ഡോംബിവ്‌ലിയിൽ ശനിയാഴ്ച ആരംഭിച്ച മറാത്തി കേരളം മഹോത്സവം പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. മലയാളത്തിന്റെ പ്രശസ്ത നടനായ മധു നടി ഷീല ഗായകൻ എം. ജി. ശ്രീകുമാർ സൂര്യ കൃഷ്ണമൂർത്തി ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് ഡയറക്ടർ ഉമ്മൻ ഡേവിഡ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മഹാരാഷ്ട്രയിൽ തനിക്കു അടുത്ത സുഹൃത്തുക്കൾ ധാരാളമുണ്ടെന്നു പറഞ്ഞ അടൂർ മഹാരാഷ്ട്രീയരും മലയാളികളും ഒത്തുചേർന്നു നടത്തുന്ന ഇത്തരം പരിപാടികൾ രണ്ടു ജനവിഭാഗങ്ങൾ തമ്മിൽ കൂടുതൽ അടുക്കാൻ സഹായിക്കുമെന്ന് പറഞ്ഞു. ഇത്തരം സാംസ്‌കാരിക വിനിമയങ്ങളും കൂട്ടായ്മകളുമാണ് ഇന്നത്തെ ലോകത്തിനു ആവശ്യമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
സഹിഷ്ണുതയിലേക്കും കൂട്ടായ്മകളിലേക്കുമുള്ള ഒരിത്തിരി വെട്ടമാണ് ഈ മഹോത്സവമെന്നു മധു പറഞ്ഞു. കലയും സംസ്കാരവുമാണ് ദേശീയോദ്ഗ്രഥനത്തിന്റെ ചവിട്ടുപടികളെന്നു അദ്ദേഹം തുടർന്നു.
ഉത്സവത്തിന്റെ രണ്ടാം ദിവസം എം . ജി ശ്രീകുമാറിന്റെ സംഗീത സന്ധ്യ ഉണ്ടായിരുന്നു. ചിത്രം എന്ന സിനിമയിലെ സ്വാമിനാഥ … എന്ന ഗാനത്തിൽ തുടങ്ങിയ ജുഗൽബന്ദി പിന്നീട് ഹിന്ദിയിലെയും മലയാളത്തിലെയും തമിഴിലെയും ഹിറ്റ് ഗാനങ്ങളിലൂടെ മുന്നേറി.
മുംബയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മലയാളി കുട്ടികൾ അവതരിപ്പിച്ച നൃത്ത-നൃത്യങ്ങൾ മഹാരാഷ്ട്രീയരും മലയാളികളുമടങ്ങുന്ന ആയിരക്കണക്കിന് കാണികളുടെ പ്രശംസ പിടിച്ചു പറ്റി. കേരളീയ കലാരൂപങ്ങൾ കാണാനുള്ള ഒരു വലിയ സന്ദർഭമായി ഈ മരത്തി-മലയാളി കലാമേള മാറിയതിൽ തനിക്കു അതിയായ സന്തോഷമുണ്ടെന്ന് ഈ മഹോത്സവത്തിന്റെ സംഘാടകരിൽ ഒരാളായ ചന്ദ്രകാന്ത് പറഞ്ഞു.
മുംബയിലെ മലയാളി കവികൾ പങ്കെടുത്ത കവി സമ്മേളനം കാണികളെ വളരെയധികം ആകർഷിച്ചു. കല്യാൺ കേരളീയ സമാജം, ഹോളി ഏഞ്ചൽസ് സ്കൂൾ, അഗ്രി സമാജം എന്നീ സംഘടനകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി.
മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയായിരുന്നു നാലാം ദിവസത്തെ മുഖ്യ അതിഥി. മലയാളി വേഷമണിഞ്ഞെത്തിയ കാംബ്ലി ഇത്തരം പരിപാടികൾ ഭാഷാടിസ്ഥാനത്തിലുള്ള അസഹിഷ്ണുതക്കു ഒരു മറുപടിയാണെന്നു തന്റെ പ്രസംഗത്തിൽ പറഞ്ഞു. മലയാളത്തിൽ ‘എല്ലാവര്ക്കും സുഖമാണോ’ എന്ന് ചോദിച്ചു പ്രസംഗം ആരംഭിച്ച കാംബ്ലി തുടർന്ന് ഇംഗ്ലീഷിലും മറാത്തിയിലുമായി തന്റെ ചിന്തകൾ പങ്കുവെച്ചു. മൈതാനം മുഴുവൻ ചുറ്റിനടന്നു ആവശ്യക്കാർക്കൊപ്പം സെല്ഫിയെടുക്കാനും കാംബ്ലി ധാരാളം സമയം ചെലവിട്ടു. മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ സ്വീകരിക്കുന്നു.
അഗ്രി സമാജത്തിനു വേണ്ടി ഗുലാബ് വാസെ, ഗുരുദേവ് മാത്രേ, രാമകൃഷ്ണ പാട്ടീൽ എന്നിവരും മഹാരാഷ്ട്ര കേരള കൾച്ചറൽ ഓർഗനൈസേഷന് വേണ്ടി ഡോക്ടർ ഉമ്മൻ ഡേവിഡ്, രാജൻ പണിക്കർ, പോൾ പറപ്പള്ളി, ഇ. പി. വാസു, കുന്നം വിഷ്ണു, സി. പി. ബാബു എന്നിവരും അതിഥികളെ സ്വീകരിച്ചു.