കേരളത്തിന്റെ വടക്കേ അതിർത്തിയിൽ കാസർഗോഡ് എന്നൊരു സ്ഥലം. കർണാടകത്തോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം അനേകം ഭാഷകളാലും ഭാഷാഭേദങ്ങളാലും സമ്പന്നമാണ്. ചില പ്രത്യേക മതവിഭാഗക്കാർ മാത്രം സംസാരിക്കുന്ന ഭാഷകൾ പോലും ഉണ്ട് എന്ന അത്ഭുതം. തെയ്യങ്ങളുടെയും കളിയാട്ടങ്ങളുടെയും നാടായതിനാൽ ആ സംസ്‌കാരവും പൈതൃകവും നാടിന്റെ ജീവസ്സുറ്റ അവസ്ഥയാണ്. ഇതിനൊക്കെയൊപ്പം
ചൂഷണത്തിനും മർദനത്തിനും എതിരെ ബഹുജന മുന്നേറ്റങ്ങളുണ്ടായ ഒരു മണ്ണാണ് കാസർഗോഡ്. എത്രയോ രക്തസാക്ഷികളുടെ ചോരയാൽ ചുവന്നുപോയ മണ്ണാണ് അത്. അനേകം അധിനിവേശങ്ങൾ അവിടെ സംഭവിച്ചു. പക്ഷെ വന്നവരെല്ലാം യജമാനന്മാരായി മാറി. സ്വന്തം ദേശത്ത് തങ്ങൾ അന്യരാവുന്നത് തിരിച്ചറിഞ്ഞുകൊണ്ട് ഓരത്തേക്ക് നീങ്ങിപ്പോയ മനുഷ്യരും അവർക്കൊരു നാവും ശബ്ദവും നൽകാനായി കിണഞ്ഞു പരി
ശ്രമിച്ച അനേകം സഖാക്കളും ചേർന്ന് രചിച്ച ഒരു ചരിത്രമുണ്ട് ആ നാടിന്. എഴുതപ്പെട്ട ചരിത്രത്തേക്കാൾ എത്രയോ വിപുലവും ഗഹനവുമാണ് ഈ എഴുതപ്പെടാത്ത ചരിത്രം. അങ്ങനെ ചരിത്രകാരന്മാരും ഗവേഷകരും ബോധപൂർവം മറന്നുപോയതോ മറക്കാൻ ശ്രമിച്ചതോ ആയ പലതും ഓർമിപ്പിക്കുന്നതാണ് പി.വി.കെ. പനയാലിന്റെ സാഹിത്യലോകം.
സാഹിത്യവും ചരിത്രവും ചേർന്നെഴുതുമ്പോൾ ഭാവനയ്ക്ക് വളരെ ചെറിയ സ്ഥാനമേ ഉണ്ടാവുകയുള്ളൂ. കാരണം ആവിഷ്‌കരിക്കേണ്ടത് തീർച്ചയായും സജീവമായിരുന്ന ചില സംഭവങ്ങളാണ്. ജീവൻ കൊടുത്ത് നേടിയ സ്വാതന്ത്ര്യങ്ങളുടെ കഥകളാണ്. ചോരയിൽ എഴുതിയ ഇതിഹാസങ്ങൾ. യജമാനന്മാരും അടിയാന്മാരും ഉണ്ടായത് പല കാരണങ്ങൾ കൊണ്ടുമാവാം. ചരിത്രം പല ഉത്തരങ്ങളും തരുന്നുമുണ്ട്. തൊലി
യുടെ നിറം, ജാതി എന്നിവയാൽ തങ്ങൾ ജനിച്ചതേ ഭരിക്കാനാണെന്നും ബാക്കിയുള്ളവരെ ദൈവം നിർമിച്ചതുതന്നെ തങ്ങൾ
ക്കായിട്ടാണെന്നും യജമാനന്മാർ വിശ്വസിച്ചുപോന്നു. മനുഷ്യരെ തലമുറതലമുറകളാക്കി സ്വന്തം അടിമകളാക്കി നിർത്തുകയും ൈകെമാറ്റം നടത്തുകയും ചെയ്യുന്നത് പി.വി.കെ. പനയാൽ തന്റെ എല്ലാ കൃതികളിലും ആവിഷ്‌കരിക്കുന്നുണ്ട്. ഇത്തരത്തിൽ തന്റെ അടിമസംഘത്തിൽപ്പെട്ടവർ എതിർക്കുന്നു എന്നോ അനുസരണക്കേട് കാണിക്കുന്നു എന്നോ ഉള്ള തോന്നൽ പോലും അധികാരിവർഗത്തെ എത്രമാത്രം അസഹിഷ്ണുക്കളാക്കുന്നു എന്നതും ഇതേ നോവലുകളുടെ വിഷയമാണ്. മംഗൾപാടിയുള്ള മുണ്ടിന്റെ െവളുപ്പുതന്നെ ഷെട്ടികളെ ഒന്നാകെ അരിശം പിടിപ്പിക്കുന്നു.
