പി.ആർ. അരവിന്ദനിൽ തുടങ്ങണോ, അതോ അരവിയിൽ
നിന്നു തുടങ്ങണോ?
എന്തായാലും ഞങ്ങൾ തമ്മിൽ കാണുന്നത് ബാംഗ്ലൂരിൽ വച്ചായിരുന്നു.
പിട്രോഡ എന്ന കസേരകമ്പനിയുടെ ബാംഗ്ലൂരിലെ
ബ്രാഞ്ച് മാനേജരായിരുന്നു കഥാപുരുഷൻ. തെറ്റില്ലാത്ത നിലയി
ലായിരുന്നു ജീവിതം. ഭയങ്കരമായ ഗ്ലാമറിൽ. മുപ്പതു വർഷങ്ങൾ
ക്കപ്പുറത്തെ കഥയാണ്. ഒരു ലാംബ്രട്ട സ്‌കൂട്ടറുണ്ട്. ഭാര്യയുണ്ട്. ഒരു
മോനുണ്ട്. വാടകവീട്ടിലാണ് താമസം.
വളരെ ഡീസന്റായ ജീവിതം. ഓഫീസ് വിട്ടു വന്നാൽ വീട്. ഗഹനമായ
വായന തുടങ്ങിയ ഡീസന്റ് പണികൾ. ബൈബിളിലെ
ഇയ്യോബിനെപോലെ. ഭാര്യ ലളിതാജി കിളിരമുള്ള ഒരു കൊച്ചുസു
ന്ദരി. സാഹിത്യഗുണസമ്പന്ന. ആരോഗ്യകാര്യത്തിൽ നൂൽപാല
ത്തിലൂടെ നടക്കുന്ന ഒരു അശുവാണെങ്കിലും ഖസാക്കിന്റെ ഇതി
ഹാസം വായിച്ചിട്ടുണ്ട്. മാത്രമോ സസ്യഭുക്ക്. അങ്ങനെ ഭയങ്കര
ഡീസന്റായ ജീവിതം നയിച്ചുവരവേയാണ് മാരകന്മാരായ സാഹി
ത്യകാരന്മാർ അരവിയിൽ രംഗപ്രവേശനം ചെയ്യുന്നത്. അതിനുമുമ്പ്
കുങ്കുമം വാരികയിലും മറ്റും മേപ്പടിയാൻ പല കഥകളും എഴുതിയിട്ടുണ്ടെന്നതു
മറച്ചുവയ്ക്കുന്നില്ല. പെരുമ്പടവം ശ്രീധരനൊക്കെ
തുരുതുരാ എഴുതുന്ന കാലത്ത്.
പന്ത്രണ്ടു കഥകൾ എഴുതി ഒരു കൊച്ചു സാഹിത്യകാരനായി
വിലാസം പ്രാപിച്ചുവരുന്ന എം.ജി. രാധാകൃഷ്ണനാണ് മാരകന്മാരിൽ
ആദ്യം ലാന്റു ചെയ്തത്. അപ്പോഴേക്കും കഥാപുരുഷന് സാഹി
ത്യരോഗം കലശലായിരുന്നു. ‘മിനി മാഗസിൻ’ എന്നൊരു മാസിക
പുറപ്പെടുവിക്കാനായി യജ്ഞം തുടങ്ങുന്നു. ലാന്റു ചെയ്ത മാരകൻ
പ്രോത്സാഹനങ്ങളും പ്രളയങ്ങളും കൈമാറുന്നു.
അങ്ങനെയൊരുനാൾ മാരകൻ മുംബയിൽ നിന്നെത്തി
ബാംഗ്ലൂരിൽ താമസിക്കുന്ന ഹോട്ടലിൽ വൈകുന്നേരം വന്ന്
ലാബ്രട്ടയുടെ പിന്നിലിരുത്തി ഓടിച്ചുകൊണ്ടുപോയത് കൊട്ടാരംപോലുള്ള
ഒരു വൻകിട ഹോട്ടലിൽ. പളുങ്കുപോലുള്ള തറ. ഗ്ലാസിട്ട
കതകുകൾ. പുഷ്യരാഗങ്ങൾപോലെ സംഗീതം ചിറകടിക്കുന്നു,
മെല്ലെ.
