ഐസിട്ട മീനിന് രുചി കുറയും
കടലിലെ മത്സ്യം
ജാതിഭേദമില്ലാതെ ഇരയെപ്പിടിക്കും
തിമിംഗലത്തിന്റെ വായ
വലുതാണ്
പക്ഷേ അതിന്,
ചെറിയ ജലജീവികളെ മാത്രമേ
തിന്നാനാവൂ
സ്രാവ് ഭീകരനാണ്
തിന്നും എല്ലാറ്റിനേം.
മത്സ്യം മനുഷ്യന് ഉപജീവനമാണ്
വിലപേശൽ വേറെ.
പണ്ടൊരു കർക്കിടകരാവിലാണ്
ഞാൻ കടലിൽ പോയത്
കടലും ഇരുട്ടും
ഇരുട്ടിന്റെ മരണാസക്തി
അന്നാണ് ഞാനറിഞ്ഞത്.
സ്വപ്നങ്ങൾ മത്സ്യങ്ങളെപ്പോലെയാണ്
യുക്തിയുടെ പിടിയിൽനിന്ന് അവ വഴുതിപ്പോകും
ഉണർവിന്റെ തീരത്തണയുമ്പോൾ
കവിതപോലെ അവ ചത്തടിയുകയും ചെയ്യും.
കാട് കൊള്ളാം
വന്യപുഷ്പങ്ങൾ,
പടു വൃക്ഷങ്ങൾ,
സിംഹഗർജനം.
കടലിലേക്ക് ഞാൻ തിരിച്ചുപോകട്ടെ
പൂക്കളെയും പടുവൃക്ഷങ്ങളെയും ഉപേക്ഷിച്ച്.
ഞാൻ ഒരു മത്സ്യവില്പനക്കാരനാണ്.