‘ഞാൻ’ എന്ന വാക്ക് നാർക്കള്ളൻ ഉപയോഗിക്കുമ്പോൾ ത്യാംപണ്ണ നായിക്ക് ഞെട്ടിപ്പോവുന്നു (ഇളകിയാടുന്ന മൗനം). കമ്മ്യൂണിസ്റ്റ് എന്ന വാക്കിനെ ഒരു തെറിപ്പദത്തിനു സമാനമായിട്ടാണ്. അവർ കാണുന്നത്. പുതിയ തലമുറയ്ക്ക് ചെറുപ്പക്കാരായ നേതാക്കന്മാരുണ്ടാവുന്നതും അവരോട് ആരാധനയോടെ അടിമവർഗം ഇടപെടുന്നതും തമ്പ്രാക്കന്മാരിൽ അസൂയ ഉളവാക്കുന്നുണ്ട്. സീത്തനും മംഗൾപാടിയുമൊക്കെ ഇത്തരം അസൂയയ്ക്ക് ഇരകളാണ്. ‘വികസനത്തിന്റെ രഥവേഗചക്രങ്ങൾക്കിടയിൽ അംഗഭംഗം വന്ന ഒരു വിഭാഗം മനുഷ്യർ’ എന്ന് നോവലിസ്റ്റ് അവരെ
വിശേഷിപ്പിക്കുന്നത് വളരെ ശരിയാണ്. അടിയാ സമൂഹത്തിന് സ്വന്തമായ മേൽവിലാസം ഉണ്ടായിരുന്നില്ല. അവരെ ഓരോ ജന്മിത്തറവാടുകൾ – ഗത്തുക്കൾ ലേലം കൊണ്ടു. ആ ഗത്തുവിനോട് ചേർന്നായിരുന്നു അവരുടെ പേരുകൾ പോലും. കല്ലളി ഗത്തുവിന്റെ അടിമ കല്ലളൻ. നാരിയമ്പാട്
ഗത്തുവിന്റെ അടിമ നാരിയമ്പാടി. പിന്നെ ആഴ്ചകളുടെയും മാസങ്ങളുടെയും പേരുകൾ അവർ സ്വീകരിക്കുന്നു. അതും വിചിത്രമായിരുന്നു. ശനിയാഴ്ച ജനിച്ചവൻ ചനിയനും ചനിയാറുവുമായി. അവരുടെ വീടുകൾ യഥാസമയം മന എന്നും അടിയാന്റേത് പട്ടം എന്നും അറിയപ്പെട്ടു. സവർണർക്ക് പോവാൻ വലിയ വഴിയും അവർണർക്ക് പോവാൻ ചെറിയ വഴിയും. അത് ‘കട’ എന്നറിയപ്പെട്ടു. ഇത്രയും ലഭ്യമാവാൻതന്നെ അവർക്ക് നന്നായി പണിപ്പെടേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും ഇവയൊക്കെ തങ്ങൾക്കവകാശപ്പെട്ടതാണ് എന്ന ബോധ്യത്തിലേക്ക് എത്തിയത് ഇവരിൽ വളരെക്കുറച്ച് പേർ മാത്രമായിരുന്നു. എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്ന മേലാളന്റെ അധികാരത്തെ ഭയന്നാണ് ഈ മൗനം.
മേലാളന് പേരിലേ വ്യത്യാസമുള്ളൂ. സ്വഭാവവും തീരുമാനങ്ങളും ഒരുപോലെയാണ്. അമ്പു ചെട്ടിയാരെയും നാർക്കള്ളനെയും വകവരുത്തിയത് ഒറ്റദിവസംകൊണ്ടാണ്. ഇതിൽനിന്ന് വ്യത്യസ്തരായി ചിന്തിക്കുന്ന ചില മനുഷ്യരെങ്കിലും ഇതിലൊക്കെ കടന്നുവരുന്നുണ്ട്. അതിലൊരാൾ രാമചന്ദ്ര ഷെട്ടിയുടെ അച്ഛനായിരുന്നു. അടിയാന്മാർക്ക് കൊടുക്കുന്ന അമിത സ്വാതന്ത്ര്യത്തെക്കുറിച്ച് പരാതി പറയുന്ന അമ്മയ്ക്ക് അയാൾ കൊടുക്കുന്ന ഒരു മറുപടിയുണ്ട്. ”അമ്മേ… അവരുടെ വിയർപ്പിൽ വിളയുന്ന ധാന്യമാണ് നമ്മൾ ഭക്ഷിക്കുന്നത്. അവരാണ് ദൈവത്തിന്റെ ഏറ്റവും അടുത്ത
മക്കൾ. അതുകൊണ്ടല്ലേ ഗാന്ധിജി അവരെ ഹരിജനങ്ങൾ എന്നു വിളിച്ചത്. ഹരിജനങ്ങളെ വീട്ടിൽ നിന്ന് അകറ്റുന്നത് ഹരിയെ അകറ്റുന്നതിന് തുല്യമാണ്” (ഇളകിയാടുന്ന മൗനം).
