വിശ്വാസം, ചിന്ത, ആശയങ്ങള്‍, സങ്കല്പങ്ങള്‍ എന്നീ മാനസികാവസ്ഥകള്‍ മനുഷ്യനുണ്ട്. എന്നാല്‍ സൂഷ്മാംശത്തിലുള്ള ഈ അവസ്ഥകള്‍ മറ്റു ജന്തു ജീവികള്‍ക്കില്ല. ഇതു തന്നെയാണ് മറ്റു ജീവികളും മനുഷ്യരുമായുള്ള പ്രധാന വ്യത്യാസം. എന്നാല്‍ ജന്തുക്കള്‍ക്ക് അതിന്റെ അതിജീവനത്തിനും നിലനില്പിനും വേണ്ടിയുള്ള നൈസര്‍ഗിക വാസനകള്‍ പ്രകൃതിദത്തമായിട്ടുണ്ട്. ഇങ്ങനെയുള്ള ജന്തു വാസനകളുടെ ബാഹ്യ പ്രകടനങ്ങള്‍ പലപ്പോഴും മനുഷ്യ ബുദ്ധിയെ അത്ഭുതപ്പെടുത്താറുമുണ്ട്. എന്നാല്‍ മനുഷ്യനു മാത്രമുള്ള സങ്കല്പം – എന്ന മാനസിക അവസ്ഥയില്‍ നിന്ന് വിശ്വാസം ഉണ്ടാകുന്നു. ഈ വിശ്വാസത്തില്‍ നിന്നാണ് മൂര്‍ത്തനായ മനുഷ്യന്‍ അമൂര്‍ത്തനായ ദൈവത്തെ സങ്കല്പിച്ചെടുക്കുന്നത്. ഇതര ജന്തു ജീവികള്‍ക്ക് സങ്കല്പങ്ങളും അതോടനുബന്ധിച്ച വിശ്വാസവുമില്ലാത്തതിനാല്‍ അവയ്ക്ക് ദൈവവുമില്ല. മതങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പേ മനുഷ്യനുണ്ടായിരുന്നു. മതങ്ങളെ മനുഷ്യന്‍ സൃഷ്ടിച്ചു. അമൂര്‍ത്തനായ ദൈവത്തെ മനുഷ്യനറിയുന്നത് മൂര്‍ത്തമായ ഭൗതിക സാഹചര്യങ്ങളില്‍ നിന്നാണ്.
ഭീകരവും ഭയാനകവുമായ പ്രകൃതിശക്തികളെ നേരിടാന്‍ പറ്റാതെ വന്നപ്പോള്‍ അവയെ ഭയപ്പെട്ട് അതില്‍ നിന്നും രക്ഷ നേടാന്‍ അവയെ പ്രീണിപ്പിച്ച് ജീവിക്കുവാനുള്ള ചിന്ത വന്നു. അങ്ങനെ കീഴടക്കാന്‍ വയ്യാത്തതിനെയും, ഉപദ്രവിക്കുന്നതിനെയും, സഹായിക്കുന്നതിനെയും, അത്ഭുതപ്പെടുത്തുന്നതിനെയും ഭയപ്പെട്ടിരുന്നതിനെയും ദൈവം എന്നു സങ്കല്പിച്ചു. മനുഷ്യന്റെ തലച്ചോറിന് കടന്നു ചെല്ലാന്‍ വയ്യാത്തതെല്ലാം ദൈവത്തിന്റെ പ്രതിഭാസമായിട്ടു കണക്കാക്കി. പ്രകൃതിശക്തികളാണ് മനുഷ്യന്റെ ആദ്യത്തെ ദൈവവും, അല്ലെങ്കില്‍ ദൈവങ്ങളും. പിന്നീട് കാലവും പ്രകൃതിയും ദൈവസങ്കല്പങ്ങളെ സ്വാധീനിച്ചുകൊണ്ടിരുന്നു. പ്രാകൃത പ്രാഗ് വര്‍ഗത്തിന്റെയും, പിന്നീടു രൂപപ്പെട്ട ഗോത്ര വര്‍ഗത്തിന്റെയും ദൈവ സങ്കല്പങ്ങളല്ല ഇന്നുള്ളത്. ഓരോ കാലഘട്ടത്തിലും കാലഘട്ടത്തിന്റേതായ സാമൂഹ്യ രീതിക്കും, മനുഷ്യ ചിന്തയ്ക്കും അനുസൃതമായി മനുഷ്യന്റെ ദൈവവിശ്വാസവും അനസ്യൂതമായി തുടര്‍ന്നുകൊണ്ടേയിരിക്കും.