കുടിക്കാൻ മഞ്ഞക്കിളി വന്നു. പതയുന്ന സോഡ വന്നു.
നേർത്ത വരകളുള്ള ചൈനീസ് പിഞ്ഞാണത്തിൽ സലാഡിന്റെ
കൂട്ടത്തിൽ ചെറിയൊരു പച്ചമരവും. പുള്ളിതന്നെ ആ മരം വെട്ടി
തിന്നാൻ തന്നു. തക്കാളിയും മുള്ളങ്കിയും ക്യാരറ്റും കുരുമുളകും ഉപ്പുമിട്ടു
അതിനു സമാന്തരമായി. വറുത്ത അണ്ടിപ്പരിപ്പും സമുദ്രമിളകുന്ന
മനസ്സുമായി ഞങ്ങൾ മഞ്ഞക്കിളിയെ മോന്തിക്കൊണ്ടേയി
രുന്നു.
അക്കാലത്ത് ലിറ്റിൽ മാഗസിനുകൾ നൊമ്പരപ്പൂക്കളെപ്പോലെ
യാത്രയാരംഭിച്ചിരുന്നു. മിനി മാഗസിനെ സംബന്ധിച്ചിടത്തോളം,
(ഇനി പേരു പറഞ്ഞു കളിക്കാം) അരവി പ്രിന്ററും പബ്ലിഷറും
എഡിറ്ററും ലേ ഔട്ട് ആർടിസ്റ്റും എഴുത്തുകാരനും ഒക്കെ ആയിരു
ന്നു. എഴുത്തു മാത്രമേ വശമുള്ളൂവെങ്കിലും മാസികയുടെ സകല
വേലകളിലും അദ്ദേഹം കൈവച്ചു. കംപ്യൂട്ടറില്ലാത്ത അച്ചു നിര
ത്തുന്ന കാലമാണത്.
തരക്കേടില്ലാത്ത ആദ്യലക്കം ഇറങ്ങി. അതിലൊരു പരസ്യം
ഉണ്ടായിരുന്നു. ‘അടുത്ത ലക്കം മുതൽ എം.ജി. രാധാകൃഷ്ണൻ
എഴുതുന്ന യാത്രാസ്മൃതികൾ ആരംഭിക്കുന്നു’ എന്ന്.
നാലോ അഞ്ചോ ലക്കങ്ങൾകൊണ്ട് മലയാളസാഹിത്യ
ത്തിലെ ഒരുവിധപ്പെട്ട എഴുത്തുകാരുമായി അരവി വലിയൊരു
ആത്മബന്ധം സ്ഥാപിച്ചെടുത്തു. പുനത്തിൽ കുഞ്ഞബ്ദുള്ള,
സേതു, അക്ബർ കക്കട്ടിൽ, ടി.വി. കൊച്ചുബാവ, വി.ആർ.
സുധീഷ്, എൻ.പി. ഹാഫിസ് മുഹമ്മദ്, ശത്രുഘ്‌നൻ, യു.കെ.
കുമാരൻ, എം. സുധാകരൻ, കാർടൂണിസ്റ്റ് യേശുദാസൻ തുടങ്ങി
എഴുതിയാൽ അവസാനിക്കാത്ത ഒരു നിര.
ലോകപ്രസിദ്ധ ഫിലിം മേക്കർ അടൂർ ഗോപാലകൃഷ്ണൻ
വരെ.
കേരളകൗമുദിയിലും തുടർന്ന് കലാകൗമുദിയിലും എം.കെ.
ഹരികുമാർ എഴുതുന്ന സാഹിത്യനിരൂപണ കോളമായ ‘അക്ഷര
ജാലകം’ ആരംഭിച്ചത് മിനി മാഗസിനിലായിരുന്നു. ബാലചന്ദ്രൻ
വടക്കേടത്തും ഒരു കോളം എഴുതിയിരുന്നു.