ഈ വലിയ ആദർശത്തിൽ ജീവിച്ചതിനാൽതന്നെ ബാക്കി മേലാളന്മാർക്ക് അയാൾ സ്വീകര്യനായിരുന്നില്ല. അയാളെ വെട്ടിക്കൊന്നാണ് ആ മനോഭാവങ്ങളെ അവർ അവസാനിപ്പിച്ചത്. പക്ഷെ ആ വലിയ ഗുണങ്ങളെ സ്വീകരിച്ചുകൊണ്ട് മകൻ വളർന്നുവന്നു. ഭൂമി ഇല്ലാത്തവർക്കായി സ്വന്തം മണ്ണ് വിട്ടുകൊടുത്തു. എല്ലാവരും മനുഷ്യരാണെന്ന വിശ്വാസത്തിൽ തന്റെ ചായക്കടയിലെത്തുന്ന എല്ലാവർക്കും ഗ്ലാസ്സിൽ ചായ കൊടുക്കുന്ന മമ്മദ്ക്ക (മൺവിളക്കുകൾ). തോട്ടം ദമൂലയിലെ അടിയാന്മാർക്ക് മാത്രമല്ല എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. അവസാനം ചന്ദ്രമുഖിയുടെ അമ്മയുടെ ശവമഞ്ചം വഹിക്കാൻ അയാൾ ചന്ദ്രൻ മാഷോട് അനുവാദം ചോദിക്കുന്നതോടെ മനുഷ്യന്മാരെല്ലാം അല്ലാഹുവിന്റെ മക്കളാണെന്ന തീവ്രമായ സ്വന്തം വിശ്വാസത്തെ ഒന്നുകൂടി അയാൾ ഉറപ്പിക്കുന്നു.
ദേവരുടെ പെൺമക്കൾ
പനയാലിന്റെ കഥാലോകത്ത് സ്ര്തീകളും മേലാളരും കീഴാളരും ഉണ്ട്. മേലാളസ്ര്തീകൾ അന്ത:പുരങ്ങളിലെ നിശ്ശബ്ദ സാന്നിധ്യങ്ങളാണ്. അവരെപ്പറ്റി കാര്യമായ പ്രസ്താവങ്ങളില്ല. ഭർത്താക്കന്മാരുടെ അപഥസഞ്ചാരങ്ങളെ തിരിച്ചറിയാനും അവർക്കാവുന്നുണ്ടെങ്കിലും പട്ടേലറുടെ കെട്ടിലമ്മയെപ്പോലെ വളരെ നിശ്ശബ്ദമായി കണ്ണീരൊഴുക്കാനേ ആ സ്ര്തീകൾക്കാവുന്നുള്ളൂ. അടിയാത്തികൾ അവരുടെ ജീവിതസാഹചര്യങ്ങളിൽ നിന്നും
ഉൾക്കൊള്ളുന്ന ധൈര്യത്താൽ എതിർക്കേണ്ടതൊക്കെ എതിർക്കണം എന്നുതന്നെ വിശ്വസിക്കുകയും പോരാടുകയും ചെയ്യുന്നു. പലപ്പോഴും പ്രായോഗിക ബുദ്ധിയിലും നിരീക്ഷണ പാടവത്തിലും അവർ മുന്നിട്ടുനിൽക്കുന്നു. ദേവറുടെ മകളായി നാട്ടുകാർ പൂർണമായും സ്വീകരിച്ചവളാണ് ‘ഖനിജ’ത്തിലെ കമല. അവൾക്ക് ആ വിശേഷണം അത്ര ഇഷ്ടമല്ലായിരുന്നു എങ്കിലും അവൾ നാഗമ്മയുടെ മകളായി അറിയപ്പെടാനേ ആഗ്രഹിച്ചുള്ളൂ. കമലയ്ക്ക് ദൊഡ്ഡമനയും പട്ടേലറും ഒന്നാണെന്നും പ്രഭുക്കന്മാർ ഒറ്റക്കെട്ടാണെന്നും ആദ്യമേ മനസ്സിലായിരുന്നു. മച്ചുള്ള വീട്ടാരും പുല്ലിട്ട വീട്ടാരും എന്ന പ്രയോഗത്തിലൂടെ അവൾ സീത്തനെ അത് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. സാമ്പത്തിക ഉച്ചനീചത്വങ്ങൾ ഒരു യാഥാർത്ഥ്യമാണെന്ന ബോധ്യം അവളിൽ നിന്നാണ് സീത്തന് പകർന്നുകിട്ടുന്നത്. പട്ടേലരോട് ഭൂമി ചോദിക്കുന്നതും അവൾ തന്നെയാണ്. നമ്മൾ കോട്ടകാവൽക്കാരാണ് എന്ന പാരമ്പര്യം പറഞ്ഞുകൊണ്ട് പോലീസിലേക്ക് മക്കളെ വിടണം എന്ന് അമ്മമാരെ ഉപദേശിക്കുന്നു മഞ്ചച്ചൻ എന്ന പ്രമാണിയോട് നിങ്ങളുടെ മകന് രാമകൃഷ്ണനെ വിട്ടുകൊണ്ട് ആ പാരമ്പര്യത്തെ സംരക്ഷിക്കാനാവശ്യപ്പെടുന്ന കമലയ്ക്ക് ആ ശക്തി അവളുടെ ദേവാംശത്തിൽ നിന്ന് ലഭിച്ചതാണെന്നുതന്നെയാണ് അവളുടെ കൂട്ടർ വിശ്വസിക്കുന്നത്. തന്റെ അമ്മാവനായ സുബ്രായറോടു പോലും