നരവംശ ശാസ്ത്രവും, പുരാതത്വശാസ്ത്രവും വളര്‍ന്നുവന്നതോടെ മനുഷ്യന്റെ പ്രാഗ് രൂപത്തെയും, ആദിമ മാനവ ചരിത്രത്തെയും പറ്റി ഏറെ അറിവുകളുണ്ടായിക്കൊണ്ടിരിക്കുന്നു. പ്രാകൃത പ്രാഗ് വര്‍ഗ സമൂഹത്തിലെ മാന്ത്രിക വിദ്യയാണ് സമൂഹത്തിന്റ മതങ്ങളായി രൂപപ്പെട്ടതെന്നും മാന്ത്രിക വിദ്യയില്‍ നിന്നും ഉയര്‍കൊണ്ടതാണ് മതവിശ്വാസമെന്നുമൊക്കെയാണ് നരവംശ ശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍. എന്നാല്‍ മന്ത്രങ്ങളുടെ അടിവേര് ദൈവപ്രീണത്തില്‍ നിന്നല്ലേ എന്നൊരു സംശയമിവിടെയുണ്ടാകാം. അതുകൊണ്ട് ദൈവ വിശ്വാസത്തിനു ശേഷമായിരിക്കണം മന്ത്രങ്ങളും മറ്റും ഉണ്ടായത്.
ദൈവമെന്ന വിശ്വാസം മനുഷ്യരില്‍ ഇത്രയും സ്വാധീനം ചെലുത്തുന്നതിന്റെ കാരണങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ? എന്നാല്‍ പ്രാഗ് കാലഘട്ടത്തിലെപ്പോലെ ഇന്നും ഭാവ വ്യത്യാസങ്ങളോടെയാണെങ്കിലും നിലനില്‍ക്കുന്നതിന്റെ കാരണത്തെപ്പറ്റി ന്യൂറോ സയന്‍സ് അന്വേഷണം നടത്തിവരികയാണ്. അനുഷ്ഠാന കര്‍മങ്ങളും പ്രാര്‍ത്ഥനകളും നടത്തുമ്പോള്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോര്‍ഫിനുകള്‍ ശരീരത്തില്‍ ആന്തരികമായി പ്രവര്‍ത്തിക്കുന്നു. കറപ്പിന്റെയും കഞ്ചാവിന്റെയും പോലുള്ള അനുഭവങ്ങളുമുണ്ടാകുന്നു. വേദനകളും മറ്റും കുറയുവാന്‍ ഇതു കാരണവുമാകുന്നു. മനുഷ്യന്റെ സത്യബോധത്തെ ഇതു പലപ്പോഴും ഇല്ലാതാക്കുന്നു. ധ്യാനം കൊണ്ട് ചുറ്റുപാടുകളുമായുള്ള ബന്ധങ്ങളെ അലിയിച്ചില്ലാതാക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ആത്മീയാനുഭവങ്ങളെയാണ് ആത്മീയാനുഭൂതിയെന്നൊക്കെ വിശ്വാസികള്‍ പറയുന്നത്. ന്യൂറോസയന്‍സിനെ തിയോളജിയുമായി സമന്വയിപ്പിച്ച് മത ആത്മീയ അനുഭവങ്ങളുടെ മാനസിക പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യുന്നു. ഇങ്ങനെയൊക്കെയുള്ള ശ്രമങ്ങള്‍ ധ്യാനകേന്ദ്രങ്ങളിലും ആശ്രമങ്ങളിലും പരീക്ഷിക്കുന്നുണ്ട്. മനുഷ്യരെ അമിതമായി അനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും സ്വാധീനിക്കാനുള്ള പ്രധാന കാരണം ഈ എന്‍ഡോര്‍ഫിനുകളുടെ പ്രവര്‍ത്തനമാണ്. എന്‍ഡോര്‍ഫിനുകള്‍ മനുഷ്യന്റെ അഹം എന്ന ബോധം ഇല്ലാതാകുന്നു. അതും ആകെ മൊത്ത പ്രപഞ്ചവും ഒന്നാണെന്ന അനുഭവം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
