”ഞാൻ എപ്പോഴാണ് മരിക്കുക?” ചോദ്യം കേട്ട് രാവുണ്ണിപ്പണി
ക്കർ ഒന്നു ഞെട്ടി.
മുന്നിലിരിക്കുന്നത് തന്റെ മകന്റെ പ്രായമുള്ള പൊടിമീശക്കാരൻ
പയ്യനാണ്.
ഇരുപതു വയസ്സുപോലും തികയാത്ത അവന് ഇങ്ങനെ ചോദി
ക്കാമായിരുന്നു: ”എന്റെ ജീവിതം ഞാൻ എപ്പോഴാണ് ജീവിച്ചുതീ
ർക്കുക?”
ഒരുപക്ഷേ ജീവിതവിരക്തിയായിരിക്കാം അവനെക്കൊണ്ട്
ഇങ്ങനെ ചോദിപ്പിച്ചതെന്ന് പണിക്കർ എണ്ണി. അല്ലെങ്കിൽ അവനറിയാതെ
അവനിൽ ഉടലെടുത്ത ത്രികാലജ്ഞാനമായിരിക്കാം.
പയ്യൻ ചോദ്യമാവർത്തിച്ചപ്പോൾ പണിക്കർ ഉണർന്നു. അവന്
പെട്ടെന്ന് ഒരുത്തരം വേണ്ടതുണ്ടെന്നും അതിനുശേഷം എവി
ടെയോ യാത്ര ചെയ്തെത്തി എന്തോ ചിലത് ചെയ്തുതീർക്കാനുണ്ടെന്നും
പണിക്കർ നിരൂപിച്ചു.
ഹോരാശാസ്ര്തത്തിലെ മരണപ്രകരണത്തിൽ എന്താണ് പറ
ഞ്ഞിട്ടുള്ളത്?
മരണപ്രായം, മരണകാരണം, മരണപ്രദേശം, മരണരീതി, മരണസ്വഭാവം,
മരണയോഗം, മരണദ്രേക്കാണം, മരണദശ, മരണഭൂക്തി,
മരണഛിദ്രം, മരണഹോര എന്നിങ്ങനെ എല്ലാം ഇഴപിരിച്ച്
വിശദമാക്കുന്ന അദ്ധ്യായത്തിൽ പണിക്കർ മനസ്സു പൂഴ്ത്തി. അവന്റെ
ജാതകത്തെയും നിവർത്തിവച്ചു.
അപ്പോഴേക്കും പയ്യൻ അക്ഷമനായിത്തുടങ്ങിയിരുന്നു.
ജീപ്പിലും കാൽനടയായും അനേകദൂരം സഞ്ചരിച്ച് നടുരാത്രിക്കു
മുമ്പ് അവന് ഒരു ഫ്ളാറ്റിന്റെ സ്വകാര്യത്തിൽ എത്തണമായിരുന്നു.
അവിടെ കുറച്ചുപേർ അവന്റെ വരവും കാത്ത് ഇരിപ്പുണ്ടായിരുന്നു.
ഉച്ചയ്ക്ക് തുണിമണികളും ചില പുസ്തകങ്ങളും കെട്ടിപ്പെറുക്കുന്നതു
കണ്ടപ്പോൾ അമ്മയുടെ ഇടനെഞ്ചു പൊട്ടി.
”പിന്നേം തൊടങ്ങിയോ നീ?”
അമ്മയുടെ രോദനം കേട്ട് അനുജത്തി ഓടിയെത്തി.
”ഈ പണി വേണ്ട ചേട്ടാ…”
അപ്പോൾ മാത്രം അവൻ ചുണ്ടനക്കി.
”ഏത്?”
അവന്റെ ശബ്ദം വല്ലാതെ കലുഷമായിരുന്നു. അതിൽ തന്നോടുതന്നെയുള്ള
നിഷേധമോ കാലത്തോടുള്ള കലിയോ പ്രകടപ്പെട്ടു
കിടന്നു.
”എന്റെ കാര്യം പോട്ടെ…” അമ്മ കരഞ്ഞു, ”കല്യാണം കഴി
യാത്ത ഒരു പെങ്ങളാ ഇവള്. നീ ഇങ്ങനെ നടന്നാൽ ആരന്വേഷി
ച്ചുവരും?”
ആ നിമിഷത്തിൽ അവൻ തളർന്നുപോയി. പാത്തും പതുങ്ങി
യുമുള്ള ഈ നടപ്പും ഒളിഞ്ഞുപ്രവർത്തനവും നിമിത്തം അനു
ജത്തി അനാഥയായിപ്പോവുന്നത് അവന് ആലോചിക്കാൻ വയ്യായിരുന്നു.