തുടരെ ഓരോ ലക്കത്തിലും ഓരോ കഥകളുമായി പ്രത്യക്ഷ
പ്പെട്ട് ടി.വി. കൊച്ചുബാവ അരങ്ങു തകർത്തു. വി.ആർ. സുധീഷും
ഇപ്രകാരം തുടരെ നാലഞ്ചു ലക്കങ്ങളിൽ കഥകളെഴുതി ജാഥയിൽ
വന്നു.
അക്ബർ പ്രൗഢഗംഭീരങ്ങളായ ലേഖനങ്ങളുടെ ഒരു പരമ്പ
രയും എഴുതിയിരുന്നു.
എന്നാലോ? മുളകു നീറുന്നപോലെ അതിലൊരു പെണ്ണ് ഒരു
കോളം ചെയ്തിരുന്നു – രാഗിണി. സകലമാന മിനി മാഗസിൻ എഴു
ത്തുകാരെയും ആനുകാലികങ്ങളിൽ വരുന്ന സാഹിത്യവിഭവങ്ങ
ളെയും ഇടിച്ചുപൊളിച്ചു നിരത്തുന്ന പംക്തി.
അക്ബറും കൊച്ചുബാവയും അവളുടെ വിലാസം കിട്ടാനായി
അരവിയുടെ വീട്ടിൽ തമ്പടിച്ചുതുടങ്ങി. മാത്രവുമല്ല അവളെ ഒന്നു
തൊടാനെങ്കിലും കിട്ടിയാൽ കൊള്ളാമെന്നും മോഹിച്ചുവശായി.
അതിനുവേണ്ടി എന്നെ ഒരു ചട്ടുകമാക്കാൻ നോക്കിയെങ്കിലും
ഞാൻ വീണില്ല. പംക്തിയിൽ എന്നെ പരാമർശിക്കുന്ന രാഗിണി
യുടെ കഠിനമായ വാക്കുകളിൽ വിവശനായി വളരെ രഹസ്യമായി
ഞാനും ഇവളാരാണെന്ന കോടാലി അരവിയോടും തിരക്കി.
അപ്പോൾ അരവി സ്‌നേഹം മൊത്തം ഒഴുക്കിക്കൊണ്ട് ഇക്കി
ളിയിട്ടു: ”ഡാ ശ്ശവീ, നീ ആ നായിന്റെ മക്കളോടു പറയില്ലെങ്കി ആ
രഹസ്യമങ്ങു വച്ചു തരാം. പൊറത്തുവിട്വോ നീ ആ രഹസ്യം?”
”ഇല്ലെന്റെ അരവിയേട്ടാ”
”ഡാ അതൊരു മലയാളം എം.എ. ലിറ്ററേച്ചർക്കാരിയാ.
ബാംഗ്ലൂരിലെ ഒരു കോളേജിൽ ലക്ചറാഡാ. അത്രയ്ക്കങ്ങു സുന്ദരി
യല്ലെങ്കിലും ഭയങ്കര സാഹിത്യതിലകമാ. ശ്ശവീ അവൾടെ മുന്നിൽ
നിന്റെയൊന്നും വെളച്ചില് പാസ്സാകില്ലെന്നു കരുതിക്കോ”.
”ന്റെ അരവിയേട്ടാ നിങ്ങടെ ലൈനാ രാഗിണി?”
”പോഡാ കുമ്പാ… ലളിതേടടുത്ത് ഏഷണി കൂട്ടി എന്നെ നാറ്റാനാ…
എംജിയാറേ ആ വെള്ളമങ്ങു വാങ്ങി വച്ചേരേ നിയ്യ്…”
ഇതിനിടയിൽ കൊച്ചുബാവ ഒരു ഡിറ്റക്ടീവ് സ്റ്റഡി നടത്തി ഒരു
കാര്യം കണ്ടുപിടിച്ചു: ”ഓളെങ്ങും ബാംഗ്ലൂരിലല്ലെന്നേ. ഓള് പട്ടാ
മ്പിക്കാരത്തിയാ. പേര് രാഗിണിയെന്നൊന്നുമല്ല. അതാ അരവീടെ
നമ്പരാ ഇഷ്ടാ”.
