ഇടതുപക്ഷ പ്രസ്ഥാനം ഇന്ത്യയിലും തകർച്ചയിലേക്ക് കൂപ്പുകുത്തുന്നതാണ് ഇക്കഴിഞ്ഞ ചില വർഷങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് നമ്മുടെ പ്രമുഖരായ പല സാഹിത്യകാരന്മാരും കലാകാരന്മാരും ബുദ്ധിജീവികളുമൊക്കെ ഇടതുപക്ഷ സഹയാത്രികരായിരുന്നു. അവരുടെ എഴുത്തിലും നാടകങ്ങളിലും സംസാരങ്ങളിലുമെല്ലാം ആ ചായ്വ് പ്രകടവുമായിരുന്നു. ഇവരാരുംതന്നെ പാർട്ടി അംഗങ്ങളൊന്നുമായിരുന്നില്ലെങ്കിലും സഖാക്കളുമായി സംവാദങ്ങളിലേർപ്പെടുകയും പ്രത്യക്ഷമായും പരോക്ഷമായും അവരുമായി സഹകരിക്കുകയും ചെയ്തിരുന്നു. ക്രമേണ അവരെല്ലാംതന്നെ പാർട്ടിയിൽ നിന്നും അകൽച്ച പാലിക്കാൻ തുടങ്ങി. കാരണം അപ്പോഴേക്കും പാർട്ടി തൊഴിലാളിവർഗസർവാധിപത്യത്തിനുപരി നേതാക്കളുടെ പാർട്ടിയായി ചുരുങ്ങിത്തുടങ്ങിയിരുന്നു. അതിന്റെ പരിണതഫലമായിരുന്നു 2014ലെ ലോക്സഭാതെരഞ്ഞെടുപ്പ്. ഏഴു പതിറ്റാണ്ടിലേറെ വർഷങ്ങളായി പയറ്റിത്തുടങ്ങിയിട്ട് വെറും വിരലിലെണ്ണാവുന്ന സീറ്റുകളിൽ ചുരുങ്ങിനിൽക്കുന്ന ഇടതുപക്ഷം അഖിലേന്ത്യാപാർട്ടിയെന്ന സ്ഥാനംപോലുമർഹിക്കാതെ വരുമ്പോൾ തകരുന്നത് കമ്മ്യൂണിസത്തിനായി ജീവൻപോലും ത്യജിച്ച ആത്മാക്കളാണ്.
1950കളിൽ ഇടതുപക്ഷത്തിന് 11 ശതമാനം വോട്ടു നേടാനായപ്പോൾ ഹിന്ദുത്വശക്തികൾക്കുണ്ടായിരുന്നത് വെറും 7 ശതമാനം മാത്രമായിരുന്നു. എന്നാൽ 2014ലാകട്ടെ ഇടതുപക്ഷത്തിന്റെ വോട്ട് 4 ശതമാനമായി കുറഞ്ഞപ്പോൾ ഹിന്ദുത്വശക്തികൾ 32 ശതമാനം വോട്ട് കരസ്ഥമാക്കിയിരിക്കുന്നു. 36 കൊല്ലം കൂടെനിന്ന ആർഎസ്പി വിട്ടുപോയി എന്നു പരിതപിക്കുമ്പോഴും 36 കൊല്ലം കൂടെനിന്നിട്ടും അവർക്ക് ഒരു സീറ്റ് കൊടുക്കാതിരുന്ന ധാർഷ്ട്യം സാധാരണക്കാരന് സഹിക്കാനാവുന്നതല്ല. കർഷകരും ചുമട്ടുതൊഴിലാളികളും എൻജിഒ യൂണിയനുമാണ് അടിത്തറയെന്നു കരുതുന്ന പാർട്ടിനേതൃത്വം ലക്ഷക്കണക്കിനുള്ള പുതുതലമുറയെ അവഗണിക്കുന്നു. ചാക്ക് രാധാകൃഷ്ണനും ഫയാസും കൊടി സുനിയും പാർട്ടിക്ക് അഭിമതരാവുമ്പോൾ ചോർന്നൊലിക്കുന്ന ജനകീയാടിത്തറ നേതൃത്വം കാണുന്നില്ല. അഴിമതിക്കും സ്ര്തീപീഡനത്തിനുമെതിരെ പുതിയ സംഘടനകൾ വമ്പിച്ച പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിയപ്പോഴും ഇടതുപക്ഷം അവിടെങ്ങും വെറും നോക്കുകുത്തിയായിരുന്നു.
പ്ലീനം, തെറ്റു തിരുത്തൽ എന്നീ സ്ഥിരം പരിപാടികളിൽ മാത്രമൊതുങ്ങാതെ ബഹുജനങ്ങൾക്കിടയിലേക്ക് വീണ്ടുമിറങ്ങിച്ചെല്ലാനായില്ലെങ്കിൽ ഇടതുപക്ഷത്തിന് ഇനി അധികകാലം ഈ രാജ്യത്ത് പിടിച്ചുനിൽക്കാനാവുമെന്നു തോന്നുന്നില്ല.