്: അതാണ് മകനേ, അറവുകത്തിയുടെ രാഷ്ട്രീയം.
നിന്നെപ്പോലെ അതിജീവനം പോലും സാദ്ധ്യമല്ലാത്ത ഒരിടമാണ്
ഞങ്ങളുടേത്.
ഞാൻ: ഞാൻ മരിച്ചു കഴിഞ്ഞാൽ നമുക്കിതേപോലെ സംസാരിക്കാൻ
കഴിയുമോ?
പോത്ത്: വിഡ്ഢീ, ഇതുപോലുള്ള ചോദ്യങ്ങൾ വല്ല കഥയാ
ക്കിയെഴുതാൻ കൊള്ളാം.
ഞാൻ: ഞാനും അവിവാഹിതനാണ്. നീയും അതാണ്.
നമ്മുടെ തലമുറകൾ ഇനി ഈ ഭൂതകാലത്തിലുണ്ടാകുമോ? എന്തു
തോന്നുന്നു?
പോത്ത്:വിഡ്ഢീ, ക്രൂരന്മാരായ നിങ്ങൾ ഇതല്ല, ഇതിനപ്പുറവും
ചോദ്യങ്ങൾ ചോദിക്കും എന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ അനുഭവഭേദ്യമായി.
ഞാൻ: അതാ, നിന്റെ സമയമാകുന്നു. ഇനി നമുക്കധികനേരം
സംസാരിക്കാൻ പറ്റില്ല
പോത്ത്: വിഡ്ഢീ, പമ്പര വിഡ്ഢീ, നിനക്ക് സമയത്തെപ്പറ്റി
എന്തറിയാം? ഇനിയല്ലേ, നമുക്ക് സംസാരിക്കാൻ പറ്റുക. അനന്ത
തയോളം. അല്ലെങ്കിൽ താങ്കളുടെ ജീവിതാവസാനം വരെ ഞാൻ
താങ്കളോട് സംസാരിച്ചുകൊണ്ടിരിക്കും. അതല്ലേ മഹത്തായ സമയം.
‘മരണം’ എന്ന ഘട്ടത്തെ നേരിടാൻ ഞാൻ തയ്യാറായിക്കഴി
ഞ്ഞിരിക്കുന്നു. ഇനി ‘വേദന’. അതു മാത്രമേയുള്ളൂ. ‘വേദന’
തന്നെ വിഭജിച്ചാൽ ആദ്യത്തെ വേദന, രണ്ടാമത്തെ വേദന,
മൂന്നാമത്തെ വേദന… അങ്ങനെയങ്ങനെ. ആദ്യത്തെയും രണ്ടാമത്തെയും
വേദനയാണ്, അതു മാത്രമാണ് ഇനി എന്റെ മുമ്പിൽ
ബാക്കി. വാൾ വയ്ക്കുമ്പോഴുള്ള വേദന, കത്തി തുളഞ്ഞു
കയറുമ്പോൾ, മൂന്നാമത്തെ ഘട്ടമാകുമ്പോഴേക്കും എന്റെ
ബോധവും ജീവനും രണ്ടായിത്തീർന്നിരിക്കും.
ഞാൻ: ദൈവമേ, എനിക്ക് എന്റെ ജീവിതത്തിൽ നിന്ന് പിൻ
വാങ്ങാൻ പറ്റുന്നില്ലല്ലോ. ജീവിതമേ, നിന്റെ രീതിശാസ്ത്രങ്ങളിൽ
മനസ്സിനും, ഇത്തരം പോറലുകൾക്കും നൽകേണ്ട അർത്ഥവ്യാപ്തി
യെന്ത്? എന്റെ വികാസങ്ങൾ വെറും ജീർണനത്തിലേക്കാണെന്ന്
ഞാൻതന്നെ മറക്കുന്നതെന്തിന്? മഹാജീവിതമേ, നിനക്കു നന്ദി.