പ്രതികരണമേതുമില്ലാതെ അവൻ നിൽക്കുന്നതു കണ്ട് അമ്മ
അരികത്തുവരികയും അവന്റെ കയ്യിൽനിന്ന് പതുക്കെ ബാഗ്
വാങ്ങുകയും യാത്രയിൽനിന്ന് അവനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും
ചെയ്തു. പെട്ടെന്ന് അവന്റെ പോക്കറ്റിൽ മൊബൈൽ
ഫോൺ ശബ്ദിച്ചു. ആരോടോ സ്വകാര്യത്തിൽ സംസാരിച്ച അവൻ
പെട്ടെന്ന് അമ്മയുടെ കയ്യിൽനിന്ന് ബാഗ് വാങ്ങുകയും പോകാൻ
ധൃതിപ്പെടുകയും ചെയ്തു. ഇത് അവന്റെ അവസാനത്തെ പോക്കായിരിക്കുമെന്ന്
എന്തോ ഒരുൾവിളിയാൽ അമ്മയ്ക്ക് തോന്നി. ഇനി
യൊരിക്കലും അവൻ തിരിച്ചുവന്നേക്കില്ലെന്ന് മനസ്സ് മന്ത്രിച്ചു.
പത്തുമാസം അവൻ ചുരുണ്ടുകൂടി കിടന്ന നാഭിപ്രദേശം അവർ
ഒന്നു സ്പർശിച്ചു.
കരഞ്ഞുകൊണ്ട് അമ്മ കേണു.
”പോണ വഴിക്ക് ആ രാവുണ്ണിപ്പണിക്കരെ ഒന്നു കാണ്… നിന്റെ
ചാവ് എന്നായിരിക്കുമെന്ന് ചോദിക്ക്… അതറിഞ്ഞശേഷം ഞങ്ങ
ൾക്കും ഇത്തിരി വെഷം വാങ്ങിത്താ…”
അമ്മ അവന്റെ ജാതകമെടുത്തുകൊണ്ടുവന്ന് പോക്കറ്റിലിട്ടു.
ദേശത്തെ ദിവ്യനായ ജ്യോതിഷനായിരുന്നു രാവുണ്ണിപ്പണിക്ക
ർ. അവന് പക്ഷേ, ആ ശാസ്ര്തത്തിൽ വിശ്വാസമില്ലായിരുന്നു. പണി
ക്കരുടെ വീട്ടുമുറ്റത്തുകൂടെ ധൃതി വച്ച് നടന്നുപോകുമ്പോൾ
അവന്റെ ഉള്ളിൽ ഒരു ആന്തൽ… അമ്മയുടെ തേങ്ങലും അനുജ
ത്തിയുടെ വരുംകാലവും…
അവൻ ഒന്നുനിന്നു. പണിക്കരുടെ ബോർഡിൽ കണ്ണുനട്ടു. ഒരു
പ്രലോഭനം ആ നേരം അവനെ വിഴുങ്ങി. മുന്നോട്ടുവച്ച കാൽ
പതുക്കെ പണിക്കരുടെ വീട്ടിലേക്ക് നീങ്ങി.
മരണപ്രകരണം അദ്ധ്യായത്തിലെ വിശദാംശങ്ങൾ കാര്യകാരണേണ
വ്യക്തമാക്കിയെങ്കിലും എന്തോ ഒരു വിമ്മിട്ടം പണിക്കരെ
തടസ്സപ്പെടുത്തുന്നതുപോലെ തോന്നി. പറഞ്ഞതിനേക്കാൾ പറയാൻ
ബാക്കിയുള്ള സംഗതികൾ അദ്ദേഹത്തെ വ്യാകുലപ്പെടു
ത്തി. ഒരു ശ്വാസംമുട്ട് മുഖത്ത് പ്രകടമായി.
”പറയൂ… എന്നായിരിക്കും എന്റെ മരണം?”
പാതി എഴുന്നേറ്റുകൊണ്ട് അവൻ ചോദിച്ചു.
”മരണത്തെക്കുറിച്ച് ആചാര്യൻ പറഞ്ഞുവച്ചതെല്ലാം ഞാൻ
വിശദീകരിച്ചുകഴിഞ്ഞു” പണിക്കർ കണ്ണടയൂരി. ”ഇനി കൃത്യദിവസവും
കൃത്യഹോരയും അറിയണമെങ്കിൽ…”
പെട്ടെന്ന് ആയുധധാരികളായ നാലഞ്ചു ചെറുപ്പക്കാർ പണി
ക്കരുടെ മുറിയിലേക്ക് ഇരച്ചുകയറി. അവരെ കണ്ടതും അവൻ
ചാടിയെഴുന്നേറ്റു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരുടെ
കൈപ്പിടിയിൽനിന്നും അവന് കുതറിമാറാൻ കഴിഞ്ഞില്ല.
രണ്ടുപേർ അവനെ ബലം പ്രയോഗിച്ച് പിടിച്ചുനിർത്തി. മറ്റു
രണ്ടുപേർ അവന്റെ മർമങ്ങളെല്ലാം അരിഞ്ഞുവീഴ്ത്തി. അവന്റെ
ചോര രാശിപ്പലകയിലും നവഗ്രഹങ്ങളിലും തെറിച്ചുവീണു.
നേരത്തെ നിശ്ചയിക്കപ്പെട്ട മരണംപോലെ അവൻ പിടഞ്ഞുതീർന്നു.