(വി.എസ്. രാമചന്ദ്രന്‍, കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റി, ന്യൂറോളജിസ്റ്റ്)
കണ്ടും, കേട്ടും, അനുഭവിച്ചും, പഠിച്ചും വികസിച്ചുവരുന്ന ചിന്താലോകത്ത്, അയഥാര്‍ത്ഥമായതും സൃഷ്ടിക്കപ്പെടുമെന്നത് തലച്ചോറിന്റെ ഒരു പ്രത്യേകതയാണ്. ഈ പ്രത്യേകതയാണ് സ്വര്‍ഗം, നരകം, പിശാച്, മാലാഖ എന്നതിനൊക്കെ മനസ്സില്‍ ഇടം കൊടുക്കുന്നത്. യാഥാര്‍ത്ഥ്യത്തെയും, സങ്കല്പങ്ങളെയും തിരിച്ചറിയുവാനുള്ള കഴിവ് നശിപ്പിക്കുന്നു എന്നുള്ളതാണ് മതത്തിന്റെ ഒരു തെറ്റ്. എല്ലാം അറിഞ്ഞു കഴിഞ്ഞു, ഇനി ഒന്നും അറിയുവാനില്ല എന്ന് ദൃഢ പ്രതിജ്ഞ ചെയ്ത് അറിവിന്റേതും, അന്വേഷണങ്ങളുടേതുമായ എല്ലാ വാതായനങ്ങളും കൊട്ടിയടയ്ക്കുന്നു എന്നതാണ് മറ്റൊരു തിന്മ. സങ്കല്പമാണല്ലോ പലപ്പോഴും സത്യത്തെ തമസ്‌കരിക്കുന്നത്.
ദൈവത്തിന്റെയോ, പ്രവാചകന്മാരുടെയോ, സ്വതന്ത്ര ചിന്തകളാല്‍ അന്വേഷിച്ച് മനനം ചെയ്ത് രൂപപ്പെടുത്തിയെടുക്കുന്ന ദര്‍ശനങ്ങളുടെ പേരിലോ മതങ്ങളുണ്ടാകുന്നു. പിന്നീട് മതങ്ങള്‍ വ്യവസ്ഥാപിതമാകുന്നതോടുകൂടി ഇവിടെ മതത്തെ നിയന്ത്രിക്കുവാന്‍ അധികാരികളും അനുശാസനങ്ങളുമുണ്ടാകുന്നു. വിശ്വാസത്തില്‍ മാത്രം അധിഷ്ഠിതമായ മതങ്ങളെയും അതിന്റെ അനുശാസനങ്ങളെയും, നിയമങ്ങളെയും അന്ധമായി മതാനുയായികള്‍ വിശ്വസിച്ച് അനുസരിക്കുന്നു. വെറും മനുഷ്യരായ പുരോഹിതരോ, മതാധികാരികളോ രൂപപ്പെടുത്തുന്ന മതനിയമങ്ങള്‍ ദൈവനിവേശിതങ്ങളാണെന്ന് മതവിശ്വാസികളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. പുരോഹിതന്മാര്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്ന് സ്വയം പ്രഖ്യാപിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ പുരോഹിതരെ അന്ധമായി വിശ്വസിക്കുകയും, അനുസരിക്കുകയും ചെയ്യുന്ന ഒരു വിശ്വാസ സമൂഹം രൂപപ്പെട്ടു വരുന്നു. ഇവരെ ഏതു പാട്ടിനും പറയുന്നതുപോലെ ആട്ടിത്തെളിക്കാമെന്ന് പുരോഹിതര്‍ മനസ്സിലാക്കുന്നു. ഇവിടെ മതാധിപത്യത്തിനും അതിന്റെ പേരിലുള്ള ചൂഷണത്തിനും വഴിയൊരുങ്ങുന്നു. ഇതൊക്കെത്തന്നെയാണ് സ്ഥാപന വത്കരിക്കപ്പെട്ട എല്ലാ വ്യവസ്ഥാപിത മതങ്ങളുടെയും സ്വഭാവവും ചരിത്രവും.