കൃത്യമായി കാര്യങ്ങൾ പറയുവാനവൾ മടിക്കുന്നില്ല. കോട്ടേയാർന്മാർ ബ്രിട്ടീഷുകാരോട് നന്ദിയുള്ളവരായിരിക്കണമെന്നും അനേകം കോട്ടേയാന്മാർക്ക് റവന്യൂ വകുപ്പിലും മറ്റും ജോലി അവർ തന്നില്ലേ എന്നുമുള്ള സുബ്രായറുടെ വാദത്തെ രേഖകൾ കന്നടയിലായതിനാലും കന്നട അറിയാവുന്നവർ കോട്ടേയാറന്മാർ ആയതിനാലും ലഭിച്ച ഒരു സൗജന്യമാണ് അതെന്നും അല്ലാതെ ഒരംഗീകാരം അല്ലെന്നും കമല ഓർമപ്പെടുത്തുന്നു. പോലീസിന്റെ നാവിറങ്ങി ഉത്തരം മുട്ടി എന്നു മാത്രമല്ല കമലയെപ്പറ്റി അഭിമാനവും തോന്നുന്നു. വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിരുന്നു എങ്കിൽ അവൾ ആരാവുമായിരുന്നു എന്നും സുബ്രായറ് അല്പം അത്ഭുതത്തോടെ ഓർക്കുന്നു.
അമ്മാവന്റെയൊപ്പം നിൽക്കുമ്പോഴും കമലയുടെ ചിന്തയും വർത്തമാനവും മുഴുവനും പെരുന്തട്ടയെക്കുറിച്ചാണ്. ഏകയായിരിക്കുന്ന ഒരവസരത്തിലെ അവളുടെ ചിന്തകൾ നോവലിസ്റ്റ് ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്. പെരുന്തട്ടയില മണ്ണിൽ കൃഷി ചെയ്യാനുള്ള കോട്ടേയാർന്മാരുടെ അവകാശം തന്ത്രപരമായി തിരിച്ചുപിടിച്ചത് നന്നായി. അക്രമപ്പിരിവുകൾ നിർത്തലാക്കാനുള്ള മുദ്രാവാക്യം എങ്ങും മുഴങ്ങുന്നുണ്ട്. നാളെ ആ മു്രദാവാക്യം ഏറ്റുവിളിക്കാൻ കോട്ടേയാർന്മാരും തയ്യാറാകും. നാളെ ഇത്തരം ചെറുത്തുനില്പുകൾ പെരുന്തട്ടയിലും സംഭവിക്കും….” ഇങ്ങനെ നാടിനുവേണ്ടി സ്വപ്നങ്ങൾ നെയ്ത പെരുന്തട്ടയിലെ എല്ലാ അമ്മമാരും ചേർന്ന് പോറ്റിയ സ്‌നേഹിച്ച കമലയെ അവർ വെറുത്തത് അവൾ
കൊലപാതകി ആവുന്നതോടെയാണ്. കുഞ്ഞിക്കോരനെ അവൾ വകവരുത്തുന്നത് ആ നാട്ടിലെ പെണ്ണുങ്ങൾക്ക് മുഴുവനും വേണ്ടിയാണ്. ആ പ്രവൃത്തി ചെയ്യുമ്പോൾ എത്രയോ തലമുറയുടെ ശക്തി ആ കൈകളിലേക്ക് എത്തിയതായി പറയുന്നുമുണ്ട്. ഒരു പെണ്ണ് അങ്ങനെ ചെയ്തതിനെ അവർക്ക് ന്യായീകരിക്കാനാവുന്നില്ല. അതോടെ ദേവറുടെ മോള് പിശാചിന്റെ മകളായി മാറുന്നു. ജയിലിൽ നിന്ന് തിരികെ വരുമ്പോൾ അവളെ ഏറ്റവും സ്‌നേഹിച്ചിരുന്ന ധുമ പൂജാരിയും ദേവമ്മയും പോലും അവളെ ആട്ടിയകറ്റുന്നു. നിന്നെ എന്താ അവര് തൂക്കിക്കൊല്ലാഞ്ഞത്
എന്ന കാളിയമ്മയുടെ ചോദ്യം ആ നാടിന്റെ മുഴുവനും ചോദ്യമാണ്. കയ്യൂർ രക്തസാക്ഷികൾ ധീരന്മാരായി സ്മരിക്കപ്പെടുമ്പോൾ ജന്മിത്വത്തിനെതിരെ പോരാടിയ അതിന്റെ കടവേരറുത്ത കമല ആട്ടിയകറ്റപ്പെടുന്നത് അവൾ െപണ്ണായതുകൊണ്ട് മാത്രമാണ്.