അക്ബർ ഉടനെ പട്ടാമ്പി ചുറ്റിപ്പറ്റിയായി അന്വേഷണം.
എം. കൃഷ്ണൻനായരുടെ കോളംപോലെ റീഡബിളായിരുന്നു
രാഗിണിയുടെ കോളം; സാഹിത്യസമ്പന്നത അത്രയും ഇല്ലെങ്കി
ലും. അന്നത്തെ പ്രമുഖ കോളമിസ്റ്റായ എം.പി. നാരായണപിള്ള
യെവരെ രാഗിണി വിട്ടില്ല. അങ്ങനെ നാരായണപിള്ളയും ചോദി
ക്കുന്നു, ഇതാരാണെന്ന്. സംഭവം സഹസ്രധാരയായില്ലേ?
ഇത്രയുമൊക്കെ സംഭവങ്ങൾ മിനി മാഗസിനിൽ നടക്കുമ്പോൾ
അരവി കൊഴുത്തു. സ്വന്തം സ്ഥാപനമായി. മുതലാളിയായി.
അരവി അങ്ങനെ ഒരു ഒറ്റയാൻ പ്രസ്ഥാനമായി.
സാഹിത്യസമ്മേളനങ്ങളുടെ തന്തയാൻ സാഹിത്യസമ്മേളന
ങ്ങൾ നടത്തി. കെ.പി. ഉമ്മർ തുടങ്ങി വമ്പന്മാർ നിരയൊപ്പിച്ചു.
ബാംഗ്ലൂരിൽ മലയാളിപ്രസ്ഥാനമെന്നാൽ അരവിയും മിനി മാഗസിനുമായി.
മിനി മാഗസിൻ അരവി കാറു വാങ്ങി. കാറു മാത്രമോ? കിളി
കളും അണ്ണാറക്കണ്ണന്മാരും സസ്യജാലങ്ങളും ചുറ്റിപ്പറ്റിയുള്ള
പത്തു സെന്റ് ഭൂമി വാങ്ങി. സ്വന്തം ഡിസൈനിൽ പ്ലാൻ ചെയ്ത ഒരു
ബംഗ്ലാവും പണിതു.
മാരകന്മാരെ ഉത്സാഹിപ്പിച്ചുകൊണ്ട് രണ്ടുമൂന്നു തരുണികളും
സാഹിത്യകുതുകികളായ അനിയന്മാരുമൊക്കെയായി ഒരു ഗമ
ണ്ടൻ ഓഫീസ് സെറ്റപ്പു വന്നു. അതിൽ നീളവും വീതിയുമുള്ള ഒരു
സ്വയമ്പൻ മേശയിൽ മിനി മാഗസിന്റെ താളുകളെ കിടത്തി ചികി
ത്സിച്ചു തുടങ്ങി, അരവി.
സകലമാന എഴുത്തുകാർക്കും വെൽക്കം ടു ബാംഗ്ലൂർ ആന്റ്
മിനി മാഗസിൻ. ഞാനും അക്ബറും ഞങ്ങളുടെ സ്വന്തം ഭാര്യമാരും
കുട്ടികളുമൊത്ത് എത്രയോ തവണ അവിടെ കൂടി. കൊച്ചുബാവ
അപ്പോഴേക്കും അറബിനാട്ടിലേക്ക് വേലയ്ക്കു പോയിരുന്നു.
സാഹിത്യകാരന്മാരും മിനി മാഗസിനും അവിടെ നിൽക്കട്ടെ.
അരവിയുടെ സ്ഥാപനത്തിലേക്കു മടങ്ങാം. റിവോൾവിംഗ്
ചെയർ ഉല്പാദനമായിരുന്നു കമ്പനിയിൽ. ബോംബെവാലാ ഒരു
ഗുജറാത്തിയും മറ്റൊരു മാർവാഡിയും, പാർട്‌ണേഴ്‌സ്.
ആദ്യം നിന്നത് മിനി മാഗസിനായിരുന്നു. പതനം കച്ചവടത്തി
ലും. ഗുജറാത്തിയും മാർവാഡിയും കാലുവാരിയതാണെന്ന് പറയപ്പെടുന്നു.