ദൈവവിശ്വാസത്തിനും ദൈവാനുഭവത്തിനും വിശദീകരണം നടത്തുന്ന പുരോഹിതന്മാര്‍ മതത്തിന്റെ കേവലതയെ നിരസിക്കുന്നു. അമൂര്‍ത്തവും ഭാവനാത്മകവുമായ ദൈവാനുഭൂതിയെ നിലനിര്‍ത്തുന്നതിനു പകരം സ്ഥലകാല പരിധികളിലൊതുങ്ങുന്ന ലൗകികമായ ആചാരാനുഷ്ഠാനങ്ങളിലും, പൂജാദി കര്‍മങ്ങളിലും ഒതുക്കി നിര്‍ത്തി വ്യവസ്ഥാപിതമാക്കുകയാണ്. മതത്തിന്റെ ഒരു തഴക്കദോഷമാണിത്. ദൈവം തന്റെ ഇഷ്ടത്തില്‍ അല്ലെങ്കില്‍ ഭാവനയില്‍ മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യന്‍ തന്റെ ഭാവനയില്‍ ദൈവത്തിന് രൂപം നല്‍കി. ലോക ത്ത് നൂറുകണക്കിന് മതങ്ങളും ഓരോ മതവും അവരവരുടെ ഭാവനയ്ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം ദൈവങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്നു. ഒരു ശരാശരി മനുഷ്യന്റെ സ്വഭാവത്തിലും, രീതിയിലുമല്ലാതെ അമൂര്‍ത്ത ദൈവത്തെ കാണുവാന്‍ മനുഷ്യരില്‍ ഭൂരിപക്ഷത്തിനും കഴിയുന്നില്ല. മാനുഷിക വികാര വിചാരങ്ങളും ഇഷ്ടാനുഷ്ടങ്ങളുമുള്ള ഒരു ദൈവത്തെ അവതരിപ്പിക്കുവാനേ പുരോഹിതര്‍ക്കു കഴിയുന്നുള്ളു. അതാണവര്‍ക്കിഷ്ടവും. കാരണം അവരുടെ തൊഴിലിനും, ധനസമ്പാദനത്തിനും ആചാരാനുഷ്ഠാനങ്ങളിലും, പൂജാദികര്‍മങ്ങളിലും സംതൃപ്തനാകുന്ന ഒരു ദൈവത്തിനെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്. ആ മേഖലയില്‍ അത് അവരുടെ അതിജീവനത്തിന്റെ പ്രശ്‌നം കൂടിയാണ്.