രക്തേശ്വരിയും കരിഞ്ചാമുണ്ടിയും കൂടി രത്തൻ മൂപ്പർക്ക് നൽകിയ മകളായിരുന്നു ‘മൺവിളക്കുകളി’ലെ അംഗാറെ. എല്ലാവരും എടുക്കാൻ കൊതിച്ച മംഗൾപാടിയുടെ തങ്കിടി. അക്ഷരം പഠിച്ചവൾ. അവളെ പ്രാപിക്കാൻ മംഗൾപാടിയിലെ സകല പുരുഷന്മാരും പ്രായഭേദമെന്യേ ആഗ്രഹിച്ചിരുന്നു. അവൾ രക്തേശ്വരിയുടെ മകളാണ് എന്ന ഭയത്താൽ മാത്രമാണ് അവർ അവളെ വെറുതെ വിട്ടത്. പിന്നെ പാടിയെ ഭയന്നിട്ടും. രുദ്രപ്പൻ ദാസപ്പനെ തല്ലുമ്പോൾ നയിക്കുന്ന ജാഥയിലൂടെയാണ് അംഗാറെ തന്റെ ആദ്യപ്രതിഷേധം അറിയിക്കുന്നത്. പിന്നീട് വിട്ടൻ ഷേണായിയോട് എല്ലാവർക്കും തൊഴിൽ ചോദിച്ച് നീതി ഉറപ്പാക്കുന്നു. ദാസപ്പന്റെ മരണത്തോടെ അവൾ തളർന്നുപോവും എന്നു കരുതിയവരെ അമ്പരപ്പിച്ചുകൊണ്ട് അവൾ ഓരോ പ്രതിസന്ധികളെയും നേരിടുന്നു. അമ്മയുടെ മരണശേഷം അനാഥയാവുന്ന ചന്ദ്രമുഖിയെ തന്നോട് ചേർത്തുപിടിക്കുന്നു. സ്വന്തം വേദനകളെ അടക്കി നർമം പറയുന്നു. അവസാനം ദേവണ്ണ ഷെട്ടിയുടെയും പൂവമ്മയുടെയും മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ വേണ്ടി ജാഥ നയിക്കുകയും പോലീസിനോട് വളരെ വ്യക്തമായി സംസാരിക്കുകയും ചെയ്യുന്നു. അംഗാറെ മുന്നോട്ടു വയ്ക്കുന്ന ചില സൂചനകളിലൂടെയാണ് പോലീസുകാർക്ക് പ്രതിയെ പിടിക്കാനാവുന്നതും ഒരു ഭയങ്കര കൊലപാതകത്തിന്റെ യാഥാർത്ഥ്യം
പുറത്തുവരുന്നതും.