സ്വഭാവശുദ്ധിയിലും ആത്മാർത്ഥതയിലും പവിത്രത
കാത്തുസൂക്ഷിച്ച അരവി കൊടുങ്കാറ്റിലായി. ആരോടും ഇക്കാര്യം
അറിയിച്ചതുമില്ല. അറിയിച്ചാൽതന്നെ എന്തു കാര്യം?
സ്വന്തം വീടും മിച്ചം വന്ന കടങ്ങളുമായി അരവി തകർന്നുവീ
ണു. ബംഗ്ലാവും സ്ഥലവും ബാങ്ക് ജപ്തി ചെയ്യുമെന്നായപ്പോൾ
അത് കണ്ടു നിൽക്കാനാവാതെ നിരാലംബമായ കുടുംബവുമായി
അരവി ബാംഗ്ലൂരിൽനിന്ന് അപ്രത്യക്ഷനായി.
നീണ്ട പത്തു വർഷങ്ങളിൽ ആത്മമിത്രങ്ങൾ അരവിയെ
അന്വേഷിച്ചു ക്ഷീണിതരായി. ഒരാൾ നിരന്തരം അന്വേഷിച്ചുകൊണ്ടേയിരുന്നു.
കണ്ണൂരിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മാസികയി
ലാണ് ക്ഷീണിക്കാത്ത അന്വേഷകന്റെ ഒരു ലേഖനത്തിൽ അരവി
ജീവിച്ചിരിക്കുന്നു എന്ന വാർത്ത കിട്ടിയത്.
കഥാകൃത്തായ യു.കെ. കുമാരനായിരുന്നു ആ ലേഖനം എഴുതിയത്.
അരവിയുടെ പുനർജന്മം കുമാരൻ പുറത്തുകൊണ്ടുവരി
കയായിരുന്നു. തൃശൂരിൽ അരവി കഴിഞ്ഞുകൂടുന്നു എന്നതായി
രുന്നു ലേഖനവിഷയത്തിൽ.
ലക്ഷങ്ങളിൽ കളിച്ച അരവി തകർന്നുതരിപ്പണമായി, കുടുംബവുമായി
ബാംഗ്ലൂർ വിടുമ്പോൾ മൂന്നുപേർക്കുള്ള ടിക്കറ്റും ആയിര
ത്തിഎഴുനൂറു രൂപയും മാത്രം പോക്കറ്റിൽ.
ജന്മദേശമായ തൃശൂരിലാണ് വന്നിറങ്ങിയത്. തൃശൂർ സ്വന്തം
നാടാണെന്നു മാത്രം. സ്വന്തം വീടില്ല. പണമില്ല. അപ്പോഴും അരവി
ആരെയും വിളിച്ചില്ല. സഹായം അഭ്യർത്ഥിച്ചില്ല.
കർമയോഗം അസാധാരണമായ നിലയിൽ പ്രവർത്തിച്ച അരവിയുടെ
ജീവിതത്തിന്റെ രണ്ടാംഭാഗം സംയമനമാവുന്നത് ഇവി
ടെയാണ്. ഒരു വാടകമുറിയിൽ അത് വീണ്ടും ആരംഭിക്കുകയായി
രുന്നു.
കസേരയിൽതന്നെ അത് തുടങ്ങുകയായി. പണിക്കാരില്ല.
ഫാക്ടറിയില്ല. സാമഗ്രികളില്ല. തൊഴിലാളിയും മുതലാളിയും ഒരാ
ൾ.
ഭൂതകാലം സ്വപ്‌നത്തിൽപോലും വരാതെ നെഞ്ചു നിറയെ
ജീവിതവീര്യവുമായി ഒരു പടവെട്ട്. രണ്ടു കസേരകൾ പണിത്
അതുമായി ചുറ്റുവട്ടത്തൊക്കെ പോയി ഓർഡറുണ്ടാക്കി.
പണിഞ്ഞ രണ്ടു കസേരകൾതന്നെ വിറ്റ് അന്നം വാങ്ങി.