മതം സമൂഹത്തില്‍
മതം സമൂഹവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. സമൂഹത്തിലെ ഏറിയ കൂറു മനുഷ്യരും മതവിശ്വാസികളാണ്. അതുകൊണ്ടുതന്നെ മതം സമൂഹത്തിന് എന്തെല്ലാം നന്മ-തിന്മകള്‍ ചെയ്യുന്നു എന്ന് വിശകലനം ചെയ്യേണ്ടതുമാണ്. ദൈവം നന്മയാണെങ്കില്‍ ദൈവത്തിന്റെ പേരിലുണ്ടാകുന്ന മതങ്ങള്‍ നന്മയിലധിഷ്ഠിതമായിരിക്കണം. എന്നാല്‍ മതത്തെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നതങ്ങനെയല്ല. ലോകത്തെ ഗ്രസിച്ചിട്ടുള്ള വലിയ ശാപങ്ങളിലൊന്ന് മതങ്ങള്‍ തമ്മിലുള്ള കിട മത്സരങ്ങളും, വൈര്യങ്ങളുമാണ്. മതങ്ങള്‍ തമ്മിലും, ഒരേ മതങ്ങളുടെ ഉള്ളില്‍ത്തന്നെയും നടന്ന കലാപങ്ങള്‍ക്കും, രക്തച്ചൊരിച്ചിലിനും കയ്യും കണക്കുമില്ല.
മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരിലുണ്ടായിടത്തോളം രക്തച്ചൊരിച്ചിലും, മനുഷ്യക്കുരുതികളും, അതോടനുബന്ധിച്ച സര്‍വ നാശങ്ങളും വേറൊന്നുകൊണ്ടും ലോകത്തു നടന്നില്ല. മതങ്ങള്‍ തമ്മിലും, മതത്തി ന്റെ ഉള്ളില്‍ തന്നെയും നടന്നുവന്നിരുന്നതും, ഇന്നു തുടരുന്നതുമായ രക്തച്ചൊരിച്ചിലിന്റെ ചരിത്രം െഞട്ടിപ്പിക്കുന്നതാണ്. 1095 മുതല്‍ 200 വര്‍ഷക്കാലം അവരവരുടെ പുണ്യ സ്ഥലങ്ങള്‍ക്കുവേണ്ടി നടന്ന കുരിശുയുദ്ധങ്ങള്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കലാപങ്ങളില്‍ രക്തം ചിന്തി മരിച്ചവരുടെ എണ്ണം ലക്ഷങ്ങളായിരിക്കണം. ഇന്‍ക്വസിഷനും, ദുര്‍മന്ത്രവാദിനി വേട്ടയും, പ്രൊട്ടസ്റ്റന്റു കലാപങ്ങളും ക്രൈസ്തവ മതങ്ങളില്‍ത്തന്നെ നടന്ന ആഭ്യന്തര കലഹങ്ങളായിരുന്നു. ബ്രിട്ടീഷുകാര്‍ അമേരിക്കയിലേക്ക് കുടിയേറിയ കാലങ്ങളില്‍ സ്ഥലവാസികളായ കറുത്ത വര്‍ഗക്കാരായ നീഗ്രോകളെ കാട്ടുമൃഗങ്ങളെ എന്നപോലെ വേട്ടയാടി വെടിവച്ചു കൊന്നിരുന്നു. നീഗ്രോകള്‍ക്ക് ആത്മാവില്ലെന്നും അതുകൊണ്ട് അതൊരു പാപമല്ലെന്നും വരെയുള്ള ദൈവശാസ്ത്രവും ഇതിനുവേണ്ടി കണ്ടുപിടിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്‌ലര്‍ 40 ലക്ഷം യഹൂദരെ കൊന്നൊടുക്കി.