ഈ കഥാലോകം നിറയെ സ്ര്തീകളാണ്. അടിമകൾ എന്ന് മേലാളന്മാരക്ക് വിശേഷിപ്പിക്കാമെങ്കിലും നിവൃത്തികേടിൽ അവരുടെ കാമകേളികൾക്ക് ഇരയാകേണ്ടിവന്നെങ്കിലും പിൻതലമുറയെ അത്തരം അടിമപ്പണിക്ക് വിട്ടുെകാടുക്കില്ല എന്ന് പ്രതിജ്ഞ ചെയ്തവർ. ‘ഇളകിയാടുന്ന മൗന’ത്തിലെ ചോതിയായാലും ശിവദാസന്റെ മൂത്തമ്മയായാലും പള്ളിക്കുഞ്ഞി ബ്യാരിയുടെ മകൾ ആമിനയായാലും ഓരോരുത്തർക്കും അവരുടെ വ്യക്തിത്വം ഉണ്ട്. നൊന്തു പെറ്റ് വളർത്തിയ മകളെ പ്രസ്ഥാനത്തിന് നൽകിയ ഈ സ്ര്തീകൾ ജന്മിത്വം അവസാനിപ്പിച്ചതിലെ യഥാർത്ഥ അവകാശി
കളാണ്. കാരണം മക്കളെ പോരാട്ടത്തിന്റെ വഴികളിലേക്ക് എറിഞ്ഞുകൊടുക്കാനവർക്ക് കഴിഞ്ഞു എന്നതുകൊണ്ടുതന്നെ. മേലാളന്മാരുടെ സ്ര്തീകൾ നിശ്ശബ്ദ സാന്നിധ്യമാവുമ്പോഴും അവരും അവരുടേതായ രീതിയിൽ പ്രതിഷേധിക്കുന്നുണ്ട്. ദേവണ്ണ ഷെട്ടിയുടെ ഭാര്യ പൂവമ്മയാണ് ശ്രദ്ധാർഹയായ കഥാപാത്രം (മൺവിളക്കുകൾ). ദേവണ്ണ ഷെട്ടിയുടെ അസായൂർഹമായ വർത്തമാനങ്ങൾക്ക് ഓരോ അവസരത്തിലും കടുത്ത മറുപടികൾ നൽകിക്കൊണ്ട് അവർ പ്രതിഷേധിക്കുന്നുണ്ട്. ദാസപ്പന്റെയും അംഗാറയുടെയും വിവാഹത്തിന്റെ അന്ന്, അടിയാന്മാരുടെ കളിയാട്ടത്തിന്റെ
അന്ന് ഒക്കെ അയാളുടെ പുച്ഛം നിറഞ്ഞ വാക്കുകളെ അവർ കൃത്യമായി ഖണ്ഡിക്കുന്നുണ്ട്. ചന്ദ്രമുഖി അംഗാറെയ്‌ക്കൊപ്പം താമസിക്കുന്നതിലെ ജാതീയത ദേവണ്ണ ഷെട്ടി വിളമ്പുമ്പോഴാണ് അവർ ചന്ദ്രമുഖി ഒറ്റയ്ക്ക് കഴിഞ്ഞാൽ നിങ്ങൾ വെറുതെ വിടുമോ എന്ന ചോദ്യവുമായി അയാളെ നിലംപരിശാക്കുന്നത്. തന്നെ ആക്രമിക്കാനെത്തുന്ന ഗുണ്ടയെപ്പോലെ വകവരുത്താനുള്ള മനക്കട്ടി അവർക്കുണ്ടായിരുന്നു. വളരെ ദയനീയമായൊരു അന്ത്യത്തിലേക്ക് അവരെ നയിച്ചത് ഭർത്താവിന് സമ്പത്തിനോടുണ്ടായിരുന്ന ആർത്തിയും ശ്രീറാം ഷെട്ടിയുടെ പ്രതികാരവും കാരണമായിരുന്നു. ‘ഇളകിയാടുന്ന മൗന’ത്തിൽ കൊറഗബൺടന്റെ സഹോദരി സതി ജന്മിമാരുടെ സമ്മേളനത്തിൽ നേരിട്ടു വന്ന്
പ്രതിഷേധിക്കുന്നുണ്ട്. ജന്മിമാരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യത്തെ കൃത്യമായി ചോദ്യം ചെയ്യുന്നുണ്ട്. തന്റേടത്തോടെ തനിക്കുള്ള അവകാശം ചോദിക്കുന്നുണ്ട്. സ്വത്തിൽ സ്ര്തീക്കും അവകാശമുണ്ട് എന്ന വാദം ഉന്നയിക്കുന്നതും സതിയാണ്. ചന്ദ്രമുഖി അധികം സംസാരിക്കുന്നില്ലെങ്കിലും അതീവശക്തിയുള്ള ഒരു കഥാപാത്രമാണ്. സാഹചര്യങ്ങളോട് ഇണങ്ങിപ്പോവാനാവുന്നവൾ. ഒറ്റയ്ക്കായപ്പോൾ അടിയാപ്പട്ടത്തിൽ പോയി താമസിച്ചവൾ. വിധി അവളെ പാടിയോട് ചേർക്കാൻ അനുവദിച്ചില്ല. ആ വിധി ദൈവവിധിയല്ലായിരുന്നു എന്നറിഞ്ഞുകൊണ്ടുതന്നെ അവൾ അത് സ്വീകരിക്കുന്നു.