ആരുമറിഞ്ഞില്ല അരവിയെ. അരവി ആരെയും അറിയിച്ചതുമി
ല്ല. പറക്കമുറ്റിയ ഒറ്റ മകൻ സ്വയം ഒരു ജോലിയും കണ്ടെത്തി.
എല്ലാ ഉയർച്ചകളിലും വീഴ്ചകളിലും സ്വന്തം ജീവിതം അർപ്പിച്ചു
നിന്ന അരവിയുടെ സഹധർമിണി ലളിതയുടെ മന:സാന്നിദ്ധ്യവും
പ്രാർത്ഥനകളും ഈ രണ്ടാം ജന്മത്തിനു സഫലതയാവുമ്പോൾ
ആര് ആരെ സമാധാനിപ്പിക്കുന്നുവെന്നറിയില്ല.
ഇങ്ങനെയിരിക്കുമ്പോൾ ഒരു നാൾ തൃശൂർ റെയിൽവെസ്റ്റേഷനിലിറങ്ങി,
മറ്റൊരു ജീവിതത്തകർച്ച അരവിയെ വിളിക്കുന്നു.
”എടാ എംജിയാറേ നീയാ റെയിൽവെ പ്ലാറ്റ്‌ഫോമിലെ ചായ
ക്കടയിൽ കേറി ഒന്നു മിനുങ്ങുമ്പോഴേക്ക് ഞാൻ എത്താം”.
ഫോൺ കട്ട്.
രണ്ട് ഉഴുന്നുവടയും ചായയും കഴിച്ചു. അപ്പോഴേക്കും ഒരു
ഓട്ടോയിൽ വന്നിറങ്ങുന്നു അരവി. രണ്ടുപേർക്കും വയസായിരി
ക്കുന്നു. എന്നാൽ അരവിയേട്ടൻ പഴയപോലെതന്നെ. അല്പം കറു
ത്തിട്ടുണ്ട്. പഴയ തിളക്കമാർന്ന കണ്ണുകൾ. നര കയറിയ തലമുടി.
പഴയപോലെ സമൃദ്ധമല്ല. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൾ. പരാതി
കളില്ല. പരിഭവങ്ങളില്ല.
”നിന്റെ പരിപാടി എന്താ?” അരവി.
”രണ്ടു ദിവസം തൃശൂരിൽ തങ്ങണം. ഹോട്ടലിൽ മുറിയെടു
ക്കാൻ കയ്യിൽ കാശില്ല”.
”നീ റിക്ഷയിൽ കയറ്. കിടക്കാനിടവും ആഹാരവും, ആവശ്യ
മെങ്കിൽ വൈകുന്നേരം അല്പം നീരും ഞാൻ തരാം. നിന്റെ ലളിതേടത്തി
കാത്തിരിക്കുന്നു തടിയനെ കാണാൻ” അരവി.
പുരികങ്ങൾ വിറച്ചു. കണ്ണുകളിൽ ഞരമ്പുകൾ പിടച്ചു. അരവിക്കു
പുറംതിരിഞ്ഞുനിന്ന് ഡാവിൽ കണ്ണു തുടച്ചു. ഒരു വേദാന്ത
വും ഒരു തത്വശാസ്ര്തവും ഇവിടെ വിലപ്പോവുന്നില്ല. രാപ്പക്ഷികളെപോലെ,
അസ്തമനത്തിലേക്കു പറന്നുപോവുന്ന രാപ്പക്ഷികളെപോലെ.
അരവിയുടെ ജീവിതം വിലയിരുത്തപ്പെടുമ്പോൾ നമ്മെ നിരസിക്കുന്ന
ചില കൗതുക യാഥാർത്ഥ്യങ്ങളുണ്ട്. അത് അരവി
അക്ഷരങ്ങളുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളാണ്. പേരിനോ
പെരുമയ്‌ക്കോ വേണ്ടി ആയിരുന്നില്ല അയാൾ ‘മിനി മാഗസിൻ’ നട
ത്തിക്കൊണ്ടുപോയത്. പത്രാധിപരായി ആനന്ദം നേടാനുമായിരു
ന്നില്ല. അക്കാലങ്ങളിൽ ഇറങ്ങിയിരുന്ന ചില ലിറ്റിൽ മാഗസിനുകളെങ്കിലും,
എഴുതി ഇടം നേടാനാവാത്തവരുടെ പകപോക്കലായിരുന്നു.