വംശീയതയുടെ പേരില്‍
ഇന്ത്യ-പാകിസ്ഥാന്‍ വിഭജന കാലത്ത് നടന്ന വര്‍ഗീയ കലാപം ഇന്ത്യയുടെയും പാകിസ്ഥാന്റെയും ചരിത്രത്തില്‍ ശരിക്കും കറുത്ത ഏടുകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. അന്ന് വര്‍ഗീയത അതിന്റെ എല്ലാ പൈശാചിക ഭാവത്തോടുംകൂടി താണ്ഡവ നൃത്തമാടി. ലാഹോറിലെയും, കല്‍ക്കട്ടയിലെയും ഓടകളില്‍ കൂടി ഹിന്ദു മുസ്ലീം രക്തം ഒഴുകിയിരുന്നെന്നും ആ ചോരയുടെ കുത്തൊഴുക്കില്‍ ഹിന്ദുവിന്റെയും, മുസല്‍മാന്റെയും ശവശരീരങ്ങള്‍ ഒലിച്ചുപോയി എന്നും പറയുമ്പോള്‍ അത് അതിശയോക്തിയാണെങ്കിലും ദിവസം 3000 പേരെ കൊന്നൊടുക്കിയ ദിവസങ്ങള്‍ അന്നുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. മരിച്ചവരും കാണാതായവരുമായി അന്ന് 23 ലക്ഷം ഇന്ത്യക്കാര്‍ ഇല്ലാതായി. പാകിസ്ഥാന്‍ രൂപീകരണത്തിനുശേഷം അവിടെയും സമാധാനമുണ്ടായില്ല. വംശീയതയുടെ പേരിലുണ്ടായ കലാപത്തെ തുടര്‍ന്ന് രാജ്യം വിഭജിക്കപ്പെട്ടു. ബംഗ്ലാദേശ് വേര്‍പെട്ടുപോയി. പാകിസ്ഥാനില്‍ ഇന്ന് ഷിയാ-സുന്നി എന്നീ മതഘടകങ്ങള്‍ തമ്മിലാണ് പോര്. ദിവസവും കൊലയുടെയും കൊള്ളിവയ്പിന്റെയും കഥകള്‍ തുടരുന്നു. ഇന്ത്യയ്ക്കും ഏറെ അഭിമാനിക്കുവാന്‍ വകയൊന്നുമില്ല. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഇന്ത്യയുടെ എല്ലാ സനാതന സങ്കല്പങ്ങളുമാണ് തകര്‍ന്നുവീണത്. അയോദ്ധ്യ, ഡല്‍ഹി, മുംബൈ, പഞ്ചാബ്, ആസ്സാം, ഗുജറാത്ത്, കര്‍ണാടക, കേരളത്തില്‍ മാറാട് ഇവിടെയൊക്കെ നടന്ന മത വര്‍ഗീയതകള്‍ ഇന്ത്യയുടെ മതേതരത്വത്തിന് മങ്ങലേല്പിച്ചു. മതത്തിന്റെ അതി പ്രസരം ഇന്ത്യയില്‍ ശക്തിപ്പെടുവാനുള്ള ഒരു രാഷ്ട്രീയാന്തരീക്ഷമാണ് ഉയര്‍ന്നുവരുന്നത്.
ഭരണാധികാരത്തിന്റെ ശക്തിയില്‍
തങ്ങളുടെ മതമല്ലാതെ മറ്റൊരു മതവും, ലോകത്തൊരിടത്തും, ഒരു കാലത്തും ഉണ്ടാകരുതെന്നും അതിനുവേണ്ടി മറ്റു മതക്കാരെയും, തങ്ങളുടെ ആശയങ്ങളെ അംഗീകരിക്കാത്ത സ്വന്തം മതക്കാരെയും കൊന്നൊടുക്കണമെന്ന ഒരു മതനീതി ശാസ്ത്രവുമായിട്ടാണ് ഇസ്ലാമിക് സ്റ്റെയ്റ്റ് സര്‍വനാശവുമായിട്ട് സാമൂഹ്യ രംഗത്തുവന്നിരിക്കുന്നത്. നിരാശ്രയരായ മനുഷ്യരെ നിരത്തി നിര്‍ത്തി യാതൊരു മനക്കട്ടിയും കൂടാതെ വെടിവച്ചു കൊല്ലുകയും ഈ പൈശാചിക രംഗങ്ങള്‍ ബാഹ്യലോകത്തെ അറിയിക്കുവാന്‍ ദൃശ്യമാധ്യമങ്ങളില്‍ കൂടി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഇതൊക്കെ പുണ്യമാണെന്നും, സ്വര്‍ഗ പ്രാപ്തിക്ക് ഇതൊക്കെ ആവശ്യമാണെന്നുമുള്ള ഒരു സാത്താനിസ്റ്റ് മത വിശ്വാസ പ്രമാണം കണ്ടെത്തുകയും ചെയ്യുന്നു. ഇതൊക്കെയാണ് മതതീവ്രവാദങ്ങളുടെ രാക്ഷസീയ വിശ്വരൂപം.
