ചങ്കുപുഷ്പം
എന്നും പ്രണയം
കണ്ണിലെഴുതി
നീലിച്ചു
പോയവൾ.
വിശുദ്ധപുഷ്പം
പെൺകുട്ടി
കണ്ണാടിയിൽ ചുംബിച്ചപ്പോൾ
ഒരു
വെളുത്ത ശംഖുപുഷ്പം
വിരിഞ്ഞു
അവളതെടുത്ത് കാടിൻ നടുവിൽ വച്ചു.
പ്രണയത്തിൻ ധ്യാനത്തിൽ
ഒരു ശലഭം അതിൽ മുത്തമിട്ടു
അവളങ്ങനെ നീലശംഖുപുഷ്പമായി
മുറിവുകളിൽ നിന്നും
മുക്തയായി
പ്രണയത്തെ
തേടുന്നവർക്കായി
അവളാ കണ്ണാടി
കാട്ടിലുപേക്ഷിച്ചു.
പാതി വിടർന്ന ശംഖുപുഷ്പം
നീലത്തട്ടമിട്ട
മിഴി പാതി തുറന്ന
ശംഖുപുഷ്പത്തെ
ശലഭങ്ങൾക്ക്
പേടിയാണ്.
അതെങ്ങാൻ
കണ്ണുതുറന്നാൽ
പ്രള(ണ)യത്തിൽ
ശലഭങ്ങൾ
ചിറകറ്റ്
പിടഞ്ഞുപോകും.