ഒരു മാസിക അച്ചടിച്ചു പത്രാധിപരായിരിക്കുക!
എന്നാൽ ഒരു സമാന്തര പ്രസ്ഥാനമായി ഗൗരവമായിതന്നെ പ്രസി
ദ്ധീകരിച്ചിരുന്ന ഒട്ടേറെ ലിറ്റിൽ മാഗസിനുകൾ നമുക്കുണ്ടായിരുന്നുവെന്നതാണ്
മറ്റൊരു യാഥാർത്ഥ്യം. മുഖ്യധാരാപ്രസിദ്ധീകരണങ്ങ
ളിൽനിന്ന് വേറിട്ടുനിന്നുകൊണ്ട് കച്ചവടതാൽപര്യത്തിനതീതമായി
ഗൗരവമായ സൃഷ്ടികളും ചിന്തകളുമാണ് അവയിലൊക്കെ
അർപ്പിച്ചിരുന്നത്. മുഖ്യധാരയിൽ എഴുതിയിട്ടല്ല കടമ്മനിട്ടയും
ബാലചന്ദ്രൻ ചുള്ളിക്കാടും അവരുടെ ആദ്യപകുതിയിലെ എഴു
ത്തുജീവിതം പ്രകാശമാനമാക്കിയത്.
അരവിയുടെ ‘മിനി മാഗസിൻ’ ഇതിൽ ഏതുഭാഗത്തും നിന്നി
രുന്നില്ല. അതൊരു കാമ്പിശ്ശേരി സ്റ്റൈലായിരുന്നു. കിട്ടുന്ന എഴു
ത്തുകാരുടെ സൃഷ്ടികളും എഴുത്തുകാരാക്കിയെടുത്തവരുടെ
നിരയും ചേർന്നുപോയത്. അതിനൊരു നിയമവും ഗ്രാമറുമില്ലായി
രുന്നു. കൃത്യമായ ഒരു ലേ ഔട്ടുപോലുമില്ലായിരുന്നു. അതിൽ സമഗ്രമായി
നിറഞ്ഞുനിന്നത് അരവിയുടെ ഡമഭവധഡളധമഭ ആയിരുന്നു.
ഒരു ബിസിനസുകാരനായി ജീവിച്ചുകൊണ്ട് തന്റെ മറ്റൊരു
നൈപുണ്യത്തെ, ആത്മവിളിയെ കുടിയിരുത്താൻ ചെയ്ത പദ്ധതി
യായിരുന്നു മിനി മാഗസിൻ. അതിൽ അയാൾ താനുണ്ടാക്കിയ
സമ്പത്തിന്റെ നല്ലൊരു ശതമാനം ചെലവാക്കിയെന്നതാണ്
സത്യം. അങ്ങനെ ചെലവാക്കിയ പൈസ കൊണ്ടല്ല അരവിയുടെ
ജീവിതത്തിന് വീഴ്ചയുണ്ടായത്.
പ്രധാന ജീവിതസഹായകമായി നിന്ന പണി തകർന്നതോടെയാണ്
അരവി ജീവിതത്തിൽ അടിയറ വയ്‌ക്കേണ്ടിവന്നത്. രണ്ടാംഘട്ടത്തിൽ
അരവിതന്നെ വീണ്ടും പണിഞ്ഞെടുക്കുന്ന ജീവിത
ത്തിന് താൻ പണ്ടു നൈസർഗികതയുടെ ഉപബലം കൊണ്ടു
തീർത്ത മിനി മാഗസിന്റെ പ്രസിദ്ധി ഒരു ഇലയനക്കമെങ്കിലും
ഉണ്ടാക്കുന്നുണ്ട്.