പോരാട്ടത്തിന്, ജന്മിമാരുടെ അതിക്രമങ്ങൾക്ക് ദേശഭേദങ്ങളില്ലാത്തതുപോലെ അതിൽ ഏർപ്പെടുന്ന സ്ര്തീകൾക്കും ഭേദമില്ല എന്നാണ് പനയാൽ തന്റെ ‘സൂര്യാപേട്ട്’ എന്ന നോവലിലൂടെയും പറഞ്ഞത്. തെലുങ്കാന കർഷക സമരത്തിന്റെ കഥയാണത്. അതിലെ മരുതമ്മ എന്ന സ്ര്തീ വളരെ പ്രായം ചെന്ന ഒരാളാണ് എങ്കിലും അവരുടെ കണ്ണിലെ അഗ്നിയിൽ അവർ നിയമപാലകരെയും പിന്തിരിപ്പന്മാരെയും നേരിടുന്നുണ്ട്. നഷ്ടങ്ങളെയോർത്തവർ മാഴ്കുന്നതേയില്ല. കാരണം പ്രവൃത്തികൾക്കെല്ലാം കാരണങ്ങളുണ്ടെന്നും ഇതൊക്കെ അവസാനിപ്പിക്കാൻ സമയമായി എന്നുമുള്ള ബോധ്യം. വരുംതലമുറയെ എങ്കിലും ഈ കഴുകൻകണ്ണുകളിൽ നിന്നും മോശമായ ഭാഷയിൽ നിന്നും വികൃതമായ ആചാരങ്ങളിൽ നിന്നും രക്ഷിക്കണം എന്ന ബോധ്യം. അതാണ് ഈ സ്ര്തീകളെ കരുത്തരാക്കുന്നത്. അവരായിരുന്നു പ്രസ്ഥാനങ്ങൾക്ക് പിന്നിലെ ശക്തി.
തെയ്യങ്ങളും കളിയാട്ടങ്ങളും ദേവസ്ഥാനങ്ങളും ചേർന്നു നിർമിക്കുന്ന ഒരു സാംസ്‌കാരിക കെട്ടുറപ്പ് ഈ കൃതികളിലെല്ലാമുണ്ട്. ധൂമാവതിക്കൊട്ടിലുകൾ, ചെറിയ കാവുകൾ ഒക്കെ പിന്നീട് േക്ഷത്രങ്ങളായി മാറുന്ന ചരിത്രം പറയുന്നതിലൂടെ അടിയാന്മാരു ദൈവങ്ങളെപ്പോലും എങ്ങനെയാണ് മേലാളന്മാർ അപഹരിച്ചതെന്ന് വ്യക്തമാവും. ‘മാരിഗുഡി പണ്ട് ചെരിപ്പുകുത്തികളായ മാദിഗന്മാരുടെ അമ്പലമായിരുന്നു. കാലഭൈരവക്ഷേത്രം. ഇന്ന് കീഴാളരുടെ ഭൈരവാദി പാഷാണഗുഡി താഴെ കൈത്തോടിന്റെ കരയിലാണ്. മാരിഗുഡി ഇന്ന് ആര്യകാർത്ത്യായനി മഹാക്ഷേത്രമാണ്” (ഇളകിയാടുന്ന മൗനം). ഇത്തരം മാറ്റങ്ങൾ പലവിധത്തിൽ നോവലുകളിലെല്ലാം കാണാം. കരിഞ്ചാമുണ്ഡിയും കൊറഗതനിയനും ഈ നോവലുകളിലെ വെറും കഥകളല്ല, ശക്തമായ സാന്നിധ്യമാണ്.
കളിയാട്ടങ്ങളുടെയും തെയ്യങ്ങളുടെയും താളവും ചടങ്ങുകളും ഈ കൃതികളുടെ ആഖ്യാനത്തിനും മിഴിവേകുന്നു. അവയൊക്കെ ഈ ജനതയുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നേർച്ച നേർന്ന് അപേക്ഷിക്കലും അവ നൽകാനാവാതെ നൊമ്പരപ്പെടലും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
ശ്രദ്ധാർഹമായൊരു കാര്യം ‘സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുമ്പോഴും അവർ നാടിന്റെ സാംസ്‌കാരികാടിത്തറയിൽ ചുവടുറപ്പിച്ച് തന്നെ നിൽക്കുന്നു. കാവുകളിലും തറവാട്ടുവീടുകളിലും നടക്കുന്ന കൡയാട്ടങ്ങൾക്കും ഉത്സവങ്ങൾക്കും നേതൃത്വം നൽകുമ്പോഴും ആരാധനയ്ക്ക് പിന്നിലെ സാമ്പത്തിക രാഷ്ട്രീയ അഴിമതികളെ ചോദ്യം ചെയ്യുന്നു” (ഖനിജം). ഇത്തരം ഒരു നിലപാടിൽ നിന്നതുകൊണ്ടാണ് കയ്യൂരിലെ കളിയാട്ടത്തിന്റെ നടവരവ് ജന്മിയെ ഏല്പിക്കുമ്പോൾ അപ്പുവും ചിരുകണ്ടനും അതിനെ എതിർക്കുന്നത്.