അനന്തരം അറവുകാർ രണ്ടാമത്തവന്റെയടുത്തേക്ക് നടക്കു
ന്നു. അവർക്കിടയിലൂടെയുള്ള വിടവുകൾക്കിടയിലൂടെ അവൻ
എന്നെ നോക്കുന്നു.
പിന്നെ ഞാൻ പൊടുന്നനേ ഒരു കവിയാകുന്നു. ഭ്രാന്തനാകു
ന്നു, മനസ്സുകൊണ്ട് കവിതയെഴുതാൻ തുടങ്ങി:
”ദക്ഷിണധ്രുവം, ഭൂമിയുടെ ചുറ്റളവ്.
ഭൂകമ്പങ്ങളേ
ഞാനാര്?
31.4:300 = സാദ്ധ്യതയോ, നിരീക്ഷകനോ?
നിർമാണങ്ങളും വൻ തിരമാലകളും
എന്റെ വായിലേക്ക് നുരച്ചു കയറുന്നു.
ഞാനാര്?
വംശനാശം എന്നാൽ എന്താണ്?
ചലന രീതികളുടെ പ്രളയനൃത്തമാണിത്.
ഘടനകളേ…
ഘടനകളേ…
അസ്ഥികളെ വലിച്ചൂരിയെടുക്കുന്ന,
അതീത രേഖകളും നിന്റെ ബാസ്റ്റഡ് നിയന്ത്രണങ്ങളും ചുമ
ക്കുന്ന
പ്രഭാത സൂര്യൻ ചുവന്നിരിക്കുന്നു.
വിഷം തരൂ…
അറവു കത്തികളുടെ നൃത്തം.
കയറുകളിൽ തേനീച്ചകളുടെ വൻമരങ്ങൾ.
ഗർഭപാത്രം തുരക്കുന്ന ദൂരവും ദിശയും
അഴിച്ചു വിടുക, പേ പിടിച്ച നായകളേ,
ഊർജ വ്യയമേ,
ഞാൻ കടലോ കരയോ ആകട്ടെ.
ഞാൻ ഭക്ഷിക്കുകയോ?
വ്യൂഹത്തിനുള്ളിൽ എന്റെ അക്കങ്ങൾ
പൊട്ടിച്ചിതറുന്നു.
സൂര്യഗ്രഹണം ആണിത്.
വിശപ്പും, മരണവും, മൂത്രങ്ങളും,
എന്നെ ഒരു പ്രതലമാക്കുന്നു.
ആ പ്രതലത്തിലൂടെ തിരിഞ്ഞു നോക്കാതെ
നടക്കാൻ ഉള്ളിലിരിക്കുന്ന ദൈവം കല്പിക്കുന്നു.
ജീവസന്ധാരണനായ ആ ദൈവം-
ഞാൻ തന്നെ.
ഹ ഹ ഹ ഹ …… ദൈവം ഞാൻ തന്നെ”
”….. സാറേ……”
ഞാൻ ഞെട്ടിയുണരുന്നു.
”സാറെന്തുവാ ആലോചിക്കുന്നേ…. സാറ് ഇവിടൊന്നുമല്ലായി
രുന്നു കേട്ടോ. വെളുപ്പിനെ എണീച്ചതല്യോ, പോയി കിടന്നാട്ടെ….
ഓ പൊതി റെഡി. കരള് റെഡി”
”കരൾ….”
അവന്റെ കരൾ കറുത്ത പോളിത്തീൻ കവറിൽ
എന്റെ നേർക്കായുന്നു. ഞാനത് വാങ്ങുന്നു.
ഞാൻ,
വാങ്ങി. നടന്നു.
ഉള്ളിലെ ഭൂകമ്പം നിലച്ചിരിക്കുന്നു.
ഭൂകമ്പമാപിനിയിൽ ഭൂമിശാസ്ത്രത്തിന്റെ ഫലം പോലെ
എന്റെ ശരീരം എന്നെ അനുഗമിച്ചു തുടങ്ങി.