മതങ്ങളൊക്കെത്തന്നെ നല്ലതുമാത്രമേ പഠിച്ചിരുന്നുള്ളു. അതിന്റെ ആദ്യകാല ആചാര്യന്മാരും നല്ലവരായിരുന്നു. മതങ്ങള്‍ മനുഷ്യനെ നന്മയിലേക്ക് നയിച്ചിട്ടുമുണ്ട്. എന്നാല്‍ മതങ്ങള്‍ പിന്നീട് സ്ഥാപന വത്കരിക്കപ്പെട്ട് സ്ഥാപിത മതങ്ങളായി തീര്‍ന്നപ്പോഴുണ്ടായ മൂല്യച്യുതികളാണ് മതത്തെ ഈ നിലയിലെത്തിച്ചത്. എല്ലാ മതങ്ങളുടെയുംതന്നെ അവസ്ഥകളിതൊക്കെത്തന്നെയാണ്. മതത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണക്കാര്‍ അതതു മതങ്ങളിലെ അധികാരികളും പുരോഹിതരുമാണ്. ഇവരെ വിശ്വാസികള്‍ അന്ധമായി വിശ്വസിക്കുന്നു. ഇതിന്റെ പേരില്‍ പലപ്പോഴും ഇവര്‍ തങ്ങളുടെ അധികാരത്തിനും തൊഴിലിനും ധനസമ്പാദനത്തിനും ആധാരമായി മതത്തെ ഉപയോഗിക്കുന്നു.
മതം അതില്‍ത്തന്നെ എന്നാണ് എന്നതിലല്ല-അത് ചരിത്രത്തില്‍ നല്‍കിയ സാമൂഹ്യ നന്മ-തിന്മകളെന്നാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. നേരത്തെ സൂചിപ്പിച്ചതുപോലെ എല്ലാ മതങ്ങളും അതിന്റെ ആദിമകാല ദര്‍ശനങ്ങളില്‍ നിന്നും, പരിശുദ്ധിയില്‍ നിന്നും വിട്ടകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതിന്റെ ചരിത്രമാണിന്നു നാം അറിയുന്നത്. ശുദ്ധമായ വേദോപനിഷത്തുകളുടെ ചുവടുപിടിച്ചല്ല പിന്നീട് ഹിന്ദുമതം രൂപപ്പെട്ടത്. ദര്‍ശനങ്ങളുടെ സ്ഥാനത്ത് പുരാണങ്ങളും, ഐതിഹങ്ങളും മതത്തെ സ്വാധീനിച്ചു. ഫ്യൂഡല്‍ വ്യവസ്ഥകളാണ് പിന്നീട് ഹിന്ദു മതത്തിന് ഭാവരൂപങ്ങള്‍ കൊടുത്തത്. യേശുവിന്റെ ദര്‍ശനങ്ങളില്‍ നിന്നും, പഠനങ്ങളില്‍ നിന്നും ക്രൈസ്തവ സഭ ഏറെ അകന്നു പോയിരിക്കുന്നു. ഇന്ന് ക്രൈസ്തവ സഭ, പ്രത്യേകിച്ച് കത്തോലിക്കാസഭ സ്ഥാപനവത്കരിക്കപ്പെട്ട ഒരു വ്യപസ്ഥാപിത പ്രസ്ഥാനമായോ, ധനകാര്യ സ്ഥാപനമായോ തരംതാണുപോയി. മുഹമ്മദുനബിയുടെ ശുദ്ധമായ വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് മനുഷ്യക്കുരുതി നടത്തുന്ന മത തീവ്രവാദികളെ നാം വര്‍ത്തമാന കാലത്തു തന്നെ കാണുന്നു. ഇതൊക്കെത്തന്നെയാണ് മിക്ക മതങ്ങളുടെയും വിശ്വരൂപം.