ഈ ദേവിമാരും ദേവന്മാരും അവരുടെ കഥകളും ജനിച്ച അന്നുമുതൽ കേട്ട് വളർന്നവരാണിവർ. അവരുടെ രക്തത്തിൽ ഇവയങ്ങനെ അലിഞ്ഞതാണ്. ഈ വിശ്വാസങ്ങളോടൊപ്പം ധാരാളം അന്ധവിശ്വാസങ്ങളും ഇതേ ജനത കാത്തുസൂക്ഷിക്കുന്നുണ്ട്. അവയും ഇവരുടെ ശക്തി
തന്നെയാണ്. മരത്തിൽ പണിത വിഷ്ണുമൂർത്തിയുടെ വാഹനമായ ‘ബെല്യോറ്’ എന്നു വിളിക്കുന്ന നരിക്ക് ജീവൻ വയ്ക്കും എന്നൊക്കെയുള്ള വിശ്വാസങ്ങൾ ഇതിന്റെ ഭാഗമാണ്. ഓരോ അമ്പലത്തിനും പിന്നിലുള്ള കഥകൾ വളരെ വിശദമായി പ്രതിപാദിക്കപ്പെടുന്നത് ജനങ്ങളും അവയും തമ്മിലുള്ള ബന്ധം വ്യക്തമാക്കാനും കൂടിയാണ്. പൈവെളിഗെയിൽ പണ്ട് ബസ്സു കാത്ത് ജനം നിന്നത് അരയാൽത്തറയിലായിരുന്നു എന്നും
ഇപ്പോഴത് രണ്ട് ഷെൽട്ടറുകളായി മാറിയിരിക്കുന്നു എന്നും എഴുതുമ്പോഴും അമ്പലത്തിനു മുമ്പിൽ കാവിക്കൊടി പാറി എന്നെഴുതിയപ്പോഴും നാട്ടിലേക്ക് കടന്നുവന്ന ഒരു വലിയ മാറ്റത്തെക്കൂടി പനയാൽ അവതരിപ്പിക്കുന്നുണ്ട്.
തെയ്യത്തിന്റെ വിവരണങ്ങളോടൊപ്പം തന്നെ പോരുകോഴിമത്സരത്തിന്റെ വലിയ വിവരണങ്ങൾ ‘ഇളകിയാടുന്ന മൗന’ത്തിലുണ്ട്. ഏതു കോഴി ജയിച്ചാലും അത് യജമാനന്റെ വിജയമാവുകയും തോൽവി അടിയാന്റെ തോൽവിയാവുകയും ചെയ്യുന്ന വിചിത്രമായ ഒരവസ്ഥ കൂടി ആയതിനാലാവണം എഴുത്തുകാരൻ അതിനെ വിശദമായി സ്വീകരിച്ചത്. കാസർേകാട്ടെ ഭാഷകളുടെ – വാമൊഴികളുടെ കരുത്ത് ഈ കൃതികളുടെ ബലമായി മാറുന്നു. പേരുകൾ പോലും അതേപോലെ സ്വീകരിക്കപ്പെടുന്നു. എൺടപ്പൻ എന്നൊരു പേര് കേരളത്തിൽ മെറ്റവിടെയും ഉണ്ടാവില്ല. കന്നടയും മലയാളവും ഒക്കെ ചേർന്ന ഭാഷ സംസാരിക്കുന്ന ഒരു സമൂഹെത്ത അങ്ങനെതന്നെ അവതരിപ്പിക്കാൻ അതേ ഭാഷയും സ്വീകരിക്കുന്നു. പ്രബോധന കവിതകളുടെ വലിയ ശേഖരവുമായി വന്ന ഉച്ചച്ചൂടൻ എന്നു നാട്ടുകാർ വിളിച്ച ഐത്തപ്പയും പാമ്പിനെക്കൊണ്ട്
കൊത്തിച്ചു മരിച്ച നാഗേ ഗൗഡറും മുന്തൻ മൂപ്പറും അങ്ങനെ എത്രേയാ കഥാപാത്രങ്ങൾ ഈ കഥാലോകം പരിചയപ്പെടുത്തിയവരാണ്. അവരാണ് വിച്ചോർമ്മനെയും കളിയോർമ്മനെയും എനിക്ക് പരിചയപ്പെടുത്തിയത്. ആ നാടിന്റെ ഭൂമിശാസ്ര്തം പറഞ്ഞുതന്നത്. കാര്യമ്പാടി പുഴയും ബേഡഗുഡെയും തോട്ടും ദമൂലെയും ഞാനറിഞ്ഞതും ഇവരിലൂടെയാണ്.
ജന്മിത്തം ഇല്ലാതെയായി. മനുഷ്യർ അടിമകൾ അല്ലാതെയുമായി. പക്ഷെ പുതിയ യജമാനന്മാർ കടന്നുവരുന്നുണ്ടെന്നും അവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഇവയിലൂടെ എഴുത്തുകാരൻ ഓർമപ്പെടുത്തുന്നു. അതാണ്. എന്നും എഴുത്തുകാരന്റെ ദൗത്യം. സ്വയം ജാഗ്രതപ്പെടുക. ചുറ്റുമുള്ള സമൂഹത്തെ ജാഗ്രതയോടെ ഇരിക്കാൻ ഓർമപ്പെടുത്തുക. അപ്പോഴാണ് വെറും മൺവിളക്കുകൾക്ക് ജ്വലനശേഷിയുണ്ടാവുന്നത്.