അരവിയുടെ ജീവിതധാരയിൽ അയാളെ പൊതുവേദി ഓർ
ക്കാൻ പോവുന്നത് മിനി മാഗസിൻ അരവി എന്നുതന്നെയാവും.
ആ പഴയ ഊർജം ഊറ്റിയെടുത്ത് രണ്ടാംഘട്ടമായ ജീവിതത്തിന്റെ
ഇരുട്ടിലിരുന്നും അതിമനോഹരമായ ഒരു കൊച്ചുനോവൽ എഴുതി
പ്രസിദ്ധീകരിക്കുകയുണ്ടായി – ‘വംശസ്മൃതികൾ’.
തകരുന്ന ജീവിതസാഹചര്യങ്ങളിൽപോലും അയാളിലുള്ള
അക്ഷരതേജസ്സ് ശ്രുതിയിടുന്നതിന്റെ തെളിവാണത്. പണ്ടെങ്ങോ
അക്ഷരങ്ങളോട് അരവി കാട്ടിയ ആദരവിന്റെ പലിശ ‘മിനി മാഗസിൻ
അരവി’ എന്ന പേരിലൂടെ വന്നുകൊണ്ടിരിക്കും. അതുകൊണ്ട്
അയാൾക്ക് വയറു നിറയില്ലെങ്കിലും മനസ്സു നിറയാതെ
വരില്ല.
ജീവിതത്തോട് ഒരിക്കലും തോറ്റുകൊടുക്കാത്തവന്റെ ക്ഷാത്രതേജസ്സുതന്നെയാണ്
അരവി. ഒരു ലക്ഷം രൂപയും, ഒരു രൂപയും
അയാളെ തോല്പിക്കുന്നില്ല.
വിശ്വസിച്ചവർ വെട്ടി അരിഞ്ഞിട്ടും, ചിന്തിയ രക്തം കുടിച്ചു
വീണ്ടും പുനർജനിച്ച മറ്റൊരു വിശ്വസം. പകയില്ലാത്തതിന്റെ
നിസ്സംഗതയാണ് അയാളുടെ ശക്തി ചൈതന്യം. നിരന്തരം
അയാൾ അയാളെ വിശ്വസിച്ചു ജീവിതത്തെ ചികിത്സിക്കുകയാണ്.
യാതനകളും സംഘർഷങ്ങളും സർപ്പങ്ങളായി കൊത്തി
കൊത്തി തളർന്നുപോവുന്നതല്ലാതെ അയാളെ നിഗ്രഹിക്കാനാവുന്നില്ല.
അക്ഷരാർത്ഥത്തിൽ അയാൾ ജീവിതത്തിൽ വീണപ്പോൾ
താൻ പണ്ടു മാനേജർ പദവിയിലിരുന്ന സ്ഥാപനത്തിലെ പിട്രോഡയെ
വിളിച്ചില്ല എന്നതുതന്നെ അരവിയുടെ ഉഗ്രതപസ്സിന്റെ കഠി
നതയല്ലേ?
മിനി മാഗസിൻ അരവിയെ അറിഞ്ഞവർ അയാളുടെ മനസ്
കണ്ടിട്ടുണ്ടോ?
***
മിനി മാഗസിനിൽ എഴുതിയിരുന്ന രാഗിണി പട്ടാമ്പിയിലും
ബാംഗ്ലൂരിലുമുള്ള ഒരു സാഹിത്യരത്‌നമായിരുന്നില്ലെന്ന് ഞങ്ങൾ
പിന്നീടറിഞ്ഞു. ഞെട്ടലോടെയാണ് ആ സത്യം സ്വീകരിച്ചത്.
രാഗിണി എന്ന പേരിൽ എഴുതിയിരുന്നത് പത്രാധിപർ അരവി
തന്നെയായിരുന്നു. മിനി മാഗസിനിൽ നിന്നു വർഷങ്ങൾ കഴി
ഞ്ഞാണ് ആ രഹസ്യം പുറത്തായതെന്നും സാക്ഷ്യപ്പെടുത്തട്ടെ.
പൂമാലയും ചെണ്ടും മിനി മാഗസിൻ അരവിക്ക്.