ഇങ്ങനെ വരുമ്പോള്‍ മതങ്ങളെല്ലാം തന്നെ ദൈവത്തിനെതിരാണ്. കാരണം ദൈവം സ്‌നേഹമാണ്. സാത്യമാണ്. ഇതല്ലാതെ ദൈവത്തിനു മതമില്ല.
മതങ്ങളുടെ ഉത്ഭവത്തിന് 4000-വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടെന്നു പറയുന്നു. 90% മനുഷ്യരും ഇന്നും മതവിശ്വാസികളാണ്. ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ തിന്മയും, ശാപവുമായി മതങ്ങള്‍ പ്രബലപ്പെട്ടുതന്നെ നിലനില്‍ക്കുന്നു. സമൂഹത്തിന് ഉപദ്രവകാരിയായ ഒരു മതതീവ്രവാദിയാണോ, ഒരു നിരുപദ്രവ ജീവിയായ നിരീശ്വരനാണോ നമുക്ക് സ്വീകാര്യന്‍? സമൂഹത്തില്‍ ജീര്‍ണത കൂടുമ്പോഴാണ് മതാധിപത്യം ശക്തി പ്രാപിക്കുന്നത്. കേരളത്തിന്റ നവോത്ഥാന കാലഘട്ടങ്ങള്‍ ഇതിനു തെളിവാണ്. നാരായണഗുരുവിന്റെയും സഹോദരനയ്യപ്പന്റെയും ചട്ടമ്പസ്വാമികളുടെയും പൊയ്കയില്‍ യോഹന്നാന്റെയും അയ്യങ്കാളിയുടെയും വി.ടി. ഭട്ടതിരിപ്പാടിന്റെയും കാലം ഓര്‍ത്തു നോക്കുക.
മത വിശ്വാസമില്ലെങ്കില്‍ ഉത്തമ ജീവിതം സാദ്ധ്യമല്ല എന്നതിനുത്തരം ശ്രീബുദ്ധന്റെ പുണ്യജീവിതം മാത്രം മതിയല്ലോ? ഭാരതദര്‍ശനങ്ങളില്‍ ഏറെയും നാസ്തികമാണെന്നോര്‍ക്കണം. അവര്‍ മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകരായിരുന്നു. മഹാ മഹര്‍ഷേ എന്ന് സംബോധന ചെയ്ത് മനുഷ്യര്‍ അവരെ ആദരിച്ചിരുന്നു. മനുഷ്യ സ്‌നേഹത്തിന്റ അധിഷ്ഠിതമായ ഒരു സ്‌നേഹ കൂട്ടായ്മയായിരുന്നു യേശു വിഭാവനം ചെയ്തത്. ഇന്നത്തേതുപോലുള്ള ഒരു വ്യവസ്ഥാപിത ക്രിസ്തുമതമായിരുന്നില്ല. കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പറയുന്നു ശുദ്ധമനസ്സോടുകൂടി സല്‍ പ്രവൃത്തികള്‍ ചെയ്യുന്നവന്‍ നിരീശ്വരനാണെങ്കിലും അവന്‍ രക്ഷപ്പെടുമെന്ന്. ഈ സാഹചര്യത്തില്‍ ദൈവസ്‌നേഹത്തിന് എതിര്‍ സാക്ഷ്യം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിതമെന്ന തിന്മയില്‍ നിന്നും മുക്തി നേടി ഒരു മതാതീത ദൈവ സങ്കല്പത്തില്‍ നമുക്കെത്തിച്ചേര്‍ന്നുകൂടെ?